🔹ഇന്ത്യയിലെ 25 പണക്കാര്‍ക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ കേന്ദ്രം എഴുതിത്തള്ളിയെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വര്‍ഷത്തെ തുകയ്ക്ക് തുല്യമാണിതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മോദി സര്‍ക്കാര്‍ തയാറായില്ലെന്നും ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, പ്രതിരോധ കരാറുകള്‍, ഊര്‍ജ്ജമേഖല, സൗരോര്‍ജ്ജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തുവെന്നും അതിന്റെ അനന്തരഫലമായി 45 വര്‍ഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
🔹കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
🔹ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ തൃശൂര്‍ സ്വദേശിനി ആന്‍ ടെസ്സ ജോസഫ് (21) എന്ന യുവതിയും. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് ആന്റസയുടെ അച്ഛന്‍ ബിജു പറഞ്ഞു. അതേസമയം കുറച്ചു നേരത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ സൈന്യം അവസരം കൊടുത്തപ്പോള്‍ ആന്‍ ടെസ്സ ജോസഫ് ഇന്നലെ വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും കപ്പലിലുള്ളവര്‍ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അറിയിച്ചുവെന്നും ആനിന്റെ കുടുംബം അറിയിച്ചു.
🔹ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ്. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും. നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയുo.
🔹തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
🔹സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.
🔹ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
🔹പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ – കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയതായിരുന്നു. തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.
🔹കാക്കനാട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്പിള്ളിപ്പറമ്പ് തുണ്ടിപറമ്പില്‍ ജോയിയുടെ മകന്‍ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തും അയല്‍വാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ (31) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
🔹തടിയൂർ: സ്വന്തം വിവാഹത്തിന് അടിച്ച് ഫിറ്റായി നിൽക്കാൻ പോലുമില്ലാത്ത അവസ്ഥയിൽ പള്ളിയിലെത്തി വരൻ. കല്യാണം നടത്താനെത്തിയ വൈദികന് നേരെ വരെ യുവാവ് മോശമായി പെരുമാറുകയും ചെയ്തതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണ് സംഭവം. മാർച്ച് 15നായിരുന്നു നാരങ്ങാനം സ്വദേശിയും വിദേശത്ത് ജോലിയുമുള്ള 31കാരനുമായി ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ കാറിൽ നിന്ന് ഇറങ്ങാൻ വരെ ഫിറ്റായതുകൊണ്ട് സാധിക്കാതിരിക്കുന്ന വരനെയാണ് പള്ളിമുറ്റത്ത് വിവാഹ ദിവസം കണ്ടത്. വളരെ കഷ്ടപ്പെട്ട് കാറിന് പുറത്തേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ ക്ഷുഭിതരായി. വാക്കേറ്റമായതോടെ വരനും വിട്ടുകൊടുത്തില്ല, ഉപദേശിക്കാനെത്തിയ വൈദികനെയും വരൻ അസഭ്യ വർഷം കൊണ്ട് മൂടി.
ഒടുവിൽ പൊലീസ് എത്തിയാണ് വരനെ പള്ളി ഓഫീസിലെത്തിച്ചത്. വധുവിന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാൻ ഇരുവീട്ടുകാരും ചേർന്ന് നടത്തിയ ചർച്ചയിൽ ധാരണയായി. വധുവിന്റെ വീട്ടുകാർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ധാരണയായിട്ടുള്ളത്. മദ്യപനായ യുവാവുമായുള്ള വിവാഹം നടക്കാതിരുന്നതിലുള്ള ആശ്വാസത്തിലാണ് വധുവിന്റെ കുടുംബം.
🔹കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്.
2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം സാധാരണ മരണം എന്ന നിലയിൽ കരുതിയിരുന്ന സംഭവം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
🔹കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറിൽ കുരുങ്ങി മരിച്ച സ്കൂട്ടർ യാത്രികന്റെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ ഇന്ന് പുറത്ത് വരും. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ കയർ കെട്ടിയ രീതിയിൽ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ് ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഈ ആരോപണം മനോജിന്‍റെ സഹോദരി ചിപ്പി നിഷേധിച്ചു. പൊലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു.
പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും ചിപ്പി പറഞ്ഞു. രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.
🔹തൃശൂര്‍: വീടിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പൂങ്കുന്നം – ഗുരുവായൂര്‍ റോഡില്‍ ഡിവിഷന്‍ ഒന്നില്‍ താമസിക്കുന്ന മനോജ് പുളിക്കല്‍ എന്നയാളുടെ വീടിനു മുകളിലേക്കു ചാഞ്ഞുനില്‍ക്കുന്ന തെങ്ങിനാണ് തീപിടിച്ചത്. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തി അണച്ചു.
വീടിനു ഭീഷണിയായി നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തെങ്ങ് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമയായ ഡോ ജോസ് തയ്യാറായിട്ടില്ലെന്ന് മനോജ് പറയുന്നു. തെങ്ങിന് തീപിടിച്ച സന്ദേശം ലഭിച്ചയുടനെ തൃശൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍നിന്നും സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ കെ എ ജ്യോതികുമാറിന്റെ നേതൃത്വത്തില്‍ സംഘമെത്തി. ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ വി എസ് സുധന്‍, വി വി ജിമോദ്, ടി ജി ഷാജന്‍, ഫയര്‍ വുമണ്‍ ട്രെയിനികളായ ആല്‍മ മാധവന്‍, ആന്‍ മരിയ ജൂലിയന്‍ എന്നിവര്‍ ചേർന്നാണ് തീ അണച്ചത്.
🔹കണ്ണൂർ: എലി, പാമ്പ്, കടലാസ് ബോംബ്… ഇതിലൊന്നും പേടിക്കാത്ത തീവണ്ടി യാത്രക്കാർ എ.സി. കോച്ചിനുള്ളിൽ പേടിച്ചുവിയർത്തു. ഉടമസ്ഥനില്ലാത്ത ബാഗിലെ ‘കൂടോത്ര’ സാധനങ്ങളാണ് അവരെ പേടിപ്പിച്ചത്. കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിലായിരുന്നു സംഭവം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട വണ്ടിയിലെ ഒരു കോച്ചിൽ മണിക്കൂറുകളോളം ആളില്ലാതെ കിടന്ന ഒരു ബാഗ് തുറന്നപ്പോഴാണ് യാത്രക്കാർ ഞെട്ടിയത്.
രണ്ട് തേങ്ങ, കുങ്കുമം, ആൾരൂപം, രണ്ട് കുപ്പി മദ്യം തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ‘കൂടോത്ര’ സാധനങ്ങളാണെന്ന വാർത്ത മറ്റ് കോച്ചുകളിലേക്കും പരന്നു. വണ്ടി പാലക്കാട് എത്തിയപ്പോൾ ബാഗ് നീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. മാറ്റിയില്ല.
പലരും പരാതി നൽകുമെന്നായപ്പോൾ റെയിൽവേ അധികൃതർ സന്ദേശം നൽകി. എടുക്കാൻ ചെന്ന പോലീസും ഒന്നു പേടിച്ചു. ഒടുവിൽ ഷൊർണൂരിൽ സഞ്ചിയും സാധനങ്ങളും ഇറക്കി. അതിനുശേഷമാണ് യാത്രക്കാർക്ക് ശ്വാസം നേരെവീണത്. സഞ്ചിയും സാമഗ്രികളും പുഴയിലോ മറ്റോ ഒഴുക്കാൻ പോലീസ് നിർദേശം നൽകി.
🔹മൈസൂരുവിൽ കാർ സ്കൂട്ടറിലിടിച്ച് മലയാളിവിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ.
അപകടത്തിൽ വി.വി.പുരം ട്രാഫിക് പോലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച നടക്കും. ബിജുവിന്റെയും സവിതയുടെയും മകളാണ് ശിവാനി. സഹോദരങ്ങൾ: അശ്വതി, അർജുൻ.
🔹ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 38 പേര്‍ക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വെസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
🔹ചെന്നൈയിലെ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടികൂടി. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന ഈ പണം ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റേത് തന്നെയെന്ന് പൊലീസ്. മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.
🔹ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ കാണാതായ 4 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔹ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സെന്ന വിജയലക്ഷ്യത്തിന് 25 റണ്‍സകലെ ബാറ്റുവെച്ച് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 31 പന്തില്‍ 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റേയും 10 പന്തില്‍ 37 റണ്‍സെടുത്ത അബ്ദുള്‍ സമദിന്റേയും മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി 20 പന്തില്‍ 42 റണ്‍സെടുത്ത വിരാട് കോഹ്ലിയും 28 പന്തില്‍ 62 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും 35 പന്തില്‍ 83 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും പൊരുതി നോക്കിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
🔹മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന സിനിമയാണ് ‘ഒരു കട്ടില്‍ ഒരു മുറി’. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, രഘുനാഥ് പാലേരി ഏറെ നാളുകള്‍ക്ക് ശേഷം തിരക്കഥയെഴുതുന്ന സിനിമ, അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് ഈ സിനിമയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറിലെ ഭാഗങ്ങള്‍ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ് എന്നതും പ്രത്യേകതയാണ്. സിനിമയില്‍ കട്ടിലിനുളള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഈ ട്രെയ്ലര്‍. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രഘുനാഥ് പാലേരി, വിജയരാഘവന്‍ തുടങ്ങിയവരാണ് ട്രെയ്ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.