ആധുനിക ‘ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തിയ വിദേശ പത്രപ്രവർത്തകരിൽ അതുല്യനായ ഒരാളായിരുന്നു മാർക്ക് ടുള്ളി. ദീർഘകാലം ഇന്ത്യയിൽ ജീവിച്ച്, ഇന്ത്യൻ സമൂഹത്തിന്റെ ആത്മാവും രാഷ്ട്രീയ–സാമൂഹിക മാറ്റങ്ങളും ആഴത്തിൽ മനസ്സിലാക്കി ലോകത്തേക്ക് അവതരിപ്പിച്ച മനുഷ്യനായിരുന്നു ടുള്ളി . അപൂർവമായ സത്യസന്ധത അതായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര . 80 കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളെപ്പറ്റി ടുള്ളി പറഞ്ഞതിനെയും എഴുതിയതിനെയും ഇന്ത്യയിലെ ബുദ്ധിജീവി വർഗ്ഗം വളരെ പരിഹസിച്ചിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിൻ്റെ ജീവിത കാലത്ത് തന്നെ സത്യമായി .
ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും വരുന്നതിന് മുമ്പ് 1975 മുതൽ 2000 വരെ ട്ടുള്ളിയുടെ വിവരണങ്ങളും ലേഘനങ്ങളുമാണ് ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക , സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ഏറ്റവും നിഷ്പക്ഷവും കാര്യമാത്ര പ്രസക്തവുമായ വിലയിരുത്തലുകൾ .
ബി.ബി.സി.യുടെ ദില്ലി ബ്യൂറോ മേധാവിയായി പ്രവർത്തിച്ച കാലഘട്ടത്തിൽ, ഇന്ത്യയിലെ നിർണായക സംഭവങ്ങൾ—അടിയന്തരാവസ്ഥ മുതൽ അയോധ്യ വിഷയങ്ങൾ വരെ—അദ്ദേഹം റിപ്പോർട്ട് ചെയ്തത് ചരിത്രരേഖകളായി. ഇന്ത്യൻ സംസ്കാരത്തോടുള്ള ആദരവും വിമർശനാത്മകമായ സ്നേഹവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ എപ്പോഴും തെളിഞ്ഞുനിന്നു.
The Heart of India, India’s Unending Journey തുടങ്ങിയ കൃതികളിലൂടെ ഇന്ത്യയുടെ ആത്മകഥ തന്നെ അദ്ദേഹം ലോകത്തിന് പറഞ്ഞു. ഒരു വിദേശിയായിരുന്നിട്ടും, ഇന്ത്യയെ അത്രമേൽ ആഴത്തിൽ മനസ്സിലാക്കിയ പത്രപ്രവർത്തകൻ അപൂർവമായിരുന്നു.
മാർക്ക് ടുള്ളിയുടെ വിയോഗം ഇന്ത്യയെ സ്നേഹിച്ച എല്ലാവർക്കും വലിയ നഷ്ടമാണ്.



