വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ജ്വാലാമുഖി ദേവി ക്ഷേത്രം. ഹിമാചൽ പ്രദേശിലെ കാളിധർ എന്നറിയപ്പെടുന്ന കാൻഗ്ര താഴ്‌വരയിലെ ശിവാലിക് നിരകളുടെ മടിത്തട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഏറ്റവും ആദരണീയമായ ശക്തി ക്ഷേത്രങ്ങളിലെ ഏറെ ആകർഷകവും പ്രാധാന്യമുള്ളതായ ഈ ക്ഷേത്രം നിത്യ ദേവതയായ ജ്വാലാജിക്ക് സമർപ്പിച്ചിരിക്കുന്നതാണ്.

മുഖ്യദേവതയായ ജ്വാലാദേവി അറിയപ്പെടുന്നത് “പ്രകാശദേവത” എന്നാണ്. ജ്വാല ദേവിയുടെ പ്രതിച്ഛായയെ പ്രതിനിധീകരിക്കുന്ന നിത്യ ജ്വാലകളാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. രാവും പകലും തുടർച്ചയായി ജ്വലിക്കുന്ന 9 നിത്യപവിത്ര ജ്വാലകളുടെ രൂപത്തിലാണ് ദേവിവാസം. ക്ഷേത്രത്തിലെ പ്രധാന ജ്വാല നിരന്തരം കത്തികൊണ്ടിരിക്കുന്നു. പുരാതന അഷ്ടഗൃഹ ക്ഷേത്രവും രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നുമാണിത്. നാടോടി കഥകളനുസരിച്ച് മഹാഭാരതകാലത്ത് പാണ്ഡവരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് മഹാരാജ രഞ്ജിത്ത് സിംഗ്,രാജാ ഭൂമി ചന്ദ് തുടങ്ങിയ ഭരണാധികാരികൾ ഇത് പുതുക്കിപ്പണിതു.

പുരാതന കാലം മുതൽ ആകർഷകമായ ചരിത്ര പ്രാധാന്യമുള്ള ജ്വാലാമുഖി ക്ഷേത്രം ശിവപത്നിയായ സതീദേവിയുടെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. സതിയുടെ പിതാവ് രാജാവായ ദക്ഷൻ വലിയ യാഗം സംഘടിപ്പിച്ചു. വിവാഹത്തിന് ശിവനെ അദ്ദേഹം അംഗീകരിക്കാത്തതുകൊണ്ട്, തന്റെ ഭർത്താവ് ബഹുമാനിക്കപ്പെടാൻ, പിതാവിനെ പ്രേരിപ്പിക്കുന്നതിനായി സതി യാഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അവിടെ എത്തിയപ്പോൾ തന്റെ പിതാവ് ശിവനെ എല്ലാവരുടെയും മുമ്പിൽ വച്ച് അപമാനിച്ചതറിഞ്ഞ സതി, ഈ അപമാനം സഹിക്കവയ്യാതെ യാഗാഗ്നിയിൽ സ്വയം തീകൊളുത്തി. ഇതറിഞ്ഞ് കോപാകുലനായ ശിവ ഭഗവാൻ സതിയുടെ കരിഞ്ഞ ശരീരം തോളിൽ വഹിച്ചുകൊണ്ട് താണ്ഡവമെന്നറിയ പ്പെടുന്ന സംഹാര നൃത്തം ആരംഭിച്ചു. വിഷ്ണു ഭഗവാൻ നാശം തടയാൻ തന്റെ ചക്രമുപയോഗിച്ച് സതിയുടെ ശരീരം 52 കഷണങ്ങളായി മുറിച്ചു. ഇത് വിവിധ സ്ഥലങ്ങളിൽ വീഴുകയും ശക്തിപീഠം എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങളിൽ ഒക്കെ വിവിധ രൂപങ്ങളിൽ ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. സതീദേവി യുടെ നാവ് വീണ് നിത്യ ജ്വാലകൾ സൃഷ്ടിച്ച സ്ഥലമാണ് ജ്വാല ദേവീ ക്ഷേത്രമെന്നും ഈ ജ്വാലകൾ ദേവീ അവതാരമാണെന്നും വിശ്വസിക്കുന്നു. ദുർഗ്ഗാദേവിയുടെ ഒരു രൂപമായും ജ്വാലാദേവിയെ കണക്കാക്കപ്പെടുന്നു.

ക്ഷേത്രത്തിനുള്ളിൽ തീ ജ്വാലകൾ കത്തുന്ന മൂന്നടി ഉയരമുള്ള ഒരു കുഴിയുണ്ട്.ജ്വാല മുഖി ദേവിയുടെ വായയെ പ്രതീകപ്പെടുത്തുന്ന ഈ കുഴിയിലാണ് വഴിപാടുകളർപ്പിക്കുന്നത്. ക്ഷേത്രത്തിലെ അഗ്നി ജ്വാലകളിൽ ഭക്തർ ആദരവ് അർപ്പിക്കുന്നു. പവിത്രമായ അഗ്നി ജ്വാലകൾ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലാണ് ഇവിടെയുള്ള പ്രധാന ആകർഷണം. ദേവിയുടെ വ്യത്യസ്ത രൂപങ്ങളെ പ്രതിനിധീകരിക്കുന്ന 9 അഗ്നി ജ്വാലകൾ ഉണ്ട്. (മഹാകാളി, അന്നപൂർണ്ണ, ചണ്ഡി, ഹിംഗ്ലജ്, വിന്ധ്യ വാസിനി, മഹാലക്ഷ്മി, സരസ്വതി, അംബിക, അഞ്ജി ദേവി എന്നിങ്ങനെ)
ജ്വാല ദേവി ക്ഷേത്രത്തിന്റെ പ്രത്യേകത ഈ ക്ഷേത്രത്തിൽ വിഗ്രഹം ഇല്ലെന്നതാണ്. നൂറ്റാണ്ടുകളായി പാറയിൽ നിന്ന് തുടർച്ചയായി ജ്വലിച്ചു കൊണ്ടിരിക്കുന്ന നിത്യ ജ്വാലകളുടെ ഒരു കൂട്ടമായി ദേവി സ്വയം പ്രത്യക്ഷപ്പെടുന്നു. ഈ പ്രത്യേകതയാൽ ജ്വാല ദേവീക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി മാറുന്നു . കത്തുന്ന ചെറിയ ജ്വാലയുടെ രൂപത്തിലാണ് ജ്വാല ദേവി.
തുടരും..
ജിഷ ദിലീപ്, ഡൽഹി✍




മനോഹരമായ ലേഖനം ജിഷ ❤️❤️ ആശംസകൾ 🌼🌼
സ്നേഹം സന്തോഷം ചേച്ചി 🙏🙏❤️
നല്ല അറിവ്
സ്നേഹം സന്തോഷം സർ 🙏🙏