മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് ഓപ്പറേഷൻ സഹ്യാദ്രി ചെക്ക് മേറ്റിലൂടെ 55 കോടിയുടെ മെഫെഡ്രോൺ ലഹരി നിർമ്മാണ യൂണിറ്റ് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് (ഡിഐർഎ) കണ്ടുകെട്ടിയത്. സിന്തറ്റിക് മയക്ക് മരുന്നുകൾ കണ്ടെടുത്തതായും, 5 പേരെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ട്. കോഴിക്കടയുടെ മറവിലാണ് മയക്ക് മരുന്ന് ഉത്പാദനത്തിനായുള്ള പൂർണ സജ്ജീകരണവും സംഘം നടത്തി വന്നിരുന്നത്.
അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടുന്നതിനായി നിർമ്മാണ യൂണിറ്റ് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റിയിരുന്നതായും പൊലീസ് പറഞ്ഞു. ദ്രാവകരൂപത്തിലുള്ള 11.8 കിലോഗ്രാം മയക്ക് മരുന്നും അർദ്ധദ്രാവകരൂപത്തിൽ 9.3 കിലോഗ്രാമും, സിന്തറ്റിക് മയക്ക് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്ന 71.5 കിലോഗ്രാം അസംസ്കൃത വസ്തുക്കളുമാണ് പിടിച്ചെടുത്തത്. സിന്തറ്റിക് ഉത്തേജകമായ മെഫെഡ്രോണിനെ പാർട്ടി ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്.
ലഹരി നിർമ്മാണത്തിൽ പരിജ്ഞാനമുള്ള ജീവനക്കാരനെയും നടത്തിപ്പുകാരെയുമാണ് അറസ്റ്റ് ചെയ്തത്. മെഫെഡ്രോൺ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സിന്തറ്റിക് ഡ്രഗാണ്.



