Sunday, October 6, 2024
Homeമതംശ്രീ കോവിൽ ദർശനം (39) 'ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രം, ശ്രീവരാഹം ' ✍...

ശ്രീ കോവിൽ ദർശനം (39) ‘ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രം, ശ്രീവരാഹം ‘ ✍ അവതരണം: സൈമശങ്കർ മൈസൂർ.

സൈമശങ്കർ മൈസൂർ

ഭക്തരെ…!
തിരുവനന്തപുരം നഗരത്തിൽ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ലക്ഷ്മീവരാഹമൂർത്തി ക്ഷേത്രക്കുളത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തായുള്ള പ്രദേശമാണ് ശ്രീവരാഹം. മഹാവിഷ്ണുവിൻറെ ദശാവതാരങ്ങളിൽ ഒന്നായ വരാഹമൂർത്തി മഹാലക്ഷ്മിയോടൊപ്പം ആരാധിക്കപ്പെടുന്ന ലക്ഷ്മീവരാഹമൂർത്തിക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ശ്രീവരാഹം എന്ന പേര് ലഭിച്ചത്. പത്മനാഭസ്വാമിക്ഷേത്രത്തിൻറെ പടിഞ്ഞാറുഭാഗത്താണ് ഈ സ്ഥലം. ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രം, മുക്കോലയ്ക്കൽ ഭഗവതീ ക്ഷേത്രം, തുറയിൽ അന്നപൂർണ്ണേശ്വരി ദുർഗ്ഗ ഭഗവതീ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങൾ ഇവിടെയാണ്.

ചിങ്ങമാസത്തിലെ വെളുത്ത ചതുർത്ഥി ദിവസം ആഘോഷിക്കുന്ന വിനായക ചതുർത്ഥിയാണ് ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷണങ്ങളിലൊന്നാണിത്. ഗണപതിഭഗവാൻറെ ജന്മദിനമായി അറിയപ്പെടുന്ന വിനായക ചതുർത്ഥി നാളിൽ ക്ഷേത്രനട രാവിലെ നേരത്തേ തുറന്ന് പൂജ നടത്തുന്നു. അന്നേദിവസം അഷ്ടദ്രവ്യമഹാഗണപതിഹോമമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. ആയിരത്തി എട്ട് നാളികേരങ്ങളാണ് ഈ ഹോമത്തിന് ഉപയോഗിയ്ക്കുന്നത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് ഹോമം നടത്തുന്നത്.
വർണ്ണവിളക്കുകൾ, അലങ്കാര ദീപങ്ങൾ, കുലവാഴ തോരണങ്ങൾ തുടങ്ങി വലിയ അലങ്കാരങ്ങളാണ് ഈ ദിവസം ക്ഷേത്രത്തിലുണ്ടാകുക.

സന്ധ്യയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻറെ അകമ്പടിയോടെ, വാദ്യമേളങ്ങളോടെ ഗണപതിവിഗ്രഹം നഗരപ്രദക്ഷിണത്തിന് എഴുന്നള്ളുന്നു. ക്ഷേത്രത്തിൽ തുടങ്ങുന്ന പ്രദക്ഷിണം ലക്ഷ്മീവരാഹമൂർത്തി ക്ഷേത്രത്തിന് മുന്നിലെത്തുകയും, തുടർന്ന് തീർത്ഥക്കുളത്തെയും വലംവച്ചശേഷം തിരിച്ച് ക്ഷേത്രത്തിലെത്തുകയും ചെയ്യുന്നതാണ് ചടങ്ങ്. നിരവധി ഭക്തജനങ്ങളാണ് ഈ കാഴ്ച കാണാനായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുമ്പോഴും ക്ഷേത്രത്തിൽ മടങ്ങിയെത്തുമ്പോഴും വഴിനീളെ സ്വീകരണവും ഉണ്ടാകും. അന്നേദിവസം അപ്പവും മോദകവുമാണ് പ്രധാന നിവേദ്യവസ്തുക്കൾ.

അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments