Friday, January 9, 2026
Homeസിനിമമഹാനടൻ സത്യൻ മാഷിന്റെ ആ സിംഹാസനം എക്കാലവും ഒഴിഞ്ഞുകിടക്കും.

മഹാനടൻ സത്യൻ മാഷിന്റെ ആ സിംഹാസനം എക്കാലവും ഒഴിഞ്ഞുകിടക്കും.

മാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ 1912 നവംബർ 9നു തിരുവിതാംകൂറിലെ തിരുമലയ്ക്കടുത്ത് അറമട എന്ന ഗ്രാമത്തിൽ ജനിച്ചു.

മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാവാനുള്ള നിയോഗമായിരുന്നു സത്യൻ എന്ന പേരിനുണ്ടായിരുന്നത്. വിദ്വാൻ പരീക്ഷ പാസായി തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അധ്യാപകനായി ജീവിതമാരംഭിച്ച സത്യനേശൻ പിന്നീട് സർക്കാരുദ്യോഗസ്ഥനായി. ഒരു വർഷത്തിനു ശേഷം ആ ജോലി രാജിവെച്ച അദ്ദേഹം 1941ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പട്ടാളത്തിൽ നിന്നും വിരമിച്ച് തിരുവിതാംകൂറിൽ തിരിച്ചെത്തി സ്റ്റേറ്റ് പോലീസിൽ ചേർന്നു. 1947-48 കാലഘട്ടത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്നു.

പോലീസിലായിരുന്ന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ആലപ്പുഴയിലുള്ള സമയത്ത് ചലച്ചിത്ര-നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെടാനിടയായി. അദ്ദേഹമാണ് സിനിമാലോകത്തുള്ള പലരുമായി സത്യനേശനെ ബന്ധപ്പെടുത്തിക്കൊടുത്തത്. അങ്ങനെ 1951ൽ ജോലി രാജിവെച്ച് സത്യൻ എന്ന പേരു സ്വീകരിച്ച അദ്ദേഹം കൗമുദി ബാലകൃഷ്ണൻ നിർമ്മിച്ച ത്യാഗസീമ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യചിത്രം പുറത്തിറങ്ങിയില്ല.

സത്യന്റെ പുറത്തുവന്ന ആദ്യ ചിത്രം 1952ൽ റിലീസായ ആത്മസഖിയാണ്. പക്ഷെ അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മാറ്റി എഴുതിയ ചിത്രം 1954ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ ആയിരുന്നു. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാള ചിത്രമായിരുന്നു നീലക്കുയിൽ.

കെ എസ് സേതുമാധവൻ, എ വിൻസെന്റ്, രാമു കാര്യാട്ട് തുടങ്ങി എല്ലാ മുൻനിരസംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്. സേതുമാധവൻ സം‌വിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ അക്കാലത്ത് പ്രശസ്തമായി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.

നീണ്ട പത്തു വർഷം രക്താർബുദത്തോട് മല്ലടിച്ച് 1971 ജൂൺ 15ന് ആ മഹാനടൻ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു.

കൗതുകങ്ങൾ/നേട്ടങ്ങൾ

സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡുകൾ ആദ്യമായി ഏർപ്പെടുത്തിയ 1969ൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് സത്യനായിരുന്നു.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ(1969,1971) നേടിയ സത്യന്, രണ്ടാമത്തെ അവാർഡ് മരണാനന്തരമായാണ് നൽകിയത്.
150ഓളം മലയാള സിനിമകളിൽ അഭിനയിച്ച സത്യൻ 2 തമിഴ് ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത രണ്ട് ചിത്രങ്ങളുടെ പേരിലും കടൽ എന്ന വാക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com