ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അഞ്ചാം മത്സരത്തില്‍ 15 റണ്‍സിനാണ് ജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം ഏഴിന് 160ല്‍ അവസാനിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മത്സരത്തിലെ താരം. ഷഫാലി വര്‍മയാണ് പരമ്പരയുടെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. 41 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് കരുത്തായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ്. 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്റെ ഇന്നിംഗ്സില്‍ ഒന്‍പത് ഫോറുകളും ഒരു സിക്സറും ഉള്‍പ്പെട്ടു.
അവസാന ഓവറുകളില്‍ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ സ്‌കോര്‍ 170 കടത്തി. 11 പന്തില്‍ 27 റണ്‍സാണ് അരുന്ധതി നേടിയത്. ശ്രീലങ്കയ്ക്കായി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ വനിതകള്‍ നേടിയത്. ഹാസിനി പെരേരയും (42 പന്തില്‍ 65), ഇമേഷ ദുലനിയും (39 പന്തില്‍ 50) അര്‍ധ സെഞ്ചറി നേടി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താന്‍ സാധിച്ചില്ല. മധ്യനിരയില്‍ ആരും തിളങ്ങാനാകാതെ പോയത്് ലങ്കയ്ക്ക് തിരിച്ചടിയായി.



