പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനം, സാമൂഹിക ഭരണം, വിദേശനയം എന്നിവയില്‍ ഇന്ത്യ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ പ്രകീര്‍ത്തിച്ച് ബീജിങ് ആസ്ഥാനമായ പ്രമുഖ ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ലേഖനം ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ചു.
ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ദക്ഷിണേഷ്യൻ പഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഷാങ് ജിയാഡോങ് എഴുതിയ ലേഖനം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ എടുത്തുകാട്ടുന്നു. ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ച, നഗര ഭരണത്തിലെ പുരോഗതി, അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള, പ്രത്യേകിച്ച് ചൈനയുമായുള്ള മനോഭാവത്തിലുള്ള മാറ്റം എന്നിവ ഇത് ചൂണ്ടിക്കാട്ടുന്നു.
‘‘ഉദാഹരണത്തിന്, ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഇന്ത്യന്‍ പ്രതിനിധികള്‍ മുമ്പ് വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനുള്ള ചൈനയുടെ നടപടികളില്‍ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇന്ത്യയുടെ കയറ്റുമതി സാധ്യതകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നു’’- ജിയാഡോങ് കുറിച്ചു.
രാജ്യത്തിന്റെ തന്ത്രപരമായ ആത്മവിശ്വാസത്തിന് ഊന്നൽ നൽകി ‘ഭാരത ആഖ്യാനം’ വളർത്തുന്നതിനുള്ള ഇന്ത്യയുടെ സജീവമായ സമീപനത്തെ ലേഖനം അഭിനന്ദിക്കുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലൂടെ, ഒരു ‘ഭാരത ആഖ്യാനം’ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇന്ത്യ കൂടുതൽ തന്ത്രപരമായ ആത്മവിശ്വാസം നേടിയെന്നും കൂടുതൽ സജീവമായി മാറിയെന്നും രചയിതാവ് പറയുന്നു. “രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ, ഇന്ത്യ പാശ്ചാത്യരാജ്യങ്ങളുമായുള്ള ജനാധിപത്യ സമവായത്തിന് ഊന്നൽ നൽകുന്നതിൽനിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ‘ഇന്ത്യൻ സവിശേഷത’ ഉയർത്തിക്കാട്ടുന്നതിലേക്ക് നീങ്ങി. നിലവിൽ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഇന്ത്യൻ ഉത്ഭവത്തിന് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായ കോളനിവാഴ്ചയുടെ നിഴലിൽനിന്ന് രക്ഷപ്പെടാനും രാഷ്ട്രീയമായും സാംസ്കാരികമായും ആഗോള സ്വാധീനം ചെലുത്താനുമുള്ള ഇന്ത്യയുടെ അഭിലാഷത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത് എന്ന് ലേഖനം ഉറപ്പിച്ചു പറയുന്നു.
കൂടാതെ, പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ വിദേശനയ തന്ത്രത്തെ ലേഖനം പ്രകീർത്തിക്കുന്നു. രാജ്യത്തിന്റെ ബഹുമുഖ സമീപനവും യുഎസ്, ജപ്പാൻ, റഷ്യ തുടങ്ങിയ പ്രമുഖ ആഗോള ശക്തികളുമായുള്ള ബന്ധത്തിനു കരുത്തേകുന്നതും റഷ്യ-യുക്രൈൻ സംഘർഷത്തിൽ സൂക്ഷ്മമായ നിലപാട് പ്രകടിപ്പിക്കുന്നതും ഉയർത്തിക്കാട്ടുകയും ചെയ്തു.
വിദേശനയത്തിലെ ഇന്ത്യയുടെ തന്ത്രപരമായ ചിന്ത മാറ്റത്തിന് വിധേയമായെന്നും വ്യക്തമായും വൻശക്തി എന്ന തന്ത്രത്തിലേക്ക് നീങ്ങുകയാണെന്നും ലേഖനം കുറിക്കുന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതൽ, യുഎസ്, ജപ്പാൻ, റഷ്യ, മറ്റ് രാജ്യങ്ങൾ, പ്രാദേശിക സംഘടനകൾ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ബഹുതല തന്ത്രത്തിനായി അദ്ദേഹം വാദിച്ചു”- പ്രൊഫസർ ഷാങ് കുറിച്ചു.
ഇന്ത്യ എല്ലായ്പോഴും ഒരു ലോകശക്തിയായി സ്വയം കണക്കാക്കുന്നുവെന്ന് ലേഖനം കുറിക്കുന്നു. എന്നിരുന്നാലും, മൾട്ടി-ബാലൻസിങ്ങിൽ നിന്ന് മൾട്ടി-അലൈൻമെന്റിലേക്ക് ഇന്ത്യ മാറിയിട്ട് 10 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ, ഇപ്പോൾ അത് ബഹുധ്രുവലോകത്തിലെ ഒരു ധ്രുവമാകാനുള്ള തന്ത്രത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. “പരിവർത്തിതവും ശക്തവും കൂടുതൽ ദൃഢവുമായ ഇന്ത്യ പല രാജ്യങ്ങളും പരിഗണിക്കേണ്ട പുതിയ ഭൗമരാഷ്ട്രീയ ഘടകമായി മാറിയെന്ന് തോന്നുന്നു”വെന്നും ഉപസംഹാരമായി ലേഖകൻ കുറിച്ചു
ഗ്ലോബൽ ടൈംസ് ഇന്ത്യയുടെ മുന്നേറ്റങ്ങൾക്കും പ്രധാനമന്ത്രി മോദിയുടെ തന്ത്രപരമായ കാഴ്ചപ്പാടിനും നൽകിയ അപൂർവമായ ഈ അംഗീകാരം, ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സ്വാധീനത്തിന്റെയും അന്താരാഷ്ട്ര ഭൂപ്രകൃതിയിൽ ഇന്ത്യയുടെ ഉറച്ച നിലപാടിന്റെ സ്വാധീനങ്ങളുടെ വർധിച്ചുവരുന്ന അംഗീകാരത്തെയും സൂചിപ്പിക്കുന്നു.