അവധിക്കാലം ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തെ മരണത്തിൽ നിന്നും രക്ഷിച്ചത് 13 വയസ്സുകാരനായ ഓസ്റ്റിൻ ആപ്പിൾബീയുടെ അതിസാഹസികമായ നീക്കം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ക്വിൻഡാലപ്പിൽ ആണ് സംഭവം. ജനുവരി 30-ന് ആണ് സംഭവം നടക്കുന്നത്. ശക്തമായ കാറ്റും തിരമാലകളും കാരണം ഓസ്റ്റിനും അമ്മ ജോവാനും രണ്ട് സഹോദരങ്ങളും തീരത്ത് നിന്നും അകലേക്ക് ഒഴുകിപ്പോയി.
തന്റെ കയാക്ക് ഉപയോഗിച്ച് കരയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കടൽ കൂടുതൽ പ്രക്ഷുബ്ധമായതോടെ ഓസ്റ്റിൻ നീന്താൻ തീരുമാനിച്ചു. ഏകദേശം നാല് മണിക്കൂറോളമാണ് ഈ കൊച്ചു മിടുക്കൻ കര ലക്ഷ്യമാക്കി നീന്തിയത്. നീന്തലിന്റെ വേഗത വർദ്ധിപ്പിക്കാനായി, ആദ്യ രണ്ട് മണിക്കൂറിന് ശേഷം അവൻ തന്റെ ലൈഫ് ജാക്കറ്റ് ഊരിമാറ്റുകയും ചെയ്തു. കരയിലെത്തിയ ഉടൻ തളർന്നു വീണെങ്കിലും, സഹായം തേടാനായി ഓസ്റ്റിൻ രണ്ട് കിലോമീറ്ററോളം ഓടി ചെന്ന് വൈകുന്നേരം 6 മണിയോടെ അധികൃതരെ വിവരമറിയിച്ചു.
തുടർന്ന് ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ, തീരത്തുനിന്നും 14 കിലോമീറ്റർ അകലെ ഒരു പാഡിൽബോർഡിൽ തൂങ്ങിക്കിടക്കുകയായിരുന്ന മറ്റ് കുടുംബാംഗങ്ങളെ രാത്രി എട്ടരയോടെ രക്ഷാപ്രവർത്തകർ കണ്ടെത്തി. ഓസ്റ്റിൻ നൽകിയ കൃത്യമായ വിവരങ്ങളാണ് തിരച്ചിൽ വേഗത്തിലാക്കാൻ സഹായിച്ചത്.
ഓസ്റ്റിന്റെ ധീരതയെ രക്ഷാപ്രവർത്തകർ “അമാനുഷികം” (Superhuman) എന്നാണ് വിശേഷിപ്പിച്ചത്. അവന്റെ നിശ്ചയദാർഢ്യമാണ് തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ജീവൻ രക്ഷിച്ചതെന്ന് ഇൻസ്പെക്ടർ ജെയിംസ് ബ്രാഡ്ലി പറഞ്ഞു. ഭാഗ്യവശാൽ, എല്ലാവരും ചെറിയ പരിക്കുകളോടെ സുരക്ഷിതരായി തിരിച്ചെത്തി.



