ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള് ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാർ ആൻഡ്രൂസ് താഴത്തിന്റെ പരാമർശം
ക്രൈസ്തവരിൽ സമുദായബോധം കുറഞ്ഞുവെന്നും ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ലെന്നും ഏറ്റവും കുറച്ചു വർഗീയചിന്തയുള്ളത് ക്രൈസ്തവർക്കാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം, ഒപ്പം വർഗീയത ഉണ്ടാകാൻ പാടില്ല എന്നാണെന്നും മാര് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ക്രൈസ്തവർ രാജ്യത്ത് ഓരോ വർഷവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. 2.7 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.3 ശതമാനമായി ചുരുങ്ങി. കത്തോലിക്കരാകട്ടെ 1.67 ശതമാനം മാത്രമാണ്. കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണ്. എണ്ണം കുറയുന്നു എന്നു മാത്രമല്ല, വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാടുപേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും പുറത്തേക്കു പോകണമെന്ന ചിന്തയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം ചിന്തിക്കണം. കേരളത്തിൽ ഇതു കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യം എന്തുകൊണ്ട് എന്ന ചോദ്യത്തിന്, ഇവിടത്തെ രാഷ്ട്രീയ സ്ഥിതിക്കും പങ്കുണ്ടെന്നു കാണാം.
സിറോമലബാർ സഭയിലെ ആരാധനക്രമ വഴക്കിലടക്കം ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സിറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



