ഇന്ന് തലൈവര്‍ ഡേ. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഇന്ന് 75–ാം ജന്‍മദിനം. വില്ലനില്‍ നിന്ന് തലൈവരിലേക്കുള്ള രജനിയുടെ വളര്‍ച്ച ഇന്ത്യന്‍ സിനിമയുടെ കൂടി ചരിത്രമാണ്. ജയിലറിന്റെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്ന രജനി ചിത്രം. അപൂര്‍വരാഗങ്ങളിലൂടെ ഗേറ്റ് തുറന്നെത്തിയ രജനികാന്ത് പിന്നീട് നടന്ന് കയറിയത് ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയങ്ങളിലേക്കാണ്. അഭ്രപാളിയിലെ ജീവിതത്തിന് 50 ആണ്ട് പിന്നിടുമ്പോഴും ആ സ്റ്റാര്‍ഡത്തിന്, ആ സ്റ്റൈലിന് ഒരു തേയ്മാനവുമില്ല.
തമിഴ്നാട്ടുകാര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത വികാരത്തിന്‍റെ പേരാണ് രജനികാന്ത്. വില്ലനില്‍ നിന്ന് തലൈവരിലേക്ക് രജനി നടന്ന വഴിയെല്ലാം തനി വഴിയായിരുന്നു. വന്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ രജനിയുഗം കഴിഞ്ഞെന്ന് വിധിയെഴുതിയവര്‍ക്ക് മുന്‍പില്‍ എക്കാലവും അയാള്‍ ഉയര്‍ത്തെഴുന്നേറ്റു.
ബില്ല, മനിതന്‍, ദളപതി, അണ്ണാമലൈ, ബാഷ, മുത്തു, പടയപ്പ, ചന്ദ്രമുഖി, ശിവാജി, യെന്തിരന്‍, കബാലി, ജയിലര്‍, കൂലി തുടങ്ങി ആരാധകര്‍ ആഘോഷമാക്കിയ രജനിചിത്രങ്ങളുടെ പട്ടികയ്ക്ക് വലുപ്പം അല്‍പം കൂടുതലാണ്. സ്റ്റൈല്‍ മന്നന്‍റെ ജന്‍മദിനമായ ഇന്ന് പടയപ്പ റീ റിലീസ് ചെയ്യും.
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരിലൊരാള്‍. പത്മഭൂഷന്‍, പത്മവിഭൂഷന്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം, ദേശീയ– സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ തുടങ്ങി നേട്ടങ്ങളുടെ വലിയ പട്ടിക. ഇനി കാത്തിരിക്കുന്നത് തലൈവര്‍ 173 ക്കായി. രജനീകാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രം. വാനോളം പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് ആരാധകര്‍.



