തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. 1 ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയായിട്ടാണ് കുറച്ചത്. ഇതോടൊപ്പം 900 ml കേര വെളിച്ചെണ്ണ പാക്കറ്റും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പാക്കിന്റെ വില 338 രൂപയാണ്.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും ഉപഭോക്തൃ സൗഹൃദ വിലയിൽ ശുദ്ധമായ കേര വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറയ്ക്കുകയും പുതിയ പാക്കറ്റ് വിപണിയിൽ ഇറക്കുകയും ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലൂടെയും പുതിയ വിലയിൽ കേര വെളിച്ചെണ്ണ ലഭ്യമാകും.
അതേസമയം, ‘കേര’ എന്ന പേരിനോട് സാദൃശ്യമുള്ള നിരവധി വ്യാജ ബ്രാൻഡുകൾ വിപണിയിൽ കണ്ടെത്തിയിട്ടുണ്ട് .
ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഉപഭോക്താക്കൾ കേരാഫെഡ് കേര വെളിച്ചെണ്ണ വാങ്ങുമ്പോൾ യഥാർഥ പാക്കറ്റും ബ്രാൻഡ് ചിഹ്നവും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.



