Friday, December 5, 2025
Homeഅമേരിക്കഓണം ഐതിഹ്യവും, ആചാരങ്ങളും,ആഘോഷങ്ങളും ✍സൈമ ശങ്കർ, മൈസൂർ

ഓണം ഐതിഹ്യവും, ആചാരങ്ങളും,ആഘോഷങ്ങളും ✍സൈമ ശങ്കർ, മൈസൂർ

നമസ്‌തെ കേരളീയരെ 🙏

അങ്ങനെ സംഭവബഹുലമായ ഒരോണം കൂടി വന്നണഞ്ഞു. ന്യൂജെൻ ഓണാഘോഷങ്ങളുടെ കെട്ടിലും മട്ടിലും ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ഈ അവസരത്തിൽ പണ്ടത്തെ ഓണക്കാലത്തെ രീതികളിലൂടെ ഒരെത്തി നോട്ടമായാലോ..?
ഓണവുമായി ബന്ധപ്പെട്ട് ഒത്തിരി നാടോടിക്കഥകളും നാടോടിവേഷങ്ങളും ആചാരങ്ങളും കേരളത്തിലങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. അതിൽ പലതും കാലത്തിന്റെ കോലപ്പകർച്ചയിൽ മാറ്റങ്ങൾ വരികയോ തീർത്തും ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില ഓണക്കാല ആചാരങ്ങളെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചും ചില രസകരമായ വിവരങ്ങൾ.

തൃക്കാക്കരപ്പൻ

ഓണക്കാലത്ത് പ്രചാരത്തിലുള്ളഒരു ആചാരമാണ് തൃക്കാക്കരപ്പനെ വെക്കുക എന്നുള്ളത്. ഈ ആചാരത്തിന് പിന്നിലും ഒരു ഐതിഹ്യം അല്ലെങ്കിൽ കഥയുണ്ട്. ഓണം എന്ന ആഘോഷം തന്നെ ഒരു ഐതിഹ്യത്തിന്റെ പുറത്താവുമ്പോൾ അതിന്റെ അനുബന്ധ ആചാരങ്ങൾക്കും ആനുപാതികമായ അനുബന്ധ കഥകൾ ഉണ്ടാവണമല്ലോ. അപ്പോൾ തൃക്കാക്കരപ്പന്റെ കഥ പറയാം.

അസുര ചക്രവർത്തിയായ മഹാബലിയുടെ സത്ഭരണം, ദേവലോകത്ത് വലിയ ചർച്ചയായതും, മഹാബലിയെ പുറത്താക്കാൻ മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് വന്നതും അങ്ങനെ മൂന്നടി മണ്ണ് ചോദിച്ച്, ഒടുവിൽ മഹാബലിയെ സുതലം അഥവാ പാതാളത്തിലേക്ക് പറഞ്ഞയച്ചതും നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കഥകളാണ്.

ആദ്യത്തെ ചുവട്ടിൽ ഭൂമിയും രണ്ടാമത്തെ ചുവട്ടിൽ സ്വർഗ്ഗവും അളന്നെടുത്ത വാമനന്, മൂന്നാമത്തെ ചുവട് വെക്കാൻ സ്വന്തം ശിരസ്സ് തന്നെയായിരുന്നു മഹാബലി വാമനന്റെ കാലിനടിയിൽ വച്ച് കൊടുത്തത്. അങ്ങനെ മഹാബലിയെ വിഷ്ണുപാദം കൊണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സ്ഥലമാണത്രേ എറണാകുളത്തിനടുത്തുള്ള തൃക്കാക്കര. ആ സ്ഥലത്താണത്രേ തൃക്കാക്കരയിലെ പ്രസിദ്ധമായ തൃക്കാക്കര വാമനൻ ക്ഷേത്രം. വിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന് അർത്ഥം വരുന്ന ‘തൃക്കാൽക്കര’ എന്നായിരുന്നത്രെ ആ സ്ഥലത്തിന്റെ ആദ്യ നാമം. പിന്നീട് കാലക്രമത്തിൽ ലോപിച്ച് ലോപിച്ചാണ് തൃക്കാക്കര ആയത്.

ഈ കഥയാണ് തൃക്കാക്കരപ്പന്റെ രൂപം വച്ച് ഓണം ആഘോഷിക്കാനുള്ള അടിസ്ഥാനമായത്. തോറ്റുപോയ മഹാബലിയെയും വിജയിച്ച വിഷ്ണുവിനെയും ഒരുപോലെ ഓർക്കുന്നതിനാണ് തൃക്കാക്കരപ്പനെ വച്ച് ഓണപ്പൂക്കളം ഒരുക്കുന്നത്. തിരുവോണദിവസം മഹാബലി തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കുന്ന സമയത്ത്, വിഷ്ണുവിനെയും മഹാബലിയേയും പ്രതീകാത്മകമായി അനുസ്മരിക്കുന്ന ഒരു ചടങ്ങായതിനാൽ രണ്ട് രൂപങ്ങളാണ് സാധാരണയായി ഓണപ്പൂക്കളത്തിൽ വെക്കാറുള്ളത്. അരിപ്പൊടിയും മഞ്ഞൾപ്പൊടിയൊക്കെ കൊണ്ട് തൃക്കാക്കരപ്പൻ രൂപത്തിനെ മോടിപിടിപ്പിക്കുന്നത് കുട്ടികളെ സംബന്ധിച്ചടുത്തോളം രസകരമായ കാര്യമാണ്.

കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന പിരമിഡ് രൂപത്തിലോ കോൺ രൂപത്തിലോ ഒക്കെയാണ് തൃക്കാക്കരപ്പന്റെ രൂപം ഉണ്ടാക്കുന്നത്. ചില പിരമിഡ് രൂപങ്ങൾക്ക് നാല് വശങ്ങളും ചിലതിന് മൂന്ന് വശങ്ങളുമൊക്കെയുണ്ടാകും. നാല് വശങ്ങളുള്ള രൂപങ്ങൾ ഒരു മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുമ്പോൾ മൂന്ന് വശങ്ങളുള്ള രൂപങ്ങൾ വാമനന്റെ മൂന്ന് കാലടികളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വെപ്പ്.

എന്തായാലും നന്മയുടെ പ്രതീകമായ ദേവനായ വിഷ്‌ണുവിനേയും, അസുരനാണെങ്കിലും നന്മ മാത്രം പ്രവർത്തിക്കുന്ന മഹാബലിയെയും ഒരുപോലെ അനുസ്മരിക്കുന്നതിൽ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. നന്മ മാത്രമേ കേരളീയർ ആഗ്രഹിക്കുന്നുള്ളൂ. നന്മക്ക് മാത്രമേ കാലാതീതമായി നിലനിൽക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് നമുക്കും നന്മകൾ മാത്രം ചെയ്യാം !

ഓണപ്പൊട്ടൻ

ഓണക്കാലത്ത്, കോഴിക്കോട് മുതൽ വടക്കോട്ടുള്ള മലബാർ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഓണപ്പൊട്ടൻ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു തെയ്യക്കോലം പോലെ തോന്നുന്ന ഒരു വേഷവിധാനമാണ് ഓണപ്പൊട്ടന്റേത്. പക്ഷേ ഒരു സാധാരണ തെയ്യക്കോലത്തിന്റെ സങ്കീർണ്ണതകളൊന്നും ഓണപ്പൊട്ടന്റെ വേഷത്തിനില്ല. ചുവന്ന തുണി കെട്ടിയ വാഴനാര് കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കിരീടവും മരത്തിന്റെ ഉരുപ്പടികൾ കൊണ്ടുണ്ടാക്കിയ കൈത്തളകളും വളകളും ഓലക്കുടയും പിന്നെ കൈതനാരോ വാഴനാരോ കൊണ്ടുള്ള നീളൻ മുടിയും താടിയും കൂടെയൊരു മണിയുമാണ് ഓണപ്പൊട്ടന്റെ വേഷം.

ഓണപ്പൊട്ടൻ എന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു കൗതുകം തോന്നുന്നുണ്ടോ? ഓണവും പൊട്ടനും തമ്മിൽ എന്താ ബന്ധം എന്ന് നിങ്ങളിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ച് കാണും അല്ലേ… പറയാം…

ഓണപ്പൊട്ടൻ എന്നത് മഹാബലി തന്നെയാണെന്നാണ് സങ്കൽപം. പക്ഷേ ഈ മഹാബലി സംസാരിക്കില്ല. അതിനൊരു കാരണമുണ്ട്. വാമനനായി മാറിയ വിഷ്ണുവിന്റെ പൂഴിക്കടകൻ പ്രയോഗത്തിലൂടെയാണല്ലോ മഹാബലിക്ക് സാമ്രാജ്യം നഷ്ടപ്പെട്ടതും, പാതാളത്തിലേക്ക് പോകേണ്ടി വന്നതും… പാതാളത്തിലേക്ക് പോകുന്നതിന് മുന്നേ, സ്വന്തം രാജ്യത്തെയും പ്രജകളെയും വർഷത്തിലൊരിക്കൽ കാണാനുള്ള അനുവാദം കൊടുക്കാനുള്ള മര്യാദ വാമനൻ കാണിച്ചു എന്ന കാര്യവും നിങ്ങൾക്കറിയാലോ അല്ലേ… കാരണം ആ ദിവസമാണല്ലോ നമ്മുടെ തിരുവോണം ആഘോഷിക്കുന്നത്…. പക്ഷേ ബുദ്ധിമാനായ വാമനൻ, ആ അനുവാദത്തിന് ഒരു നിബന്ധന വച്ചിരുന്നത്രേ… എന്താണെന്നല്ലേ… കേട്ടാൽ നിങ്ങൾക്കും കഷ്ടം തോന്നും… പ്രജകളെ കാണാൻ വരുമ്പോൾ വാ തുറക്കാൻ പാടില്ല… അഥവാ മിണ്ടിപ്പോകരുത് എന്നതായിരുന്നു ആ നിബന്ധന !

ആ കാരണത്താൽ, ഉത്രാടത്തിനും തിരുവോണത്തിനും പ്രജകളെയും പഴയ സാമ്രാജ്യവും കാണാൻ വരുമ്പോൾ, നിബന്ധന പാലിക്കുന്നതിനായി മഹാബലി ആരോടും സംസാരിക്കാറില്ല. ആ സംസാരിക്കാത്ത മഹാബലിയാണ് ഓണപ്പൊട്ടൻ. തമാശ പറയുമ്പോഴും നമ്മൾ ക്രൂരന്മാരാണ് അല്ലേ…?നമ്മുടെയൊക്കെ നാട്ടിൽ, മിണ്ടാൻ വയ്യാത്തവനെ ആരും കാണാതെ ‘പൊട്ടൻ’ എന്നാണ് നമ്മൾ പലരും അഭിസംബോധന ചെയ്യുന്നത്. അതിന്റെ ചുവട് പിടിച്ചാണ്, മിണ്ടാത്ത മഹാബലിയെ ഓണപ്പൊട്ടൻ എന്ന് വിളിക്കുന്നത്.

ഓണപ്പൊട്ടന്റെ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ ആളുകൾ നടക്കുന്നത് പോലെ ഓണപ്പൊട്ടൻ നടക്കാറില്ല. കാലിന്റെ ഉപ്പൂറ്റി നിലത്ത് കുത്താതെ ഒരു പ്രത്യേക താളത്തിൽ, ചാടിക്കൊണ്ടാണ് ഓണപ്പൊട്ടൻ സഞ്ചരിക്കുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും വീടു വീടാന്തരം പോകുന്ന ഓണപ്പൊട്ടൻ, പക്ഷേ, വീടുകളിൽ കയറില്ല. പകരം വീട്ടുപടിക്കൽ വന്ന് മണി കിലുക്കും. ആ മണിയൊച്ച കേട്ടാൽ, മഹാബലി വീട്ടിൽ വന്നെന്നാണ് വെപ്പ്. വീട്ടുകാർ, ഓണപ്പൊട്ടന് അരിയും ധാന്യങ്ങളും ചിലപ്പോൾ പണവും കൊടുത്ത് സ്വീകരിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യും. അതിന് ശേഷം, ഒന്നും മിണ്ടാതെ ഉരിയാടാതെ, ഓണപ്പൊട്ടൻ അടുത്ത വീട്ടിലേക്ക് യാത്രയാവും.അഥവാ മിണ്ടിയാൽ ഓണപ്പൊട്ടൻ വേഷം ആരാണോ കെട്ടിയത്, അദ്ദേഹത്തിന്റെ സംസാരശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് നാട്ടിലെ വിശ്വാസം.

കാലത്തിന്റെ തേരോട്ടത്തിൽ, നമ്മൾ ആധുനികന്മാരായപ്പോൾ, ഇത്തരം ഓണപ്പൊട്ടൻ വേഷം ചെയ്യുന്നവർ, നമ്മുടെ നാട്ടിൽ ഇന്ന് വളരെക്കുറവാണ്. മാത്രവുമല്ല, പുലികളി പോലെയൊന്നും ഓണപ്പൊട്ടൻ ഇതുവരെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുമില്ല. കാലം എത്ര മാറിയാലും, നമ്മൾ എത്ര ആധുനികവൽക്കരിക്കപ്പെട്ടാലും, ഇതുപോലുള്ള തീർത്തും നിർദ്ദോഷകരമായ ചില ആചാരങ്ങൾ, പഴയ നാട്ടറിവിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിച്ചെന്നിരിക്കും.എന്തായാലും ഓണപ്പൊട്ടൻ എന്നൊരു സംഭവമുണ്ടെന്നും അതെന്താണെന്നും നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. സന്തോഷം !

കുമ്മാട്ടിക്കളി

ഓണവുമായി ബന്ധപ്പെട്ട വേറൊരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഏകദേശം നൂറ്റമ്പതോളം വർഷങ്ങൾക്ക് മുൻപാണത്രേ ഈ കലാരൂപം ഉടലെടുത്തത്. അതും പാലക്കാട്ടുള്ള ഏതോ ഒരു ദേവീ ക്ഷേത്രത്തിൽ വച്ച്. തൃശ്ശൂരും പാലക്കാടുമുള്ള ചില ക്ഷേത്രങ്ങളിൽ, അവിടത്തെ ഉത്സവത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളികൾ കൊണ്ടാടാറുണ്ട്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോടിന്റെ തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് ഓണത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളി സാധാരണയായി ആചരിച്ച് വരുന്നത്.

ശിവന്റെ ഭൂതഗണങ്ങളാണത്രേ കുമ്മാട്ടികൾ. കുമ്മാട്ടികളെപ്പറ്റി കുറേയേറെ ഐതിഹ്യങ്ങളുണ്ടെങ്കിലും, അതിൽ പ്രധാനപ്പെട്ട ഒരു ഐതിഹ്യത്തെക്കുറിച്ച് പറയാം. അസുരവീരനായ മഹാബലി സൽഭരണം കൊണ്ട്, കേരളത്തിന്റെ പ്രിയപ്പെട്ട ചക്രവർത്തി ആയിരുന്നല്ലോ. അങ്ങനെ പ്രജാതാല്പര്യാർത്ഥം രാജ്യം ഭരിച്ചിരുന്ന മഹാബലിയെ ഒരു ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക് പറഞ്ഞയച്ചത് പരമശിവന് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. മഹാബലി ഒരു കടുത്ത ശിവഭക്തനായിരുന്നു എന്നതാണ് അതിന് കാരണം. തന്റെ ഭക്തനോടുള്ള തന്റെ പ്രതിപത്തി അറിയിക്കാൻ ശിവൻ തീരുമാനിച്ചു.

വർഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണദിവസം, തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കാൻ വാമനൻ അനുമതി നല്കിയിരുന്നല്ലോ. അപ്രകാരം തിരുവോണദിവസം കേരളത്തിലേക്ക് വരുന്ന മഹാബലിക്ക് അകമ്പടി സേവിക്കാൻ ശിവൻ തന്റെ ഭൂതഗണങ്ങളെ അയക്കാറുണ്ടത്രേ. ആ ഭൂതഗണങ്ങളാണ് കുമ്മാട്ടികളായി അറിയപ്പെടുന്നത്. മഹാബലി ഓരോ വീടും സന്ദർശിക്കുന്നതിന് മുൻപേയാണ് ഭൂതഗണങ്ങളായ കുമ്മാട്ടികൾ വീടുകൾ സന്ദർശിക്കുന്നത്. ഓരോ വീടുകളിലും മഹാബലിയുടെ വരവറിയിച്ച് നൃത്തം ചെയ്തതിന് ശേഷം, സമ്മാനങ്ങളും വാങ്ങിയാണ് കുമ്മാട്ടികൾ മടങ്ങുക.

എങ്ങനെയാണ് ഈ ഭൂതഗണങ്ങൾ കുമ്മാട്ടികളായതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാലും അറിയാത്തവർക്കായി ഒന്ന് ചുരുക്കിപ്പറയാം. ഭൂതഗണങ്ങളായത് കൊണ്ട്, മുഖാവരണം അണിഞ്ഞാണ് കുമ്മാട്ടികൾ പുറത്ത് വരുന്നത്. ഗരുഡൻ, നാരദൻ, ശ്രീകൃഷ്ണൻ, പരമശിവൻ, നരസിംഹം, ഗണപതി എന്നീ പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങളായിരിക്കും സാധാരണയായി, മുഖാവരണങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. പണ്ടൊക്കെ, കമുകിൻ പാള കൊണ്ടും വാഴപ്പോളകൾ കൊണ്ടുമൊക്കെയായിരുന്നു മുഖാവരണങ്ങൾ ഉണ്ടാക്കാറുള്ളതെങ്കിൽ, ഇന്നത്, മരത്തടിയിൽ തീർത്ത ആവരണങ്ങളായി മാറിയിട്ടുണ്ട്. ഈ മുഖാവരണത്തിൽ, പല്ല് ഒരിക്കലും അടയാളപ്പെടുത്താറില്ല.

മുഖാവരണത്തിന് പുറമേ, കുമ്മാട്ടികളുടെ ശരീരവും കൈകളും മറ്റും പർപ്പിടകപ്പുല്ല് അല്ലെങ്കിൽ കുമ്മാട്ടിപ്പുല്ല് എന്ന ഒരുതരം പുല്ലു കൊണ്ട് മൂടിയിരിക്കും. ഇത്തരത്തിൽ കുമ്മാട്ടിപ്പുല്ല് കൊണ്ട് ശരീരം മൂടി വരുന്നത് കൊണ്ടാണ് ഈ കോലങ്ങൾ കുമ്മാട്ടികൾ എന്നറിയപ്പെടുന്നത്. ഈ കുമ്മാട്ടികൾക്ക് ഒരു വടികുത്തിനടക്കുന്ന, വഴുതിനിങ്ങയുടെ കമ്മലുകളണിഞ്ഞ വൃദ്ധയുടെ രൂപത്തിലുള്ള ഒരു നായിക ഉണ്ടാവും. വൃദ്ധയായ സ്ത്രീയാണ് നായികയെങ്കിലും, സ്ത്രീകൾ കുമ്മാട്ടി വേഷങ്ങൾ കെട്ടാറില്ലത്രേ. കമുകിന്റെ അലകും മുളനാരുകളും കൊണ്ടുണ്ടാക്കുന്ന ഓണവില്ലെന്ന വാദ്യോപകരണത്തിന്റെ സംഗീതത്തിന്റെ താളത്തിൽ നൃത്തം വച്ചാണ് കുമ്മാട്ടികൾ വീടുകളിലും തെരുവുകളിലും നൃത്തം വെക്കുന്നത്. പലപ്പോഴും രാമായണത്തിലെയും മറ്റുമുള്ള ചില പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തി യുള്ള അഭിനയാവിഷ്കാരങ്ങളും ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ചിരിയിൽ പൊതിഞ്ഞ ഒരു വിരുന്നായിരിക്കും ഓണത്തിന്റെ ഭാഗമായി കുമ്മാട്ടികൾ ഒരുക്കുന്നത്.

ഓണക്കാലത്ത്, തിന്മയുടെ മേലെ നന്മ വിജയിക്കുന്ന കഥകൾ പറയുന്ന കുമ്മാട്ടികളെ അറിയില്ലെന്ന് ഇനിയൊരിക്കലും പറയില്ലല്ലോ അല്ലേ…?

അത്തച്ചമയം

ഓണത്തിനെക്കുറിച്ച് കേട്ടിരിക്കുന്നവർ, അത്തച്ചമയത്തെക്കുറിച്ചും കേൾക്കാതിരിക്കാൻ വഴിയില്ല. എന്നാലും ഇന്നത്തെ ആധുനിക കാലത്ത്, അത്തച്ചമയത്തിന്റെ പ്രാധാന്യം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിവുണ്ടാകുമോയെന്ന് എനിക്ക് സംശയമില്ലെങ്കിലും ആർക്കൊക്കെയോ സംശയങ്ങളുണ്ട്. അതുകൊണ്ട് എന്താണ് അത്തച്ചമയമെന്ന് ചുരുക്കിപ്പറയാം.

അത്തച്ചമയം ആസ്ഥാനം തൃപ്പൂണിത്തുറയാണ്. പണ്ട് കൊച്ചി മഹാരാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന അത്തച്ചമയം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഓണാഘോഷമാണെന്നത് നിങ്ങൾക്കറിയാമോ? 1961 ലാണ് അത്തച്ചമയം ഓണത്തിന്റെ ഭാഗമായുള്ള സർക്കാർ നേരിട്ട് നടത്തുന്ന ആഘോഷമാക്കി മാറ്റിയത്. അങ്ങനെയാണ്, അത്തച്ചമയം ഇന്ന് കാണുന്ന രീതിയിലുള്ള ജനകീയോത്സവമായി മാറിയത്.

അത്തച്ചമയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലർക്കും പല പല അഭിപ്രായങ്ങളാണ്. ഏതോ ഒരു യുദ്ധത്തിൽ സാമൂതിരിയോട് ഏറ്റുമുട്ടി വിജയിച്ചതിന്റെ ഓർമ്മക്കാണ് അത്തച്ചമയം തുടങ്ങിയതെന്നാണ് ഒരു കഥ. വേറൊന്ന്, പകയുടെയും വാശിയുടെയും ഉത്സവപ്രതീതിയാർന്ന മാമാങ്കം എന്ന യുദ്ധോത്സവത്തിന് മുൻപേ നടത്തപ്പെടുന്ന ശക്തിപ്രകടനമായാണ് അത്തച്ചമയം നടത്തപ്പെടുന്നതെന്നാണ്. മഹാബലിയെപ്പോലെ നീതിമാനായ കൊച്ചിരാജാവ്, മഹാബലിയെപ്പോലെ തന്റെ പ്രജകളെ എല്ലാവരെയും കാണുന്നതിന് വേണ്ടി ഒരുക്കപ്പെട്ട മേളയാണ് അത്തച്ചമയമെന്നും പറയപ്പെടുന്നു.

1949 വരെ, കൊച്ചി മഹാരാജാവ് ചിങ്ങമാസത്തിലെ അത്തം ദിനത്തിന് കൊടി ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. അത്തത്തിന് മൂന്ന് ദിവസം മുന്നേ ‘ദേശം അറിയിക്കൽ’ എന്ന ആഘോഷ വിളംബരം നടത്തപ്പെടും. അതിന് ശേഷമാണ് അത്തം ദിനത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൊഴുതതിന് ശേഷമാണ്, ഉടവാളും ആടയാഭരണങ്ങളും അണിഞ്ഞ്, പല്ലക്കിലേറി മൂന്ന് കോട്ടവാതിലുകളും സന്ദർശിച്ചുള്ള പട്ടണ പ്രദക്ഷിണത്തിന് ശേഷം, തൃപ്പൂണിത്തുറയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള തൃക്കാക്കര വാമനക്ഷേത്രത്തിൽ പോയി മഹാരാജാവ് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത്. ഇതാണ് പഴയ അത്തച്ചമയ ഘോഷയാത്ര. നാനാജാതിമതസ്ഥരും, പലവിധ കലാരൂപങ്ങളും പങ്കെടുക്കുന്ന ഈ ഘോഷയാത്ര, കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെട്ടൂർ തങ്ങളും എത്തിച്ചേരാതെ ആരംഭിക്കാറുണ്ടായിരുന്നില്ല.ദിവാന്മാരും, ഊരിപ്പിടിച്ച വാളുമായി അംഗരക്ഷകരും പ്രജകൾ മുഴുവനുമെന്നത് പോലെ മഹാരാജാവിന്റെ കൂടെ പങ്കെടുക്കുന്ന ആഘോഷയാത്രയാണ് അത്തച്ചമയം. വന്നേരി എന്ന പ്രദേശം സാമൂതിരിയുമായുള്ള യുദ്ധത്തിൽ നഷ്ടപ്പെട്ടതിന് ശേഷം, മഹാരാജാക്കന്മാർ, തങ്ങളുടെ രത്നക്കിരീടം, തലയിൽ വെക്കാതെ മടിയിലായിരുന്നത്രേ അത്തച്ചമയത്തിന് വെക്കാറുണ്ടായിരുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘോഷങ്ങളും, കേരളത്തിന്റെ മാത്രം നാടൻ കലാരൂപങ്ങളും ചേർന്ന വർണ്ണ ശബളാഭമായ ഘോഷയാത്ര ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ്. അത്തച്ചമയം സർക്കാരിന്റെ വകയായുള്ള ജനകീയ ആഘോഷമായതിന് ശേഷം, തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ചെണ്ടവാദ്യം, പഞ്ചവാദ്യം, താലപ്പൊലി, ശക്തൻ തമ്പുരാന്റെ നിർദ്ദേശപ്രകാരം അവതരിപ്പിക്കപ്പെട്ട പുലിക്കളി, മറ്റ് കലാദൃശ്യങ്ങൾ എന്നിവ പൊലിമ നൽകുന്ന അത്തച്ചമയം, കേരളത്തിലെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആഘോഷമാണെന്ന് നിസ്സംശയം പറയാം.

അയ്യയ്യോ പഴം പുരാണം വായിച്ചിരുന്നു നേരം പോയല്ലോ…. ഓണത്തെ കുറിച്ച് ഇനിയും ധാരാളം അറിയാനുണ്ടെങ്കിലും…. ഇപ്പോൾ പോയി ഈ വർഷത്തെ ഓണം ആഘോഷിച്ചാട്ടെ…. രണ്ട് മൂന്ന് പായസം കൂട്ടി നല്ലൊരു സദ്യയും, ഓണ ക്കോടികളും, ബന്ധു മിത്രാദികളുംചേർന്ന്..
സത്കുടുംബത്തോടെ സന്തോഷം നിറഞ്ഞ ഓണം ഏവർക്കും ആശംസിക്കുന്നു 🙏😍

സൈമ ശങ്കർ, മൈസൂർ

RELATED ARTICLES

2 COMMENTS

  1. ഓണത്തെക്കുറിച്ചുള്ള വിവരണം അസ്സലായി…. ❤️👍🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com