മോറിയ മലയിലെ ദൈവം (എബ്രാ.11: 17 – 19 )
“വിശ്വാസത്താൽ അബ്രഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ, യിസ്ഹാക്കിനെ യാഗം അർപ്പിച്ചു” (വാ. 17).
ദൈവം താൻ സ്നേഹിച്ചു തെരെഞ്ഞെടുക്കുന്ന ചിലരോട്, പ്രത്യേക രീതിയിൽ ഇടപെടുന്ന ചില സന്ദർഭങ്ങളുണ്ട്. അതിൽ അവിസ്മരണീയമായ ഒന്നാണ്, തന്റെ മകനായ യിസ്ഹാക്കിനെ യാഗം കഴിക്കാൻ ദൈവം അബ്രഹാമിനോടു ആവശ്യപ്പെടുന്ന സംഭവം! (ഉല്പ. 22:1-19). അബ്രഹാമിന്റെ പരിശോധനയുടെ സ്ഥലം ആയിരുന്നു മോറിയ മല. പരീക്ഷ പാസ്സായ അബ്രഹാമിനു ലഭിച്ച സമ്മാനം: ‘വിശ്വാസികളുടെ പിതാവ് ‘ എന്ന ബിരുദമായിരുന്നു. “ലഭിക്കുന്നവനല്ലാതെ മാറ്റാരും അറിയാത്തതും, ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും ജയിക്കുന്നവനു കൊടുക്കും”(വെളി.2:17) എന്ന വെളിപ്പാടിലെ മാറ്റമില്ലാത്ത വാഗ്ദത്തം അബ്രഹാമിൽ മുന്നമേ നിറവേറി എന്നു പറയാം?
കൽദയരുടെ ഊരിൽ നിന്നും അബ്രഹാമിനെ വിളിച്ചിറക്കിയ ദൈവം, തനിക്കു വാഗ്ദത്തങ്ങൾ നൽകിയ പ്പോൾ, അവൻ പൂർണ്ണമായും ആ ദൈവത്തെയും, താൻ നൽകിയ വാഗ്ദത്തങ്ങളെയും വിശ്വസിക്കുവാൻ തയ്യാറായി. നരബലി നിലനിന്നിരുന്ന ഒരു പശ്ചാത്തലത്തിലായിരുന്നിരിക്കണം, അങ്ങനെയൊരു പരീക്ഷ രൂപപ്പെട്ടത് എന്നനുമാനിക്കുന്നതിൽ തെറ്റില്ല!എന്നാൽ ദൈവം നരബലിഅനുവദിച്ചില്ല. അബ്രഹാമിന്റെ കറകളഞ്ഞ വിശ്വാസവും അനുസരണവും തെളിയിക്കപ്പെടുകയും ചെയ്തു.
യേശുക്രിസ്തുവിലൂടെ ദൈവരാജ്യ ദൗത്യ നിർവ്വഹണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഓരോ വിശ്വാസിക്കും, അബ്രഹാമിനേപ്പോലെ പരിശോധനയുടെ കുന്നുകൾ താണ്ടേണ്ടിവന്നേക്കാം? അവിടെ അടിപതറാതെ നിൽക്കുന്നവർക്കു മാത്രമേ, വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ വിശ്വാസ പിൻതുടർച്ച അവകാശപ്പെടാനാകൂ. അങ്ങനെയുള്ളവരുടെ സംഘങ്ങളെ, ആർച്ചുബിഷപ്പ് എൽഡർ കാമറ വിശേഷിപ്പിക്കുന്നതു “അബ്രാഹാമിക ന്യൂനപക്ഷങ്ങൾ” ( Abrahamic Minorit-ies) എന്ന പേരിലാണ്. ദൈവം പറയുന്നതെന്തും
വ്യവസ്ഥ കൂടാതെ പൂർണ്ണമായി അനുസരിക്കുന്ന തന്റെ വിശ്വസ്ത മക്കളായി,
നമ്മുടെ ജീവിതങ്ങളെ ദൈവമുമ്പാകെ നമുക്കു സമർപ്പിക്കാം? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: . വാഗ്ദത്ത നിവൃത്തിക്ക് വ്യവസ്ഥ കൂടാതെയുളള സമർപ്പണം അനിവാര്യം!