ന്യൂഡൽഹി: ജാർഖണ്ഡിൽ മുഖ്യമന്ത്രിമാറ്റം ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെ ഭരണമുന്നണി എംഎൽഎമാർ ബുധനാഴ്‌ച മുഖ്യമന്ത്രി ഹേമന്ത് സൊറന്റെ വസതിയിൽ യോഗം ചേരും. ചോദ്യംചെയ്യലിന് സന്നദ്ധമാകാൻ മുഖ്യമന്ത്രിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)
നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽക്കൂടിയാണ് യോഗം.
മുഖ്യമന്ത്രിക്ക് സമൻസ് ലഭിച്ചതിനു പിന്നാലെ ഗാണ്ടേയ് മണ്ഡലത്തിലെ ജെഎംഎം എംഎൽഎ സർഫരാസ് അഹമ്മദ് രാജിവച്ചിരുന്നു. അറസ്റ്റുണ്ടായാൽ ഹേമന്തിന്റെ ഭാര്യ കൽപ്പനയെ മുഖ്യമന്ത്രിയാക്കുന്നതിനാണ് എംഎൽഎയുടെ അപ്രതീക്ഷിത രാജിയെന്നാണ് ബിജെപി ആരോപണം.
ജാർഖണ്ഡിൽ ഭൂമി ഉടമസ്ഥതയിൽ നിയമവിരുദ്ധമായി മാറ്റം വരുത്തുന്ന മാഫിയയുമായി ബന്ധപ്പെട്ട കേസിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത്. നേരത്തേ ആറുവട്ടം നോട്ടീസ് അയച്ചെങ്കിലും മുഖ്യമന്ത്രി ഹാജരായില്ല. ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സൊറൻ സമർപ്പിച്ച ഹർജികൾ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്.
ബിജെപി ആരോപിക്കുന്നതുപോലെ ഇഡി കേസിൽ അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടതായി വരും. ആ സാഹചര്യത്തിൽ ഭാര്യ കൽപ്പന മുഖ്യമന്ത്രിയായാൽ ആറുമാസത്തിനകം എംഎൽഎയായി നിയമസഭയിൽ എത്തണം. സർഫരാസ് രാജിവച്ചതിനാൽ കൽപ്പനയ്‌ക്ക് മത്സരിക്കാനാകും. 81 അംഗ നിയമസഭയിൽ ഭരണമുന്നണിയിൽ 47 പേരുണ്ട്. ജെഎംഎം 29, കോൺഗ്രസ് 17, ആർജെഡി ഒന്ന് എന്നിങ്ങനെയാണ് ഭരണമുന്നണിയിലെ കക്ഷിനില. ബിജെപിക്ക് 26 എംഎൽഎമാരാണുള്ളത്.