കൊച്ചി: ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിയുടെ സ്വീകരണമുറികളിൽ ഇടംപിടിച്ച പ്രിയനടൻ ശ്രീനിവാസൻ ഇനി ഓർമ. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു.
ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡയാലിസിസിനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
എറണാകുളം ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും നേരിട്ടെത്തി. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിലെത്തിയ തമിഴ് താരം സൂര്യ, ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയുടെ വിയോഗം വലിയ വേദനയുണ്ടാക്കുന്നുവെന്ന് പ്രതികരിച്ചു.
1977-ൽ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ശ്രീനിവാസൻ നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയും’ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രചനയിലേക്ക് കടന്നത്. ശരാശരി മലയാളിയുടെ ജീവിതപ്രശ്നങ്ങളും അന്ധമായ രാഷ്ട്രീയവും പരിഹാസത്തിലൂടെ അവതരിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.
‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വരവേൽപ്’, ‘ചിന്താവിഷ്ടയായ ശ്യാമള’, ‘വടക്കുനോക്കിയന്ത്രം’, ‘കഥ പറയുമ്പോൾ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് അദ്ദേഹം രൂപം നൽകി. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയിലെ സുവർണ്ണ അധ്യായമായി ഇന്നും നിലനിൽക്കുന്നു. മലയാളിയുടെ കപട രാഷ്ട്രീയ ചിന്തകളെ ചോദ്യം ചെയ്ത ‘സന്ദേശം’ ഇന്നും കാലികപ്രസക്തമാണ്.



