Friday, January 2, 2026
Homeഅമേരിക്കആലംബം തേടുന്ന അക്ഷയ പാത്രങ്ങൾ (പ്രവാസ കഥകൾ - 2) ✍ റോമി...

ആലംബം തേടുന്ന അക്ഷയ പാത്രങ്ങൾ (പ്രവാസ കഥകൾ – 2) ✍ റോമി ബെന്നി.

 

കാറ്റടിക്കുമ്പോൾ കൂട്ടിമുട്ടുന്ന ചില്ലുജാലകങ്ങൾ ഉച്ചയുറക്കത്തിന്റെ ആസ്വാദ്യതയെ ചെറുതായല്ല അലോസരപ്പെടുത്തുന്നത്. ആകെ കിട്ടുന്ന ഒരു ഉച്ചമയക്ക ദിനമാണ്. ആരാണാവോ അത് തുറന്നിട്ടത്. ?

എഴുന്നേറ്റു ചെന്നടച്ചിട്ടാൽ മതി പക്ഷേ അതോടെ നിദ്രാസുഖം നഷ്ടപ്പെടും.

പിന്നെ കത്തിച്ച ചൂളയിലെ എരിച്ചിൽ പോലുള്ള ചൂടുകാറ്റേറ്റ് കണ്ണുമഞ്ഞച്ചു പോകുന്ന തീവെയിൽ കണ്ട് അങ്ങകലെ മയങ്ങിക്കിടക്കുന്ന മലയെ നോക്കിയിരിക്കാം. വരാന്തയിലിരുന്ന് സമയം കളയാം.

ഉറങ്ങുന്ന മുറിയിൽ കിടക്കാനല്ലാതെ ചുരുണ്ടു കൂടിയിരിക്കാൻ പണ്ടേ താൽപര്യമില്ല.

ആരോ ശബ്ദമുണ്ടാക്കാതെ അടുത്തു കൂടി നടന്നു പോയെന്ന് കാറ്റ് പറഞ്ഞു.

കൺ തുറന്നു നോക്കി. റൂമേറ്റായ രേവതിയാണ്. അവൾക്കും ഉറക്കം പോയെന്നു തോന്നുന്നു.

ഉറക്കച്ചടവോടെ ഞാനും വരാന്തയിലേയ്ക്കു ചെന്നു. താടിക്കു കൈയ്യും കൊടുത്ത് ഉഷ്ണക്കാറ്റേറ്റിരിക്കയാണവൾ.

എതിർവശമിട്ടിരുന്ന പത്രമെടുത്ത് ഞാൻ വായിക്കാൻ തുടങ്ങി.

ആ ടീച്ചറുണർന്നോ !എ.സി.യുടെ തണുപ്പു തിന്നു മടുത്തിട്ട് ഫ്രഷ് എയർ കൊള്ളാൻ വന്നിരുന്നതാ.

ആവി കൊള്ളുന്നപോലുണ്ട് ഇവിടെ ഇരുന്നിട്ട്. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

വീട്ടിലേയ്ക്കു വിളിച്ചോ! ഞാൻ ചോദിച്ചു.

ഓ വിളിച്ചു. മതിലുകെട്ടാനുള്ള പണം തികഞ്ഞില്ല എന്നതാണ് അവിടെ പ്രധാന വിഷയം. പത്തു ദിവസം കൂടിയുണ്ട് സാലറി വരാൻ. എന്താ ചെയ്യേണ്ടത്.?

ടീച്ചറിനു പിന്നെ അങ്ങിനെ ഉത്തരവാദിത്തങ്ങളില്ലാത്തതു കൊണ്ടു ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല. ടീച്ചറിൻ്റെ ഹസ്ബന്റിന് ഇങ്ങോട്ടു ട്രാൻസ്ഫർ കിട്ടിയാൽ നിങ്ങൾക്കു വില്ലയെടുത്തു താമസിക്കുകയും ചെയ്യാം.

അവൾ സംസാരം നിറുത്തി. അകലേയ്ക്കു നോക്കിയിരിപ്പായി.

സാന്ത്വന വാക്കു മൊഴിയും പോലെ ഒരു ചുടുകാറ്റ് ഞങ്ങളെ തൊട്ടുരുമ്മി പോയി. നിൽക്കാൻ സമയമില്ല.ഇനിയും ഇതു പോലെ പലരെയും തഴുകി ആശ്വസിപ്പിക്കാനുണ്ടെന്ന മട്ടിൽ

എനിക്ക് വയസ് ഇരുപത്തിയൊമ്പതായി
എന്റെ ടീച്ചറെ അയയ്ക്കുന്ന കാശു മുഴുവൻ അമ്മയും അച്ഛനും പ്രതാപം കാണിക്കാൻ പലർക്കും കൊടുക്കുകയാണെന്നേയ്.

ചിറ്റയുടെ മകളുടെ കല്യാണത്തിന് അഞ്ചു പവൻസമ്മാനം അമ്മയുടെ വക.

വല്യച്ചന്റെ മകളുടെ കല്യാണച്ചെലവ് മൊത്തം അച്ഛൻ ഏറ്റെടുത്തു.

എന്നെ കെട്ടിക്കാൻ ഞാൻ തന്നെ പണം കണ്ടെത്തണം.

അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ
ഫോൺ ബെല്ലടിച്ചതുകൊണ്ട് രേവതി അകത്തേയ്ക്ക് പോയി.

ഉഷ്ണക്കാറ്റിനു ഒട്ടും കുറവില്ല. വെയിലിന്റെ തീവ്രത കുറഞ്ഞു വരുന്നുണ്ട്.
ജോലി കഴിഞ്ഞ് ആളുകൾ മടങ്ങിത്തുടങ്ങി .

താമസിക്കുന്ന വില്ലയുടെ തൊട്ടുമുൻപിൽ മെയിൻ റോഡായതു കൊണ്ട്
കാൽനട യാത്രക്കാരെ അവരറിയാതെ തന്നെ നിരീക്ഷിക്കാം.

വഴിപോക്കർ കുറവാണ്. ചൂടത്ത് ആരു നടക്കാനാണ്.
റോഡു ക്ലീൻ ചെയ്യുന്നവരും, ചെടികളെ പരിപാലിക്കുന്നവരും, കുടിവെള്ളക്കുപ്പി വണ്ടിയിൽ നിന്നെടുത്ത് തോളിൽ ചുമന്നു പോകുന്നവരെയും, ഇടയ്ക്കിടെ കാണാം.

തോളത്തേന്തിയ ഭാരത്തേക്കാൾ തലയിൽ ചിന്താഭാരമേറ്റിരിക്കുന്നതുകൊണ്ടാകും കൊടുംവെയിലിനെ നിലാവുപോൽകരുതി അതേറ്റതിന്റെ അസഹ്യത തെല്ലുമേ ബാധിക്കാത്ത വണ്ണം അവർ നടക്കുന്നത്.

പിറ്റേന്നു ക്ലാസു കഴിഞ്ഞിറങ്ങുമ്പോൾ സ്കൂളിലെ അറ്റൻഡർ ഹസൻ ലഡു പാക്കറ്റു തുറന്നു കാട്ടി.

ഞാൻ നാട്ടിലേക്കു തിരിച്ചു പോകുന്നു ടീച്ചർ. അമ്മയ്ക്കു വയ്യ . അവിടെ വേറാരുമില്ല നോക്കാൻ. വീടും പുതുക്കി പണിയാനുണ്ട്.

നീയൊരു കല്യാണമൊക്കെ കഴിച്ച് അമ്മയ്ക്കു കൂട്ടു നിർത്ത്. നമ്മുടെ നാട്ടിൽ റോഡുപണിയല്ലാതെ മറ്റെന്തു കിട്ടാനാ ?

കൂടെയുണ്ടായിരുന്ന നുസ്റത്ത് ടീച്ചർ പെട്ടെന്നു പറഞ്ഞു.

കല്യാണം കഴിഞ്ഞാൽ എനിക്കല്ലേ കൂട്ടുവേണ്ടത്. അമ്മയ്ക്കല്ലല്ലോ?

ഹസൻ വെറുതെ ഉണ്ടാക്കി പൊട്ടിച്ചിരിച്ചു.

അതു ശരിയാണ്. നാട്ടിൽപ്പോയി അമ്മയെയും ഭാര്യയെയും ഒക്കെ കൂട്ടി ഇങ്ങോട്ടു തന്നെ തിരിച്ചു വാ.

നടപ്പാകാൻ യാതൊരു സാധ്യതയുമില്ലാത്ത സുഖ വാക്കുകൾ പറഞ്ഞ് നുസ്റത്ത് ടീച്ചർ ലഡു എടുത്തു കൊണ്ടു നടന്നു പോയി.

വൈകുന്നേരം കുളികഴിഞ്ഞ് സ്കൂൾ വർക്കുകൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഗിരിജ ടീച്ചർ അടുത്തു വന്നിരുന്നു.

ഷൈല ടീച്ചറെ ,ഞാനും നാട്ടിലേയ്ക്കു പോയാലോന്നു കരുതുകയാണ്.

അതെന്താ പെട്ടെന്ന് ഞാൻ ബുക്ക് അടച്ചു വെച്ചു.

അമ്മയ്ക്കും അപ്പനും കൂടി മക്കളെ രണ്ടാളെയും നോക്കാൻ പറ്റുന്നില്ല. അവർ പ്രായമായി വരികയല്ലേ? കുട്ടികളുടെ എല്ലാ കാര്യവും ശ്രദ്ധിക്കാൻ പറ്റുന്നുമില്ല .എന്നും രണ്ടു കൂട്ടരും പരാതിയും പരിഭവവുമാണ്.

അവിടെ എത്ര ടെസ്റ്റുകൾ എഴുതിയിട്ടും ജോലി കിട്ടുന്നുമില്ല. ലക്ഷങ്ങൾ കൊടുത്ത് സ്കൂളിൽ കയറാൻ നിവൃത്തിയുമില്ല. അതുകൊണ്ടിങ്ങോട്ടു പോന്നതാണ്. പിള്ളേരെ വളർത്തിയെടുക്കേണ്ടേ ?

ടീച്ചർ ഭർത്താവിനെ കുറിച്ചൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.
ആരും ചോദിച്ചതുമില്ല. ഞാൻ ഓർത്തു.

മക്കളെ വളർത്തി പഠിപ്പിച്ചെടുക്കാൻ കാശു വേണം.

“നാട്ടിൽ വന്നു നിന്നൂടേ,പിള്ളേരേ ഇവിടെ ഇട്ടുകൊണ്ടു പോയതെന്തിനെന്ന്”

ബന്ധുക്കളുടെ കുറ്റപ്പെടുത്തലിനു കുറവില്ല.

അടുത്തുള്ള പ്രൈവറ്റ് സ്കൂളിലൊക്കെ പതിനായിരം രൂപയാണ് സാലറി കൊടുക്കുന്നത്. രണ്ടു കൊല്ലം ഞാൻ അവിടെ ജോലി ചെയ്തതാണ്.
എങ്ങനെ ജീവിക്കാനാണ്.? ഒടുവിൽ പത്ര പരസ്യത്തിൽ കണ്ടതു വഴിയാണിവിടെ വരെ എത്തിത്. കാശു കിട്ടുന്നുണ്ട്. പക്ഷേ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഗിരിജ ടീച്ചറുടെ കൺ നിറഞ്ഞു.

മക്കളെ ഇങ്ങോട്ടുകൊണ്ടു വരു ടീച്ചർ. ഒരാളുടെ ഫീസ് നമ്മുടെ സ്കൂളിൽ ഫ്രീ കിട്ടും. മറ്റയാളുടെ ടീച്ചർ പേ ചെയ്താൽ മതിയല്ലോ ഞാൻ പറഞ്ഞു.

അപ്പോൾ വീടെടുക്കേണ്ടേ? ഫ്രീയായികിട്ടിയിട്ടുള്ള സ്കൂൾ അക്കമഡേഷൻ ഫാമിലി വന്നാൽ ഒഴിയണം. എന്താണിവിടത്തെ റെന്റ് എന്നറിയാല്ലോ? ടീച്ചർ പരാതിക്കെട്ടഴിച്ചു.

സ്കൂളിൽ വിസയിലുള്ള അധ്യാപകർക്ക് മക്കളെ കൊണ്ടു വരാൻ എളുപ്പമാണ്. സ്കൂൾ അധികൃതർ വിസ കൊടുക്കും.

ഇതിനു കാരണം സൂപ്പർവൈസർ മാഡം പറഞ്ഞത് ഓർമ്മയുണ്ടോ?മറ്റുള്ളവരുടെ കുട്ടികളോടു സ്നേഹം തോന്നണമെങ്കിൽ സ്വന്തം മക്കളെ കുറിച്ചോർമ്മ വേണം. അവരെ കാണുന്ന പോലെ അന്യരുടെ മക്കളെയും കാണാനാകും.

അവരടുത്തില്ലെങ്കിൽ ആ വിഷമം ജോലിയേയും ബാധിക്കും.
അതുകൊണ്ട് വിസ കിട്ടാൻ ബുദ്ധിമുട്ടു കാണില്ല. ടീച്ചർ ജോലി കളയേണ്ട. മക്കളെ കൊണ്ടുവാ. ഒരു ഷെയറിംഗ് വില്ല വാടകയ്ക്ക് എടുക്ക്. എത്ര പേരാണങ്ങനെ ജീവിക്കുന്നതിവിടെ .

പിന്നെ നമ്മുടെ അക്കമഡേഷനു പുറത്താണെങ്കിൽ കുറച്ചു ട്യൂഷൻസും എടുക്കാം. അപ്പോൾ അഡ്ജസ്റ്റ് ചെയ്യാനാകും. ഞാൻ ആശ്വസിപ്പിച്ചു.

ശരിയാണ് ആ വഴി യൊന്നു നോക്കിയാലോ ഗിരിജ ടീച്ചർ ആശ്വാസ ഭാവത്തോടെ എഴുന്നേറ്റു പോയി.

മധ്യവേനലവധിയോടടുത്തപ്പോൾ ചൂട് അതിന്റെ പാരമ്യത്തിലായി. എത്ര ചൂടേറ്റാലും വാടാത്ത ഈന്തപ്പനകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്.

മണലിൽ ചവിട്ടിയാൽ തീപ്പൊള്ളലേറ്റ പോലെയാണു തോന്നുന്നത്.

വൈകുന്നേരം തൊട്ടടുത്തെ പാർക്കിൽ എന്നും പോകും. ആപാദചൂഢം കാറ്റേറ്റു നടക്കാം. ഉഷ്ണക്കാറ്റെന്നു മാത്രം. അവിടെ പോയി
തിരിച്ചു വന്നപ്പോൾ രേവതി വെക്കേഷന് നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള പർച്ചേസ് ഒക്കെ കഴിഞ്ഞെത്തിയിരുന്നു.

എന്റെ കൊച്ചേ ഇതെല്ലാം ഇതിലും കുറഞ്ഞ വിലയിൽ നാട്ടിൽ കിട്ടുമല്ലോ എന്തിനാ പെറുക്കിയെടുത്തു കൊണ്ടു പോകുന്നേ.? വെക്കേഷൻ സാലറി മുഴുവൻ തീർത്തോ ?

ഞാൻ വെറുതെ കളിയാക്കി.

ടീച്ചറിനറിയില്ല അവിടത്തെ കാര്യങ്ങളാന്നും. ഞങ്ങളുടെ വീടിരിക്കുന്ന പറമ്പിൽ അമ്മയുടെ ഒരു ചേച്ചിയും
രണ്ടനുജത്തിമാരും, കുടുംബവും, പിന്നെ തറവാട്ടിൽ അമ്മയുടെ ആങ്ങളയും കുടുംബവുമാണ് താമസിക്കുന്നത്. എല്ലാവരും ഒരു മതിൽക്കെട്ടിനുള്ളിലുമാണ്.

അവിടെ നിന്ന് ഗൾഫിലേയ്ക്ക് ജോലിക്കു വന്നതു ഞാനൊരാൾ മാത്രമാണ്.

ചെല്ലുമ്പോൾ ഓരോ വീട്ടിലേയും ഓരോരുത്തർക്കും എന്തെങ്കിലും കൊടുത്തേ പറ്റു.

സാരിയൊക്കെ നാട്ടിൽ നിന്നു വാങ്ങിച്ചു കൊടുക്കാമെന്നു വെച്ചാൽ ആർക്കും വേണ്ട.

അവിടന്നു കയറ്റുമതി ചെയ്ത് വന്നത് ഇരട്ടി വില കൊടുത്ത് വാങ്ങി അങ്ങോട്ടു തന്നെ കൊണ്ടു ചെല്ലുന്നതാണെന്നു പറഞ്ഞാൽ അമ്മ പോലും വിശ്വസിക്കില്ല.

സ്റ്റഫ് മികച്ചതല്ല.
പേന തെളിയാത്തതു പോലുമെൻ്റെ കുറ്റം.

ചിറ്റപ്പന്റെ ടോർച്ചിനു പ്രകാശം പോര . പുതപ്പിന്റെ നിറം അലക്കിയപ്പോൾ പോയി.

ഒന്നും പറയേണ്ട ടീച്ചറെ.അവൾ കൃത്രിമമായ ഒരു ചിരിയോടെ പറഞ്ഞു കൊണ്ടിരുന്നു.

ഇപ്പോൾ മൊബൈലൊക്കെയാണ് പിള്ളേരു ചോദിക്കുന്നത്. ഇതെല്ലാം വെറുതെ ഇവിടെ കിട്ടുമ്പോലെ .

കാത്തു,കാത്തിരുന്ന് ഗൾഫിലെ വേനലവധി ആരംഭിച്ചു.

രാഷ്ട്ര ഭേദമില്ലാതെ സ്കൂൾ ജീവനക്കാർ എല്ലാവരും അവരുടെ നാടുകളിലേയ്ക്കു തിരിച്ചെത്തിയ നാളുകൾ. മലയാള നാട്ടിൽ കനത്ത മഴ.

ഒരു ദിനം. രേവതിയുടെ ഫോൺ വന്നു. സാധാരണ നാട്ടിലെത്തിയാൽ ഞങ്ങൾ പരസ്പരം വിളിക്കാറില്ല.

ഷൈല ടീച്ചറെ ഇതു രേവതിയാണ്.

പതിവു പോലെ ധൃതിയിലുള്ള സംസാരമല്ല അവളുടേത്. വളരെ ശാന്തമായ സ്വരത്തിൽ തുടർന്നു.

“എന്റെ കല്യാണ നിശ്ചയമാണ് ചിങ്ങത്തിന് . അടുത്ത മാസം.”

കൊള്ളാല്ലോ സർപ്രെയ്സ്. ഞാൻ ആഹ്ലാദശബ്ദത്തിൽ പറഞ്ഞു.

ഉം.

അങ്ങേത്തലയ്ക്കൽ കനത്ത മൂളൽ മാത്രം.

എന്താണ്? ഒരു സന്തോഷമില്ലായ്മ ഞാൻ ചോദിച്ചു.

ടീച്ചർ ഫ്രീയാണോ?

അതെ.

എനിക്കു കുറച്ചു സംസാരിക്കാനുണ്ട്. അവൾ വിതുമ്പാൻ തുടങ്ങി.

എന്താണ് എനിക്കൊന്നും മനസിലാകുന്നില്ല. നീ കരയാതെ കാര്യം പറയു കൊച്ചേ .ഞാൻ സമാധാനിപ്പിച്ചു.

കാത്തിരുന്നു കല്യാണം വന്നപ്പോൾ കരച്ചിലോ? ഞാൻ കളിയായി പറഞ്ഞു.

അതു പിന്നെ ഈ കാര്യം എനിക്കിഷ്ടമല്ല. പക്ഷേ ആരും സമ്മതിക്കുന്നില്ല. എന്റെ മഹാഭാഗ്യമെന്നാണു പറയുന്നത്.

മറ്റു ചിറ്റമാരുടെ പെൺമക്കൾക്ക് കിട്ടാത്ത ഭാഗ്യം.

അതെന്താണ്! ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

അമ്മയുടെ ഒരേ ഒരു ആങ്ങള താമസിക്കുന്ന തറവാടും ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെ എന്നു പറഞ്ഞിരുന്നില്ലേ?

അപ്പൂപ്പൻ നാലു പെൺമക്കൾക്കും സ്ഥലം വീതിച്ചു കൊടുത്താണ് കല്യാണം നടത്തിയത്. തറവാട് ഏകമകനും.

അതൊക്കെ നീയെന്നോടു പറഞ്ഞതല്ലേ പിന്നെന്താ ? ഞാൻ അക്ഷമയാർന്നു പറഞ്ഞു

ഇപ്പോൾ കല്യാണം ഉറപ്പിച്ചിരിക്കുന്നത് അമ്മാവന്റെ മകനുമായിട്ടാണ്.

എനിക്ക് രവിയേട്ടനെ ഭർത്താവായി കാണാൻ പറ്റില്ല. ജനിച്ച നാൾ മുതൽ കാണുന്നതാണ്. അപ്പച്ചിമാരുടെയും, മറ്റെല്ലാവരുടെയും അമിത ലാളനയേറ്റു വളർന്ന ഒരു പാവത്താനാണ്.അമ്മാവന്റെ കടയിൽ തന്നെയാണ് പോകുന്നത്.

ശരിക്കും എന്റെ ആങ്ങളയുടെ സ്ഥാനമാണ് ഞാനയാൾക്ക് കൊടുത്തിട്ടുള്ളത്. എന്നെയും കുഞ്ഞനുജത്തിയായാണ് കണ്ടിരിക്കുന്നത്.

എന്നേക്കാൾ പന്ത്രണ്ടുവയസെങ്കിലും മൂത്തതുമാണ്. രേവതി ഒറ്റ വീർപ്പിൽ പറഞ്ഞു നിറുത്തി.

നിങ്ങൾക്ക് മുറച്ചെറുക്കൻ എന്നൊക്കെ ഒരു സമ്പ്രദായമുണ്ടല്ലോ അതായിരിക്കുമല്ലേ? അവർ നിർബന്ധിക്കുന്നത്.

ഞാൻ വിക്കി വിക്കി പറഞ്ഞു.

അതൊക്കെ പണ്ടല്ലേ? ഇപ്പോൾ ആരു തയ്യാറാകാനാണ് ആങ്ങളയുടെ സ്ഥാനത്തുള്ളയാളെ ഭർത്താവാക്കാൻ.!

വല്യമ്മയുടെ മകളുടെ പ്രായമാണയാൾക്ക് . ആ ചേച്ചിക്ക് പത്താം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്. എന്തിനാണ് എന്റെ തലയിൽ കെട്ടിവെയ്ക്കുന്നതെന്നറിയില്ല.

എന്റെ ശമ്പളത്തിലാണ് അമ്മാവന്റെ കണ്ണ്.

ഏറ്റവും ഇളയ ചിറ്റ പറയുന്നത് ഞങ്ങൾക്കെല്ലാവർക്കുംകൂടി ആറു പെൺമക്കളുണ്ട് അതിൽ നിനക്കാണ് നറുക്കു വീണതെന്ന്.

ഇതെന്താ ലോട്ടറിക്കച്ചവടമാണോ എന്നു ഞാൻ ചോദിച്ചു.

എല്ലാവരും എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു. അമ്മ പറയുന്നത് എനിക്ക് അഹന്തയായിട്ടാണ് ഇങ്ങനെ യൊക്കെ പറയുന്നതെന്ന് . എല്ലാവർക്കും നോട്ടം തറവാടു വീടാണ്.

ഞാൻ മാറിക്കൊടുത്താൽ
മറ്റുചിറ്റമാർ റെഡിയാണത്രെ മക്കളിലൊരാളെകെട്ടിച്ചു കൊടുക്കാൻ. അവരതും ചെയ്യും.

പാവങ്ങൾ എല്ലാം കോളേജിലൊക്കെ പഠിക്കാൻ തുടങ്ങിയ ചെറിയ പെങ്കിടാങ്ങളാണ്.

ഞങ്ങളുടെ വീട് പുതുക്കി പണിത് തീരാറായി. കാശയച്ചു കൊടുക്കുമ്പോഴൊക്കെ അമ്മ പറയുന്നത് വീടു നിന്റെ പേരിൽ കല്യാണമാകുമ്പോൾ തരുമെന്നാണ്. ഇനി തരേണ്ടല്ലോ അനുജനു കൊടുക്കാം.എല്ലാവർക്കും കച്ചവടക്കണ്ണാണ്.

പിന്നെ നീയെന്തിനു നിശ്ചയത്തിനു സമ്മതിച്ചു ?ഞാൻ ചോദിച്ചു.

അതു പിന്നെ അച്ഛൻ പറഞ്ഞു. എന്റെ എതിർപ്പ് അമ്മാവൻ അറിയേണ്ട . ഇതു വേണ്ടെങ്കിൽ ഇവിടെ നിന്ന് ഇറങ്ങിക്കോളു എന്ന്.

ശബ്ദം താഴ്ത്തി രേവതി പറഞ്ഞു.

എന്താണ് ഈ കുട്ടിയെ പറഞ്ഞു സമാധാനിപ്പിക്കേണ്ടത്. ഞാൻ കുഴങ്ങി.

ടീച്ചറെന്താ മിണ്ടാത്തത്. ? എല്ലാവരുടെയും പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുന്നതു കേട്ടിട്ടുണ്ടല്ലോ!

ടീച്ചറിനു പറ്റുമോ കസിനെ കല്യാണം കഴിക്കാൻ.

ഞാൻ ചിരിച്ചു.

ഞങ്ങൾക്ക് അവർ സ്വന്തം സഹോദരങ്ങൾ പോലെ തന്നെയാണ്. അവരെകല്യാണം കഴിക്കേണ്ടി വന്നാൽ വീട്ടുകാർ പുറത്താക്കും.

എനിക്കും ഓൺ ബ്രദറിനെപ്പോലെയാണു തോന്നുന്നത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്കു തിരിച്ചു പോരാം. അതു മാത്രമാണാശ്വാസം.

നിന്നെ ജോലിക്കു വിടാതിരിക്കു മോ? ഞാൻ ചോദിച്ചു.

ഏയ് അതൊരിക്കലുമില്ല. പ്രതിശ്രുത വരൻ ഗൾഫിലേക്കു വരികയുമില്ല. നാട്ടിൽ നിന്നു മാറി നിൽക്കില്ലാത്രെ. ഞാൻ വർഷത്തിൽ ഒരിക്കൽ ലീവിനു വന്നാൽ മതി.

നിസംഗതയോടെ അവൾ പറഞ്ഞു.

രേവതി, നീ പഠിച്ചു ജോലിയുള്ള പെൺകുട്ടിയാണ് . തീരുമാനം എപ്പോഴും സ്വന്തമായി എടുക്കേണ്ട പ്രായവും പക്വതയും നിനക്കുണ്ട്. ജീവിത കാലം മുഴുവൻ ഒരുമിച്ചു നിൽക്കേണ്ട ബന്ധമാണിത്.

വിവാഹജീവിത ത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ നീയെന്നോടു പങ്കു വെച്ചിട്ടുണ്ട്.

അവധിക്കാലത്ത് ലോകം മുഴുവൻ സഞ്ചരിക്കണം. ഗൾഫിൽ തന്നെയുള്ളയാളെ കണ്ടു പിടിക്കണം എന്നൊക്കെ.
പിന്നീട് പശ്ചാത്തപിച്ച് മാറ്റാൻ പറ്റിയതല്ല ഈ ബന്ധം. ഞാൻ പറഞ്ഞു കൊണ്ടിരുന്നു.

ഉം. ഞാൻ പക്വതയോടെ തീരുമാനമെടുത്തിട്ടുണ്ട് ടീച്ചർ .
അവൾ നിർത്തി അൽപ്പനേരം.

ഉദ്വേഗത്തോടെ സ്വരമുയർത്തി ഞാൻ ചോദിച്ചു “എന്താണ് ”

അവൾ ചിരിച്ചു. ടീച്ചർ പേടിക്കേണ്ട . ഞാൻ ആത്മഹത്യയൊന്നും ചെയ്യില്ല

ഗൾഫിൽ വന്നിട്ടു ബാക്കി പറയാം. വെക്കട്ടെ.

വേണ്ട വേണ്ട നീ പറഞ്ഞിട്ട് വെച്ചാൽ മതി. കളിയല്ല കല്യാണമെന്നു നീ കേട്ടിട്ടുണ്ടോ? ഞാൻ ദേഷ്യപ്പെട്ടു.

എന്റെ ജീവിതമിട്ട് അവർ കളിക്കയല്ലേ? ഞാനും ഒരു കൈ നോക്കട്ടെ.

അടുത്ത വിന്റർ അവധിക്കാണ് കല്യാണം. അതുകഴിഞ്ഞാൽ ഞാൻ നമ്മുടെ രണ്ടാം വീടായ മരുഭൂമിയിലേക്കു പറന്നു വരും.
പിന്നെ ഇങ്ങോട്ട് ഒരു വരവില്ല.

അതൊന്നും നടക്കില്ല കൊച്ചേ ഞാൻ തളർന്ന സ്വരത്തിൽ പറഞ്ഞു.

നടത്തും. എന്നിട്ട് ഞാൻ കണ്ട സ്വപ്നങ്ങളിലൂടെ പ്രയാണം. ഇന്നു പെണ്ണുങ്ങൾ ഒറ്റയ്ക്കു ലോകം മുഴുവൻ കറങ്ങുന്ന കാലമാണ്.

ആരോഗ്യമുള്ള കാലം വരെ അങ്ങനെ ജീവിക്കും. പിന്നെ നമ്മുടെ വൃദ്ധസദനങ്ങൾ ധാരാളമുണ്ടല്ലോ.
നല്ലതു നോക്കി തിരഞ്ഞെടുക്കും.
റിട്ടയർ ചെയ്തു വന്നാൽ മരണം വരെ അവിടെ താമസം.

നീയാരോടാ സംസാരിക്കുന്നത്. എല്ലാവരും ചരക്കെടുക്കാൻ പോകാൻ റെഡിയായി.

രേവതിയുടെ അമ്മയുടെ സ്വരം.

എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ ഫോൺ കട്ടാക്കി.

അവധി ദിനങ്ങൾ വേഗം കൊഴിഞ്ഞു പോയി. ഗൾഫിലേയ്ക്ക് തിരിച്ചു പോകലിൻ്റെ ദിനങ്ങളടു ത്തു.ഭർത്താവിന് തൻ്റെ ജോലിസ്ഥലത്തേയ്ക്ക് മാറ്റം കിട്ടി. അതു മാത്രമാണമാണ് തനിക്ക് ഏകാശ്വാസം.

സ്കൂൾ തുറക്കുന്ന തിനുമുമ്പുള്ള സ്റ്റാഫ് മീറ്റിംഗിൽ ആരുടെയും മുഖത്തു തെളിച്ചമില്ല. നാട്ടിൽ നിന്നു കൊതി തീരാതെ മടങ്ങിയ നിരാശ എല്ലാവരെയും ബാധിച്ചിട്ടുണ്ട്.

നിർബന്ധിക്കപ്പെട്ട് നാടു കടത്തപ്പെട്ട ഒരു കൂട്ടം നിസഹായരുടെ ഭാവം.

രേവതി പഴയതുപോലെ ഉല്ലാസഭരിതയാണ്. നാട്ടിൽ നിന്നു മടങ്ങിപ്പോന്നതിൽ യാതൊരു വ്യാകുലതയും അവളുടെ മുഖത്തില്ല.

പതിയെ ഞാൻ ചോദിച്ചു .
നിശ്ചയമെല്ലാം ഭംഗിയായി നടന്നോ ?

വൈകുന്നേരം പാർക്കിൽ നടക്കാൻ പോകുമ്പോൾ പറയാം. അവൾ വിഷയം മാറ്റി.

ചൂടു കുറഞ്ഞു വരുന്നതിന്റെ ലക്ഷണമായി. പാർക്കു നിറയെ ആളുകൾ. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായിട്ടുള്ള പാർക്കാണത്.
തൊട്ടടുത്തായതുകൊണ്ട് മിക്ക ദിവസവും ഞാനും രേവതിയും വെയിലാറിയാൽ നടക്കാൻ പോകും.

പാർക്കിലെത്തിയപ്പോൾ തന്നെ രേവതി പറഞ്ഞു ടീച്ചറെ നിശ്ചയം നടന്നില്ല. മറ്റാരോടും ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ടായില്ല. അതു ഭാഗ്യമായി.

ടീച്ചറോട്ഇവിടെ വന്നിട്ടു പറയാമെന്നു കരുതി.

രവിയേട്ടൻ സമ്മതിച്ചില്ല. അറിഞ്ഞപ്പോൾ മുതൽ അങ്ങേർ ഉടക്കായിരുന്നു. ഇതൊന്നും ഞാനറിഞ്ഞതുമില്ല.

പിന്നീട് എന്നോടു സംസാരിച്ചു അദ്ദേഹത്തിന് ചെറുപ്പം മുതൽ ഒരു സ്നേഹ ബന്ധം ഉണ്ടെന്നും അവരും ഇപ്പോഴും വിവാഹം വേണ്ടയെന്നു പറഞ്ഞു നിൽക്കയാണെന്നും പറഞ്ഞു. അമ്മാവനോടു പറയാനുള്ള ഭയപ്പാടു കൊണ്ട് ഇങ്ങനെ നീണ്ടു പോയതാണ്.

പിന്നെ ഞാനിടപെട്ട് ഞങ്ങളുടെ നിശ്ചയം പറഞ്ഞു വെച്ച ദിനത്തിൽ
തന്നെ അവരുടെ നിശ്ചയം നടത്തി.

അവൾ സംസാരിച്ചു കൊണ്ടു വേഗത്തിൽ നടന്നു.

ആരാണ് പെൺകുട്ടിയെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ഞാൻ സ്വയം വാക്കുകൾ വിഴുങ്ങി.

രേവതിക്ക് സന്തോഷമായല്ലോ ഞാൻ ചിരിച്ചു.

ആയി. പക്ഷേ എന്റെ വിവാഹം നടത്തുന്ന കാര്യം പാടേ ഉപേക്ഷിച്ച മട്ടാണ് വീട്ടിൽ. അതിനി നടന്നില്ലെങ്കിലും സാരമില്ലെന്ന മട്ടിൽ.

ബാക്കി എന്തു പറയാനെന്ന മട്ടിൽ അവൾ നിറുത്തി.

ടീച്ചർ റൂം മാറുന്നതിലാ ഇപ്പോഴത്തെ ടെൻഷൻ. പകരം ആരു വരുമോ ആവോ?

ഗേറ്റു തുറക്കുമ്പോൾ അവൾ പറഞ്ഞു.

ഭർത്താവെത്തിയ ഉടനെ ഞങ്ങളും വീടെടുത്തു.
ഞങ്ങൾ താമസിക്കുന്ന വില്ല കുറച്ചു ദൂരെ ആയതിനാൽ സ്കൂളിൽ വച്ചു മാത്രം രേവതിയെയും , ഗിരിജ ടീച്ചറെയും കാണാൻ കഴിയുമായിരുന്നുള്ളു.

ഗിരിജ ടീച്ചർ മക്കളെ കൊണ്ടു വന്നു. പഴയ ഒരു അറബി വില്ല വാടകയ്ക്കെടുത്തു താമസമാക്കി.

അതിൽ ഒരു മുറി രേവതിയും മറ്റൊരു ടീച്ചറും കൂടി ഷെയർ ചെയ്തു. ഗിരിജ ടീച്ചറിനു വാടക ഭാരം കുറച്ചു കൊടുത്തു .

ഗിരിജ ടീച്ചർ വിവാഹ മോചിതയാണെന്ന് രേവതി പറഞ്ഞാണറിഞ്ഞത്.

എല്ലാവർക്കും ട്യൂഷനെടുക്കാൻ പറ്റിയ സ്ഥലമാണെന്നും കുട്ടികളെ കിട്ടിത്തുടങ്ങിയെന്നും ഗിരിജ ടീച്ചറും പറഞ്ഞു.

വർഷങ്ങൾ കൺചിമ്മും മുമ്പേ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

ഭർത്താവിന് വീണ്ടും പഴയ സ്ഥലത്തേയ്ക്ക് ട്രാൻസ്ഫർ ആയി. കുട്ടികളുമായി നാട്ടിലേയ്ക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു.
തിരികെ വന്ന് നാട്ടിലെ സ്കൂളിൽ ജോലിക്കു കയറി.

ഓരോ അവധിക്കു വരുമ്പോഴും രേവതി ഫോൺ ചെയ്യും തമ്മിൽ കണ്ടില്ല യെങ്കിലും വിശേഷങ്ങൾ കൈമാറി.

വിവാഹമായില്ലേയെന്ന് താനൊരിക്കലും അവളോട് ചോദിച്ചില്ല.

കുറച്ചു കാലമായി വിളിയും നിന്നു പോയി. എല്ലാവരും തിരക്കിൻ്റെ ലോകത്ത്.
ഇവിടത്തെ സ്കൂൾ ലോകവുമായി പൊരുത്തപ്പെട്ടു ഞാനും വിരഹ വഴികളിലൂടെ യാത്ര തുടർന്നു.

എത്ര കൊല്ലമാണു കഴിഞ്ഞു പോയത്. നാട്ടിലെ സ്കൂളിൽ പരീക്ഷയുടെ ഒരുക്കമാണ്. അറബിനാട്ടിലെ ഓർമകൾ പതിയെ മാഞ്ഞു തുടങ്ങിയിരുന്നു. അവിടെ നിന്നു മടങ്ങിയിട്ട് ഏകദേശം പത്തു വർഷമായി.

വാട്സാപ്പിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്ന് മെസേജ്.
ടീച്ചർ, എന്നെ ഓർമയുണ്ടോ?
ഞാൻ രേവതി.

ഓ മോളെ എവിടെയാണ്!. നമ്പറൊക്കെ പോയി .

തിരിച്ചു മെസേജിട്ട അതേ മിനിറ്റിൽ ഫോൺ അടിച്ചു.
അത്യാഹ്ലാദത്തോടെയാണ് രേവതി സംസാരിച്ചത്.

നാട്ടിൽ കസിന്റെ കല്യാണത്തിന് ലീവെടുത്തു വന്നതാണ്.
രണ്ടു ദിവസം കഴിഞ്ഞാൽ മടങ്ങും. എന്തു കൊണ്ടോ ഇക്കാലമൊക്കെയും ടീച്ചറെ,വിളിക്കാനായില്ല.അവൾ നിറുത്തി.

എന്റെ വിശേഷം തിരക്കിയറിയുന്നതിനിടയിൽ അവളെ ക്കുറിച്ചൊന്നും പറയുന്നില്ല.

ക്ഷമകെട്ട് ഞാൻചോദിച്ചു. എന്തൊക്കെയാണ് വിശേഷങ്ങൾ?

എന്തു വിശേഷം ടീച്ചർ.! എല്ലാവരുടെയും കല്യാണങ്ങൾ നടത്തി കൊടുത്ത് ഉഷാറായി പോകുന്നു.
ഞാൻ ഫ്രീ ബേർഡ്

അയ്യോ അതെന്താ ഞാൻ പെട്ടെന്നു പ്രതികരിച്ചു.

അതു പിന്നെ ചില ജീവിതങ്ങൾ അങ്ങനെയാണ്. കുടുംബവും, കുടുംബക്കാരും ഒക്കെ നമ്മളെ ആശ്രയിച്ചു നിൽക്കുന്ന പോലെ അഭിനയിക്കും. നമ്മളതിൽ വീണു പോകും. അവരുടെ സങ്കടവും കണ്ണീരു മെല്ലാം അഭിനയമെന്നറിയാതെ അതെല്ലാം ഏറ്റെടുക്കും.

അവരുടെ ആവശ്യം കഴിഞ്ഞാൽ ഒടുവിൽ ഒരു ബാധ്യതയായി നമ്മൾ മാറും.

എല്ലാം അറിയാം എന്നാലും എന്നെ പോലുള്ളവർ ഇനിയും പഠിക്കത്തില്ല. അവൾ പൊട്ടിച്ചിരിച്ചു.

ഞാൻ കല്യാണം കഴിക്കാത്തതിൽ ആർക്കും മന: പ്രയാസമില്ല. ഇപ്പോൾ എനിക്കുമില്ല.

നാൽപ്പതുവയസാകാറായി. ഇവിടെ ചിറ്റമാരുടെ മക്കളുടെയടക്കം എല്ലാവരുടെയും കല്യാണങ്ങളൊക്കെ കഴിഞ്ഞു.
എല്ലാം ഞാൻ തന്നെ നോക്കി നടത്തി.

എന്നെ വിവാഹം കഴിപ്പിക്കാൻ ആരോടും പറഞ്ഞില്ല. ആരും അറിഞ്ഞു ചെയ്തുമില്ല. അവൾ പറഞ്ഞു നിറുത്തി.

നീയാഗ്രഹിച്ച പോലെ ടൂറ് പോകലൊക്കെ ചെയ്ത് ഹാപ്പിയായാണോ നടക്കുന്നത്. ഞാൻ ചോദിച്ചു.

ടൂറോ ! ഞാനങ്ങനെ പറഞ്ഞിരുന്നോ?. ഓരോ വർഷത്തെയും കടം തീർക്കാനാണ്, ഓരോ ലീവു കഴിഞ്ഞ് മടങ്ങുന്നത്. പിന്നെ എവിടെ ടൂറു പോകാനാണ്? മറു തലക്കൽ ദീർഘനിശ്വാസ സ്വനം.

രവിയേട്ടനെ കിട്ടാത്തതുകൊണ്ട് വിവാഹം വേണ്ടെന്നു വെച്ചവൾ എന്ന അപകീർത്തി വീട്ടുകാർ തന്നെയുണ്ടാക്കിവെച്ചതിൽ വല്ലാത്ത നിരാശയുണ്ട്.
ടീച്ചറിനറിയാല്ലോ സത്യാവസ്ഥ .

വിവാഹം കഴിച്ചു പോയാൽ പിന്നെ ധനമാർഗ്ഗം അടയുമെന്ന പേടി തന്നെയാണ് ഈ കള്ളക്കഥയുടെ പിന്നിൽ.

എനിക്കൊന്നും മനസിലാകാത്ത മട്ടിൽ ഞാൻ പെരുമാറുന്നു. അവരുടെയൊക്കെ ആഗ്രഹം പോലെ കളിപ്പാവയായി ജീവിക്കുന്നു.

ആങ്ങളയുടെ വിവാഹം കഴിഞ്ഞു. വീട് അവന്റെ പേരിലാക്കി. ഇപ്പോൾ നാട്ടിൽ വന്നാൽ നിൽക്കാൻ അനുവാദമുണ്ട്.
ഭാവിയിൽ ഒരിടം എവിടെയെന്നറിയില്ല.

ഇടയ്ക്ക് വിളിക്കാം എന്നു പറഞ്ഞ് അവൾ തിരക്കഭിനയിച്ച് ഫോൺ വെച്ചു.

അക്ഷയ പാത്രത്തിന് കൊടുക്കാനല്ലേ അറിയു. എടുക്കാനാകില്ലല്ലോ.

പിന്നീട് വിളികളൊന്നും വന്നില്ലെങ്കിലും ഓർമയിലെന്നും അവൾ നോവായി നിലനിന്നിരുന്നു.

ഭർതൃസമേതം കുട്ടികളുമായി എന്നെ കാണാനവൾ വരുന്നതായി ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുമുണ്ടായിരുന്നു.

ഗൾഫിലെ നിരവധി ജീവിതങ്ങൾ ഇങ്ങനെയുണ്ട് എങ്കിലും മരുപ്പച്ച എവിടെയെങ്കിലും കാണാതിരിക്കില്ല. മനസു പറഞ്ഞു.

പിന്നീടവൾ എന്നെ വിളിച്ചിട്ടില്ല. ഞാൻ ഫോൺ ചെയ്തിട്ട് കിട്ടിയതുമില്ല.

നാട്ടിൽ സ്കൂൾ അവധി തുടങ്ങി ഇത്തവണ വിസിറ്റിൽ പഴയ തട്ടകത്തിലേയ്ക്കു പോകാൻ തീരുമാനിച്ചു. വർക്കു സൈറ്റുകൾ മാറി മാറി ഒടുവിൽ പഴയ സ്ഥലത്തു തന്നെ ഭർത്താവും ട്രാൻസ്ഫറായി എത്തിയിട്ടുണ്ട്.

എല്ലാവരെയും കണ്ടു മടങ്ങാം എന്ന ചിന്ത വന്നപ്പോഴൊക്കെ രേവതിയെ കാണാ മെന്ന സന്തോഷം മനസ്സിൽ നിറഞ്ഞു.

സ്കൂളാകെ മാറിപ്പോയി. ഗിരിജ ടീച്ചറും പിന്നെ അന്യ നാട്ടുകാരായ രണ്ടു മൂന്നു പേർ മാത്രം പരിചിതരായി അവിടെയുണ്ട്.

രേവതി എവിടെ? എൻ്റെ ആദ്യ ചോദ്യമതായിരുന്നു ഗിരിജ ടീച്ചറോട് .

അവൾ ഖത്തറിലേയ്ക്ക് പോയി. ഗിരിജ ടീച്ചർ പറഞ്ഞു.

എല്ലാം പെട്ടെന്നായിരുന്നു. കഴിഞ്ഞ വെക്കേഷന് എൻ്റെ കസിൻ ഇവിടെ ഖത്തറിൽ നിന്ന് ദുബായിൽ വന്നപ്പോൾ എന്നെ കാണാൻ വന്നു. രേവതിയുടെ പ്രായമുണ്ട് അവനും.

അവർ പരസ്പരം
സംസാരിച്ച് ഇഷ്ടപ്പെട്ടു. വിവാഹമൊക്കെ ഇവിടെ വെച്ചു തന്നെ നടത്തി. ഖത്തറിലെ സ്കൂളിൽ അവൾക്കു ജോലി ശരിയാക്കി അങ്ങോട്ടു കൊണ്ടു പോയി.

വൈകുന്നേരം വീട്ടിലേയ്ക്കു വരു നമുക്ക് വീഡിയോ കോൾ വിളിക്കാം. ടീച്ചർ തിരക്കിട്ട് ക്ലാസിലേയ്ക്ക് പോയി.

സ്കൂളിൽ നിന്നിറങ്ങുമ്പോൾ സന്തോഷവും സമാധാനവും എൻ്റെ മനസിൽ നിറഞ്ഞു.

പൊടിക്കാറ്റും, ചൂടും , ശൈത്യവും മാത്രമല്ല വല്ലപ്പോഴും ആലിപ്പഴവും പൊഴിഞ്ഞു വീണ് വിസ്മയിപ്പിക്കുന്ന മരുഭൂമിയിൽ മാറ്റങ്ങൾ ഞൊടിയിടയിലാണ്.

താപവും തണുപ്പും മാറി മാറി വരും .രണ്ടും അതിൻ്റെ അങ്ങേയറ്റത്തെ തീവ്രതയിലായിരിക്കു മെന്നു മാത്രം.

റോമി ബെന്നി ✍

RELATED ARTICLES

8 COMMENTS

  1. ഗൾഫ് ജീവിതത്തിനിടയിലെ സ്വകാര്യ ദുഃഖങ്ങൾ, ഇഷ്ടം, അനിഷ്ടം….
    പ്രണയം…. വായനക്കാരനെ പ്രത്യേക ലോകത്തിലേക്ക് എത്തിക്കുന്ന എഴുത്ത്..

  2. പച്ചപ്പുതേടി പലായനം ചെയ്ത്, ആയുസ്സിന്റെ കലണ്ടർക്കാലങ്ങൾ എണ്ണാൻമറന്ന്, ഒത്തിരിപ്പേർക്ക് വളവും വെളളവുമായി മാറുന്ന അക്ഷയപാത്രങ്ങൾ. ബാക്കി വച്ച സ്വസ്ഥജീവിതത്തിന്റെ സ്വപ്നങ്ങൾ അസുഖങ്ങളുടെ അക്ഷയഘനിയുമായി തിരികെ വരുമ്പോൾ ആരുമില്ലാതെയാകുന്നു

  3. നിറഞ്ഞ ആകാംക്ഷയോടെയാണ്
    ആലംബംതേടുന്ന അക്ഷയപാത്രങ്ങൾ ഓരോ വരിയും വായിച്ചത്. പ്രവാസലോകത്തിൻ്റെ ഹൃദയസ്പന്ദനനം അതേപോലെ വായനക്കാരനും അനുഭവിക്കുന്നു. കഥ ഒത്തിരി ഇഷ്ടമായി… അഭിനന്ദനങ്ങൾ റോമിബെന്നി. ഗൾഫ്കഥകൾ തീക്കാറ്റിൻ്റെ ചൂടും ആലിപ്പഴത്തിൻ്റെ തണുപ്പുമായ് എത്തുന്നത് വായിക്കാൻ കാത്തിരിക്കട്ടെ. വേഗം വേഗം എഴുതൂ.,,

  4. കഥയിൽ ആകാംക്ഷ നിലനിർത്താൻ കഴിയുന്നത് അഭിനന്ദനാർഹം.
    പ്രവാസ ജീവിതങ്ങങ്ങളുടെ നേർചിത്രമിതാണ്.
    ആത്മാംശം കലർന്ന കഥാകഥനം ഉഷാറാവുന്നുണ്ട്. ഭാവുകങ്ങൾ❤️❤️❤️

  5. ആലംബം തേടുന്ന അക്ഷയ പാത്രങ്ങൾ എന്ന പ്രവാസ കഥ, വായിച്ചപ്പോൾ ഒരുപാട് പ്രവാസികൾ കുടുംബത്തിന് വേണ്ടി ഇതുപോലെ ബുദ്ധിമുട്ടുകയും അവസാനം ആരുംകൂടെ ഇല്ലാതാവുകയും ചെയ്യുന്നു…. നല്ലയൊരു വയനുഭവം തരുന്ന കഥ…. അഭിനന്ദനങ്ങൾ റോമിബെന്നിക്ക്…. കഥയുടെ അവസാനം ഞങ്ങളുടെ മനസ്സിലും സന്തോഷവും സമാധാനവും നൽകി…. ഇനിയും എഴുതുക ❤️❤️❤️❤️

  6. കോടികണക്കിന് വ്യക്തിത്ത്വങ്ങൾ അവരുടെ കോടാനുകോടി അനുഭവങ്ങൾ, അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും,,, ചില ജീവിതനൊമ്പരങ്ങൾ ഒറ്റവരികളിലൂടെയും ഒറ്റവാചകത്തിലൂടെയും ചിലപ്പോൾ ഒരു പാരഗ്രഫിലൂടെയും പ്രകടമാക്കുന്ന എഴുത്തുകാരി 🙏വീണ്ടും വീണ്ടും എഴുതുക 👍🌹അഭിനന്ദനങ്ങൾ

  7. വീണ്ടും എഴുതാൻ പ്രചോദനാത്മകമായ അഭിപ്രായങ്ങൾ എഴുതിയറിയിച്ച പ്രിയപ്പെട്ട എല്ലാവർക്കും നന്ദി . സ്നേഹം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com