കേരള ഗവണ്മെന്റ് സംഘടിപ്പിച്ച ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേള 2025 ന്റെ അഞ്ചാമത് പതിപ്പില്‍ ഇന്ത്യന്‍ നാവികസേന പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ദക്ഷിണ നാവിക കമാന്‍ഡിന്റെ ഐഎന്‍എസ് കല്‍പേനി ബേപ്പൂരില്‍ വിന്യസിച്ചിരുന്നു.
മേളയുടെ മൂന്ന് ദിവസവും കപ്പല്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍, എന്‍സിസി കേഡറ്റുകള്‍, സ്‌കൂള്‍ കുട്ടികള്‍, തദ്ദേശവാസികള്‍ എന്നിവരുള്‍പ്പെടെ 6500 ല്‍ അധികം പേര്‍ സന്ദര്‍ശിച്ചു .
കപ്പലിന്റെ ചുമതല, ശേഷി എന്നിവയെക്കുറിച്ചുള്ള വിവരണം ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് ഗൈഡിന്റെ സഹായം ലഭ്യമാക്കിയിരുന്നു. ജെട്ടിയില്‍ സജ്ജീകരിച്ച നാവിക പ്രദര്‍ശന സ്റ്റാളുകളില്‍ ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാവിക ഉപകരണങ്ങള്‍, ചെറിയ ആയുധങ്ങള്‍, എന്‍ബിസിഡി, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയുടെ നാവികശേഷി എടുത്തുകാണിക്കുന്ന പ്രചോദനാത്മക വീഡിയോകളും ഇന്ത്യന്‍ നാവികസേനയിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിച്ചു. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട്, ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നിന്നുള്ള നാവിക ബാന്‍ഡ് ഉദ്ഘാടന ദിവസം ദേശസ്‌നേഹം തുടിക്കുന്ന സംഗീതാലാപനം കൊണ്ട് കാണികളെ ആകര്‍ഷിച്ചു.
കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, ഉത്തര മേഖല പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജ്പാല്‍ മീണ തുടങ്ങി നിരവധി പ്രമുഖര്‍ കപ്പല്‍ സന്ദര്‍ശിച്ചു.
പൊതുജന സമ്പര്‍ക്കം, സാമൂഹ്യ ഇടപെടല്‍, സമുദ്ര അവബോധം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് ബേപ്പൂര്‍ ജലമേളയിലെ ഇന്ത്യന്‍ നാവികസേനയുടെ പങ്കാളിത്തം വഴിയൊരുക്കി. ഇത് സമൂഹവുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള നാവികസേനയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.



