മെൽബൺ: ജയ-പരാജയ സാധ്യതകൾ മാറിമറിഞ്ഞ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് വിജയം. ആസ്ട്രേലിയ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം മൂന്ന് ദിവസത്തെ കളി ബാക്കിനിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
40 റൺസ് നേടിയ ജേക്കബ് ബെതേലാണ് നാലാം ഇന്നിങ്സിലെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ 42 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് മത്സരം തിരികെ പിടിച്ചത്. മൂന്നുമത്സരങ്ങൾ തോറ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ആദ്യ ജയമാണിത്. സ്കോർ: ആസ്ട്രേലിയ – 152 & 132, ഇംഗ്ലണ്ട് – 110 & ആറിന് 178.
175 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ബാസ്ബാൾ ശൈലിയിൽ തകർത്തടിച്ചതോടെ, ഒന്നാം വിക്കറ്റിൽ ഏഴോവറിൽ 51 റൺസ് പിറന്നു. ബെൻ ഡക്കറ്റിനെ (34) ബൗൾഡാക്കി മിച്ചൽ സ്റ്റാർക്കാണ് ആദ്യ വിക്കറ്റ് പിഴുതത്. ആറ് റൺസെടുത്ത ബ്രൈഡൻ കാഴ്സിനെ, ജേ റിച്ചാർഡ്സൻ കാമറൂൺ ഗ്രീനിന്റെ കൈകളിലെത്തിച്ചു. സ്കോർ 100 പിന്നിട്ടതിനു പിന്നാലെ സാക് ക്രൗലിയെ (37) സ്കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നിൽ കുരുക്കി.
40 റൺസ് നേടിയ ജേക്കബ് ബെതേലിനെ ബോളണ്ട് ഉസ്മാൻ ഖ്വാജയുടെ കൈകളിലെത്തിച്ചെങ്കിലും സ്കോർ 137ൽ എത്തിയിരുന്നു. ജോ റൂട്ട് 15 റൺസ് നേടി പുറത്തായി. ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (2) വീണ്ടും നിരാശപ്പെടുത്തി. ഹാരി ബ്രൂക്കും (18*) ജേമി സ്മിത്തും (3*) ചേർന്ന് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു.



