തിരുവനന്തപുരം —കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സപ്ലൈകോയ്ക്ക് പല ബ്രാന്‍ഡുകളോടും മത്സരിക്കേണ്ടി വരുന്നു. കെ റൈസ് അരി അഞ്ച് കിലോ കിട്ടുമ്പോൾ ബ്രാന്റ് ചെയ്യാത്ത 5 കിലോ വേറെയുമുണ്ടെന്ന് പറഞ്ഞു മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ തോന്നിയത് ചെയ്യുകയാണ്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു.10 രൂപക്ക് നൽകിയിരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസായി നൽകുന്നത്. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ ലാഭം എടുത്താണ് ഭാരത് റൈസിന്‍റെ വിൽപനയെന്നും മുഖ്യമന്ത്രി വിമർശിച്ചു. പൊതു വിതരണ മേഖല ശക്തിപ്പെടുത്തുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
*’കെ റൈസ്’ ഉദ്ഘാടനത്തിന് മുമ്പ് അരിയും സബ്‌സിഡി സാധനങ്ങളും എത്തിയില്ല; സപ്ലൈക്കോ ഔട്ട്‍ലെറ്റുകള്‍ കാലി*
കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പന ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിലൊന്നിലും അരി എത്തിയില്ല. അരി മാത്രമല്ല, സബ്‍സിഡി സാധനങ്ങളും ഔട്ട്‍ലെറ്റുകളില്‍ എത്തിയിട്ടില്ല.
മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. എന്നാല്‍ ഇതിന് മുമ്പായി ഔട്ട്‍ലെറ്റുകളില്‍ ശബരി കെ റൈസോ, 13 ഇന സബ്‍സിഡി സാധനങ്ങളും സപ്ലൈക്കോയിൽ ഇല്ല. തിരുവനന്തപുരം നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കാലിയായ നിലയിലാണ്.
അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 56 ഔട്ട്‌ലെറ്റുകളിലൂടെ കെ റൈസ് വിതരണം ചെയ്യാൻ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചുകൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയ അരിയാണ് ഇതിനായി സംഭരിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക, ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക എന്നെല്ലാമായിരുന്നു അറിയിച്ചിരുന്നത്.
— – – – –