Monday, February 2, 2026
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്. ഭാഗം 25) ' കാഴ്ചയുടെ നൈരർത്ഥ്യങ്ങൾ' ✍ ഗിരിജാവാര്യർ

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്. ഭാഗം 25) ‘ കാഴ്ചയുടെ നൈരർത്ഥ്യങ്ങൾ’ ✍ ഗിരിജാവാര്യർ

ഇന്നൊരു കുഞ്ഞുകഥ കേട്ടാലോ?ഒരു കുട്ടിയുടെ സംശയത്തിന്റെ കഥ!

കുട്ടി ചോദിച്ചു.
“സൂര്യപ്രകാശത്തിന്റെ നിറമെന്താണ്?”

അച്ഛൻ പറഞ്ഞു “പച്ച ”

“എങ്ങനെ അറിയാം ”

കുട്ടിയുടെ സംശയം വീണ്ടും പൊട്ടിക്കിളുർത്തു.
മുറ്റത്തെ മാവിൻചില്ലയിലേക്കു വിരൽ ചൂണ്ടി അച്ഛൻ പറഞ്ഞു.

“ഈ ചുവന്ന മാന്തളിര് സൂര്യപ്രകാശം ഊറ്റിക്കുടിച്ച് പച്ച ഇലയായി മാറിയില്ലേ? അപ്പോൾ സൂര്യപ്രകാശത്തിന്റെ നിറം പച്ച. “

അമ്മ പറഞ്ഞു.

“അല്ല മഞ്ഞ.. കുലകുലയായ് തൂങ്ങിയാടുന്ന കണ്ണിമാങ്ങകൾ ചൂണ്ടി അവർ തുടർന്നു. “നോക്കുണ്ണീ.. പച്ചനിറമുള്ള ഈ കണ്ണിമാങ്ങകളത്രയും സൂര്യപ്രകാശം ഊറ്റികുടിച്ച് മൂത്തു പഴുത്തു മഞ്ഞനിറമാകുന്നു. അപ്പോൾ സൂര്യപ്രകാശത്തിന്റെ നിറം മഞ്ഞ. പൊന്നിൻ തിളക്കമുള്ള മഞ്ഞ.”

ഇതുകേട്ട കുട്ടിക്ക് എല്ലാം ശരിയെന്നു തോന്നി. എന്നാലൊന്നും ശരിയല്ലെന്നും. കാരണം, അപ്പോൾ നിലത്ത് ഉടഞ്ഞുകിടന്നൊരു കണ്ണാടിച്ചില്ല് ആ പ്രകാശത്തിന്റെ ഏഴുനിറങ്ങളുമെടുത്തു എതിർവശത്തെ ചുമരിൽ എറിഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു
(ഓ. എൻ. വി യുടെ തോന്ന്യാക്ഷരങ്ങളിൽനിന്ന്)

ഇതു വെറുമൊരു കഥയാണ്. മണ്ണിലെ സത്യവും ഇങ്ങനെത്തന്നെ.കാണുന്നവന്റെ ചിന്താഗതിയാണ് അതിന് വ്യത്യസ്ത നിറങ്ങൾ നൽകുന്നത്. സത്യം പലപ്പോഴും നമ്മുടെ ചിന്താശക്തിക്കും, വീക്ഷണകോണിനും അതീതമായിരിക്കും.

ഒരു വൃദ്ധബ്രാഹ്മണൻ,തന്റെ ദാസിപ്പെണ്ണിന്റെ സഹായത്തോടെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കുന്നത് കണ്ട പാക്കനാരുടെ ഭാര്യ, നാട്ടുകാരുടെ ഇല്ലാവചനം വിശ്വസിച്ചു അയാളുടെ ചെയ്തിയെ ഇകഴ്ത്തിയത്രേ.
“സ്വന്തം മകളുടെ പ്രായമല്ലേ ആ കുട്ടിയ്ക്കുള്ളൂ ”
എന്നാണ് കാളി പറഞ്ഞത്. എന്നാൽ വാസ്തവത്തിൽ അദ്ദേഹം ആ ദാസിപ്പെണ്ണിനെ പുത്രീഭാവത്തിൽത്തന്നെയാണ് കരുതിവന്നിരുന്നത്. ആ കുട്ടിയും, ദേഹത്തിനു സുഖമില്ലാത്ത ഒരച്ഛന് നൽകുന്ന വാത്സല്യത്തോടെ അദ്ദേഹത്തെ പരിചരിച്ചു. കിട്ടിയതോ? നാട്ടുകാരുടെ അപവാദം. പാക്കനാർ, പത്നിക്ക് അവൾ ഗ്രഹിച്ചതിലെ അബദ്ധം മനസ്സിലാക്കിക്കൊടുത്തു.

പറഞ്ഞു വന്നത് നമ്മുടെ വീക്ഷണകോണിനെപ്പറ്റിയാണ്. അനുഭോക്താവിന്റെ ചിന്തകളെയും, മനോവ്യാപാരത്തെയും അനുസരിച്ചായിരിക്കും കേൾക്കുന്ന ശബ്ദങ്ങളിലും, കാണുന്ന ദൃശ്യങ്ങളിലും, സന്തോഷം, സങ്കടം, വെറുപ്പ്‌, അമർഷം എന്നിവ പ്രതിഫലിക്കുന്നത്.

“ഏറെപ്പാഞ്ഞു മാഴ്‌കുമ്പോൾ
ദേവത നമുക്കേകും വിശ്രമമഞ്ചം ‘രോഗം’”
എന്ന് രോഗത്തിനൊരു നിർവചനം കൊടുക്കാൻ നമുക്കാവുമോ? എന്നാൽ, ബാലാമണിയമ്മയ്ക്ക് അതിനു കഴിഞ്ഞു.പച്ചവിറകിന്റെ പുകയും, പച്ചക്കറികളുടെ ചീഞ്ഞമണവും തട്ടി അടുക്കളയിൽ തളച്ചിടപ്പെട്ട ദുരിതജന്മങ്ങളോട് ചോദിച്ചുനോക്കൂ. അവർക്കീ വരികളോട് യോജിച്ചുപോകാൻ കഴിയും.

ഒരു കുഞ്ഞനുഭവവുംകൂടി പറഞ്ഞ് ഞാനിതു അവസാനിപ്പിക്കാം.ഞങ്ങളുടെ അയല്പക്കത്തെ പി. ടി ഭാസ്കരപ്പണിക്കരുടെ അടയ്ക്കാപുത്തൂരിലെ “പൊതുവാട്ടിൽ തറവാട്” പൊളിച്ചുപോയി. അന്നതിന്റെ പടിപ്പുരമാളിക (അതും വളരെ ബൃഹത്തായ ഒരു കെട്ടിടക്കെട്ടാണ്) വാങ്ങിയത് എന്റെ ടീച്ചറാണ്. ഞാൻ കോളേജിൽ പഠിക്കുന്ന കാലം.ടീച്ചറുടെ മക്കളും ടീച്ചറുടെ ചേച്ചിയുടെ മക്കളും, എന്നും വാര്യത്തെത്തും.അനിയനോ, അനിയത്തിയോ ഇല്ലാതിരുന്ന എനിക്ക് ഈ കുട്ടികൾ കൂട്ടായി. അവരില് മൂത്തവൻ രാജുട്ടനാണ്.അന്നവര് നാലിലുമഞ്ചിലുമൊക്കെ പഠിക്കുന്ന കാലം! വേണ്വേട്ടൻ അടയ്ക്കാപുത്തൂർ ഹൈസ്കൂളിൽ അധ്യാപകനായി “ജോയിൻ” ചെയ്ത സമയം! ഒരുനാൾ,അച്ഛൻ ഇല്ലാത്തതക്കംനോക്കി രാജൂട്ടൻ ചാരുകസേരയിൽ രാജനായി വിലസി ഏട്ടനോടൊരു ചോദ്യം.

”ഞാനിപ്പോ ചെറ്യേ സ്കൂള് കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും വേണ്വേട്ടൻ പിരിയ്യോ? “
വളരെ ആത്മാർത്ഥമായിട്ടാണ് കുട്ടി അതു ചോദിച്ചത്.അന്ന്, അതുകേട്ട് കണ്ണുതള്ളിപ്പോയ ഏട്ടന്റെ മുഖം ഇതെഴുതുമ്പോഴും കണ്മുന്നിൽ! അക്കാലത്ത് ഏട്ടനു പ്രായം ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സാണ്.
ഓർമ്മകൾക്കെന്തൊരു പച്ചപ്പാണ്!
വർഷങ്ങൾ പലതു കഴിഞ്ഞതോടെ അവരും പുതിയ വീടുവച്ച് മാറിപ്പോയി. പരസ്പരം കാണാതെയുമായി.

ഈയടുത്ത് ,നാട്ടിലെ ഒരു കല്യാണംകൂടാൻ പോയപ്പോഴാണ് രാജുട്ടന്റെ വിളി എന്റെ ഫോണിലേക്കു വന്നത്.

“ഗിരിജേച്ചി ഇവിടെയുണ്ടെന്ന് വേണ്വേട്ടൻ പറഞ്ഞു. ഏട്ടൻതന്നെയാ നമ്പർ തന്നത്.ഞാൻ മണ്ഡപത്തിന് മുന്നിലുണ്ട്. ഇങ്ങോട്ടൊന്നു വരാമോ? “

ഞങ്ങൾക്കാണെങ്കിൽ മറ്റൊരു സ്ഥലംവരെ അത്യാവശ്യമായി പോകേണ്ട ദിവസം. ഞങ്ങളുടെ വണ്ടി നീങ്ങാൻ തുടങ്ങിയിരിക്കുന്നു.

“അവനെന്താ ഇങ്ങോട്ടു വന്നാൽ? നമ്മള് തിരിച്ചുപോയിക്കാണണം എന്നു എന്തേ ഇത്ര വാശി? “

ആര്യപുത്രന്റെ നിഷേധസ്വരം കേട്ട ഞാനും ആ കൂടിക്കാഴ്ച വേണ്ടെന്നുവച്ചു. പിന്നെക്കാണാംഎന്ന തിരക്കുകൾ പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

അന്ന് ആ യാത്രയിൽ, ഈ സംഭവം വിവരിച്ചപ്പോൾ ഏട്ടൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ..

“ ഒന്ന് കാണാമായിരുന്നു. വല്ലാതെ മോഹിച്ചു നമ്പർ വാങ്ങിയതാ. അവന് രണ്ടുകണ്ണും കാണില്ല”

ഇരുമ്പുകൂടംകൊണ്ട് തലയ്ക്കടിയേറ്റപോലെ ഞാൻ തരിച്ചിരുന്നു.കാഴ്ചയില്ലാത്തതു കൊണ്ടാകാം അവനെന്റെ അടുത്തേക്ക് ഓടിയെത്താതിരുന്നത്. ഒന്നിങ്ങോട്ട് വരുമോ എന്നു ചോദിച്ചത്!ദൈവം പോലും പൊറുക്കാത്ത ക്രൂരതയല്ലേ ഞാൻ ചെയ്തത് എന്നോർത്ത് ഉള്ളു നീറി.കണ്ണു നിറഞ്ഞു. “നമ്മളിതു അറിഞ്ഞതല്ലല്ലോ. സാരല്ല്യാ. നമുക്കവനെ പോയിക്കാണാം “എന്ന വാക്കുകൾക്കൊന്നും എന്നെ സമാധാനിപ്പിക്കാനായില്ല

രണ്ടുനാള് കഴിഞ്ഞില്ല, അവന്റെ വിളി വീണ്ടും.
“ ഞാൻ പാലക്കാട്‌വരുന്നുണ്ട്. ചേച്ചിയുടെ വീട്ടിലേക്ക് വരുന്ന വഴി ഒന്ന് പറഞ്ഞു തരാമോ? “
“രാജുട്ടാ നീയെങ്ങനെ? “ എന്റെ ശബ്ദം മുറിഞ്ഞു.

“അതൊന്നും വിഷയമല്ല.. ഞാൻ വരും. എനിക്കു കാണണം”
സ്കൂളിനടുത്തു താമസിക്കുന്ന എന്റെ വീടറിയാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ഏട്ടൻ അവനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. ബസ് ഇറങ്ങിയ രാജുട്ടനെ എന്റെ ശിഷ്യനായ ഓട്ടോക്കാരൻ കൃത്യമായി വീട്ടിൽ എത്തിക്കുകയും ചെയ്തു. കൈ പിടിച്ചു അകത്തേക്ക് ആനയിക്കുമ്പോൾ അവന്റെ വിരലുകൾ എന്റെ കൈത്തണ്ടയിൽ പരതി. അന്ധന്റെ തിരിച്ചറിവുകൾ. എന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് അവൻ കാണില്ലല്ലോ!
കാഴ്ചനഷ്ടത്തെപ്പറ്റി കൂളായി അവൻ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. പോക്കറ്റിൽ നിന്ന് അവൻ താക്കോൽക്കൂട്ടം എടുക്കുന്നതും, അവയുടെ അഗ്രങ്ങളിൽ വിരലുകൾ ഓടിച്ചു പരിശോധിക്കുന്നതും നോട്ടുകൾ തഴുകി എടുത്തുവയ്ക്കുന്നതും ഞാൻ കണ്ടു. ഒരു ഇന്ദ്രിയം പണിമുടക്കുമ്പോൾ മറ്റ് ഇന്ദ്രിയങ്ങൾ കൂടുതൽ ജാഗ്രത്തും വാചാലവുമാകുന്നു എന്നെനിക്ക് തോന്നി.

പോകാൻനേരം എന്റെ വിരലുകളിൽ അമർത്തിപ്പിടിച്ചവൻ പറഞ്ഞു.
“എനിക്ക് ഗിരിജേച്ചിയെ കാണാൻ കഴിയും. ഇപ്പോഴത്തെ രൂപമല്ലേ അറിയാത്തത്! അതെനിക്കൂഹിക്കാം!”
തേങ്ങലടക്കാൻ ഞാൻ പാടുപെട്ടു. എന്റെ മുമ്പിൽ ശൂന്യമായ നോട്ടത്തോടെ ഇരിക്കുന്ന ഈ മനുഷ്യനെ, “ വേണ്വേട്ടൻ പിരിയ്യോ” എന്ന് ചോദിച്ച, കുഞ്ഞുനിക്കറിട്ട പയ്യനോട് ചേർത്തുവയ്ക്കാൻ ഉള്ള് വിസമ്മതിക്കുന്നതുപോലെ!
ഒരുപക്ഷേ ഇവന്റെ കാഴ്ചയില്ലായ്മ ഓർമ്മകളെ കൂടുതൽ ബലപ്പെടുത്തുന്നുണ്ടാവാം! നമ്മുടെ കാഴ്ചകളിൽപ്പെടാത്ത പലതും അവൻ കാണുന്നുമുണ്ടാവാം!

“കണ്ണാടി നോക്കാൻ മിനക്കെടാതായപ്പോൾ
കാഴ്ചവട്ടത്തിന്നു വ്യാസമേറി!” എന്നു ശാരദക്കുട്ടിയുടെ ഒരെഴുത്തിൽ വായിച്ചതിന്റെ പൊരുൾ ഇതായിരിക്കാം!!

“അടുത്തവട്ടം വരുമ്പോൾ ഗിരിജേച്ചീ, ദേ, ഈ കൈത്താങ്ങ്കൂടി വേണ്ടിവരില്ല.. ഇത് ആദ്യമായതുകൊണ്ടുള്ള ഒരു പരുങ്ങല് മാത്രം “
എന്നവൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞ്, തന്റെ നീളൻ വടി മുമ്പിൽ തലങ്ങും വിലങ്ങും മുട്ടുമ്പോൾ അവൻ ജീവിക്കുന്ന “ഇരുട്ട് “ “പ്രകാശത്തിന്റെ വെറും സാധാരണമായ അസാന്നിദ്ധ്യം” മാത്രമാണെന്ന വീക്ഷണകോണിലേക്ക് ഞാനും പതുക്കെ എത്തുകയായിരുന്നു!

അവതരണം: ഗിരിജാവാര്യർ

RELATED ARTICLES

5 COMMENTS

  1. എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയ്ക്ക് ഹൃദയസ്പർശി ആയിരുന്നു. 😪

  2. ഒരേ കാര്യം രണ്ടു തരത്തിൽ കാണുന്നത് നോക്കുന്നവന്റെ കണ്ണിന്റെ കുഴപ്പമാണ്.
    നിർഭാഗ്യവശാൽ ഇത്തരം മനുഷ്യരുടെ എണ്ണം കൂടിവരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com