പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിൻ്റെ വേർപാടിന് മൂന്നുവർഷങ്ങൾ തികഞ്ഞു . 2023 ലെഫെബ്രുവരി മാസത്തിലാണ്. സംഗീതപ്രേമികളുടെ കലൈവാണി എന്ന തേൻവാണി വിടവാങ്ങിയത്.
‘എത്രയെത്രമധുര ഗാനങ്ങളാണ് ദേശീയ ഭാഷയിലും ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ആ സംഗീതപ്രതിഭ ആലപിച്ചത്. ഏതുതരം ഗാനങ്ങളും വഴങ്ങുന്ന സ്വരമാധുര്യമായിരുന്നു വാണി ജയറാമിൻ്റേത്.പഴയകാല കോളാമ്പി മൈക്കിലൂടെ കല്യാണ വീട്ടുകളിൽ നിന്നോ കലാപരിപാടികൾ / ഉത്സവ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെ സ്പീക്കർ ബോക്സിൽ നിന്നോ ഗാനങ്ങൾ ഒഴുകിയെത്തുമ്പോൾ അന്നേ ഹൃദയത്തിലേറ്റിയ ഒട്ടേറെ ഗാനങ്ങൾ വാണി ജയറാമിൻ്റേതാണെന്ന് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്.. ആകാശവാണി ചലച്ചിത്രഗാനങ്ങൾ എന്ന പരിപാടിയിൽ ചിത്രത്തിൻ്റെ ഗാനശില്പികളെ കുറിച്ചുള്ള അനൗൺസ്‌മെൻ്റിൽ നിന്നും ചില ഗായകരെ അറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്കൂൾ കാലഘട്ടങ്ങളിൽ എല്ലാ ഗായികമാരുടേയും ശബ്ദം ഒരു പൊലെ തന്നെയാണ് തോന്നിയിരുന്നത്.
എത്രയെത്ര നല്ല ഗാനങ്ങൾ മലയാളികൾക്ക് ആസ്വദിക്കാൻ വാണിജയറാമിലൂടെ അവസരമുണ്ടായി. ആ സിനിമകളുടെ നിർമ്മാതാക്കളും സംവിധായകരും സംഗീത സംവിധായകരുമെല്ലാം അതിനു നിദാനമായി.
1971ൽ ഗുഡ്ഡി എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി വസന്ത് ദേശായിയുടെ സംഗീത സംവിധാനത്തിൽ’ ‘ബോലേ രേ പപ്പീ ഹര”—- എന്ന ഗാനമാപലിച്ചുകൊണ്ടാണ് സിനിമാ പിന്നണി ഗാനരംഗത്ത് പ്രവേശിച്ചത്: പിന്നീട് ഹിന്ദിയിലും മറാഠിയിലും ഒട്ടേറെ അവസരങ്ങൾ ലഭിച്ചു.
1973 ൽ സ്വപ്നം എന്ന സിനിമയിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനമാലപിച്ചു കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു.. സലിൽ ചൗധരിയുടെ സംഗീതം ഒ എൻ വി യുടെ രചന. അതേ വർഷംതന്നെ അയലത്തെ സുന്ദരിക്ക് വേണ്ടി ‘ചിത്രവർണ്ണപുഷ്പ ജാലമൊരുക്കി വച്ചു ‘എന്ന ഗാനവും മനോഹരമായി ആലപിച്ചു.മങ്കൊമ്പിൻ്റെ രചന ശങ്കർ ഗണേശിൻ്റെ സംഗീതം.
1975ൽ വയലാറിൻ്റെ രചനയിൽ ‘ആയില്യം പാടത്തെ പെണ്ണേ” എന്ന യുഗ്മഗാനത്തിൽ യേശുദാസിനോടൊപ്പം മനോഹരമായി. സലീൽ സംഗീതം. ബാബുമോനിലെ ‘പത്മതീർത്ഥക്കരയിൽ ഒരു പച്ചില മാളികക്കൂട്’ എന്ന ഗാനവും ആ കാലഘട്ടത്തിൽ വളരെ ശ്രദ്ധേയമായി: പിന്നീട് പിക്നിക് എന്ന സിനിമയിലെ “വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’എന്ന ഗാനവും സംഗീത പ്രേമികൾ ഏറ്റു പാടി.
പ്രവാഹത്തിൽ ‘മാവിൻ്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു ‘എന്ന ഗാനം അന്നത്തെ തലമുറ എത്രയോ പാടി നടന്നിരുന്നു’.ശ്രീകുമാരൻ തമ്പി അർജ്ജുനൻ മാഷ് കൂട്ടുകെട്ടിൽ പിറന്ന ഗാനം. രാഗം എന്ന സിനിമയിലെ ‘നാടൻപാട്ടിലെ മൈന’ എന്ന ഗാനം ആകാശവാണി പ്രക്ഷേപണം ചെയ്യാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂൾ യുവജനോത്സവത്തിൽ പത്തുപേരെങ്കിലും ഈ ഗാനം ആലപിക്കും. അന്നൊക്കെ സിനിമാഗാനങ്ങൾ മാത്രമായിരുന്നു ആലപിച്ചിരുന്നത്. ലളിതഗാനം എന്ന വിഭാഗമാക്കി തിരിച്ചിരുന്നില്ല. രാസലീല എന്ന ചിത്രത്തിന് വേണ്ടി വാണി ജയറാം പാടിയ ‘ആയില്യംപാടത്തെ പെണ്ണേ ‘എന്ന യുഗ്മഗാനം വലിയ ഹിറ്റ് ആയിരുന്നു വയലാറിൻ്റെ രചനയും സലീലിൻ്റെ സംഗീതവും. ‘എൻ്റെ കയ്യിൽ പൂത്തിരി’ എന്ന ഗാനവും വാണിയുടെ ശബ്ദത്തിലൂടെ ആസ്വാദർക്ക് ലഭിച്ച ‘ സമ്മാന’മായിരുന്നു’ വയലാർ ദക്ഷിണാ മൂർത്തി സംഗമഗാനം.
സിന്ധുവിലെ ‘തേടിത്തേടി ഞാനലഞ്ഞു’ എന്ന അതി മനോഹര ഗാനത്തോടെ അവസരങ്ങൾ കൂടി വന്നു.ശ്രീകുമാരൻ തമ്പിയും അർജ്ജുനൻ മാഷും ഒന്നിച്ച ഗാനം
മലയാളികൾ എവിടെയുണ്ടോ ഓണം നമ്മുടെ മനസ്സിലും ഹൃദയത്തിലും പൂക്കളം തീർക്കുമ്പോൾ ഇന്നും നമ്മൾ ആദ്യം മൂളുന്ന അല്ലെങ്കിൽ രണ്ടു വരികളെങ്കിലും ആലപിക്കുന്നത് “തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റ മണിഞ്ഞൊരുങ്ങി” എന്ന ഗൃഹാതുരമായ ഗാനമായിരിക്കും.
എത്ര മനോഹരമായിട്ടാണ് വാണിജയറാം ഈ ഗാനം ആലപിച്ചത് ‘ തിരുവോണം എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പിയും അർജ്ജുനൻ മാഷും ഒന്നിച്ച മനോഹര വർണപ്പൂക്കളം .
1976ലെ ‘മലരിലും മനസ്സിലും മധുമാസക്കാലം എന്ന ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല”. മങ്കൊമ്പ് രചനയും എം എസ് വിശ്വനാഥൻ സംഗീതവും നൽകിയ ആ ഹൃദ്യഗാനം മൂന്നു കിലോമീറ്റർ ദൂരെയുള്ള ജവഹർ ടാക്കീസിൽ നിന്ന് സെക്കൻ്റ് ഷോയുടെ റെക്കോഡ് വച്ചാൽ ഡിസംബർ മുതൽ മാർച്ച് മാസംവരെ വീട്ടിലിരുന്നു പോലും വളരെ വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്ന ഗാനം .എല്ലാ ദിവസവും ടിക്കറ്റ് കൊടുക്കാൻ ബെല്ലടിക്കുന്നത് വരെ ഒരേ സമയം പ്ലേ ചെയ്യും. പിന്നെ ടാക്കീസിനകത്തെ സ്പീക്കർ ബോക്സിൽ മാത്രമാകും. ദൂരേയ്ക്ക് കേൾക്കാൻ കഴിയില്ല. കൂടുതൽ കോൺക്രീറ്റ് വീടുകൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ടാക്കീസിലെ ഗാനമാകട്ടെ തൊട്ടടുത്ത ഉത്സവപ്പറമ്പിലെ മേളമാകട്ടെ എത്രയോ ദൂരെ കേട്ടിരുന്നു. ഇപ്പോൾ 100 മീറ്റർ അകലെ പോലും കേൾക്കുന്നില്ല.ധനു -മകരമാസ മഞ്ഞും വർഷക്കാലത്തെ പാടത്തെ വെള്ളവും ഗാനത്തിൻ്റെ അലകൾ ഏറെ ദൂരം സഞ്ചരിച്ചിരുന്നു. മറക്കാൻ കഴിയാത്ത മലരിനും മനസ്സിനും മധുമാക്കാലം.
‘കുങ്കുമപ്പൊട്ടിലൂറും കവിതേ’ എന്ന പാൽക്കടലിലെ ഗാനവും മനോഹരമായിരുന്നു. ശ്രീകുമാരൻ തമ്പിയും ഏ.ടി ഉമ്മറും ഒന്നിച്ച ചിത്രം. 1977 ലെ ശാന്ത ഒരു ദേവതയിലെ’ നിലവിളക്കിൻ തിരിനാളമായ് തെളിഞ്ഞു’ ഗാനവും ശ്രോതാക്കളുടെ ഇഷ്ട ഗാനമായി. രചന ശ്രീകുമാരൻ തമ്പി ;സംഗീതം ;അർജുൻ മാസ്റ്റർ
ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിൽ ആലപിച്ച ‘കുറുമൊഴി മുല്ലപ്പൂവേ’ എന്ന ഗാനവും മികച്ചതായി .ഒ .എൻ വി രചന;സലീൽ സംഗീതം.
‘ആഷാഢ മാസം’ എന്ന ഗാനവും വലിയ ഹിറ്റ് ആയിരുന്നു. ഏ.ആർ റഹ്മാൻ്റ പിതാവ് ആർ.കെ.ശേഖർ സംഗീതം നൽകിയ ഗാനം രചിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ യുദ്ധഭൂമിയാണ് ചിത്രം.
1977 ൽ ആശീർവ്വാദം എന്ന സിനിമയ്ക്ക് വേണ്ടി അർജ്ജുനൻ മാസ്റ്ററുടെ സംഗീതത്തിൽ പിറവിയെടുത്ത അതി മനോഹരഗാനം വാണി ജയറാമിൻ്റെ അതുവരെയുള്ള ആലാപനശൈലിയിൽ നിന്നും ഒരു പാട് മുകളിലെത്തി. “സീമന്തരേഖയിൽ ചന്ദനം ചാർത്തിയ” എന്ന ഗാനത്തിൻ്റെ ഓർക്കസ്ട്രേഷനും എടുത്തു പറയേണ്ടതാണ്.ഭരണിക്കാവ് ശിവകുമാറിൻ്റെ രചനയിൽ വാണി ജയറാം പാടിയ ഗാനം പുതുതലമുറയിലെ ഗായകർ പോലും ആലപിക്കുന്നു ‘
കണ്ണപ്പനുണ്ണി എന്ന വടക്കൻ ചിത്രത്തിനു വേണ്ടി കെ.രാഘവൻ മാസ്റ്റർ ഈണം നൽകിയ ‘പഞ്ചവർണ്ണക്കിളിവാലൻ’ എന്ന യുഗ്മഗാനത്തിൽ ‘യേശുദാസിനോടൊപ്പം വാണി ജയറാമും ഹൃദ്യമായി ആലപിച്ചിട്ടുണ്ട്.പി.ഭാസ്കരൻ മാസ്റ്ററുടേതാണ് രചന.
മനോരമ വാരികയിൽ പ്രതിവാര പരമ്പരയായി വന്നിരുന്ന അവൾ വിശ്വസ്തയായിരുന്നു എന്ന നോവൽ സിനിമയാക്കിയപ്പോൾ നോവലിസ്റ്റ് കാനം തന്നെ ഗാനരചന നിർവ്വഹിച്ച ‘തിരയും തീരവും’ എന്ന ഗാനം അക്കാലത്തെ വിരഹഗാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ ആസ്വദിച്ചിരുന്നു; ഇഷ്ടപ്പെട്ടിരുന്നു. ആകാശവാണി ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടിരുന്നതും ഈ ഗാനമായിരുന്നു. . വാണിയുടെ സർഗ്ഗപ്രതിഭ മുഴുവൻ പുറത്ത് കൊണ്ടുവന്നതുകൊണ്ട് കൂടിയായിരുന്നു അർജ്ജുനൻ മാഷുടെ സംഗീത വിരുന്ന് ആസ്വാദക ഹൃദയങ്ങൾ ഏറ്റെടുക്കാൻ കാരണം .
1978ൽ പ്രദർശനശാലകളിൽ എത്തിയ തച്ചോളി അമ്പുവിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു .അതിലെ ‘നാദപുരം പള്ളിയിലെ’ എന്ന ഗാനവും അന്നത്തെ ഹിറ്റായി മാറി യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾക്ക് രാഘവൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതം .
1978 ലെ ‘ചിരകാല കാമിത സുന്ദരസ്വപ്ന’വും നല്ല ഗാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം. ചിത്രം മനോരഥം:
സിംഹാസനത്തിലെ ‘പുലരിയോടോ സന്ധ്യയോടോ’ എന്ന ശ്രീകുമാരൻ തമ്പിയുടെ മനോഹര രചനയും എം എസ് വിശ്വനാഥൻ്റെ സംഗീതവും..
ഓർമ്മകൾ ഓർമ്മകൾ,
സുരലോക ജലധാര.
ഏതോ കിനാവിൻ്റെ ചന്ദന, മറഞ്ഞിരുന്നാലും, ആഴിത്തിരമാലകൾ, പുലരിയോടോ സന്ധ്യയോടോ, ഒരു പ്രേമലേഖനം, ഏതു പന്തൽ കണ്ടാലും, ഒന്നാനാം കുന്നിൻമേൽ കൂടുകൂട്ടും,കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ, കിഴക്കൊന്നു തുടുത്താൽ, പൊന്നലയിൽ അമ്മാനമാടി
തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ വാണിജയറാമിൽ നിന്നും കുറഞ്ഞ കാലയളവിനുള്ളിൽ സംഗീത പ്രമികൾക്ക് ലഭിച്ചു.
നവോദയ പുതുമുഖങ്ങളെ വച്ച് ചിത്രമെടുത്തപ്പോൾ സംഗീത സംവിധായകൻ ഒഴികെ പഴയ മുഖങ്ങൾ
തന്നെയായിരുന്നു. ജെറി അമൽദേവ് ആദ്യമായി സംഗീതം നിർവ്വഹിച്ച ഗാനത്തിൽ യേശുദാസിനോടൊപ്പമുള്ള ‘മഞ്ചാടിക്കുന്നിൽ’ എന്ന ഗാനവും വളരെ ശ്രദ്ധേയമായിരുന്നു. ബിച്ചു തിരുമലയുടെ രചന.ചിത്രം:മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. സംവിധാനം ഫാസിൽ.
ഭരതൻ്റെ സംവിധാനത്തിൽ പാർവ്വതി എന്ന ചിത്രത്തിന് വേണ്ടി എം.ഡി രാജേന്ദ്രൻ രചിച്ച് ജോൺസൺ സംഗീതം നൽകിയ ‘നന്ദസുതാവര തവജനനം’ എന്ന ഗാനവും പ്രേക്ഷകർ നെഞ്ചിലേറ്റി.
ഉണ്ണി മേനോനോടൊപ്പം മുന്നേറ്റം എന്ന ചിത്രത്തിൽ ആലപിച്ച ‘വളകിലുക്കം’ എന്ന ഗാനം ശ്രോതാക്കളുടെ ഇഷ്ട ഗാനശേഖരത്തിൽ ഉള്ളതു തന്നെ:
പ്രേമാഭിഷേകം (വാഴ്‌വേമായം )എന്ന മൊഴി മാറ്റ ചിത്രത്തിൽ പാടിയ ഗാനങ്ങളും വളരെ മികച്ചവയായിരുന്നു. ‘ദേവീ ശ്രീദേവീ’ ‘മഴക്കാലമേഘം’ എന്നിവ ശ്രീദേവി എന്ന നായികയുടെ ശബ്ദം തന്നെയെന്ന് തോന്നുന്ന വിധമായിരുന്നു ആലാപനം.
1982 ൽ പാളങ്ങൾ എന്ന സിനിമയ്ക്ക് വേണ്ടി പൂവ്വച്ചൽ ഖാദർരചിച്ച് ജോൺസൺ മാഷ് ഈണം നൽകിയ ‘ഏതോ ജന്മകല്പനയിൽ’ എന്ന ഗാനം കാല്പനിക സൗന്ദര്യത്തോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത മറ്റെന്തോ ഘടകങ്ങളും ഒത്തുചേർന്നതായിരുന്നു. വാണി ജയറാമിൻ്റെ ഹരിത ഗാനങ്ങളിൽ മുൻപന്തിയിൽ തന്നെ – പിന്നീട് വന്ന ആട്ടക്കലാശത്തിലെ ‘നാണമാവുന്നോ’ എന്ന ഗാനം യേശുദാസിനോടൊപ്പം പാടിയത് വൻ ഹിറ്റായി.രവീന്ദ്രൻ മാഷുടെ സംഗീതം പൂവ്വച്ചൽ രചന.
അപ്പുണ്ണിയിലെ ബിച്ചു തിരുമല രചിച്ച ‘കിന്നാരം തരിവളയായി’ എന്ന ഗാനവും മനോഹരമായിരുന്നു. കണ്ണൂർ രാജൻ്റെ സംഗീതം.
സംഗീത സംവിധാന ശൈലികൾ മാറിയ പുതിയ നൂറ്റാണ്ടിലും സംഗീത റിലായിറ്റി ഷോയിലൂടെ ഒട്ടേറെ നല്ല ഗായകരെ കണ്ടെത്തിയെങ്കിലും വാണി ജയറാമിനെ സംഗീത സംവിധായകർ മറന്നില്ല. വാണിയുടെ സംഗീത മാധുര്യം ഒട്ടും കുറഞ്ഞില്ല.
1995 ൽ അച്ഛൻ കൊമ്പത്ത് അമ്മവര മ്പത്ത് എന്ന സിനിമയ്ക്ക് വേണ്ടി ഗിരിഷ് പുത്തഞ്ചേരി രചിച്ച് എസ്.പി വെങ്കിടേഷ് സംഗീതം പീലിത്തിരുമുടിയുണ്ടേ എന്ന ഗാനം ആലപിച്ച ശേഷം രണ്ടു ദശാബ്ദത്തോളം പിന്നണി ഗാനരംഗത്തു നിന്നും മാറി നിന്ന വാണി ജയറാം. 2014 ൽ 1983 എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദർ സംഗീതം നൽകിയ ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനാലാപനത്തിലൂടെ തിരിച്ചുവരവ് നടത്തി. പുതു തലമുറ നായികമാർക്കും തൻ്റെ ശബ്ദം ചേരും എന്ന് വാണി ജയറാം തെളിയിച്ചു.ബി.കെ.ഹരിനാരായണൻ്റെ കവിത തുളുമ്പുന്ന രചന .
2016 ഫെബ്രുവരി മാസത്തിൽ റിലീസ് ആയ ആക്ഷൻ ഹീറോ ബിജുവിൽ
‘പൂക്കൾ പനിനീർ പൂക്കൾ’ എന്ന അതി മനോഹരമായ യുഗ്മഗാനം യേശുദാസിനോടൊപ്പം പാടി. ജെറി അമൽദേവിൻ്റെ തിരിച്ചുവരവു കൂടിയായിരുന്നു ഈ ചിത്രം.
പിന്നീട് 2016 ഒക്ടോബറിൽ പ്രദർശനശാലകളെ ഇളക്കിമറിച്ച പുലിമുരുകൻ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനം ആലപിച്ച് വീണ്ടും ശ്രദ്ധേയമായി. ‘ മുരുകൻ കാട്ടാക്കടയുടെ രചനയിൽ ഗോപീ സുന്ദറിൻ്റെ നാടോടി ഈണം. ‘ഈ ഗാനം ആലപിച്ചത് വാണി ജയറാമാണെന്ന് ഭൂരിഭാഗം പേർക്കും മനസ്സിലായിരുന്നില്ല..ഓസ്കർ നോമിനേഷന് ഈ ഗാനം തെരെഞ്ഞെടുത്തിരുന്നു. ചിത്രം. ഫുട്ബോൾ താരം വി.പി സത്യൻ്റെ ജീവിതം ആസ്പദമാക്കിയ ക്യാപ്റ്റൻ എന്ന സിനിമയ്ക്കു വേണ്ടി 2018ൽ ‘പെയ്തലിഞ്ഞ’ എന്ന ഗാനത്തോടെ മലയാള സിനിമാരംഗത്തു നിന്നും പിൻ വാങ്ങിയിരുന്നു. 2018ൽ ഭർത്താവ് ജയറാമിൻ്റെ വേർപാട്’. 2019 ജനവരിയിൽ റിലീസായ മാധവീയം ഒരു ചിത്രത്തിന് വേണ്ടിയും പാടി.
പിന്നീട് കോവിഡിൻ്റെ ഭീതി വിതയ്ക്കുന്ന സമയവും വിശ്രമവും 2023 ൽ വേർപാടും അതും അവരുടെ വിവാഹ വാർഷിക ദിനത്തിൽ.
ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ മാത്രമാണ് മുകളിൽ പ്രതിപാദിച്ചത്. നൃത്തരംഗങ്ങൾക്ക് അനുയോജ്യമായ ഗാനങ്ങൾ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് എല്ലാം വാണി ജയറാം തന്നെ. എൺപതുകളിലെ സിനിമകളിൽ കാബറേ നൃത്തരംഗങ്ങൾ ഉണ്ടെങ്കിൽ ആ ഗാനവും ആലപിക്കുന്നത് വാണി ജയറാമായിക്കും. ആലപിച്ച അനേകം നല്ല ഗാനങ്ങളെ കുറിച്ച് പറയാതെ ഇത്തരം ഗാനങ്ങൾ മാത്രം ആലപിക്കുന്ന ഗായിക എന്ന് ചിലർ മുദ്രകുത്തിയിരുന്നു”
ഏത് ഗാനവും ആലപിക്കാനുള്ള കഴിവ് കാണാതെയുള്ള വെറും വിമർശനം ‘സംഗീത സംവിധായകൻ്റെ നിർദേശം അനുസരിച്ച് അവർ പാടുന്നത് സിനിമാ സംവിധായകർ ഏതു വിധത്തിലാണ് ചിത്രീകരിക്കുന്നത് എന്ന ആലപിക്കുന്നവർക്ക് അറിയില്ല – അതിൽ ഇടപെടാനുളള സ്വാതന്ത്യം ഗായകർക്കില്ല. വരികൾ അശ്ലീലമാണെങ്കിൽ മാത്രം പാടാൻ കഴിയില്ല എന്ന് ഭൂരിഭാഗം പേരും പറയും.
1945 നവംബർ 30 ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണിയുടെ പിതാവ് ദൊരൈസ്വാമി. അമ്മ പദ്മാവതി സംഗീതജ്ഞയായിരുന്നതിനാൽ കുഞ്ഞു പ്രായത്തിൽ തന്നെ സംഗീതാഭിരുചി പ്രകടിപ്പിച്ചിരുന്നു.അഞ്ചു വയസ്സു മുതൽ സംഗീത പഠനം ആരംഭിച്ചു. പഠന സൗകര്യത്തിനു വേണ്ടി വെല്ലൂരിൽ നിന്നും ചെന്നൈയിലേക്ക് സകുടുംബം താമസം മാറി. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.’ ക്വീൻ മേരീസ് കോളേജിൽ നിന്നും ബി എ ബിരുദം നേടി.കോളേജിൽ പഠിക്കുമ്പോൾ ഗാനങ്ങൾക്കു പുറമേ നാടകത്തിനും ചിത്രരചന ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ അതേ കാലഘട്ടത്തിൽ സംഗീത കച്ചേരികളും നടത്തിയിരുന്നു. ബിരുദം നേടിയ ശേഷം ബാങ്കിൽ ജോലി ലഭിച്ചു. ആന്ധ്രയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ സിത്താർ വാദകനായ ജയറാമിനെ കണ്ടുമുട്ടുകയും വിവാഹ ജീവിതത്തിലേക്ക് മാറുകയും ചെയ്തു. അവിടെ നിന്നും മുംബേയിലേക്ക്’ മാറി.
ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ ജോലി രാജിവച്ചു. തൻ്റെ ഹിന്ദുസ്ഥാനി സംഗീത ഗുരുവായ ഉസ്താദ് ഏ.ആർ.ഖാൻ പ്രശസ്ത സംഗീത സംവിധായകർക്ക് വാണിയെ പരിചയപ്പെടുത്തി. ഹിന്ദി സിനിമാ പിന്നണിയിൽ ധാരാളം അവസരങ്ങൾ തേടിയെത്തി. പത്തൊമ്പതു ഭാഷകളിൽ പതി നായിരത്തിൽഅധികം ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു.. കൂടാതെ അനേകം ഭക്തിഗാനങ്ങളും ആലപിച്ചു. പ്രമുഖ ചാനലുകൾക്കും മ്യൂസിക് കമ്പനികൾക്കും വേണ്ടി ആൽബം ഗാനങ്ങളും പാടി ‘.മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. ഈയിടെ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിരുന്നു.
ഇന്ത്യൻ സംഗീതാസ്വാദർക്ക് തേൻമഴ നൽകിയ ഏതോ ജന്മകല്നപോലെ സൗരയൂഥത്തിലെങ്ങോ മറഞ്ഞ മഞ്ചാടിക്കുന്നിലെ ഓലഞ്ഞാലിക്കുരുവിയ്ക്ക്
പൂക്കൾ പനിനീർപൂക്കൾ



