പത്തനംതിട്ട: എഡിഎം നവീൻ ബാബു ശരീരത്തിൽ സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു.
ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിൻ്റെ ബന്ധു അനിൽ പി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് അറിയിച്ചത്. അതിനുമുൻപ് അനുമതി നേടിയിരുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. കോടതിയെ അറിയിച്ചത് ആശങ്കകളും സംശയങ്ങളും മാത്രമാണ്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.
നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാ മൂലത്തിൽ പറയുന്ന വാദങ്ങളിൽ ദിവ്യയെ കുറ്റപ്പെടുത്തുന്നുണ്ട്. കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്, നവീൻ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ച് തേജോവധം ചെയ്യുകയായിരുന്നു ലക്ഷ്യം.
ആ മാനസിക വിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. ഇതൊരു കൊലപാതകം ആണെന്ന് കുടുംബത്തിന്റെ സംശയം പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യ തന്നെയാണ് എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സംഘവും അറിയിച്ചിരിക്കുന്നത്. കൊലപാതകം എന്നതിന്റെ യാതൊരു സൂചനയും എങ്ങു നിന്നും കിട്ടിയിട്ടില്ല.
നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ അടക്കമുള്ള പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപണം അവാസ്തവമാണ്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യ സിപിഎമ്മിൽ യാതൊരു പദവിയും നിലവിൽ വഹിക്കുന്നില്ല. . നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും സർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ ഉണ്ട്. സുതാര്യമായ അന്വേഷണമാണ് നടത്തുന്നത് എന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹർജി ഈ മാസം 12ന് വീണ്ടും പരിഗണിക്കും.