Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കനിയോഗം (ചെറുകഥ) ✍സിസി ബിനോയ് വാഴത്തോപ്പ്

നിയോഗം (ചെറുകഥ) ✍സിസി ബിനോയ് വാഴത്തോപ്പ്

സിസി ബിനോയ് വാഴത്തോപ്പ് .

കാണുന്ന കാഴ്ചകളൊക്കെ ഒരു പോലെയെങ്കിലും പലതിലും അല്പ്പമെങ്കിലും വ്യത്യസ്ഥത കാണുക എന്നുള്ളതായിരുന്നു പതിവ്. അവധി ദിവസമായതുകൊണ്ട് കിടക്കയിൽ നിന്ന് എണീൽക്കാൻ തോന്നിയില്ല. ജനലിനടുത്തായതു കൊണ്ട് തലയിണ പൊക്കി വച്ചാൽ പുറത്തെ കാഴ്ചകൾ കാണാനാവും. ഫ്ലാറ്റിന്റെ നാലാം നിലയിലായതുകൊണ്ട് ചുറ്റുവട്ടത്തുള്ളതെല്ലാം നന്നായി കാണാമായിരുന്നു. കൈയ്യെത്തി ജനാല തുറന്നു. അരിച്ചെത്തിയ പ്രകാശ രശ്മികൾ കണ്ണിനെ അല്‌പ്പമൊന്ന്പുളിപ്പിച്ചു. നനുത്ത ഒരു കാറ്റ് ജനൽകർട്ടനുകളെ തഴുകി കടന്നുപോയി. വെറുതെ പുറത്തേയ്ക്ക് കണ്ണോടിച്ചു.

ഈ അറബിയ്ക്ക് ഉറക്കമില്ലേ….?
പ്രാവുകൾക്കുള്ള തീറ്റയുമായി എത്തിയതാണ്. ഗോതമ്പുമണികൾ അവിടവിടെയായി വിതിർത്തിയിട്ടു കൊണ്ടിരിക്കുന്നു. അഞ്ചു മിനിട്ടുപോലുമായില്ല. രണ്ടു പ്രാവുകൾ എത്തിയെങ്കിലും അവതിരിച്ചു പറക്കുകയാണ് ചെയ്തത്. ചുറ്റും രണ്ടുമൂന്നു വലം വച്ചു. പിന്നീട് രണ്ടുവശത്തേയ്ക്കുമായി പറന്നു. എങ്ങോട്ടാവും അവ പോയത്….?

ജോലിക്കും ജീവിതത്തിനുമിടയിലെ ആവർത്തനവിരസതയിൽ പലതും കാണാതെയും അറിയാതെയും പോയതിനെ ഓർത്ത് മനസ്സൊന്നു വിങ്ങിപ്പോയി. മുൻപ് പലവട്ടവും ഈ കാഴ്ച തന്നെ കണ്ടിട്ടുള്ളതാണ്. ഇന്ന് എന്തോ പ്രത്യേകത തോന്നുന്നു.

വിരസമായ ഓരോ ദിവസങ്ങളും യുഗങ്ങൾ പോലെ കടന്നുപോകുന്നു. ഇനിയും എത്ര നാൾ…? ഉറ്റവരും ഉടയവരും ഉറങ്ങുന്ന മണ്ണുവിട്ടിട്ട് ഇന്നേയ്ക്ക് രണ്ടര വർഷം. മനസ്സ് വീണ്ടും പുറകോട്ടു തന്നെ പോകുന്നു. കണ്ണുകൾ കൂമ്പിയടച്ചു. ഹൃദയാഴങ്ങളിൽ നിന്നുത്ഭവിച്ചതേങ്ങൽ നീർത്തുള്ളികളായി കണ്ണിൽനിന്നടർന്നു വീണു. എത്ര ശ്രമിച്ചിട്ടും വരുധിയിൽ നിർത്താനാവാത്ത പോലെ എന്തോ ഒന്ന് ഭയപ്പെടുത്തുന്നു. തൊണ്ട പൊട്ടുന്നത്ര ഉച്ചത്തിൽ അലറിക്കരയണമെന്ന് തോന്നാറുണ്ട്. പക്ഷേ തോന്നലിനുമപ്പുറം മരവിച്ചു കിടക്കുകയാണ് ശബ്ദവും.

കടിഞ്ഞാണിടാൻ ശ്രമിക്കുന്ന ഓർമ്മകളൊക്കെയും പൂർവ്വാധികം ശക്തിയോടെ മടങ്ങിവരുന്നു… അന്ന് ഡിസംബർ ആദ്യ ആഴ്ചയായിരുന്നു. ഇനി മുഴുവൻ ദിവസങ്ങളും തിരക്കായിരിക്കും എല്ലാ വീട്ടിലും. നക്ഷത്രം തൂക്കുക, പുൽക്കൂടിനുള്ള സാമഗ്രികൾ ഒരുക്കുക അങ്ങനെ അങ്ങനെ പലതും.

എന്റെ ഉണ്ണിക്കുട്ടാ… നേരം വെളുത്ത് ഇത്രയധികമായിട്ടും നീയാ ഫോണും തോണ്ടിയിരിപ്പാണോ?
ഈ കുന്ത്രാണ്ടം എന്നു കൈയ്യിൽ വന്നോ അന്നുമുതല് കുളീം പല്ലുതേപ്പു പോലും ഇല്ലാണ്ടായി.
ഇങ്ങനെയുണ്ടോ പിള്ളേര്… എണീക്കെടാ….ഇല്ലേൽ അതെടുത്ത് ഞാൻ തോട്ടിലെറിയും.
അമ്മയുടെ സ്ഥിരം പല്ലവി. കേൾക്കാത്ത മട്ടിൽ ഇരുന്നു.

ഹാ… അല്ലെങ്കിലും ഇനിയിപ്പോ അപ്പനോ അമ്മയോ പറയുന്നതിന് ഒന്നും വിലയില്ലാണ്ടായല്ലോ… മക്കളായി മക്കളുടെ പാടായി. നീയൊക്കെ പഠിക്കാൻ പോകുന്നതേയുള്ളു.
വീണ്ടും വീണ്ടും ഓരോരോ പതം പറച്ചിലുകൾ.

എങ്കിലും ചന്ദ്രികേ… ലോകമല്ലേ….

ഇതു കേൾക്കുന്നതേ കലിപ്പാണ് അമ്മയ്ക്ക് . വീണ്ടും വീണ്ടും ചൊടിപ്പിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല. അവസാനം രണ്ടു കൊണ്ടാലേ കാര്യങ്ങൾക്ക് തീരുമാനമാകൂ..

ഉണ്ണിയേ..ഉണ്ണീ…. ഒന്നു വേഗംവാടാ… എട്ടരയ്ക്ക് വരാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒൻപതു മണി കഴിഞ്ഞു. നിന്റെ ആറാട്ടൊക്കെ മതി നിർത്തിക്കോ… ബാക്കി വന്നിട്ട്

അപ്പുവാണ്…. തൊട്ടയൽപക്കം. എന്തിനും ഏതിനും അവനുമുണ്ട് കൂട്ടിന്. ഞങ്ങൾ കുറച്ചുപേർ തന്നെയുണ്ടെന്ന് പറയാം. ഞങ്ങൾ കൂടിയാൽ ഏതു കാര്യത്തിനും തീരുമാനമാണ്. ശനിയും ഞായറും ഞങ്ങൾക്ക് വീട്ടിലിരിക്കാൻ സമയമില്ല. എന്തെങ്കിലുമൊക്കെ കാവടിയാടാൻ ഉണ്ടാവും.

കണ്ണുകൾ വീണ്ടും ഇരുവശത്തേയ്ക്കും പറന്ന പ്രാവുകളിലേയ്ക്ക് നീണ്ടു. അവ ഓരോ ഫ്ലാറ്റുകളിലും ചുറ്റിപ്പറന്ന് എന്തോ ശബ്ദമുണ്ടാക്കുന്നുണ്ട്. അതിന്റെ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെയാണെന്നു തോന്നുന്നു എല്ലായിടത്തും ഉള്ളത്. മിനിട്ടുകൾക്കകം അവിടുന്നും ഇവിടുന്നുമൊക്കെയായി കുറച്ചധികം പേർ കൂട്ടമായി എത്തിത്തുടങ്ങി. ഏതാണ്ട് എല്ലാവരും എത്തിയെന്ന് തോന്നുന്നു. ഒന്നു രണ്ട് വട്ടം കൂടി ചുറ്റിക്കറങ്ങിയശേഷം കൂട്ടമായി തന്നെ വന്ന് ഗോതമ്പുമണികൾ കൊത്തിത്തിന്നു തുടങ്ങി.

അത്ഭുതമാണ് തോന്നിയത്. എത്ര സ്നേഹമായിട്ടാണ് അവ കഴിയുന്നത്. വേണമെങ്കിൽ ആദ്യം കണ്ടവർക്ക് തിന്നിട്ട് സ്വന്തം കാര്യം നോക്കി പോകാമായിരുന്നു. എന്നാൽ അവസാനത്തേതും വന്നു കഴിഞ്ഞശേഷമാണ് അവർ ഭക്ഷണം കഴിച്ചു തുടങ്ങിയതെന്ന് വലിയഅത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

ഏതോ സാമ്യത്താൽ മനമൊന്നു തുടിച്ചു. ഒരു കണക്കിന് , ഞങ്ങളും ഇതുപോലെയൊക്കെ ആയിരുന്നില്ലേ….

പങ്കുവയ്ക്കലിന്റെ പാഠം ആദ്യം പഠിപ്പിച്ചത് അപ്പച്ചൻ തന്നെയായിരുന്നു. തനിയെ കഴിക്കുന്ന അപ്പത്തിന് കയ്പ്പാണുണ്ടാവുക എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അപ്പച്ചന്റെ കയ്യിൽ നിന്ന് ഒരിക്കൽ അടിവാങ്ങിയതും നല്ല ഓർമ്മയുണ്ട്. ഒരു കേക്ക് കിട്ടിയത് ഒളിപ്പിച്ചു വച്ചു. തനിയെ കയറിയിറങ്ങി കഴിക്കാനാണ് ഒളിപ്പിച്ചത്. പിന്നീട് അതങ്ങു മറന്നു. അമ്മ എപ്പോഴോ മുറി വൃത്തിയാക്കാൻ ചെന്നപ്പോൾ പൂത്ത് കട്ടപിടിച്ച കേക്ക് കണ്ടു.കള്ളനെ കയ്യോടെ പിടികൂടി.
ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാത്തവരുടെ ദയനീയാവസ്ഥ നീ അറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് മടക്കവടി കൊണ്ടുള്ള ആ അടി മറക്കാനേ പറ്റില്ല. അന്ന് ദേഷ്യമായിരുന്നു അപ്പനോട് .ഏഷണി കൂട്ടാനായി അപ്പുറത്തെ ലീല ചാച്ചിയും .

ലീലച്ചാച്ചിയെ ഓർക്കുമ്പോൾ ചിരിക്കാനാണ് പറ്റുക. പിന്നെ ഞങ്ങൾ കൂട്ടമായിച്ചേർന്ന്പുള്ളിക്കാരിക്ക് നല്ല മേട് കൊടുക്കാറുമുണ്ടായിരുന്നു. കുശുമ്പിന്റെ ബാഹ്യരൂപമായിരുന്നു.ആർക്ക് എന്തു കണ്ടാലും സഹിക്കാൻ പറ്റില്ല. അതിന് എന്തെങ്കിലുമൊക്കെ ആപ്പ് വച്ചിട്ട് മാറിനിന്ന് നോക്കും. കെണിയിൽ വീഴ്ത്തിയാലേ ആശ്വാസമാകൂ. അപ്പോൾപ്പിന്നെ ഞങ്ങൾക്കും കൈ കെട്ടി നിൽക്കാനാകുമോ …. ഉള്ളതുകൊണ്ട് ഓണം പോലെയെന്നല്ലേ… ഞങ്ങളാലാകുന്നത് ഞങ്ങളും തിരിച്ച് . പിന്നെ ഇങ്ങനെ ഒരാൾ ഇല്ലെങ്കിൽപ്പിന്നെ ജീവിതത്തിന് എന്താ ഒരു രസമുളളമുള്ളത് എന്നും വിചാരിക്കും. അങ്ങനെ ഒരു സമാസമം പോക്കാണ് ഞങ്ങളും ലീലച്ചാച്ചിയും കൂടി.

അങ്ങനെയിരിക്കെ ചേച്ചിക്ക് ഒരു കല്യാണാലോചന. വീട്ടിലെ മൂത്തത് ചേച്ചിയല്ലേ…പെണ്ണുകാണാൻ ചെറുക്കനെത്തി. വന്ന ചെറുക്കന് ആകെ വെപ്രാളം. ഞാനും ചേച്ചിയും കൂടി ഒളിഞ്ഞു നോക്കി. ചെറുക്കൻ ടീപ്പോയിമേൽ താളമടിക്കുന്നു.ചേച്ചിയോട് ഞാൻ പറഞ്ഞു.ആഹാ… ചേച്ചിക്കു പറ്റിയ ചെറുക്കൻ. അപ്പച്ചൻ ചോദിച്ച ഓരോ ചോദ്യങ്ങൾക്കും അനുസരിച്ച് താളം അഴയുന്നു … മുറുകുന്നു… അഴയുന്നു…. മുറുകുന്നു… ചെറുക്കനെ ആർക്കും ഇഷ്ടപ്പെട്ടില്ല ലീലച്ചാച്ചിക്കൊഴികെ. അങ്ങനെ രസകരമായ എത്രയെത്ര കാര്യങ്ങളാണ് ഓർക്കുവാൻ.

ഇതൊക്കെയാണെങ്കിലും ഒരാപത്ത് വന്നാൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.

സ്വന്തബന്ധങ്ങളുടെ വില ഇപ്പോൾ നന്നായി അറിയുന്നു. പക്ഷേ ഇനി ഒരാൾ പോലും അതിനായി ബാക്കി ഇല്ലല്ലോ.
എന്തിന് തന്നെ മാത്രമായി അവശേഷിപ്പിച്ചു….?
എടുക്കാമായിരുന്നില്ലേ….

ഒന്നിനേയും ബാക്കി വയ്ക്കാതെ….

കൈകൾ ചുരുട്ടി കട്ടിലിന്റെ ക്രാസിയിൽഇടിച്ചു.. തളർന്നുപോകുന്നു…. തലമാന്തിപ്പൊളിക്കാനാണ് തോന്നുന്നത്.
ഒറ്റ രാത്രി കൊണ്ടല്ലേ എല്ലാം അവസാനിച്ചത്.

കനത്ത മഴപെയ്ത ആ രാത്രി ശക്തമായ ഉരുൾ ആ പ്രദേശം മുഴുവൻ കൊണ്ടുപോയി. ശേഷിച്ചത് ജീവഛവമായി താൻ മാത്രം. അനക്കമില്ലാതെ, ശബ്ദമില്ലാതെ കുറച്ചു നാൾ …
പിന്നെ എങ്ങിനെയൊക്കെയോ ജീവിതത്തിലേയ്ക്ക്. എല്ലാറ്റിനോടും വെറുപ്പായിരുന്നു. ദൈവത്തെ ശത്രുവായി കണ്ടു. തന്നിൽ നിന്നും എല്ലാം തട്ടിയെടുത്ത ക്രൂരൻ എന്നായിരുന്നു മനസ്സിലുള്ള ചിന്ത. പഴയ ജീവിതത്തിലേയ്ക്ക് ഇനി ഒരിക്കലും മാറാൻ സാധിക്കില്ല എന്നു കരുതിയനാളുകളായിരുന്നു. പല പ്രാവശ്യവും ആത്മഹത്യയ്ക്കു മുതിർന്നു. ശൂന്യവും, നിർവികാരവുമായി ദിനങ്ങളോരോന്നും.

പിന്നീടായിരുന്നു അപ്രതീക്ഷിതമായി ഒരാളെ പരിചയപ്പെടാനിടയായത്. ആ സൗഹൃദമായിരുന്നു ജീവിക്കാൻ പ്രേരിപ്പിച്ചത്. പലയിടങ്ങളിൽ അദ്ദേഹത്തോടൊപ്പം
സഞ്ചരിച്ചു. എങ്കിൽ പോലും പലപ്പോഴും മൂർച്ചയുള്ള ആയുധത്താൽ കൊത്തിവലിക്കുന്ന വേദനയായിരുന്നു ഉള്ളിൽ. ജീവിക്കണമെന്ന തോന്നൽ ഇല്ലെങ്കിൽപ്പിന്നെ ജീവിക്കുന്നതിന് എന്തർത്ഥമാണുള്ളത്. ഒരിക്കലും തിരിച്ചു കിട്ടാത്ത , എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട തന്റെ എല്ലാമായവരും, സ്വപ്നങ്ങളുമെല്ലാം ഉണങ്ങാത്ത മുറിവായി, മനസ്സിന്റെ കോണിൽ വിറങ്ങലിച്ചു കിടന്നു. ഇടയ്ക്ക് അലറിവിളിച്ചു തന്നെ ഭയപ്പെടുത്തുന്നു. ജീവിത താളം തന്നെ തകർക്കുന്ന എന്തോ ഒന്നിന്റെ സാന്നിധ്യം നേർത്ത മൂടുപടം പോലെ തന്നെ പൊതിഞ്ഞിരിക്കുന്നു.

ജീവിതമെന്നത് വെറും മിന്നായക്കാഴ്ചകൾ മാത്രമാണ് ഒരു നിമിഷാർത്ഥത്തിൽ എല്ലാം നിശ്ചലമാകുന്നു. നിന്നിടത്തു നിന്ന് എരിഞ്ഞു തീരുന്ന ഈ ജീവിതത്തെ എങ്ങിനെ അതിജീവിക്കാനാവും….? ഉത്തരങ്ങളെല്ലാം ഒരു മാത്ര ശിരസ്സിൽ തെളിയുമെന്നും ഏതോ മാന്ത്രിക ശക്തിയാൽ അവയെല്ലാം മാഞ്ഞു പോകുമെന്നും വെറുതെ വിചാരിച്ചു പോകുന്നു.

ഭയത്തെ എന്തിനു വീണ്ടും വീണ്ടും ഭയക്കണം!! അതിന്റെ സഞ്ചാരപഥം എവിടെവരെയെന്ന് കണ്ടുപിടിച്ചാൽ തീരാവുന്നതല്ലേഅത്….? നമ്മുടെ അനുവാദത്തോടു കൂടി മാത്രമല്ലേ അതു നമ്മെ ഭയപ്പെടുത്തുന്നത്.
നമുക്കെതിരേ വരുന്ന ഓരോ മന്ദസ്മിതങ്ങളും , എന്തിന് ,ചെറു ഭാഷണങ്ങൾ പോലും… നാം കാണാതെ പോകുന്നതിനാലല്ലേ നമ്മുടെ മനസ് സന്തോഷിക്കാത്തത്….? പ്രശ്നങ്ങളാൽ നിശ്ശബ്ദമാക്കാനുള്ളതാണോ നമ്മുടെ ജീവിതം….?

വീണ്ടും വീണ്ടും ആവർത്തിച്ചു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

എന്തായാലും ഈ ക്രിസ്തുമസിന് നാട്ടിൽ പോകുവാനുള്ള ഉറച്ച തീരുമാനമാണ്. ടിക്കറ്റും ഓക്കെയാക്കിയിരിക്കുന്നു.

പാഴ്ജന്മമാകാതെ ജീവിക്കണമെന്ന ചിന്ത എത്തിയത് ആ കുഞ്ഞു ജീവിതങ്ങളെ കണ്ടുമുട്ടിയപ്പോൾ മാത്രമായിരുന്നു. ഇങ്ങനേയും ജന്മങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കാൻ പോലും പ്രയാസമായിരുന്നു. ജന്മനാ വൈകല്യത്തോടെ ജനിച്ചവർ. അപ്പനും അമ്മയും ഉണ്ടായിട്ടു കൂടി ഇല്ലാതെ ജീവിക്കേണ്ടിവന്ന ഹതഭാഗ്യർ.എഴുന്നേറ്റു നിൽക്കാനോ, ഇരിക്കാനോ ഒന്ന് ചലിക്കുവാൻ പോലുമാകാതെ ഒരേ കിടപ്പു കിടക്കുന്നവർ, വീൽചെയറിൽ കഴിയുന്നവർ, എത്രവിശദീകരിച്ചാലും നേരിൽ കാണുന്നതുപോലെയാവില്ല. ചങ്കുപൊട്ടുന്ന കാഴ്ചയായിരുന്നു അത്. ശരിക്കുള്ള മാലാഖമാരെ കണ്ടതും അവിടെത്തന്നെ. ഒരുമടിയും കൂടാതെ അവരെ ശുശ്രൂഷിക്കുന്നവർ. വായിൽ നിന്ന് ഒലിച്ചു വരുന്ന വെള്ളം പുണ്യജലംപോലെ സ്വന്തംകൈ കൊണ്ട് തുടയ്ക്കുന്നവർ, ഇനി ഒരു വർണ്ണനയും അവർക്കായി വേണ്ട എന്നു തോന്നുന്നു.

പൊട്ടിക്കരഞ്ഞാണ് അന്ന് ജീവിക്കണമെന്ന് തീരുമാനിച്ചത്. ഈ ക്രിസ്തുമസ് അവരോടൊപ്പമാണ്. ആരുമില്ലാത്തവരായി ഈ ലോകത്ത് ആരുമില്ല. ഒന്നു ശ്രമിച്ചാൽ ഇവിടെ എല്ലാവർക്കും എല്ലാവരും സ്വന്തം. ഇപ്പോൾ വിശ്വസിക്കുന്നു….. ഇതാണ് എന്റെ നിയോഗം…..

മനസ്സിൽ നിന്ന് ഒരു കാർമേഘം ഒഴിഞ്ഞു പോയിരിക്കുന്നു….. വെളിച്ചം എപ്പോഴും ഇരുട്ടിനെ അകറ്റാനാണ്…. അകലെ ഒരു വെള്ളിനക്ഷത്രം തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി. സ്വർഗ്ഗത്തിലെ മാലാഖമാർ ഒന്നു ചേർന്നുപാടി….

“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ ദൈവ കൃപലഭിച്ചവർക്കു സമാധാനം.”

✍️ സിസി ബിനോയ്
വാഴത്തോപ്പ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments