Thursday, December 26, 2024
Homeഇന്ത്യ*ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് ആരംഭം, 102 മണ്ഡലങ്ങളിൽ ആദ്യ വോട്ടെടുപ്പ് *

*ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് ആരംഭം, 102 മണ്ഡലങ്ങളിൽ ആദ്യ വോട്ടെടുപ്പ് *

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. നിതിൻ ഗഡ്കരി (നാഗ്പുർ), അർജുൻ റാം മേഘ്‍വാൾ, കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി, കാര്‍ത്തി ചിദംബരം, കെ അണ്ണാമലൈ തുടങ്ങിയ പ്രമുഖ നേതാക്കൾ ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും രാജസ്ഥാനിലെ 12 മണ്ഡലങ്ങളും ഉൾപ്പെടെയാണ് ഇന്ന് വിധിയെഴുതുക.

16.63 കോടി വോട്ടർമാർ ആദ്യഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. 1.87 ലക്ഷം പോളിങ്‌സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിൽ വിവിധ സംസ്ഥാനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാവാം. 102 മണ്ഡലങ്ങളിലുമായി 1625 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളാണ് 39 സീറ്റുകളിൽ ജനവിധി തേടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 51 ഇടത്ത് എൻഡിഎയും 48 ഇടത്ത് ഇന്ത്യാ സഖ്യം പാർട്ടികളുടെയും സിറ്റിങ് സീറ്റാണ്. കൂടുതൽ സീറ്റുകൾ ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരുമുന്നണികളും പ്രചാരണം നടത്തിയത്.

ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നതിൽ മോദി സർക്കാരിലെ എട്ട് കേന്ദ്രമന്ത്രിമാരാണ് ഉൾപ്പെടുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറും ഇന്ന് ജനവിധി തേടുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പൂർ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുന്നു.

കായിക മന്ത്രി സര്‍ബാനന്ദ സോനോവാൾ അസമിലെ ദിബ്രുഗഡിലാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രേദേശിലെ മുസാഫര്‍നഗറില്‍ മന്ത്രി സഞ്ജീവ് ബലിയാനും ഉദ്ദംപൂരില്‍നിന്ന് മന്ത്രി ജിതേന്ദ്ര സിങും മത്സരിക്കുന്നു. ഭൂപേന്ദ്ര യാദവ് ആള്‍വാറിലും, അര്‍ജുന്‍ റാം മേഘ്‌വാള്‍ രാജസ്ഥാനിലെ ബികനേര്‍ മണ്ഡലത്തിലും എല്‍ മുരുകനും തമിഴ്‌നാട്ടിലെ നീലഗിരിയിലും ജനവിധി തേടുന്നു. ചെന്നൈ സൗത്ത് മണ്ഡലത്തിൽ തെലങ്കാന ഗവര്‍ണര്‍ സ്ഥാനം രാജിവച്ച തമിഴിസൈ സൗന്ദരരാജന്‍ ജനവിധി തേടുന്നു. ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക; വിഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

തമിഴ്‌നാട്ടിലെ 39നും രാജസ്ഥാനിലെ 12നും പുറമെ പോണ്ടിച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ മണ്ഡലത്തിലും ഇന്നാണ് വിധിയെഴുത്ത്. ഉത്തര്‍പ്രദേശ് – എട്ട്, മധ്യപ്രദേശ് – ആറ്, മഹാരാഷ്ട്ര ഉത്തരാഖണ്ഡ്, അസം അഞ്ച് വീതം, ബിഹാര്‍ – നാല്, പശ്ചിമബംഗാള്‍ – മൂന്ന്, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ് – രണ്ട് വീതം, സിക്കിം, ത്രിപുര, ഛത്തീസ്‌ഗഡ്, ജമ്മുകശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ – ഒന്ന് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

അതീവ സുരക്ഷയിലാണ് രാജ്യത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നക്‌സൽ വേട്ട നടന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ സംവിധാനവും തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments