തണുത്ത രാത്രികളും, ഹിമക്കാറ്റു നിറഞ്ഞ വെളിച്ചം കുറഞ്ഞ പ്രഭാതങ്ങളും, പൊള്ളുന്ന ഉച്ചവെയിലുകളുമേന്തി വർഷമവസാനിക്കാൻ പോകുന്നുവെന്ന വിഷമങ്ങളേതുമില്ലാതെ എത്തിയ ഡിസംബർ.
ലോകം ക്രിസ്തുവർഷം രണ്ടായിരമാണ്ടിനെ സ്വാഗതം ചെയ്യാനൊരുങ്ങുന്ന നാളുകളിൽ എനിക്കുണ്ടായ ഒരു ക്രിസ്തുമസ് അത്ഭുത വിശേഷമാണ് പതിവില്ലാതെ എന്റെ വിരൽത്തുമ്പിൽ വന്നു മുട്ടുന്നത്.
ഒന്നെഴുതിക്കൂടെയെന്നിടയ്ക്കിടെഓർമ്മപ്പെടുത്തുന്നത്.
“പൂക്കാതിരിക്കാൻ വയ്യ” എന്നു പറയുന്ന പോലെ എഴുതാതിരിക്കാൻ എനിക്കു വയ്യ.
അന്ന് പുതിയ വീടു പണി കഴിഞ്ഞ് അങ്ങോട് താമസം മാറിയ ശേഷം വന്ന ആദ്യത്തെ ക്രിസ്തുമസ് കാലം.
പ്രവാസിയായ ഭർത്താവ് സാധാരണയായി സ്കൂൾ മധ്യവേനലവധിക്കാലം നോക്കിയാണു ലീവിനു വരുന്നത്. അതു കൊണ്ട് ക്രിസ്തുമസാഘോഷത്തിനു വരുമെന്നു യാതൊരു പ്രതീക്ഷയുമില്ല.
രണ്ടാം ടേം പരീക്ഷയായ ക്രിസ്തുമസ് പരീക്ഷയ്ക്കു ശേഷം പത്തു ദിവസത്തെ സ്കൂളവധിയുണ്ടല്ലോ.
അവധി വന്നാൽ സാധാരണയായി ഞാനും മക്കളും എന്റെ വീട്ടിലേയ്ക്കു പോകുകയാണ് പതിവ്.
പക്ഷേ അന്ന് എല്ലാവരും പറഞ്ഞു പേടിപ്പിച്ചു.പുതിയ വീടു പണിതിട്ട് ആദ്യത്തെ വർഷം തന്നെ ലൈറ്റും, പുൽക്കൂടും, നക്ഷത്രമൊന്നുമിടാതെ അടച്ചിട്ട് സ്വന്തം വീട്ടിലേയ്ക്കു പോകുന്നത് നല്ലതല്ല യെന്ന്.
ചുറ്റുപാടും വെളിച്ചമുള്ളപ്പോൾ നിങ്ങളുടെ വീട്ടിൽ മാത്രം അന്ധകാരം ശരിയല്ലയെന്നു സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.
അപ്പോഴും അമ്മയും അപ്പനും നിർബന്ധിച്ചു പറഞ്ഞു കൊണ്ടിരുന്നു. “അവിടെ ഒറ്റയ്ക്ക് നിൽക്കേണ്ട ഇങ്ങോട്ടു പോരെന്ന്. ”
അവിടെ നിന്നാൽ കുട്ടികൾക്കു വിഷമമാകുമെന്നു മുൻകൂട്ടിപ്പറഞ്ഞ്
പലതവണ അവർ വിളിച്ചു.
മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്തയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്ന പ്രായമാണെനിക്കന്ന്.
ക്രിസ്തുമസ് ഈവു കഴിഞ്ഞ് ക്രിസ്തുമസ് ദിനത്തിൽ എന്റെ വീട്ടിലേയ്ക്ക് പോയാൽ മതിയെന്നു ഞാൻ സ്വയം തീരുമാനിച്ചു.
സ്വപ്നഗൃഹനിർമ്മാണംകഴിഞ്ഞ്,പാലുകാച്ചലും പ്രാർത്ഥനയുമൊക്കെ നടത്തി പിറ്റേന്ന് തന്നെ ഗൾഫിലേയ്ക്ക് ഭർത്താവു മടങ്ങിപ്പോയിരുന്നു.
തൊണ്ണൂറെന്ന അക്കങ്ങൾ കലണ്ടറുകളിൽ നിന്ന് എന്നന്നേയ്ക്കുമായി എടുത്തു മാറ്റപ്പെടുന്ന ഒരു വർഷാന്ത്യത്തിൽ നടന്ന ക്രിസ്തുമസ് അത്ഭുതം എഴുതുമ്പോൾ അന്നത്തെ ഞങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചു പറയാതെ പറ്റില്ല.
അധ്യാപികയായ ഞാനും, യു.കെ. ജി യിലായ മൂത്തമകനും സ്കൂളിൽ പോകും.
ഇളയമകനെ ഡേക്കെയറിൽ ആക്കണം.
ഗൾഫിൽ നിന്ന് വർഷത്തിൽ ഒരു മാസം കൃത്യം ലീവിനാണ് ഭർത്താവിന്റെ വരവ്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ ആകുലതകളും , അരക്ഷിതാവസ്ഥയും, ആർക്കും മനസിലാകാത്ത ഒറ്റപ്പെടലുകളും അനുഭവിച്ച നാളുകൾ.
അതായത് ആൾക്കൂട്ടത്തിൽ തനിയെ എന്നൊക്കെ പറയില്ലേ അതു പോലുള്ള കാലം.
അവധിദിനത്തിന്റെ തുടക്കത്തിൽ അപ്പനോ, ആങ്ങളമാരോ വന്ന് എന്റെ വീട്ടിലേയ്ക്കു ഞങ്ങളെ കൊണ്ടു പോകും.
പുഴകളെ മുറിച്ച് പാലങ്ങളൊന്നും വരാത്ത കാലം. രണ്ടു ഫെറി കടന്നു വേണം എന്റെ വീടെത്താൻ.
അതിനിടയിൽ പത്തുമുപ്പത്തഞ്ചു കിലോമീറ്റർ കാറിൽ സഞ്ചരിക്കുകയും വേണം.
അവധിതീർന്നു അവിടെ നിന്നു പോരുമ്പോൾ കൊല്ലാൻ കൊണ്ടു പോകുന്ന പോലെ മക്കളും, ആകുലതയോടെ ഞാനും കരഞ്ഞു കൊണ്ടാണ് തിരിച്ചു പോരുന്നത്.
(ഞങ്ങളുടെ കരച്ചിൽ കണ്ട് നിസഹായരായി കണ്ണു നിറഞ്ഞ്, കൂടെക്കരഞ്ഞ് അമ്മയും വരാന്തയിലെ തൂണിന്നരികിൽ കണ്ണൊപ്പി മറഞ്ഞു നിൽക്കുന്ന അപ്പനും ഇന്ന് ഓർമ്മകളിൽ മിഴിനീരായി നനയുന്നു )
പുതിയ വീട്ടിലാണെങ്കിലും കുടുംബനാഥനടുത്തില്ലാത്തതിന്റെ എല്ലാ അരക്ഷിതാവസ്ഥയും ഞങ്ങൾ അനുഭവിച്ചു പോന്നു.
ഗൾഫിൽ നിന്ന് അവധിക്ക് ഒരു മാസം വന്നു നിൽക്കുമ്പോൾ കുട്ടികളെ അമിതമായി ലാളിക്കുകയും, ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും, ചെയ്യുന്ന സ്വഭാവം അവരുടെ പപ്പയ്ക്കു ണ്ടായിരുന്നു. ആ സമയങ്ങളിൽ കുട്ടികൾ എന്റെ നിയന്ത്രണത്തിലല്ല.
ഞാൻ ഇതിനെക്കുറിച്ച് പരാതി പറയുമ്പോൾ.
“ഞാൻ അവിടെ ഒറ്റയ്ക്ക് കഴിയുന്നത് ഇവർക്കു വേണ്ടിയല്ലേ? ഇവരുടെ ചെറിയ ആവശ്യങ്ങളെങ്കിലും സാധിച്ചു കൊടുത്തില്ലെങ്കിൽ കുട്ടികൾക്കതു വല്ലാത്ത വിഷമ
മാകും .”
എന്നാണു മറുപടി.
ഇളയവൻ പപ്പയുടെ നെഞ്ചത്തു കിടന്നേ ഉറങ്ങൂ. പിന്നീട് ഇതിന്റെയെല്ലാം ഭവിഷ്യത്ത് അനുഭവിക്കുന്നത് ഞാനൊറ്റയ്ക്കാണ്.
അമിതമായ അടുപ്പം ഇളയമകനെ പപ്പ പോകുന്ന ദിനം രോഗിയാക്കി മാറ്റാൻ തുടങ്ങി.
നെടുമ്പാശ്ശേരിക്ക് ഭർത്താവിനെ കൊണ്ടുപോയി യാത്രയയ്ക്കാൻ പോകുന്ന കാറ്
പോയതിനു തൊട്ടുപിറകെ മകനുമായി എനിക്ക് ആശുപത്രിയിലേക്കു പോകണം.
പിന്നെ അവിടെ മൂന്നാലു ദിവസം വാസമാണ്. അത് തുടർക്കഥ പോലെ രണ്ടു മൂന്നു കൊല്ലമായി നടക്കുന്നു.
പോകുന്നതിന്റെ തലേന്നു തുടങ്ങുന്ന കരച്ചിൽ പിറ്റേന്ന് പനിയായി മാറും.
പപ്പയുടെ കാറ് പുറപ്പെട്ടാൽ പിന്നെ ആളുടെ അവസ്ഥ
മാറി മറിയും. പേടിച്ചിട്ട് ഞങ്ങൾ ഉടനെ ഹോസ്പിറ്റലിലേയ്ക്കു കൊണ്ടു പോകും.
ഗൃഹപ്രവേശം കഴിഞ്ഞു മടങ്ങുമ്പോൾ ക്രിസ്തുമസിനു തീർച്ചയായും വരാമെന്നു അവനു ഉറപ്പു കൊടുത്തിട്ടാണ് പപ്പ ഗൾഫിലേയ്ക്കു പോയത്.
അവനതു മനസിൽ കുറിച്ചു വെച്ചിരുന്നു.
ലാൻഡ് ഫോണിൽ പപ്പയുടെ കോൾ വന്നാൽ അവനാദ്യം ചോദിക്കുന്നത് എപ്പോൾ വരുമെന്നാണ്. ?
“ഞാൻ പോകുമ്പോൾ മോൻ ഇത്തവണയും പനി വരുത്തി അമ്മയെ പേടിപ്പിക്കരുതെന്ന”
ഉപദേശത്തിനു പകരമായി അവൻ ആവശ്യപ്പെട്ടത് പപ്പ ക്രിസ്തുമസിനു വരണമെന്ന നിബന്ധനയായിരുന്നു.
അതുകേട്ട് വരാമെന്നു സമ്മതിച്ചു പുള്ളിക്കാരൻ പോയതുമാണ്.
അപ്രാവശ്യം നെടുമ്പാശ്ശേരിയിലേക്ക് കാറു പോയ സമയം മുതൽ ഞാൻ മകനെ അവനറിയാതെ നിരീക്ഷിക്കുന്നുണ്ട്.
എപ്പോഴാണു ദൈവമേ! അസുഖം തുടങ്ങുന്നത് എന്ന പേടി കൊണ്ടു പ്രാർത്ഥനയിലിരിക്കുകയും ചെയ്യും.
സ്കൂളിൽ ഡി.ഇ.ഒ. വിസിറ്റോ ലീവെടുക്കാനാവാത്ത പ്രധാന ദിവസങ്ങളോ ആയിരിക്കും പിറ്റേന്ന്.
അത് എല്ലാ വർഷവും ഭർത്താവു മടങ്ങിപ്പോകുന്ന ദിവസത്തിൻ്റെ പിറ്റേന്നു തന്നെ സംഭവിക്കുന്ന മറ്റൊരത്ഭുതം.
സ്കൂളിലേയ്ക്ക് ലീവ് വിളിച്ചു പറയാൻ അതിലേറെ ആകുലത അനുഭവിക്കണം.
അന്ന് ഭർത്താവിനെ യാത്രയാക്കാൻ വന്ന എന്റെ വീട്ടുകാരും, ഭർത്താവിന്റെ വീട്ടുകാരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങിപ്പോയി.
വരാന്തയിൽ താടിക്കും കൈകൊടുത്ത് ഇരുന്ന മകൻ പപ്പയുടെ കാറു പോയ വഴിയിൽ നോക്കിയിരിപ്പാണ്.
കുറച്ചു കഴിഞ്ഞ് എഴുന്നേറ്റ് കാർപ്പോർച്ചിനപ്പുറം ചരൽ വിരിച്ച മുറ്റത്തേയ്ക്കിറങ്ങി കുമ്പിട്ട് ഒരു പിടി മണ്ണുമായി മടങ്ങി വരുന്നു.
ഇതെന്താ മോനെ എന്നു ചോദിച്ചപ്പോൾ
പപ്പ കാറിൽ കയറുന്നതിനു മുൻപ് മണലിൽ ചവിട്ടിയ ഷൂസിന്റെ പാട് പതിഞ്ഞ മണ്ണാണ് കൈയ്യിൽ.
പോകുന്നതിനു തൊട്ടുമുമ്പുവരെ കൂടെ ചേർന്നു നടന്ന അവൻ്റെ മനോവേദന എനിക്കു മനസിലായി. കരച്ചിലകറ്റാൻ ഞാൻ പാടു പെട്ടു.
ഇതിൽ നിന്ന് ഏകദേശം മനസിലാക്കാമല്ലോ അവന്റെ അടുപ്പം.
അന്നു എറണാകുളം സിറ്റി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ വേണു ഗോപാൽ എന്നോടു പറഞ്ഞു.
“ടീച്ചർ ലീവെടുത്ത് മക്കളുമായി ഗൾഫിൽ പോകുക. ഇവന് മറ്റൊരസുഖവുമില്ല. പപ്പ പോകുന്നതു സഹിക്കാനുള്ള കരുത്തില്ല എന്നതാണു പ്രശ്നം. ”
(അദ്ദേഹം പറഞ്ഞത് പിന്നീട് അക്ഷരാർത്ഥത്തിൽ ശരിയായി.ഒന്നുരണ്ടു വർഷങ്ങൾക്കു ശേഷം എല്ലാം അടച്ചുപൂട്ടി ഞങ്ങളും പ്രവാസലോകത്തെത്തി. പിന്നെ യാതൊരു അസുഖവും അവനു വന്നതുമില്ല.)
പുതിയ വീട്ടിലെ ആദ്യഡിസംബർ ആരംഭിച്ചപ്പോൾ മുതൽ മോൻ പപ്പയെ കാത്തിരിക്കാൻ തുടങ്ങി.
ലാന്റ് ഫോൺ ബെല്ലടിച്ചാൽ അവനോടിപ്പോയി ഫോൺ എടുത്ത് പപ്പ എപ്പോൾ വരുമെന്ന ഒരേ ചോദ്യമായി നിൽക്കും.
അവനിൽ നിന്നു രക്ഷ പെടാൻ പുള്ളിക്കാരൻ ക്രിസ്തുമസിന്റെ തലേന്നു വരുമെന്നു വെറുതെ ഉറപ്പും കൊടുത്തു .
വന്നില്ലെങ്കിൽ അവനതു താങ്ങാനാവില്ലയെന്നറിയാവുന്നതു കൊണ്ട് ഞാൻ വിലക്കിപ്പറയുമ്പോൾ പുള്ളി പറയും
“അവനോടു തുറന്നു പറയാൻ എനിക്കു പറ്റുന്നില്ല. പതുക്കെ ഒന്നു പറഞ്ഞു മനസിലാക്ക് ”
ആ പണിയും എന്നെ ഏൽപ്പിച്ചു.
നക്ഷത്രവും, ഇലുമിനേഷനും ഇടാൻ ക്രിസ്തുമസ് ഈവിന്റെ തലേന്ന് ഇലക്ട്രീഷ്യൻ വന്നപ്പോൾ തന്നെ മോനു സംശയമായി.
പപ്പ വന്നിട്ട് സ്റ്റാർ ഇടാമെന്നാണല്ലോ പറഞ്ഞതെന്നായി.
അതു സാരമില്ല നമുക്ക് പുൽക്കൂടു റെഡിയാക്കാമെന്നു പറഞ്ഞ് അവനുമായി നടന്ന് വിഷയം മാറ്റാൻ ഞാൻ ശ്രമിച്ചു.
കുറച്ചു കഴിഞ്ഞ് അവൻ വന്നു ചോദിച്ചു പപ്പ വരില്ലല്ലേ? ആരു പറഞ്ഞെന്നറിയില്ല കുട്ടി കമഴ്ന്നു കിടന്നു കരച്ചിലായി.
പിന്നെ , ചുമയ്ക്കാൻ തുടങ്ങി. സ്വിച്ചിട്ടു വരുത്തുന്നതുപോലെ
പനിയും തുടങ്ങി.
കൈയ്യിൽ കരുതിയ മരുന്നു കൊടുത്തിട്ട് ഫലിക്കാതായി. ഒരു കുറവുമില്ല .
സ്ഥിരം വിളിക്കുന്ന ഓട്ടോ വിളിച്ച് സന്ധ്യയ്ക്ക് ഞാനും മൂത്തമകനും കൂടി അടുത്തുള്ള ഹോസ്പിറ്റലിൽ ചെന്നു.
ഡോക്ടർ പറഞ്ഞു അഡ്മിറ്റാക്കണം. നല്ല വീസിംഗ് ഉണ്ട്. എവിടെ നിന്നോ കിട്ടിയ ധൈര്യം ആർജിച്ച് ഞാൻ പറഞ്ഞു നെബുലൈസ് ചെയ്തു വിട്ടാൽ മതി ഡോക്ടർ !മരുന്നും തരണം.
ക്രിസ്തുമസിന് അവിടെക്കിടന്നാൽ അവന് ഒട്ടും സഹിക്കാൻ പറ്റില്ലയെന്നെനിക്കറിയാമായിരുന്നു.
ഇവന്റെ രീതികളൊന്നുമറിയാത്തതുകൊണ്ടാകാം ഡ്യൂട്ടി ഡോക്ടർ ദേഷ്യപ്പെട്ടു .
“നിങ്ങളുടെ സ്വന്തം റിസ്കിൽ കൊണ്ടു പോകുന്നു എന്നെഴുതി വെച്ചിട്ട് പോയാൽ മതി” എന്നു പറഞ്ഞു.
കൂടെയുള്ള മൂത്ത മകൻ ആറുവയസുകാരനാണ്. ആരോടും അഭിപ്രായമൊന്നും വിളിച്ചു ചോദിക്കാതെ ഞങ്ങൾ അവനുമായി തിരികെ വീട്ടിൽ എത്തി.
വീട്ടിൽ വിവരം വിളിച്ചു പറഞ്ഞപ്പോൾ അവർക്കൊക്കെ പരിഭ്രമമായി.
രാത്രിയായതു കൊണ്ട് രണ്ടു ഫെറിയിലെയും ചങ്ങാടം കയറ്റി കാറുമായി വരാനും ബുദ്ധിമുട്ട്.
മാത്രമല്ല ഫെറി സർവീസ് നിറുത്തുന്ന ഏകദേശ സമയവുമായി.
നാളെ അവിടന്ന് ആരെങ്കിലും വരാം. ഞങ്ങളോട് അങ്ങോട്ടു പോരാനും വിളിച്ചു.
പോകും വഴി സിറ്റി ഹോസ്പ്പിറ്റലിൽ സ്ഥിരം ഡോക്ടറെ കാണിക്കുകയും ചെയ്യാമെന്നു പറഞ്ഞു.
എന്തായാലും പുൽക്കൂട്ടിൽ ഉണ്ണിയെ വെച്ച്, നക്ഷത്രവും തെളിയിച്ച് ക്രിസ്തുമസ് ഈവ് പുതിയ വീട്ടിൽ തന്നെയെന്നു ഞാൻ മനസാ നിശ്ചയിച്ചു.
രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് നെറ്റിയിൽ നനഞ്ഞ തുണി മാറ്റി മാറ്റിയിട്ട് കുഞ്ഞിന് കൂട്ടിരുന്നു.
സന്ധ്യയ്ക്കു പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത ഞാൻ പാതിരായ്ക്കു മുറ്റത്തിറങ്ങി ചരൽ വാരി എടുത്ത് പരലുപ്പു ചേർത്ത് മൺചട്ടിയിൽ വറുത്ത് കിഴികെട്ടി ചുമ കുറയാൻ ചൂടു പിടിച്ചു.
മക്കൾക്ക് എന്തെങ്കിലും വയ്യാതായാൽ അമ്മമാർ ഊണുമുറക്കവും, രാവും പകലും ഭയവും എന്തിന് സ്വന്തം മരണത്തെ പോലും മറക്കും.
നേരം വെളുത്തപ്പോൾ അവൻ എഴുന്നേറ്റിരുന്നു. പനി വിട്ടിട്ടുണ്ട്.
കഞ്ഞിയുണ്ടാക്കി ഞാൻ കൊണ്ടു വന്നു. അവൻ കഴിക്കുന്നില്ല.
“എനിക്കു പേരയ്ക്ക വേണം. ” അവൻ ശാഠ്യഭാവത്തിൽ പറഞ്ഞു.
ഞാനാദ്യം ചിരിച്ചു. എവിടെന്ന് കിട്ടാനാണ്? മാർക്കറ്റിൽ ആരു പോകും?
“പറ്റില്ല ” . വീണ്ടും അവൻ വിതുമ്പിപ്പറഞ്ഞു.
വാശിയോടെകരച്ചിൽ അവൻ തുടങ്ങി.
ഞാൻ പേടിച്ചു. ഇനിയും പനി വന്നാലോ?
ക്രിസ്തുമസ് പപ്പ രാത്രി കൊണ്ടുവന്ന് ട്രീയുടെ പിറകിൽ വെയ്ക്കും.
കുട്ടികളുടെ ആഗ്രഹം മറഞ്ഞിരുന്നു കേൾക്കുന്നുണ്ടെന്ന് പറഞ്ഞാശ്വസിപ്പിച്ചു.
അപ്പനോ ആങ്ങളമാരിൽ ആരെങ്കിലുമോ വരുമ്പോൾ പേരക്ക മേടിച്ചു കൊണ്ടു വരാൻ പറയാനായിരുന്നു എന്റെ പ്ലാൻ.
കഞ്ഞി കുടിച്ചു മരുന്നു കഴിച്ച കുഞ്ഞ് ഒരുറക്കത്തിനുശേഷം വീണ്ടും കരഞ്ഞെഴുന്നേറ്റു വന്നു.
” എനിക്ക് ഇപ്പോൾ പേരക്ക കഴിക്കണം. ” എന്നായി കരച്ചിലിൻ്റെ ഉള്ളടക്കം.
ശരി നോക്കട്ടെ ആരെയെങ്കിലും പറഞ്ഞു വിട്ടു മേടിപ്പിക്കാമോയെന്നു പറഞ്ഞു ഞാൻ മുറിക്കു പുറത്തേക്കിറങ്ങി.
എനിക്കു നന്നായി ഒറ്റപ്പെടലിൻ്റെ സങ്കടം തികട്ടി വരുന്നുണ്ട്.
മുൻവശത്തെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി.
ആഘോഷത്തിന്റെ തിരക്കിൽ പുറത്തെ റോഡിൽ നല്ല തിരക്കാണ്. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പാച്ചിൽ തന്നെ.
പരിചയമുള്ള ഒരുമുഖങ്ങളുമാവഴി വരുന്നില്ല. ദൂരെയുള്ള ഫ്രൂട്സ് കടയിൽ ആരെ പറഞ്ഞയയ്ക്കും?
പേരക്ക കിട്ടുമോയെന്നുമറിയില്ല
ബന്ധുക്കളോടും, അയൽക്കാരോടും പരിചയക്കാരോടുമൊക്കെ ഫോൺ ചെയ്ത് ആവശ്യപ്പെടാൻ മടി തോന്നി.
ആർക്കും എന്റെഅവസ്ഥ മനസിലാകില്ല.
എല്ലാവരും ക്രിസ്തുമസ് തലേന്നിന്റെ പണിത്തിരക്കിലാകും.
കുഞ്ഞിന്റെ ശാഠ്യത്തിന് കൂട്ടു നിൽക്കുന്ന ഒരമ്മയായി അവരെന്നെ കരുതും.
മനുഷ്യരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന കാലമെന്നും നേരത്തേ പറഞ്ഞല്ലോ.
പുൽക്കൂട്ടിൽ വെയ്ക്കാനൊരുക്കിയ ഉണ്ണിയേശു മേശയുടെ മേൽ കിടന്ന് എന്നെ നോക്കി പുഞ്ചിരിച്ചു.എനിക്കു കരച്ചിലാണു വന്നത്.
ആകുലതകളില്ലാത്ത ബാല്യ കൗമാര ക്രിസ്തുമസുകളെ മനസാ സ്മരിച്ചു.
ഞങ്ങളുടെ മക്കൾക്ക് അതൊന്നും പകർന്നേകാൻ പറ്റാത്തതിൽ കുറ്റബോധം തോന്നി.
പനിയുടെ അരുചിയുള്ള നാവിൽ ഒരു ചെറിയ പേരയ്ക്ക കഴിക്കാൻ കൊതിക്കുന്ന കുഞ്ഞിനോട് സഹതാപം തോന്നി.
മിഷ്യനിലിട്ട് അലക്കിയ തുണികൾ വിരിക്കാൻ ഞാൻ പുറത്തേയ്ക്കിറങ്ങി.
കുറച്ചു കറിവേപ്പില പറിച്ചെടുത്തു മടങ്ങുമ്പോൾ തടിയധികം വളരാത്ത ചെറിയ പേരച്ചുവട്ടിൽ ഞാൻ വെറുതെ നിന്നു.
പഴുത്തിലകൾ അവിടവിടെ കണ്ടു .വെറുതെ മുകളിലേയ്ക്കു നോക്കി. പഴുത്തു തുടുത്ത ഒരു പേരയ്ക്കയും, പിന്നെ പച്ചപ്പുമാറി പഴുക്കാൻ തുടങ്ങിയ മറ്റൊന്നും അടുത്തടുത്തായി കിടക്കുന്നു.
രാത്രി ഉറങ്ങാഞ്ഞതുകൊണ്ട് സ്വപ്നമാണോ, കണ്ണിൽ ഇരുട്ടു കയറി തോന്നലാണോയെന്നു സംശയിച്ചു.
പഴുത്തയിലകളിലൊന്നാകുമെന്നുകരുതി. വെറുതെ പൊക്കം കുറഞ്ഞ പേരയുടെ കൊമ്പ് കുലുക്കി.
ആരോ ഒട്ടിച്ചു വെച്ചതു പോലെ ഒരെണ്ണം ഞെട്ടിയടർന്നതു താഴെ വീണു.
കുനിഞ്ഞത് എടുക്കുമ്പോൾ രണ്ടു തുള്ളി കൃതജ്ഞതയുടെ കണ്ണീരുമൊപ്പം താഴെ വീണു.
ചനച്ച പേരക്ക കൊമ്പു താഴ്ത്തി ഞാൻ പറിച്ചെടുത്തു.
പുറത്തെ ടാപ്പിനടിയിൽ കാണിച്ച് പേരക്കകൾ കഴുകി അകത്തേയ്ക്കു വന്ന ഞാൻ കണ്ടത് മോൻ കസേരയിൽ ഇരുന്ന് മേശയിൽ കൈ വെച്ചു കിടക്കുകയാണ്.
എന്താണു മോനേ വയ്യേ! ഞാൻ ചോദിച്ചു.
നോക്കാനേൽപ്പിച്ചു
പോയ മൂത്തമകൻ പറഞ്ഞു “അമ്മേ അവൻ പേരക്കയ്ക്കു വേണ്ടി പിന്നേം കരയുന്നു. ”
ഞാൻ പേരു വിളിച്ചു. എന്താ മോനേ!
അവൻ തലയുയർത്താതെ
പറഞ്ഞു.
“എനിക്കു രാത്രി ക്രിസ്തുമസ്
ട്രീയുടെ അടിയിൽ സാന്താക്ലോസ് വെയ്ക്കുന്ന പേരയ്ക്ക വേണ്ട. ഇപ്പോൾ കഴിക്കണം. ”
ഞാൻ ചിരിച്ചു. നിന്റെ വാശി കണ്ട് ഉണ്ണീശോ ക്രിസ്തുമസ് പപ്പയുടെ കൈയ്യിൽ നേരത്തേ തന്നെ കൊടുത്തുവിട്ടു.
കഴിച്ചോളു
ഞാൻ പേരക്കകൾ നീട്ടി.
മിഴികൾ വിടർന്ന് കൈ നീട്ടി വാങ്ങിയത് അത്യഹ്ലാദത്തോടെ അവനൊരണ്ണം കഴിച്ചു.
കൺ നിറയാതിരിക്കാൻ ഞാൻ മെല്ലെ അടുത്ത മുറിയിലേയ്ക്കു നടന്നു.
ചേട്ടനു വേണോ എന്നവൻ ചോദിക്കുന്നതു കേട്ടു.
“എനിക്കു വേണ്ട നീ കരയാതിരുന്നാൽ മതി”
എന്ന് സ്ഥിരം ഹോസ്പിറ്റൽ ബൈസ്റ്റാൻഡറായ മൂത്തമകൻ പറഞ്ഞു.
എന്റെ വീട്ടിലേയ്ക്കു ക്രിസ്തുമസ് അവധിക്ക് എല്ലാ വർഷവും പോകുന്നതു പോലെ ഇത്തവണ പോകാത്തതിന്റെ അമർഷത്തിലാണു മൂത്തയാൾ.പക്ഷേ എന്റെ പ്രയാസ സമയത്തിന്റെ അസ്വസ്ഥത മനസിലാക്കി അവനും മൗനത്തിലാണ്.
പേരക്ക കഴിച്ച് വീണ്ടും പോയി കിടന്ന് അഞ്ചുമിനിറ്റിനകം എഴുന്നേറ്റു വന്ന കുട്ടി പതിവു പോലെ കളികൾ ആരംഭിച്ചു.
ഇത്രയും നേരം വാടിയ ചീരത്തണ്ടു പോലെ കിടന്ന മോൻ ഓടിച്ചാടി നടക്കാൻ തുടങ്ങി.
എന്താണിവിടെ സംഭവിച്ചത്. ? തലേന്നു വരെ പേരച്ചുവട്ടിലും പേരമരത്തിലും കളിച്ച കുട്ടികൾ ഈ പേരക്ക കൾകണ്ടില്ല.
ക്രിസ്തുമസ് ട്രീ വെയ്ക്കാൻ മരക്കൊമ്പിനായി പരതി നടന്ന് എനിക്കു കൈയെത്തുന്ന പേരക്കൊമ്പു തന്നെ വെട്ടിയെടുക്കാൻ കണ്ടു വെച്ച ഞാനും തലേന്നു വരെ കാണാത്ത പേരയ്ക്ക എവിടെ നിന്നു വന്നു. ?
ഇതുവരെ ഒരു പൂവു പോലും ആ പേരമരത്തിൽ കണ്ടിട്ടില്ല. വലിയ മരവും ആയിട്ടില്ല.
ഇരുപത്തിയഞ്ചു കൊല്ലങ്ങൾക്കിപ്പുറവും അതൊരതത്ഭുത സമ്മാനമായി ഞാൻ കരുതുന്നു. എന്റെ അതിശയത്തിന് ഇപ്പോഴും ഉത്തരമില്ല.
ഞങ്ങളെ കൊണ്ടുപോകാൻ ആങ്ങളയും ഭാര്യയുംവന്നപ്പോൾ ഓടിക്കളിക്കുന്ന കുട്ടിയെക്കണ്ട് അവരത്ഭുതപ്പെട്ടു.
” ഇവനെയാണോ ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കാൻ പോയതെന്നു ”
ചോദിച്ചു.
ഈ സംഭവ കഥ വായിക്കുമ്പോൾ ആരൊക്കെ എൻ്റെ അനുഭവക്കുറിപ്പിനെ നിസാരവൽക്കരിച്ചാലും പരിഭവമില്ല.
കാരണം ഓരോ ക്രിസ്തുമസിനും ഞാനോർമിക്കുന്ന ഒരത്ഭുത സമ്മാനത്തെ ഇന്നും ഞാൻ നെഞ്ചോടു ചേർത്തു വെയ്ക്കുന്നു.
പട്ടിണി കൊണ്ടു മരിക്കുന്ന കുട്ടികളുള്ള ലോകത്ത് പേരയ്ക്കയ്ക്ക് വാശിപിടിക്കുന്ന കഥ അത്ര വലിയ സംഭവമായാർക്കും തോന്നാനിടയില്ല.
ഓരോരുത്തർ ജീവിക്കുന്ന സാഹചര്യത്തിലുള്ള ഓർമ്മകളും, അനുഭവങ്ങളുമൊക്കെ അവരവർക്ക് വളരെ വിലപ്പെട്ടതു തന്നെയാണ്.
പൂവൻ പഴം കഴിക്കാൻ കൊതിച്ച ഭാര്യയ്ക്കു വേണ്ടി രാത്രി പുഴ നീന്തിക്കടന്ന് ഓറഞ്ചു വാങ്ങിക്കൊടുത്ത് , അതു പൂവമ്പഴമെന്നു പറയിപ്പിച്ച ഭർത്താവിന്റെ കഥ വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് ആവേശത്തോടു കൂടിവായിച്ച മലയാളികളല്ലേ നമ്മൾ.
കുടുംബാംഗങ്ങളല്ലാതെ മറ്റാരോടും പങ്കിടാത്ത ഒരു കുഞ്ഞു സംഭവം അക്ഷരങ്ങളായി മാറിയത് അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവർക്കു മാത്രമായി സമർപ്പിക്കുന്നു.
എല്ലാവർക്കും ക്രിസ്തുമസ് സീസണിൻ്റെ നന്മകൾ നിറയാൻ ആശംസകൾ!




മനസിൽ ഹിമക്കാറ്റ് വീശുന്നപോലെയൊരനുഭവ സുഖമുള്ള വായന. പരസ്പര സ്നേഹത്തിന്റെ തിരുനാൾ ദിനങ്ങളാകട്ടെ ഇനിയെന്നും.
മനസ്സിന്റെ കോണിൽ ഒളിച്ചു കിടന്നിരുന്ന ക്രിസ്മസ് ഓർമ്മകളെ വാരിക്കൂട്ടിയെടുത്ത് നന്നായി അവതരിപ്പിച്ചു…
വായനക്കാരും മനസ്സിൽ കാണുന്നുണ്ട് ആ പേരക്ക
ക്രിസ്തുമസ് രാവിന്റെ സമ്മാനം മറക്കാത്ത അനുഭവമായി വായനക്കാരനും അനുഭപ്പെടുന്നുണ്ട്.
ഒറ്റപ്പെടൽ അനുഭവിക്കുന്ന നൻമമനസ്സുകളിലേയ്ക്ക് ദൈവം ഇങ്ങനെ പല രൂപത്തിലും വരും റോമി .
സത്യസന്ധമായ എഴുത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്. തുടരുക.❤️❤️❤️❤️
സാന്തക്ളോസ് സമ്മാനവുമായി വന്നു എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം. നന്നായെഴുതി അഭിനന്ദനങ്ങൾ.
ഓരോരുത്തർ ജീവിക്കുന്ന സാഹചര്യത്തിലുള്ള ഓർമ്മകളും അനുഭവങ്ങളും ഓരോരുത്തർക്കും വിലപ്പെട്ടതു തന്നെ.
ആശംസകൾ റോമീ
ഹൃദയസ്പർശിയും, സത്യസന്ധവുമായ അനുഭവക്കുറിപ്പ്. പ്രവാസികൾക്കും , കുടുംബത്തിൽ നിന്ന് അകന്നു ജീവിക്കുന്നവർക്കും ,ജീവിച്ചവർക്കും ഹൃദയത്തിൽ ഒരു നൊമ്പരം ഇതു വായിച്ചാൽ തോന്നിക്കുന്ന വിധത്തിലുള്ള എഴുത്ത്.
ആരും സഹായത്തിനില്ലെങ്കിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസം എല്ലാവർക്കും സന്തോഷം നൽകട്ടെ.
കുടുംബത്തോടൊപ്പം ക്രിസ്തുമസ് ഏവർക്കും ആഘോഷിക്കാൻ ഏവർക്കും ദൈവം ഇടവരുത്തട്ടെ
മണവാമനമറിയുന്നൊരുഉണ്ണിശോ എന്ന ഓർമ്മകുറിപ്പ് ഹൃദയസ്പർശിയായി എഴുതി… ജോലി,പ്രവാസിയായ ജീവിതപങ്കാളി,കുഞ്ഞുമക്കൾ, ഒറ്റ പെടലിന്റെ ആ ജീവിതസാഹചര്യങ്ങൾ വായിച്ചപ്പോൾ മനസ്സിനൊരു വിങ്ങൽ…… അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്… ❤️❤️❤️❤️
മാനവമനമറിയുന്നൊരു ഉണ്ണിശോ എന്ന ഓർമ്മകുറിപ്പ് ഹൃദയസപ്ർശിയായി എഴുതി… ജോലി, പ്രവാസിയായ ജീവിതപങ്കാളി, കുഞ്ഞുമക്കൾ, ഒറ്റപ്പെടലിന്റെ ആ ജീവിതസാഹചര്യങ്ങൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ…. നല്ല എഴുത്ത് അഭിനന്ദനങ്ങൾ റോമിബെന്നിക്ക് ❤️❤️❤️
ക്രിസ്തുമസ്സ്ഓർമ്മയ്ക്കുറിപ്പ് ഹൃദയസ്പർശിയായി. എഴുത്തുശൈലി ഒരുപാടിഷ്ടം. അഭിനന്ദനങ്ങൾ റോമി ബെന്നി. ദൈവസ്നേഹം മനുഷ്യരെ തിരഞ്ഞ് മണ്ണിലിറങ്ങിയ മഞ്ഞും തണുപ്പുമുള്ള ക്രിസ്തുമസ്സ് രാത്രിയുടെ അത്ഭുതം ഇന്നും തുടരുന്നു. എഴുത്തു തുടരുക ….
.കാത്തിരിക്കാം…..
ഞാന്‍ വിശ്വസിക്കുന്നു Teacher ന്റെ അനുഭവം കാരണം എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻😍 Happy Xmas
എല്ലാവരും എൻ്റെ അനുഭവക്കുറിപ്പിനെ ഹൃദയം തുറന്നു സ്വീകരിച്ചതിനും , പ്രോത്സാപ്പിച്ചതിനും ഒത്തിരി നന്ദി