കൊച്ചു കൂട്ടുകാരേ ,
കലണ്ടറിലെ എട്ടാമത്തെ മാസമായ ഓഗസ്റ്റ് വന്നെത്തി. കർക്കിടകപ്പാതിയും പിന്നിട്ടു.
ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ഭീകരദിനങ്ങളുടെ ഓർമ്മകളിലൂടെയാണ് ആഗസ്റ്റ് ആദ്യവാരത്തിന്റെ കടന്നുപോക്ക്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ആഗസ്റ്റ് 6, 9 തിയതികളിലാണ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വിസ്ഫോടനം നടത്തിയത്.
കത്തിപ്പൊട്ടുന്ന തീക്കടൽ. വാനോളമുയരത്തിൽ കൂണാകൃതിയിൽ ഉയർന്നുപൊന്തിയ പുക. ചുറ്റിലും ചുറ്റിയടിക്കുന്ന ചാമ്പലും പാെടിയും കാറ്റും. ജപ്പാനിലെ രണ്ടു പ്രദേശങ്ങൾ നശിച്ചു നാമാവശേഷമായി. രണ്ടു ദുരന്തങ്ങളിലുമായി ലക്ഷക്കണക്കായ നിരപരാധികളാണ് കൊല്ലപ്പെട്ടത്. ലോകത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ട ലിറ്റിൽബോയ്, ഫാറ്റ്മാൻ എന്നീ അണുബോംബുകളുടെ
വികിരണംമൂലം രണ്ടു ലക്ഷത്താേളം പേരാണ് പിന്നീട് മരണം വരിച്ചത്. ദുരിതജീവിതത്തിലേക്ക് എറിയപ്പെട്ടവരും കണക്കറ്റുണ്ട്.
യുദ്ധത്തിന്റെ വിനാശകരമായ മുഖം മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലച്ചുകളഞ്ഞു.
എപ്പോൾ വേണമെങ്കിലും ആളിപ്പടരാവുന്ന റഷ്യ-ഉക്രൈൻ, ഇസ്രയേൽ-ഹമാസ് യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, ഈ ദിനാചരണങ്ങൾ
സമാധാനത്തിന്റെ വഴിയിലൂടെ നടക്കേണ്ടതിന്റെ പ്രാധാന്യമാണ് നമ്മളെ ഓർമ്മിപ്പിക്കുന്നത്.
ഇനി ഒരു കുഞ്ഞു കവിതയായാലാേ? മാഷ് എഴുതിയത്, എല്ലാവരും കൂടെപ്പാടില്ലേ? കവിതയുടെ പേര് ആനകൾ എന്നാണ്. പാടാൻ തയ്യാറല്ലേ ? എങ്കിലിതാ കവിത പിടിച്ചോളൂ.
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣
ആനകൾ
“””””'””””””””””””
കുട്ടപ്പനാന കുറുമ്പനാന
കട്ടപ്പനേലെ കറുമ്പനാന
കിട്ടപ്പൻ പാപ്പാന്റെ മുട്ടനാന
കട്ടിത്തടിയും വലിക്കുമാന.
മഞ്ഞനക്കാട്ടിലെ ചെറിയാന
കുഞ്ഞിക്കുഴി കുത്തി വരുമാന
കുന്നിക്കുരു പോലെ കുറിയാന
കുഞ്ഞാന കുറിയാന കുഴിയാന .
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
കവിതയിലെ ആനകളെ കണ്ടിട്ടുണ്ടോ?
തുമ്പിയായി പറന്നുപോകുന്ന കുഴിയാനകൾ ഇപ്പോൾ, മുറ്റത്തു കാണുന്നുണ്ടാവില്ല. എന്നാലും പറഞ്ഞറിയാമല്ലാേ.
***********************************
ഇനി നമുക്കൊരു കഥ കേൾക്കാം. നല്ലൊരു കുഞ്ഞിക്കഥ. ഈ കഥ രചിച്ചത്
കുസുംഷലാൽ ചെറായി സാറാണ് .
എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ ചെറായിയിൽ തേക്കായി വാസുവിൻ്റെയും മൂകാംബിയുടെയും മകനാണ് അദ്ദേഹം.
സാംസ്കാരിക വാർത്തകൾ, സുശിഖം, സാഹിത്യശ്രീ, സുതാര്യം എന്നീ മാസികകളുടെ മുഖ്യപത്രാധിപരായിരുന്നു. ആകാശവാണി തൃശൂർ, കൊച്ചി, ദേവികുളം നിലയങ്ങളിൽ നിന്നും നിരവധി കവിതകളും പ്രഭാഷണങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മിന്നാമിന്നി, മുണ്ടകന്റെ യാഗം, മഴപെയ്യട്ടേ, താമരത്താരുകൾ, മഹാൻമാവ് (ബാലകവിതകൾ), എല്ലൻകോലനും ഉണ്ടപ്പക്രുവും, ഗന്ധർവ്വസിന്ദൂരി (ബാല കഥകൾ), ശരണ്യനീലം (ബാലനോവൽ), ബലിപ്പകർച്ച, ജലശരങ്ങൾ പ്രളയമെയ്യുന്നു, ഒറാളി (കാവ്യങ്ങൾ), തൃക്കേട്ടന്റെ ഭിന്നപരിണാമങ്ങൾ (കഥകൾ) എം.സി. ജോസഫ് എന്ന അപൂർവ്വ മനുഷ്യൻ (ജീവചരിത്രം) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.
തിരുവനന്തപുരം തിരുനല്ലൂർ സാഹിത്യവേദിയുടെ തിരുനല്ലൂർ കരുണാകരൻ സ്മാരക കവിതാ പുരസ്കാരം, പുനലൂർ രത്നമ്മ മാത്യു ഫൗണ്ടേഷന്റെ പ്രഥമ ‘സാഹിത്യരത്നം’ പുരസ്കാരം, സ: എൻ. ശിവൻപിള്ള ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം, കേസരി പുരസ്കാരം, കെടാമംഗലം പപ്പുക്കുട്ടി സ്മാരക ‘കാവ്യ ശ്രേഷ്ഠ’ പുരസ്കാരം, തകഴി ശിവങ്കരപ്പിള്ള സ്മാരക ബാലസാഹിത്യ പുരസ്കാരം തുടങ്ങി ഇരുപതിലധികം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇരുന്നൂറിലധികം ലേഖനങ്ങൾ വിവിധ ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. കെ. എസ്. ഇ. ബി. ഓവർസിയർ ആയി വിരമിച്ച ശ്രീ .കുസുംഷലാൽ ഇപ്പോൾ കവയിത്രിയായ ഭാര്യ ശ്രീദേവി കെ. ലാ ലിനോടും മക്കളായ അഭിജിത്തിനോടും ആർദ്രയോടുമൊപ്പം ചെറായി ‘ശ്രീയാർദ്രത്തിൽ’, താമസിക്കുന്നു.
ശ്രീ. കുസുംഷലാൽ ചെറായി എഴുതിയ കഥ താഴെ.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
കൊക്കൊക്കോ കോ…
കൊക്കൊക്കോ കോ… പതിവിലും ഉറക്കെ
തങ്കൻപൂങ്കോഴി കൂകിവിളിച്ചു.
കുറച്ചു ദിവസമായി ചിന്നമ്മക്കോഴിയെ കാണാനേയില്ല. അവൾ എവിടെപ്പോയി?
അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ!ദിവസം പത്തി രൂപതു കഴിഞ്ഞു.
നോക്കുമ്പൊഴുണ്ടെടാ, ദാ വരുന്നൂ തൊഴുത്തിലെ വൈക്കോൽ കൂനയിൽ നിന്നും ചിന്നമ്മ!
അവളോടൊപ്പം അഞ്ചുപത്തു ചിന്നക്കോഴി കുഞ്ഞുങ്ങളുമുണ്ട് !! മുട്ടയോളം മാത്രം വലിപ്പമുള്ള സുന്ദരീ സുന്ദരന്മാർ ! തങ്കൻ പൂങ്കോഴിക്ക് സന്തോഷമായി. സന്തോഷം കൊണ്ട് അവൻ വീണ്ടും കൊക്കകോ കോ എന്ന് നീട്ടി കൂകി!
ചിന്നമ്മക്കോഴി മക്കളെയും കൂട്ടി തൊടിയിലെ വാഴക്കൂട്ടത്തിലേക്ക് പോയി. പിറന്ന അന്നുമുതലേ തൻ്റെ കുഞ്ഞുമക്കളെ ഇരതേടുവാൻ പരിശീലിപ്പിക്കയാണവൾ.
ആ ചുണക്കുട്ടികൾ വാഴച്ചുവടു മുഴുവൻ തകൃതിയിലങ്ങനെ ചിക്കിചികയുകയാണ്!
ഇടയ്ക്കിടെ ചിന്നമ്മക്കോഴി ചുറ്റുപാടും പിന്നെ മാനത്തും മരത്തിലും മാറിമാറി ശ്രദ്ധിച്ചു നോക്കുന്നുണ്ട്. തങ്കൻ പൂങ്കോഴിയാകട്ടെ, കുറച്ചകലെ മാറി നിന്ന് പരിസരമാകെ നിരീക്ഷിക്കുകയാണ്. ഉത്തരവാദിത്തമുള്ള ഒരു കുടുംബനാഥൻ്റെ ശ്രദ്ധയാണ് അപ്പോൾ തങ്കൻ പൂങ്കോഴിക്ക് !
ഇതിനിടെ ചിന്നമ്മയ്ക്ക് വലിയൊരു ഇരയെ കിട്ടി. അത് കൊത്തി നൂറുക്കി കുഞ്ഞുങ്ങൾക്ക് വീതിച്ചു കൊടുക്കുകയാണ് ചിന്നമ്മ !
പെട്ടെന്ന് തങ്കൻ പൂങ്കോഴി വേറൊരു ശബ്ദത്തിൽ ഒരൊറ്റ കൂവൽ. കൊക്കൊക്കോ കൊക്കക്കോ കോ
പ്രത്യേകതാളത്തിലുള്ള ഈ കൂവൽ കേട്ട് ചിന്നമ്മക്കോഴിയും കുറുകിക്കൂകി – കൊക്ക കോകോ ..
മാനത്തൊരു കൃഷ്ണപ്പരുന്ത് വട്ടമിടുന്നത് കണ്ട്, ആപത്ത് അറിയിക്കുകയായിരുന്നു തങ്കൻ പൂങ്കോഴി ! ഞൊടിയിടയിൽ ചിന്നമ്മക്കോഴിയും ആപത്തു തിരിച്ചറിഞ്ഞു. പേടിച്ചുപോയ പിഞ്ചുകോഴിക്കുട്ടികൾ ചിന്നമ്മക്കോഴിയുടെ അടുക്കലേയ്ക്ക് വേഗത്തിൽ ഓടിയണഞ്ഞു. ചിന്നമ്മ പെട്ടെന്ന് തന്റെ രണ്ടു ചിറകുകളും വിടർത്തി മക്കൾക്ക് സുരക്ഷാകവചമൊരുക്കി. കോഴിക്കുഞ്ഞുങ്ങളെല്ലാവരും ചിന്നമ്മയുടെ ചിറകിൻ കീഴിൽ സുരക്ഷിതരായി.
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കാമെന്ന് കിനാവുകണ്ട് മാനത്ത് കറങ്ങിനടന്ന കൃഷ്ണപ്പരുന്ത് ഇളിഭ്യനായി മറ്റെങ്ങോട്ടോ പറന്നകന്നു.
ഇനി തൽക്കാലം പേടിവേണ്ടെന്ന അർത്ഥത്തിൽ തങ്കൻപൂങ്കോഴി കൊക്കൊകോ കോ എന്ന് നീട്ടി കൂവി. അത് ശരിവച്ച് ചിന്നമ്മക്കോഴിയും ഒപ്പം ചേർന്നു : കൊ ക്കൊ കോ കോ…
ചിന്നമ്മക്കോഴി മക്കളുമായി വീണ്ടും തൊടിയിലിറങ്ങി ചിക്കണ്. മാന്തണ് !!
🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
നല്ലൊരു കഥ. കോഴിക്കുടുംബത്തിൻ്റെ കഥയാണെങ്കിലും ഇങ്ങനെ തന്നെയല്ലേ നമ്മുടെ കുംടുംബങ്ങളും? മക്കളെ ആപത്തിലകപ്പെടാതെ സംരക്ഷിച്ച് വളർത്തുന്ന അമ്മ. അമ്മയ്ക്കും മക്കൾക്കും കൂട്ടും തണലുമായി അച്ഛൻ.
അമ്മക്കോഴിയെയും അച്ഛൻ കോഴിയെയും പീക്കിരിക്കുഞ്ഞുങ്ങളെയുമെല്ലാം നിങ്ങൾക്കിഷ്ടമായല്ലോ അല്ലേ?.
———————————–
എന്നാൽ നമുക്കൊന്നിച്ച് തോന്നയ്ക്കൽ കൃഷ്ണപ്രസാദ് സാറിന്റെ ‘മലയാളം’കവിത വായിച്ചു പാടിയാലാേ? ഒരു കൊച്ചുകവിതയാണ്.
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലാണ് കൃഷ്ണപ്രസാദിന്റെ ജന്മഗ്രാമം . രവീന്ദ്രൻ നായരുടേയും കൃഷ്ണകുമാരി അമ്മയുടേയും മകൻ. വിദ്യാഭ്യാസത്തിനു ശേഷം നിരവധി പാരലൽ കോളേജുകളിൽ അദ്ധ്യാപകനായി. ഇരുപത്തിരണ്ട് വർഷത്തോളമായി സാഹിത്യമേഖലയിൽ സജീവമാണ്. നിരവധി കവിതകളും,ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫഷണൽ നൃത്ത നാടകങ്ങൾക്കും, ഭക്തിഗാന,ലളിതഗാന ആൽബങ്ങൾക്കുമായി നൂറ്റിയിരുപത്തഞ്ചിലധികം ഗാനങ്ങളെഴുതി. സാംസ്കാരിക വകുപ്പിന്റെ കലാകാരക്ഷേമനിധി ബോർഡിൽ അംഗമാണ്.
അമ്പിളിമാമന്റെ കുപ്പായം, മധുരമലയാളം (ബാലകവിതകൾ) സന്ധ്യാനാമാവലി (സമ്പാദനം) ഹിന്ദി വ്യാകരണമാല (വൈജ്ഞാനികം) പതിനഞ്ച് നാടോടിക്കഥകൾ (പുനരാഖ്യാനം) ലോറൽ മരത്തിന്റെ ഇലകൾ (നാടോടിക്കഥകൾ)
ദേവീപ്രസാദം (പൂഴനാട് ദേവീകീർത്തനങ്ങൾ) തുടങ്ങിയ പുസ്തകങ്ങൾ പ്രസി ദ്ധീകരിച്ചിട്ടുണ്ട്.
താേന്നയ്ക്കൽ കൃഷ്ണപ്രസാദിന്റെ കവിത.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
☘️☘️☘️☘️☘️🍀🍀☘️☘️☘️☘️☘️☘️☘️
മലയാളം
അമ്മയിലുണ്ടൊരു മലയാളം
നന്മനിറഞ്ഞൊരു മലയാളം നമ്മുടെ
സുന്ദരഭാഷയതാണേ നമ്മുടെ
കേരളഭാഷയതാണേ തുഞ്ചൻ
പാടിയ മലയാളം കുഞ്ചൻ ആടിയ
മലയാളം നമ്മുടെ സുന്ദര മലയാളം
നന്മനിറഞ്ഞൊരു മലയാളം !!
നമ്മുടെ മലയാളത്തെക്കുറിച്ച്
വായിച്ചപ്പോൾ എന്തു തോന്നി.
വീണ്ടും വീണ്ടും വായിക്കാൻ തോന്നി.
എഴുന്നേറ്റാൽ രാത്രിയാകും വരെ
നമ്മെ സഹായിക്കാൻ നാവിൻ
തുമ്പിലും ഉള്ളിലും തുളുമ്പിനില്പാണ്
അമ്മ മലയാളം, രാത്രിയായാൽ
രാവിലെ ഉണർന്നെണീക്കും
വരെ സ്വപ്നം കാണാൻ കൂട്ടാണ്
അമ്മമലയാളം.
കവിത നിങ്ങൾക്കിഷ്ടമായി.
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
ഇനി ഇപ്പോൾ ഒരു ചെറിയ കഥ പറഞ്ഞ് നിങ്ങളെ സന്തോഷിപ്പിക്കാൻ
ഒരധ്യാപിക വരുന്നുണ്ട്. ശ്രീമതി.വിജയ വാസുദേവൻ.
സ്കൂൾ പഠനകാലം മുതൽ ടീച്ചർ എഴുത്തിന്റെ ലോകത്തുണ്ട്. ആനുകാലികങ്ങളിൽ പല രചനകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
ഗവൺമെന്റ് ദേവദാർ ഹൈസ്കൂൾ, PSMO college തിരൂരങ്ങാടി, ഡയറ്റ് മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എടപ്പാളിനടുത്ത് വട്ടംകുളം സി.പി.എൻ യു.പി.സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: 1.മാഞ്ഞു പോകുന്ന പുഴ.( കഥാ സമാഹാരം ).
2.ബാല്യം.( കുട്ടിക്കവിതകൾ ).
3.കൗതുകം കൊണ്ട് കണ്ണെഴുതിയവൾ.( കഥാസമാഹാരം ).
അധ്യാപകനായ ഭർത്താവ് ശ്രീ.പി. വാസുദേവനോടും മകൻ ശ്രീറാമിനോടുമൊപ്പം
എടപ്പാൾ അയിലക്കാടു പറയംവളപ്പിലാണ് വിജയ വാസുദേവൻ താമസിക്കുന്നത്. ടീച്ചറെഴുതിയ കഥ വായിക്കാം
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ഉള്ളതുകൊണ്ട് ഓണം
മുത്തശ്ശിയും മുത്തശ്ശനും ഒറ്റയ്ക്കാണ് ആ വീട്ടിൽ താമസം.
മുത്തശ്ശൻ അല്പം ദേഷ്യക്കാരനാണ്.
അന്ന് മുത്തശ്ശി പൂക്കളം ഇടുകയായിരുന്നു.
പൂക്കളം ഇടുന്നതുനോക്കി മുത്തശ്ശൻ ഉമ്മറത്തിരിക്കുകയാണ്. മുത്തശ്ശി അല്പം തുമ്പപ്പൂവ് പൂക്കളത്തിൽ വച്ചു.
അത് കണ്ടപ്പോൾ മുത്തശ്ശൻ പറഞ്ഞു.
” ഓ. ൻ്റെ നാണിക്കുട്ടേ …..
നിനക്കൊരു കോളാമ്പിപ്പൂ വെക്കാർന്നിലേ പൂക്കളത്തിൽ. ”
മുത്തശ്ശി തുമ്പപ്പൂവിന് ചുറ്റും കോളാമ്പിപ്പൂ വച്ചു.
അത് കണ്ടപ്പോൾ മുത്തശ്ശൻ വീണ്ടും പറഞ്ഞു
”ഓ… ൻ്റെ നാണിക്കുട്ട്യേ …
ഒരു മത്തപ്പൂവ് വെക്കാർന്നിലേ നിനക്ക് പൂക്കളത്തില്. ”
മുത്തശ്ശി ഒരു മത്തപ്പൂവ് പൊട്ടിച്ചു കൊണ്ടുവന്നു പൂക്കളത്തിൽ വച്ചു..
അതു കണ്ടപ്പോൾ മുത്തശ്ശൻ വീണ്ടും പറഞ്ഞു.
”ഓ…. ന്റെ നാ ണിക്കുട്ടേ …..
ഒരു ചെമ്പരത്തിപ്പൂ വെക്കാർന്നിലേ നിനക്ക് പൂക്കളത്തില് ”
മുത്തശ്ശൻ പറയുന്ന പൂക്കൾ ഓരോന്ന് പറിക്കാൻ ഓടിയോടി മുത്തശ്ശിക്ക് ദേഷ്യംവന്നു തുടങ്ങിയിരുന്നു.
മുത്തശ്ശി മുത്തശ്ശനെയും ഒന്ന് ഓടിക്കാൻ തീരുമാനിച്ചു. മുത്തശ്ശി പറഞ്ഞു.
”അതേയ്… നിങ്ങൾ പോയി കുറച്ചു മുക്കുറ്റിപ്പൂ കൊണ്ടുവരൂ.
എനിക്ക് ആകെ ഒരു പരവശം. പൂക്കളത്തിൽ മുക്കുറ്റി ഇട്ടാൽ നല്ല ചേലായിരിക്കും. ”
മുത്തശ്ശൻ പോയി കുറച്ചു മുക്കുറ്റിപ്പൂ കൊണ്ടുവന്നു. അതു പൂക്കളത്തിൽ വച്ചു.
അപ്പോൾ മുത്തശ്ശി പറഞ്ഞു.
”അതേയ്.. നിങ്ങൾ പോയി കുറച്ച് തെച്ചിപ്പൂവ് കൊണ്ടുവരൂ.
പൂക്കളത്തിൽ തെച്ചിപ്പൂവ് വെച്ചാൽ നല്ല ചേലായിരിക്കും. ”
മുത്തശ്ശൻ പോയി കുറച്ച് തെച്ചിപ്പൂവ് കൊണ്ടുവന്നു. അതു പൂക്കളത്തിൽ വച്ചു.
അപ്പോൾ മുത്തശ്ശി പറഞ്ഞു.
”അതേയ്… നിങ്ങൾ പോയി കുറച്ച് അരിപ്പൂവ് കൊണ്ടുവരൂ.
പൂക്കളത്തിൽ അരിപ്പൂ വെച്ചാൽ നല്ല ചേലായിരിക്കും. ”
മുത്തശ്ശൻ അരിപ്പൂവ് കൊണ്ടുവന്ന് പൂക്കളത്തിൽ വയ്ക്കുമ്പോഴേക്കും നടന്നുനടന്നു ആകെ തളർന്നിരുന്നു.
അപ്പോൾ മുത്തശ്ശൻ പറഞ്ഞു.
”നാണിക്കുട്യേ..എന്തു ഭംഗിയാ നമ്മുടെ പൂക്കളത്തിന് !.ഇത്ര പൂക്കൾ മതി ഇനി പൂക്കളൊന്നും വേണ്ട…”
മുത്തശ്ശൻ അങ്ങനെ പറഞ്ഞതിൻ്റെ കാര്യംമുത്തശ്ശിക്ക് പിടികിട്ടി.
മുത്തശ്ശി പറഞ്ഞു.
”അതേയ് നമ്മൾ രണ്ടാളും കുട്ടികളൊന്നുമല്ല.ഓടിനടന്നു പൂ പറിക്കാൻ നമുക്ക് വയ്യാതായിലേ.
അതുകൊണ്ട് ഉള്ളതുകൊണ്ടൊക്കെ പൂക്കളം തീർത്താൽ മതി.ഉള്ളതുകൊണ്ടൊക്കെ
ഓണവും ഉണ്ടാൽ മതി.”
മുത്തശ്ശനപ്പോൾ പല്ലുപോയ മോണകാട്ടി ചിരിച്ചു. മുത്തശ്ശിയും ചിരിച്ചു.
മാവേലി നാടുവാണീടും കാലം.
മാനുഷരെല്ലാരും ഒന്നുപോലെ.
എന്നിട്ട് രണ്ടു പേരും കൂടി ഒരു ഓണപ്പാട്ട് പാടി..
അപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഉള്ളിൽ അവരുടെ കുട്ടിക്കാലം പിച്ചവയ്ക്കുന്നുണ്ടായിരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
നല്ല രസമുള്ള കഥ മുത്തശ്ശനെ ഓടിക്കുന്ന മുത്തശ്ശിക്ക് മുത്തശ്ശനും കൊടുത്തു അതുപോലൊരു മുട്ടൻപണി. അങ്ങനെ ക്ഷീണിച്ചവശരായപ്പോഴാണ് അവർക്ക് ബോധ്യമായത് ഇനി ഇങ്ങനെ പരസ്പരം ബുദ്ധിമുട്ടിച്ചിട്ട് ഒരു കാര്യവുമില്ല. ഉള്ളതു മതി. ഉള്ളതുകൊണ്ടുള്ള ആഘോഷമാണ് ഓണം.
———————————
കഥ നന്നായി. എല്ലാവരും അതവായിച്ചു ചിരിച്ചു. ചിരിയിൽ നിന്ന് കാര്യവും പിടികിട്ടി. അങ്ങനെയെങ്കിൽ ഇനി ഒരു കവിതയാവാം കവിത പാടിയെത്തുന്നത് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്രീമതി.പി. ആർ ദേവിയാണ്.
ടീച്ചർ അധ്യാപകനായിരുന്ന പെരിഞ്ചീരി രാമകൃഷ്ണൻ നായരുടെയും സരസ്വതിയമ്മയുടേയും മകളാണ്.
ആനുകാലികങ്ങളിൽകവിതകൾ, കഥകൾ,കുട്ടിക്കവിതകൾ, കുട്ടിക്കഥകൾ, യാത്രാവിവരണം എന്നിവ എഴുതാറുണ്ട്.
ഗ്രീഷ്മ ശലഭങ്ങൾ (കവിതാ സമാഹാരം) കുഞ്ഞാച്ചുവിന്റെ കുറുമ്പുകൾ (ബാലസാഹിത്യം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
മഞ്ചാടി എന്ന ഓഡിയാേ സിഡിക്കു വേണ്ടി എഴുതിയ ഇഷ്ടം എന്ന ഗാനം പിന്നണി ഗായിക സിതാര കൃഷ്ണകുമാർ പാടി ഏറെ ജനശ്രദ്ധ നേടി. ലോകപ്രശസ്ത ഡ്രമ്മർ ശിവമണി അദ്ദേഹത്തിന്റെ face book പേജിലൂടെ പുറത്തിറക്കിയ “Dear Love” എന്ന ഗാനത്തിന്റെ രചയിതാവാണ്.
ഐ സി എഫിൽ ഉദ്യോഗസ്ഥനായ ഭർത്താവ് മുരളീധരനാേടും ഏക മകൻ രൂപകിനോടുമൊപ്പം ചെന്നൈയിലാണ് ഇപ്പോൾ താമസിക്കുന്നത്.
പി.ആർ ദേവി എഴുതിയ വിരുതൻ മഴ എന്ന കവിത പാടിരസിക്കാം കൂട്ടുകാരേ.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
വിരുതൻ മഴ
മഴയിതുകാണാനെന്തു രസം ചന്നം
പിന്നം പെയ്യുന്നേ, ചിന്നിച്ചിന്നി
ചിതറുന്നേ, തുള്ളികളങ്ങനെ
പെരുകുന്നേ. തുള്ളിത്തുള്ളി പടരുന്നേ,
വാരിയെടുക്കാൻ നോക്കുമ്പോൾ
വരുതിയിൽ നിൽക്കാതെല്ലാമേ-
വിരുതാൽ ചാടിപ്പോകുന്നേ!
മഴക്കാലമല്ലേ എല്ലാ തരത്തിലും മഴ തകർത്തു പെയ്യുന്ന കാലമാണ്. പി. ആർ ദേവിയുടെ വിരുതൻ മഴയും ഏറെ ഇഷ്ടമായി.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
പ്രിയ കൂട്ടുകാരേ
കവിതകളും കഥകളും രസകരമായോ? ഓരോ വിഭവവും വ്യത്യസ്തവും പുതുമയുള്ളതുമല്ലേ? ഇനിയും നമുക്ക് പുതിയ കഥകളും . കവിതകളും വായിക്കാം. പുതിയ എഴുത്തുകാരെ പരിചയപ്പെടുകയുമാവാം തുടർലക്കങ്ങളിൽ.
സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട