Friday, January 2, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിരണ്ടാം ഭാഗം) 'ഡി. വിനയചന്ദ്രൻ' ✍ അവതരണം: പ്രഭ ദിനേഷ്

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിരണ്ടാം ഭാഗം) ‘ഡി. വിനയചന്ദ്രൻ’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ നാല്പത്തിരണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാളത്തിൽ ചൊൽക്കവിതകൾക്ക് രൂപം നല്കിയ പ്രശസ്ത കവിയായ
ഡി. വിനയചന്ദ്രൻ ആണ് ഇന്നത്തെ നക്ഷത്ര പൂവ്!

ഡി. വിനയചന്ദ്രൻ (4️⃣2️⃣) (13/05/1946-11/02/2003)

ഗ്രാമീണതയുടെ തനതായ ആവിഷ്ക്കാരശൈലിയിലൂടെ മലയാളിയുടെ മനം കവർന്ന കവിയാണ്ഡി. വിനയചന്ദ്രൻ. കൊല്ലം ജില്ലയിൽ കല്ലടയാറിൻ്റെയും, ശാസ്താംകോട്ട കായലിൻ്റെയും സാമീപ്യമുള്ളതും ഐശ്വര്യസമൃദ്ധിയും പ്രകൃതി മനോഹാരിതയും കൊണ്ട് ശ്രദ്ധേയമായതുമായ പടിഞ്ഞാറേ കല്ലടയിൽ ആർ.ദാമോദരൻ പിള്ളയുടെയും എൻ.കെ. ഭാർഗ്ഗവി അമ്മയുടെയും മകനായി 1946 മെയ് 15 ന് വിനയചന്ദ്രൻ ജനിച്ചു.

കൂട്ടുകുടുംബ സമ്പ്രദായത്തിൻ്റെയും,കാർഷികവൃത്തിയുടെയും പ്രത്യേകതകൾ ബാല്യകാലത്തു തന്നെ വിനയചന്ദ്രൻ്റെ മനസ്സിൽ വേരൂന്നിയിരുന്നു. വീട്ടിലുള്ളവർ പൊതുവേ കലാവാസനയുള്ളവരായിരുന്നു. കഥകളി, തിരുവാതിര, പുരാണപാരായണം തുടങ്ങിയവയുമായി ചെറുപ്പത്തിലേ ഇടപെടുവാൻ അവസരം ലഭിച്ചു.

ചെറിയ പ്രായത്തിൽ തന്നെ കവിതയെഴുതുവാൻ തുടങ്ങി. വാരികകളിലെ ബാലപംക്തികളിലാണ് അവ ആദ്യം പ്രസിദ്ധീകരിച്ചത്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ആർട്ട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ നേടി. തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് , സ്ക്കൂൾ ഓഫ് ലെറ്റേഴ്സ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നീ പ്രശസ്ത സ്ഥാപനങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.

പ്രഗത്ഭനായ അദ്ധ്യാപകൻ എന്നതിനോടൊപ്പം സാമൂഹ്യ സേവനരംഗത്തും അദ്ദേഹം സജീവമായിരുന്നു. പരിസ്ഥിതിക വിഷയങ്ങൾ, ഗ്രന്ഥശാല പ്രസ്ഥാനം, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഭോപ്പാലിൽ നടന്ന ലോക കവി സമ്മേളനത്തിലും, തിരുവനന്തപുരത്തു നടന്ന സാർക്ക് എഴുത്തുകാരുടെ സമ്മേളനത്തിലും മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.

വംശഗാഥ, ഭൂമിയുടെ നട്ടെല്ല്, വിനയചന്ദ്രൻ്റെ കവിതകൾ, നരകം, ഒരു പ്രേമകവിത എഴുതുന്നു, കായിക്കരയിലെ കടൽ, സമസ്ത കേരളം പി.ഒ. വീട്ടിലേക്കുള്ള വഴി, സമയമാനസം, ദിശാസൂചി, സൗമ്യകാശി തുടങ്ങിയവയാണ് പ്രധാന കവിതകൾ.

ഭാരതവിനയം, പൊടിച്ചി, ഉപരികുന്ന്, പ്രയാഗ, മുന്തിരിവള്ളികൾ തുടങ്ങിയവ മറ്റു കൃതികളാണ്.

കന്നട, തെലുങ്കു തുടങ്ങിയ ഭാഷകളിൽ നിന്നും ചില കൃതികൾ തർജ്ജമ ചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ അദ്ദേഹം അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

നാട്ടുവഴക്കങ്ങളുടെ കവി എന്ന് അറിയപ്പെടുന്ന വിനയചന്ദ്രൻ ആസ്വാദക മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കവിയാണ്. കവിതയിലേയ്ക്ക് പ്രകൃതിയേയും പ്രകൃതിയിലേക്ക് കവിതയേയും കൊണ്ട് എത്തിക്കാൻ വിനയചന്ദ്രൻ എന്ന കവിക്ക് കഴിഞ്ഞിരുന്നു. ഉച്ചത്തിലുളള അദ്ദേഹത്തിൻ്റെ കാവ്യാലാപനം അതീവഹൃദ്യമായിരുന്നു. കല്ലടയുടെ ഗ്രാമീണതയുമായി അദ്ദേഹം ഇഴുകി ചേർന്നിരുന്നു. തൻ്റെ കവിതയുടെ നീരുറവ പൊടിയുന്നത് ആ മണ്ണിൽ നിന്നായിരുന്നെന്ന് അദ്ദേഹത്തിറിയാമായിരുന്നു. ഈ ലോകത്തെ ഒരു ‘പാർക്കാ’യിട്ടാണ് അദ്ദേഹം കണ്ടിരുന്നത്.

പ്രകൃതിയുടെ കൂട്ടുകാരനായ വിനയചന്ദ്രൻ്റെ കവിതകളിൽ ഉണർന്നിരിക്കുന്ന ഗ്രാമീണതയുടെ സ്പന്ദനങൾ അനുഭവ വേദ്യമാകും. നാട്ടിൻപുറത്തിൻ്റെ സംസ്ക്കാരവും പുതിയ ജീവിതരീതിയുടെ അസ്വസ്ഥതകളും അതിൽ കാണാം.

മനുഷ്യവർഗ്ഗത്തിന് ലഭിച്ചിട്ടുള്ള കാടാകുന്ന സമ്പത്ത് കേടുകൂടാതെ അടുത്ത തലമുറക്ക് നല്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ബാധ്യതയുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

കാട് എന്ന കവിതയിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നു.

‘കാടിനു ഞാനെന്തു പേരിടും?
കാടിനു ഞാനെൻ്റെ പേരിടും.
പേരുകൾ സൂര്യനും, ചന്ദ്രനും, ഭൂമിയും പേരുകളല്ലയോ സർവ്വചരാചരം!

പേരുകൾക്കുള്ളിൽ പെരുമാളിരിക്കുന്നു പേരും പെരുമാളും മൊന്നു തന്നെയല്ലയോ?
ഒന്നുതന്നെല്ലയോ നിങ്ങളും ഞാനു-
മിക്കാടും കിനാക്കളുമ ണ്ഡകടാഹവും.

‘കുന്നിൽ’ എന്ന കവിതയിലും പ്രകൃതിയുമായ് അലിഞ്ഞുചേർന്നിരിക്കുന്ന കവിയുടെ ഹൃദയം കാണാം.

‘കുന്നായ കുന്നൊക്കെ ഞാൻ നടന്നു
കുന്നിക്കുരുവിനെ കണ്ടില്ല.
കുട്ടിക്കുരുവിയും കൂടും കണ്ടു
കൂനനുറുമ്പിൻ പടകൾ കണ്ടു.
വട്ടത്തിൽ ചുറ്റി പരുന്തു വന്നു വണ്ണാത്തി പുള്ളു ചിലച്ചിരുന്നു
ഓന്തുകളോരോ നിറത്തിലോടി
ഓടാത്തൊരൊച്ചുകളോർമ്മ തേടി…’

‘വീട്ടിലേയ്ക്കുള്ള വഴി’ എന്ന പ്രശസ്തമായ കവിതയിലൂടനീളം അദ്ദേഹത്തിൻ്റെ മനസ്സിൽ തങ്ങി നിന്നിരുന്ന കൂട്ടുകാരും, പുസ്തകങ്ങളും, കാടും, ഭൂമിയും, കൊച്ചരിപ്രാവും ഒക്കെ കാണാൻ സാധിക്കും!

‘വീട്ടിലേക്കൊന്നു പോകുന്നു
ചോദിക്കുന്നു കൂട്ടുകാർ
കൂട്ടുകിടക്കുന്ന പുസ്തകങ്ങൾ.
ഇത്തിരിമുറ്റത്തു ഞാൻ നട്ടുനോറ്റു പൂവിട്ട കതൈമുല്ല,
പടിവാതിലോളം പറന്നു മറയുന്ന കൊച്ചരിപ്രാവ്…

കവിതയ്ക്ക് വൃത്തവും അലങ്കാരവുമെന്നല്ല ഫുൾസ്റ്റോപ്പ് പോലും വേണ്ട എന്നു തോന്നും വിനയചന്ദ്രൻ്റെ കവിത കേൾക്കുമ്പോൾ.

സ്വന്തമായ കാവ്യബിംബങ്ങു മെനഞ്ഞു സമഗ്രമായ ഭാവശില്പത്തിലൂടെ തനതായ ശൈലി മലയാള കവിതയിൽ ആവിഷ്ക്കരിച്ച ഡി.വിനയചന്ദ്രൻ 2013 ഫെബ്രുവരി പതിനൊന്നാം തീയതി തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു🙏

അടുത്ത ലക്കം വീണ്ടും കണ്ടു മുട്ടാം❤️💕💕🌹

പ്രഭ ദിനേഷ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com