മാമ്പൂവിരിയണ കാലം സഖേ
മകരമഞ്ഞുതിരുന്ന പുലരിയല്ലേ
മാന്തളിർ തിന്നും കുയിലിന്റെ
പാട്ടുപോൽ
മധുവൂറും വാക്കു മൊഴിഞ്ഞതല്ലേ.
മാനസച്ചോരനായ് നീയെന്നടുത്തെത്തി
മാനസവീണ തൻ തന്ത്രി മീട്ടി,
മഴമുകിൽ കണ്ടൊരു വേഴാമ്പൽ
പോലെ
മാരിവിൽ തീർത്തെന്റെ
ഹൃത്തടത്തിൽ.
മാഞ്ഞുപോകുന്നൊരാ
വാർമഴവില്ലുപോൽ,
മങ്ങിയെൻ നെഞ്ചിൻ മണിവിളക്ക്
മഞ്ഞമന്ദാരങ്ങൾ പൂക്കും ഋതുവിൽ
മന്ദസമീരനായ് അണയുകില്ലേ!



