2026 മുതല്‍ രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ സംവിധാനത്തിന്റെ സഹായത്തോടെയാകും ടോള്‍ തുകയും പിഴയും നിർണയിക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി വാഹനം നിർത്തേണ്ടി വരില്ല. പുതിയ സംവിധാനം വഴി വാഹനങ്ങളുടെ നമ്ബർ പ്ലേറ്റുകള്‍ കാമറകള്‍ വഴി തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക ഈടാക്കും. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുമ്ബോള്‍ പോലും ഇത് സാധ്യമാകും. ഈ സംവിധാനം ടോള്‍ പിരിവ് സുതാര്യമാക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ പുതിയ മള്‍ട്ടി ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനം നടപ്പിലാക്കുന്നതിലൂടെ പ്രതിവർഷം 1,500 കോടി രൂപയുടെ ഇന്ധന ലാഭവും 6,000 കോടി രൂപയുടെ അധിക ടോള്‍ വരുമാനവും നേടാനാകും. നിലവില്‍ സ്വകാര്യ വാഹന ഉടമകള്‍ക്കായി അവതരിപ്പിച്ച ഫാസ്ടാഗ് വാർഷിക പാസ് സംവിധാനം 200 ടോള്‍ പ്ലാസകളില്‍ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇതിനോടകം 40 ലക്ഷത്തിലധികം സ്വകാര്യ കാർ ഉടമകള്‍ ഈ പാസ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അമിത വേഗതയില്‍ പോകുന്ന ഒരു വാഹനം സാധാരണ എടുക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ അടുത്ത ടോള്‍ പ്ലാസയില്‍ എത്തും. ഇത് വാഹനം അമിത വേഗതയിലായിരുന്നു ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. വേഗതയും മറ്റും അളക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ സാറ്റലൈറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ പിൻബലത്തോടെ ആയിരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
വാഹനങ്ങള്‍ വില്ക്കുമ്ബോഴോ രജിസ്ട്രേഷൻ പുതുക്കുമ്ബോഴോ കുടിശ്ശികയുള്ള ടോള്‍ ഫീയും ഇ – ചലാനുകളും അടച്ചു തീർക്കണമെന്നുള്ള നിയമം കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് നിയമപരമായ നടപടികള്‍ സുഗമമാക്കാൻ സഹായിക്കും.
രാജ്യത്തെ ഹൈവേ വികസനത്തില്‍ ഇനി ഗ്രീൻഫീല്‍ഡ് ഹൈവേകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. പുതിയ സ്ഥലങ്ങളില്‍ റോഡുകള്‍ നിർമിക്കുന്നത് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ സഹായിക്കും. മുൻപ് ഇന്ത്യയില്‍ ലോജിസ്റ്റിക്സ് ചെലവ് 16 ശതമാനം ആയിരുന്നത് ഇപ്പോള്‍ 9 ശതമാനം ആയി കുറഞ്ഞതായി ഐഐഎം ബാംഗ്ലൂർ, ഐഐടി കാണ്‍പൂർ, ഐഐടി മദ്രാസ് എന്നിവരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
രാജ്യത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. റോഡുകള്‍, ജലം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ വ്യവസായങ്ങളിലും വ്യാപാരത്തിലും മൂലധന നിക്ഷേപം കൊണ്ടുവരാൻ കഴിയില്ല. നിക്ഷേപം ഇല്ലാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവില്ല. തൊഴിലവസരങ്ങള്‍ ഇല്ലാതെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനും സാധ്യമല്ലെന്നും മന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.



