കൊല്ലം : കുന്നത്തൂർ താലൂക്കിൽ വാഹനാപകടങ്ങൾ തുടർക്കഥയായതോടെ കർശന പരിശോധനയുമായി ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്ത്.
ചക്കുവള്ളി, ഏഴാംമൈൽ, സിനിമാപറമ്പ് കുന്നത്തൂർ പാലം മേഖലകളിലാണ് അപകടങ്ങൾ പതിവായിരിക്കുന്നത്. ഏഴാംമൈൽ സിനിമാപറമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക വാഹന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ച നിരവധിപേർ പിടിയിലായി.
അപകടങ്ങൾ വർദ്ധിക്കുന്നതിൽ നാട്ടുകാരുടെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.വാഹനങ്ങളുടെ ഫോട്ടോയെടുത്ത് മൊബൈൽ വഴി പിഴയൊടുക്കാൻ നോട്ടീസ് അയക്കുന്ന രീതി താൽക്കാലികമായി നിർത്തിവച്ചു.പകരം എല്ലാ വാഹനങ്ങളും നേരിട്ട് തടഞ്ഞുനിർത്തി രേഖകൾ പരിശോധിക്കുന്ന രീതിയാണ് എൻഫോഴ്സ്മെന്റ് സ്വീകരിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും എല്ലാ വാഹനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും ആർടിഒ (എൻഫോഴ്സ്മെന്റ്) എ.കെ ദിലു അറിയിച്ചു.
പരിശോധനയിൽ പിടിയിലായവരിൽ വലിയൊരു വിഭാഗം കൗമാരക്കാരാണ്. ലൈസൻസില്ലാതെ കുട്ടികൾ വാഹനം നിരത്തിലിറക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പലപ്പോഴും ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരല്ല.മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി
ആർടിഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം.വി.ഐമാരായ ഗുരുദാസ്,അഭിലാഷ്, എ.എം.വി.ഐ മാരായ അഭിറാം,ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു. മേഖലയിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.



