ഈ സംസാരത്തിൽ ജ്ഞാനത്തിനു തുല്യം ശുദ്ധിയുള്ള വേറെ ഒന്നും തന്നെ ഇല്ല. ജ്ഞാനം അറിവാണ്. വിദ്യാലയത്തിൽനിന്നു കിട്ടുന്നതും പുസ്തകങ്ങളിൽ നിന്നും ഇൻ്റർനെറ്റിൽനിന്നു കിട്ടുന്നതും മാത്രമല്ല അറിവ്. ജീവിതാനുഭവങ്ങളിൽനിന്നും, കാണുന്നതും കേൾക്കുന്നതുമായ എല്ലാറ്റിൽനിന്നും നമുക്ക് വിലയേറിയ അറിവ് ലഭിക്കുന്നു. “”വിദ്യാ ദതാതി വിനയം ” എന്നാണ് പറയുക. വിദ്യ ലഭിക്കുന്തോറും വിനയവും വർദ്ധിക്കും. എന്നർത്ഥം. എന്നാൽ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൽ വിദ്യാർത്ഥിയെ അഹങ്കാര രഹിതരാക്കാൻ സഹായിക്കുന്ന യാതൊന്നുംതന്നെയില്ല എന്നതാണ് അതിലെ ഏറ്റവും വലിയ ദോഷം. “”സത്യമെന്ന മഹാസമുദ്രത്തിൻ്റെ തീരത്തു ചരൽക്കല്ലുകളും കക്കകളും പെറുക്കിനടക്കുന്ന ഒരു ബാലൻ മാത്രമാണ് താൻ ” എന്ന് പറഞ്ഞ, ആധുനിക ഭൗതിക ശാസ്ത്രത്തിൻ്റെ പിതാവെന്ന് അറിയപ്പെടുന്ന, സർ ഐസക്ന്യൂട്ടന് മനുഷ്യൻ എത്രമാത്രം നിസ്സാരനാണെന്ന് അറിയാമായിരുന്നു. നന്മയുടെ ബീജങ്ങളെ വികസിപ്പിക്കുവാനും അതോടൊപ്പം തിന്മയുടെ വിത്തുകളെ നശിപ്പിക്കുവാനും ഉതകുന്ന വിദ്യാഭ്യാസമാണ് ഭാവി പൗരന്മാരാകേണ്ട വിദ്യാർത്ഥികൾക്കു നൽകേണ്ടത്.ഈ ലക്ഷ്യം വിസ്മരിക്കപ്പെട്ട് വിദ്യാഭ്യാസം പണസമ്പാദനത്തിനുള്ള ഒരു മാർഗ്ഗമായി അധ:പതിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ ഭാവിയെ നേരിടുന്ന ഏറ്റവും വലിയ ഭീഷിണി.
ഭൂമിയുടെ അടിയിൽനിന്നും കുഴിച്ചെടുക്കുന്ന എണ്ണ ശുദ്ധീകരിച്ച് പെട്രോൾ ആക്കുന്നതുപോലെ മനുഷ്യമനസ്സുകളേയും സംസ്ക്കരിച്ചെടുത്ത് സമൂഹനന്മയ്ക്കുപയുക്തമാക്കുന്നതിൽ ഇന്നത്തെ വിദ്യാഭ്യാസം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിചാര വികാരങ്ങളെയും ചിന്തകളെയും നല്ലവഴിക്കു തിരിച്ചുവിടാൻ വിദ്യാഭ്യാസം ഉതകണം. ശിഷ്യന്മാർക്ക് ഉത്തമമാതൃക കാട്ടിക്കൊടുക്കാൻ കഴിവുള്ള അദ്ധ്യാപകരേയും ഇക്കാലത്ത് കാണുവാൻ ബുദ്ധിമുട്ടാണ്. പഴയകാലത്ത് ആചാരത്തിലും വിചാരത്തിലും ശ്രേഷ്ഠത പുലർത്തിയിരുന്ന ആചാര്യന്മാരുണ്ടായിരുന്നു. വസിഷ്ഠനും വ്യാസനും ബൃഹസ്പതിയുമൊക്കെ ഗുരുകുലപരമ്പരയിൽപെട്ട ആചാര്യന്മാരായിരുന്നു. ഗുരുകുലവിദ്യാഭ്യാസം കഴിയുമ്പോൾ ആചാര്യൻ ശിഷ്യരെ ഒന്നിച്ചിരുത്തി ഇങ്ങനെ ഉപദേശിക്കുക പതിവായിരുന്നു.
മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യദേവോ ഭവ: അതിഥിദേവോ ഭവ:
ആദ്യം മാതാവിനെ, പിന്നെ പിതാവിനെ, തുടർന്ന് ആചാര്യനേയും ഒടുവിൽ വീട്ടിൽ വരുന്ന അതിഥിയെവരെ ദൈവത്തിനു തുല്യമായി കരുതണം എന്ന്. സത്യം, ധർമ്മം, കർത്തവ്യനിഷ്ഠ, സഹജീവികളോടും പ്രകൃതിയോടുമുള്ള കടപ്പാടുകൾ എന്നുവേണ്ട രാജത്തിലെ ഒരു പൗരനെന്ന നിലയ്ക്കും സമൂഹത്തിലെ ഒരു അംഗമെന്ന നിലയ്ക്കും ഉണ്ടാകേണ്ട ഉദാത്തങ്ങളായ സാംസ്ക്കാരിക സാന്മാർഗ്ഗിക മൂല്യങ്ങളാണ് പൗരാണിക ഗുരുകുലങ്ങളിലെ സിലബസ്സിൽ ഉൾക്കൊള്ളിച്ചിരുന്നത്. സ്നേഹത്തെ ആത്മീയമാർഗ്ഗമായി, സത്യത്തെ സ്വജീവിതത്തിൻ്റെ പ്രാണവായുവായി ഗണിച്ചിരുന്ന ഒരു ജനതയുടെ ഗേഹമായിരുന്നു നമ്മുടെ ഭാരതം. ഇന്ന് നാം മനുഷ്യരെന്ന നിലയ്ക്ക് നമ്മളിലുള്ള ദിവ്യതയെ വിസ്മരിച്ചു.അതിന് ആരാണ് ഉത്തരവാദികൾ? ഭാവി തലമുറയെ ഉത്തമ പൗരന്മാരാക്കേണ്ട ചുമതല ആർക്കൊക്കെയാണ്? അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ വിദ്യാഭ്യാസചുമതലയുള്ള ഭരണകർത്താക്കൾക്കോ? ഈ പറഞ്ഞ ഓരോരുത്തരും തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റുന്നുണ്ടോ? ഇന്നത്തെ അച്ചടക്കരാഹിത്യത്തിന് വിദ്യാർത്ഥികളെ – യുവതലമുറയെ – മാത്രം കുറ്റപ്പെടുത്തുവാൻ കഴിയുമോ?എന്നാൽ സത്യം ഇതാണ്. വിദ്യാർത്ഥികളെ ആദർശമഹത്ത്വവും സാംസ്ക്കാരികമേന്മയും ഒന്നും പഠിപ്പിക്കുന്നില്ല. മഹാന്മാരുടെ മാതൃകാജീവിതങ്ങൾ നാം അവരെ അഭ്യസിപ്പിക്കുന്നില്ല. സൽഗുണങ്ങൾ വളർത്താതെ ഇന്നു വിദ്യാർത്ഥികൾ ദു:സംഗത്തിലൂടെ ഊർജ്ജം വ്യർത്ഥമായി ധൂർത്തടിച്ച് സ്വജീവിതവും സമൂഹത്തിൻ്റെ സമാധാനവും ഹോമിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ എണ്ണത്തിൽ വർദ്ധിക്കുന്നു. എന്നാൽ വിദ്യാഭ്യാസം ദിനംപ്രതി ജീർണ്ണിക്കുകയാണ്. ഒന്ന് മനസ്സിലാക്കുക! ഒരു ബിരുദം നേടലല്ല വിദ്യാഭ്യാസം, ജീവിത സന്ധാരണത്തിനുള്ള ഒരു ഉപാധി മാത്രവുമല്ല അത്. അത് ഉന്നതിക്കുവേണ്ടിയുള്ളതാവണം.
വെള്ളച്ചാട്ടങ്ങളെ അണക്കെട്ടുകൾ മൂലം തടഞ്ഞുനിർത്തി അതിലെ ശക്തമായ ഊർജ്ജത്തെ മനുഷ്യന് പ്രയോജനകരമായ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുവാനും കൃഷിയാവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്നതുപോലെ നമ്മുടെ യുവാക്കളിലെ ഊർജ്ജ ശക്തിയെ നിയന്ത്രിച്ച് മനുഷ്യനന്മയ്ക്ക് ഉപയോഗിക്കാൻതക്ക പദ്ധതികൾ ഒന്നും നമ്മുടെ വിദ്യാഭ്യാസം നൽകുന്നില്ല. തൽഫലമായി ആ ഊർജ്ജം വിനാശകരമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്.ഇന്നത്തെ വിദ്യാഭ്യാസം വിജയത്തെപ്പറ്റി പഠിപ്പിക്കുമ്പോൾ ശാന്തിയെയും സമാധാനത്തെയും പറ്റി ഒന്നും പറയുന്നതേ ഇല്ല. ഇന്ന് എല്ലാ കൊടികളുടേയും നിറം ഇരുട്ടിൻ്റേതാണ്. ജീവിതത്തിലെ ഒരേ ശബ്ദം നിലവിളി മാത്രമാണ്. ദിനപത്രങ്ങളിൽ മുഴുവൻ ചോര പുരണ്ട വാർത്തകൾ മാത്രം!
അതുകൊണ്ട് അറിവിനെ സ്നേഹിക്കാൻ വിദ്യാർത്ഥിയെ സമർത്ഥമാക്കുക ,അദ്ധ്യാപകർ സ്വയം മാതൃകയാകുക, രക്ഷിതാക്കൾ ആദർശജീവിതം നയിക്കാൻ ശ്രമിക്കുക, സർക്കാർ മാതൃകാ പ്രവർത്തനങ്ങൾ നടത്തുക.ഈ മൂന്നിലും വിജയം കണ്ടാൽ ശരിയായ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നമുക്ക് നേടാൻ കഴിയും.
അവിദ്യയെ ഉപാസിക്കുന്നവൻ ചെന്നെത്തുന്നത് അന്ധകാരാവൃതമായ ആസുരലോകത്തിലാണെന്ന് ഈ ശാവാസ്യോപനിഷത്തിൽ പറയുന്നുണ്ട്.