സ്കൂളിൽ പഠിക്കുന്ന കാലത്ത് നാരായണൻ മാഷാണ് ആദ്യമായി അയാൾക്ക് ഒരു കാർഡ് കൊടുത്തത്. അച്ഛൻ ഒപ്പിട്ട് തിരിച്ചു കൊടുക്കേണ്ട പ്രോഗ്രസ് കാർഡായിരുന്നു അത്. അച്ഛന് പ്രോഗ്രസ് കാർഡിനെപ്പറ്റി വലിയ നിശ്ചയമൊന്നുമുണ്ടായിരുന്നില്ല. ഒപ്പിടാനറിയാത്ത അച്ഛൻ വിയർപ്പിൻ്റെ നനവുള്ള ഉടുമുണ്ടിൽ കൈ തുടച്ച് സ്റ്റാമ്പ് പാഡിലെ വയലറ്റ് മഷി ഇടതു തള്ളവിരലിലേക്ക് പടർത്തി കാർഡിൽ അടയാളം വെച്ചു. വിരലിൽ പറ്റിയ മഷിയിൽ നോക്കി അച്ഛൻ സ്വപ്നം കാണുന്നത് അയാൾ കണ്ടു.
പഠിപ്പിനു പുറമെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ കൂടി അയാളെ ഏല്പിക്കുവാൻ അമ്മ തുടക്കമിട്ടത് സഞ്ചിയും കാശിനോടുമൊപ്പം പിങ്കു നിറത്തിലുള്ള റേഷൻ കാർഡ് കൈയിൽ കൊടുത്തുകൊണ്ടാണ്. അപ്പോൾ അമ്മ മുഷിഞ്ഞ നിറമുള്ള മുണ്ടിൻ്റെ കോന്തലകൊണ്ട് കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.
ബന്ധുവിൻ്റെ കണ്ണാക്കിന് പോകാൻ ബസ് കാത്തു നിൽക്കെ ബസ്സിടിച്ചു മരിച്ച അച്ഛൻ്റെ ജോലിയായിരുന്നു റേഷൻ വാങ്ങൽ.
പിന്നീട് പല ആവശ്യങ്ങൾക്കുള്ള പലതരം കാർഡുകൾ പല കാലങ്ങളിലായി അയാളുടെ കൈയിലെത്തി. കാർഡുകളില്ലാതെ അയാൾക്ക് ജീവിക്കുവാൻ കഴിയുമായിരുന്നില്ല.
കാർഡുകളെക്കുറിച്ച് അയാൾ ഓർത്തു.
ഒരാളെ അയാളറിയാതെ തോൽപ്പിക്കുവാൻ വേണ്ടി പുറത്തെടുക്കുന്ന ഇലക്ഷൻ കാർഡ്. അത് അയാളുടെ പൗരത്വം തെളിയിക്കുന്ന കാർഡായിരുന്നു.
അയാളുടെ സർവ്വ ജീവിതരഹസ്യങ്ങളുടെയും സൂക്ഷിപ്പ് ആധാർ കാർഡ് ഏറ്റെടുത്തപ്പോൾ ഒരു സി സി ടി വി ഒരുക്കുന്ന സുരക്ഷിതത്വം അയാൾക്ക് അനുഭവപ്പെട്ടു. അയാളുടെ സ്വകാര്യതയുമായി ലിങ്ക് ചെയ്യാത്ത ഒരിടവും ആ കാർഡിലുണ്ടാണ്ടായിരുന്നില്ല.
ഒരു ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് കിട്ടിയ നീല നാടയിൽ കോർത്തിട്ട തിരിച്ചറിയൽ കാർഡ് ഒരു ലോക്കറ്റു പോലെ കഴുത്തിൽ ഞാന്നു കിടക്കുന്നതുകണ്ട് അമ്മ കൗതുകത്തോടെ ചോദിച്ചു.
” ഇതെന്താ മോനേ”
” ജോലി കിട്ടിയതിൻ്റെ കാർഡാ അമ്മേ ”
തേഞ്ഞുപോയ വെറ്റിലക്കറപിടിച്ച പല്ലുകൾ കാണിച്ച് ഏറെ കാലത്തിനു ശേഷം അമ്മ ചിരിച്ചത് മകൻ്റെ ഫോട്ടൊ പതിച്ച ആ കാർഡു കണ്ടിട്ടായിരുന്നു.
തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് കാർഡും എ ടി എം കാർഡും ക്രെഡിറ്റ് കാർഡും പാൻകാർഡും സിം കാർഡും ഹെൽത്ത് ഇൻഷൂറൻസ് കാർഡും വിസിറ്റിംഗ് കാർഡും മറ്റുമായി കാർഡുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
അവസാനം പെൻഷനർ ഐഡൻ്റിറ്റി കാർഡ് അയാളുടെ പോക്കറ്റിൽ തിരുകിവെച്ചുക്കൊണ്ട് കാലം അയാളെ തട്ടിമാറ്റി കടന്നുപോയി.
കാലത്തിൻ്റെ കൈയിൽ തൂങ്ങി കൂടെ നടന്നിരുന്ന ജീവിതപങ്കാളി മണ്ണിലേക്കും മകൾ അയർലണ്ടിലേക്കും പറന്നകന്നപ്പോൾ
തെരുവിൽ ഉപേക്ഷിക്കപ്പെട്ട കാർഡുപോലെയായി അയാൾ.
ഓർമയുടെ കള്ളികളിൽ ഒതുങ്ങാത്ത നമ്പറുകളുടെ രഹസ്യങ്ങൾ ചുമക്കുന്ന കാർഡുകളുടെ കൂട്ടം അയാളെ ഭയപ്പെടുത്തി. അയാൾ അവയെല്ലാം ദൂരേക്കു വലിച്ചെറിഞ്ഞു.
പുതിയ ഒരു കാർഡ് വേണം. തൻ്റെ ഹൃദയസ്പന്ദമറിയുന്ന ഒരു കാർഡ്.
ഹൃദയത്തോട് ചേർത്തി വെച്ച് നടക്കാൻ അയാൾ സ്വന്തമായി ഒരു കാർഡ് തയ്യാറാക്കി. ജീവിതത്തിൻ്റെ പ്രോഗ്രസ് കാർഡ്. നമ്പറും ഫോട്ടൊയും പേരുമില്ലാത്ത ആ കാർഡിൽ അയാൾ ഇങ്ങനെ രേഖപ്പെടുത്തി.
72 വയസ്സ്. പ്രമേഹരോഗി. ഹൈപർ ടെൻഷൻ , ഹൃദ്രോഗി, വൃക്ക തകരാർ. മേൽവിലാസം നഷ്ടപ്പെട്ടവൻ.ഒറ്റയ്ക്കു നടക്കുന്നവൻ.
Good
നല്ല കഥ
72 വയസ്സാകുമ്പോൾ തന്നെ ഒരു കാർഡും കെട്ടിത്തൂക്കി ഇങ്ങനെ എഴുതി തള്ളിയാലോ 75 വയസ്സ് പിന്നിട്ട എന്നെപ്പോലുള്ള പൂർണ ആരോഗ്യവാന്മാരെ നിരാശപ്പെടുത്തുകയല്ലെ ഒരു കാർഡും കെട്ടിത്തൂക്കി. എനിക്ക് വേണ്ടത് എക്സ് സർവീസ് കാരൻ്റെ റേഷൻ കാർഡാണ്
നന്നായിട്ടുണ്ട്. വ്യത്യസ്ത ശൈലി

നല്ല കഥ
ചന്ദ്രശേഖരന്റെ കഥ എന്റേയും കഥയായി…കാർഡുകളുടെ കഥ പറഞ്ഞ് പറഞ്ഞ് ജീവിതത്തിന്റെ കഥയില്ലായ്മയുടെ കഥയായി…രചനയുടെ ഒഴുക്ക് നന്നായി.
നല്ലെഴുത്ത്