Sunday, November 24, 2024
Homeഇന്ത്യക്ലെയിം ചെയ്യാത്ത പണം അവകാശികളെ കണ്ടെത്തി തിരികെ നൽകണം; ബാങ്കുകൾക്ക് മാ‍‍ർഗനിർദേശവുമായി ആർബിഐ*

ക്ലെയിം ചെയ്യാത്ത പണം അവകാശികളെ കണ്ടെത്തി തിരികെ നൽകണം; ബാങ്കുകൾക്ക് മാ‍‍ർഗനിർദേശവുമായി ആർബിഐ*

ന്യൂഡൽഹി —ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി റിസര്‍വ് ബാങ്ക്. ബാങ്കുകൾ ഇതുവരെ ക്ലെയിം നൽകാത്ത അക്കൗണ്ടുകളുടെ ഉപഭോക്താക്കളെ കണ്ടെത്തി ഉടൻ പണം തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് നിർദ്ദേശം. ഇതിനായി ഇത്തരം അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ ഇടയ്ക്കിടെ ബാങ്കുകൾ പ്രത്യേക ഡ്രൈവുകൾ നടത്തണമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം ഏപ്രിൽ 1 മുതൽ ആണ് ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ തോത് കുറയ്ക്കുന്നതിനും അത്തരം നിക്ഷേപങ്ങൾ അവരുടെ യഥാർത്ഥ ഉടമകൾക്കോ അവകാശികൾക്കോ തിരികെ നൽകുന്നതിനുമായി ബാങ്കുകളും ആർബിഐയും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകൾ, ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ എന്നീ രണ്ടു വിഷയങ്ങളും പരിഗണിച്ച് ബാങ്കുകൾ ഉടൻ തന്നെ നടപ്പാക്കേണ്ട നടപടികളെ കുറിച്ചാണ് ആർബിഐയുടെ അറിയിപ്പ്.

കൂടാതെ അത്തരം അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും ആനുകാലിക അവലോകനം ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പ് തടയുന്നതിന്റെ ഭാഗം കൂടിയാണെന്നും ആർബിഐ പറഞ്ഞു. പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ, രണ്ടു വർഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത സേവിംഗ്സ്/കറന്റ് അക്കൗണ്ടുകളെ പ്രവർത്തന രഹിതമായി കണക്കാക്കും. കൂടാതെ പത്ത് വർഷമോ അതിൽ കൂടുതലോ ആയി ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന ഡെപ്പോസിറ്റ് അക്കൗണ്ടിലെ ക്രെഡിറ്റ് ബാലൻസ്, റിസർവ് ബാങ്കിന്റെ ‘ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്സ്’ ഫണ്ടിലേക്ക് (DEA) മാറ്റും.

ഇതിനുപുറമേ പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുന്നതിനും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും ബാങ്കുകൾ കത്ത് , ഇമെയിൽ, എസ്എംഎസ് എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. ഇതിൽ ഇമെയിൽ/എസ്എംഎസ് എന്നിവ മൂന്നുമാസം കൂടുമ്പോൾ ബാങ്കുകൾ അയക്കണം. ഇനി ഇത്തരം ഉപഭോക്താക്കളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് അക്കൗണ്ട് ഉടമയെ ബാങ്കിന് പരിചയപ്പെടുത്തിയ ആളുമായി ബാങ്കുകൾ ബന്ധപ്പെടേണ്ടതാണെന്നും ആർബിഐ കൂട്ടിച്ചേർത്തു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments