കണ്ണൂർ : കോൺഗ്രസുകാർ മക്കളെ വളർത്തുന്നത് ബി.ജെ.പി.ക്ക് ദാനം നൽകാനാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ രണ്ടുമുതിർന്ന നേതാക്കളുടെ മക്കളാണ് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. കണ്ണൂർ പാർലമെന്റ് മണ്ഡലം ഇടതുമുന്നണിസ്ഥാനാർഥി എം.വി. ജയരാജന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലിൻകഷ്ണം ഇട്ടുകൊടുത്താൽ പിന്നാലെ ഓടുന്ന ചില ജീവികളുടെ സ്വഭാവമാണ് ചിലർ കാണിക്കുന്നത്. കോൺഗ്രസുകാരെ വോട്ടുചെയ്ത് ജയിപ്പിച്ചാൽ നാളെയും ഇവർ കോൺഗ്രസാകുമെന്ന് എന്താണ് ഉറപ്പ്. പലരെയും വിലപറഞ്ഞ് ഉറപ്പിച്ചുവെച്ചിരിക്കുകയാണ്. വേണ്ടിവന്നാൽ ഞാൻ ബി.ജെ.പി.യിലേക്ക് പോകും, നിങ്ങളുടെ ആരുടെയും ശീട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞ ആളെ ഓർമയില്ലേ?. ആർ.എസ്.എസിന് സംരക്ഷണം നൽകിയെന്ന് വലിയ മഹത്വത്തോടെ വിളിച്ചുപറഞ്ഞത് ഓർമയില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
To advertise here, Contact Us
കണ്ണൂരിലെ ഇപ്പോഴത്തെ ബി.ജെ.പി. സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ധർമടത്ത് മത്സരിച്ചതാണ്. അടുത്തമണ്ഡലത്തിലെ സ്ഥാനാർഥിയുടെ സഹോദരി നേരേ ബി.ജെ.പിയിൽ ചേർന്നു. നിന്നനിൽപ്പിൽ ബി.ജെ.പി.യിലേക്ക് കരണംമറിഞ്ഞ് വർഗീയ നിലപാട് എടുക്കാൻ മടിയില്ലാത്തവരായി കോൺഗ്രസുകാർ മാറി.
2013-22 കാലത്ത് അഞ്ഞൂറോളം കോൺഗ്രസ് നേതാക്കളാണ് ബി.ജെ.പി.യിൽ ചേർന്നത്. അതിൽ 11 മുൻമുഖ്യമന്ത്രിമാരും ഉൾപ്പെടും. -മുഖ്യമന്ത്രി പറഞ്ഞു.
– – – –