കോട്ടയം: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.
ഇന്ന് രാവിലെയാണ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ അതി നാടകീയ സംഭവങ്ങൾ ഉണ്ടായത്. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രതിഷേധം ഉയർത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെനാളായി ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനിൽക്കുന്നു.
സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. കുർബാനയ്ക്കിടെ ഒരു വിഭാഗം ജോൺ തോട്ട് പുറത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു
ഇടവക വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പലർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവം ഉണ്ടായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ചു പള്ളി പൂട്ടി. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷം ഉണ്ടാക്കിയതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം. പള്ളിക്കുള്ളിൽ വച്ച് കയ്യേറ്റം ഉണ്ടായെന്നു കാണിച്ചു പ്രസ്റ്റിൻ ചാർജ് ജോൺ തൊട്ടുപുറം തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി