ന്യൂഡൽഹി —ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം. ബംഗാളില്‍ നിന്ന് ലോക്സഭ സ്ഥാനാര്‍ഥിയാക്കാനുള്ള താത്പര്യം ഷമിയെ ബിജെപി നേതൃത്വം അറിയിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഷമി തന്റെ പ്രതികരണം ബിജെപിയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.
ഷമിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലത്തില്‍ മുന്‍തൂക്കം നേടാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബസിര്‍ഹാത് ലോക്സഭാ മണ്ഡലത്തില്‍ ഷമിയെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നതെന്നാണ് സൂചന.
നേരത്തെ പരുക്കിനെ തുടര്‍ന്ന് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഷമിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിങ് റൂമിലെത്തി കളിക്കാരെ കണ്ടപ്പോഴും ഷമിയുടെ പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും താരത്തെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഷമി കാണുകയും ചെയ്തിരുന്നു.
ഷമിയുടെ ജന്മനാടായ അംറോഹയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷമി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്.
– – – – – – –