പ്രിയമുള്ള കുഞ്ഞുങ്ങളേ,
എല്ലാവർക്കും സുഖമാണല്ലാേ.! നക്ഷത്രക്കൂടാരത്തിൻ്റെ ഈ ലക്കം പുറത്തിറങ്ങുന്നത് ഇന്ത്യയുടെ ഏറ്റവും മഹത്തായ ദിവസത്തിന് രണ്ടു ദിനം മുമ്പ് എന്നത് യാദൃച്ഛികമാവാം. എന്നാലും ഓർമ്മയിലെന്നുമുണ്ടാകേണ്ട ദിവസം, ഇന്ത്യ റിപ്ലബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യാചരിത്രത്തിലെ സുവർണ്ണദിനം – ജനുവരി 26.
സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചുളയിൽ നില്ക്കുമ്പോൾ പൂർണ്ണസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണസ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമെന്ന നിലയിലാണ് ആദ്യമായി ജനുവരി 26 ഭാരതീയരുടെ മനസ്സിലിടം നേടുന്നത്… വർഷങ്ങൾക്കു ശേഷം 1947 ആഗസ്റ്റ് 15-ാം തിയതി ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്നും നാം സ്വാതന്ത്ര്യം നേടിയെങ്കിലും
ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നിരുന്നില്ല.. ഭരണഘടന തയ്യാറാക്കുന്നതിനു വേണ്ടി 1947 ഓഗസ്റ്റ് 29 ന് ഒരു കമ്മിറ്റി രൂപീകരിച്ചു. ഡോ. ഭീമറാവ് റാംജി അംബേദ്കറാണ് കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനുള്ളിൽ 1950 ജനുവരി 24ന് 308 അംഗങ്ങൾ ഒപ്പുവച്ച ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ഓരോ കൈയ്യെഴുത്തുപ്രതി കമ്മിറ്റി സർക്കാരിന് സമർപ്പിക്കുകയും ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഡോ. ബി ആർ. അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന 1950 ജനുവരി 26 ന് ഭാരതമൊട്ടാകെ നിലവിൽ വന്നു. രാജ്യം പരമാധികാരമുള്ള ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ച ആ വലിയ ദിവസത്തിൻ്റെ ഓർമ്മ പുതുക്കലാണ് ഓരോ ജനുവരി 26 ലേയും റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകൾ.
എല്ലാ വർഷവും രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മൂന്ന് സൈനിക വിഭാഗത്തിൻ്റെയും വിവിധ സംസ്ഥാനങ്ങളുടെയും പരേഡുകൾ നടക്കാറുണ്ട്. സായുധ സേനയുടെ പരേഡുകൾ കർത്തവ്യ മാർഗിലൂടെ (രാജ്പഥ്) കടന്നുപോകും.
2025 ജനുവരി 26ന് ഇന്ത്യ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യാ ഗേറ്റിന് മുന്നിൽ പതാക ഉയർത്തുന്നതോടെ ഈ വർഷത്തെ റിപ്പബ്ലിക്ദിനാഘോഷങ്ങൾക്ക് തുടക്കമാകും. .
ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ ഇന്ത്യയുടെ 2025ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകും, ഇത് ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തിലെ സുപ്രധാന നിമിഷമായി അടയാളപ്പെടുത്തും. തന്ത്രപരവും പ്രതിരോധവും സാമ്പത്തികവുമായ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. 2,000 വർഷത്തിലേറെയായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്തോനേഷ്യയും ഇന്ത്യയും രാമായണ സ്വാധീനം മുതൽ ആധുനിക വ്യാപാരവും നിക്ഷേപവും വരെ ആഴത്തിലുള്ള സാംസ്കാരിക വാണിജ്യ ബന്ധങ്ങൾ തമ്മിലുണ്ട്. സുബിയാന്തോയുടെ സന്ദർശനം ഇന്തോ-പസഫിക്കിലെ നാവിക സഹകരണം, ഉഭയകക്ഷി വ്യാപാരം, പ്രതിരോധ സഹകരണം, പരസ്പര നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആസിയാൻ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനം ഉപകരിക്കുകയും ചെയ്യും.
2025ലെ റിപ്പബ്ലിക് ദിനത്തിൻ്റെ തീം പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. 2025 ലെ തീം “സ്വർണിം ഭാരത്: വിരാസത് അല്ലെങ്കിൽ വികാസ് ” എന്നതാണ്. പരേഡ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ടുള്ള വികസനത്തെ പ്രതിനിധീകരിക്കും, കൂടാതെ കർത്തവ്യ പാതയിൽ നടക്കും.
റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ചുരുക്കമായി ചില തെല്ലാം മനസ്സിലാക്കിയല്ലോ.
ഇനി നിങ്ങൾക്കു വേണ്ടി മാഷ് എഴുതിയ ഒരു കുഞ്ഞു കവിതയാണ്. ബദ്ധവൈരികളായ എലിയും പൂച്ചയുമാണ് കഥാപാത്രങ്ങൾ.
‘
എലിയും പൂച്ചയും
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ
വെട്ടം കണ്ടാലോടുന്നു.
ഞെട്ടിച്ചാടിയെണീറ്റൊരു പൂച്ച –
ക്കുട്ടിയുമങ്ങോട്ടോടുന്നു
ഉറിമേൽ കയറിമറിഞ്ഞിട്ടങ്ങനെ
ഉയിരും കൊണ്ടലിപായുന്നു.
എലിയെകണ്ടൊരു പൂച്ചക്കുട്ടി
കലിയോടങ്ങൊടു ചാടുന്നു
ചട്ടിക്കലവും കറിയും ഉറിയും
പൊട്ടിത്താഴേയ്ക്കെത്തുന്നു
ചാടിയപൂച്ച ചോടുംതെറ്റി
മോന്തേം കുത്തി തരികിട തോം.
എലിയും പൂച്ചയും പാട്ടുംപാടി സന്തോഷിക്കുമ്പോൾ ഇതാ നമ്മളാേട് കഥ പറയാനെത്തുകയാണ് ഒരു ടീച്ചർ – ഡോ.ഉഷാറാണി പി.
സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരിയുടെയും കെ. പദ്മത്തിന്റെ മകളാണ് ടീച്ചർ. ഇപ്പോൾ തിരുവനന്തപുരം മുട്ടത്തറയിൽ താവലോട് നഗറിലാണ് താമസിക്കുന്നത്.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും, ഡോക്ടറേറ്റും നേടിയ ശേഷം 1997 മുതൽ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപികയാണ്. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ പഠിപ്പിക്കുന്നു.
ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്.
ആത്മനിവേദനം (കവിതകൾ), ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ.
ഡോ. ഉഷാറാണി.പി എഴുതിയ കഥ നമുക്കൊന്നിച്ചു വായിച്ചുരസിക്കാം
കാലംപോയ പോക്ക്!
അന്നു പഠിപ്പിക്കേണ്ട പാഠഭാഗം പുസ്തകത്തിലും മനസ്സിലുമായി ഉറപ്പിച്ചുകൊണ്ട് തങ്കം ടീച്ചർ ക്ലാസ്സിലേക്കു കയറി. ടീച്ചറിനു പ്രിയപ്പെട്ട ക്ലാസ്സാണത്. ആറ് .ബി.
മലയാളം പിരീഡ് ആയതിനാൽ കുട്ടികളും സന്തോഷത്തോടെ ടീച്ചറിനെ കാത്തിരിക്കുകയാണ്. ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ സ്വതന്ത്രമായി മലയാളം സംസാരിക്കാൻ കഴിയുന്ന ഒരേയൊരു പിരീഡ്!
പാഠത്തിനൊപ്പം പറഞ്ഞുകൊടുക്കേണ്ട കഥകളും നുറുങ്ങുകളും നർമ്മങ്ങളും ടീച്ചർ അയവിറക്കി.
പുതിയ തലമുറയിലെ കുട്ടികൾക്ക് പാരമ്പര്യ കഥകളോ അർത്ഥംനിറഞ്ഞ ശൈലികളോ അറിയില്ലെന്നുള്ളത് ടീച്ചറിനെ വിഷമിപ്പിച്ചിരുന്നു.
എന്നാൽ സാങ്കേതികജ്ഞാനത്തിൽ അവർ വളരെ മുമ്പിലാണുതാനും. ഇങ്ങനെയായാൽ ഇനിയുള്ള കാലത്ത് മലയാള ഭാഷ മൃതമാവുമല്ലോയെന്ന കാര്യം ടീച്ചറിനെ സ്വകാര്യമായി ദുഃഖിപ്പിച്ചിരുന്നു. സഹാദ്ധ്യാപകരോടും സുഹൃത്തുക്കളോടും ടീച്ചർ ഇതൊക്കെപ്പറയാറുമുണ്ട്.
പതിവുപോലെ ആചാരമര്യാദകളോടെ കുട്ടികൾ ടീച്ചറെ സ്വീകരിച്ചു.വെളുത്ത ബോർഡിൽ കറുത്തപേനകൊണ്ട് ‘മലയാളം’ എന്ന് വിഷയവും പാഠത്തിൻ്റെ പേരുമെഴുതി.
അച്ചടക്കത്തോടെ കുട്ടികൾ പുസ്തകമെടുത്തു. പാഠഭാഗം നിവർത്തിവച്ച് ആകാംക്ഷയോടെ നോക്കിയിരുന്നു.
കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചു നിർത്തിയ ഭാഗംവരെ ടീച്ചർ ഒന്നുരണ്ടുപേരെക്കൊണ്ടു വായിപ്പിച്ചു.
ഞാൻ, ഞാൻ ‘ എന്നു വിളിച്ചുപറഞ്ഞവരിൽ വായനയ്ക്കവസരം കിട്ടാത്തവർ മ്ലാനമുഖരായി.
അടുത്തതവണ വായിപ്പിക്കാമെന്ന് ടീച്ചർ അവരെ ആശ്വസിപ്പിച്ചു.
താമസിയാതെ തുടർ പാoഭാഗത്തേക്കു കടന്നു. കരുതിവച്ചിരുന്ന കഥ അനുബന്ധമായി അവതരിപ്പിച്ചു. ‘മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി’ എന്ന പ്രസിദ്ധമായ കഥ.
അതിപ്രകാരമാണ്.
ഒരിക്കലൊരു മൂഷികൻ മകൾക്കായി വിവാഹമാലോചിച്ചു. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠനായ ആളായിരിക്കണം ഭർത്താവ് എന്നായിരുന്നു ആ മൂഷികൻ്റെ ആഗ്രഹം.
സൂര്യഭഗവാനാണ് ഏറ്റവും മഹാൻ എന്ന് മൂഷികൻ വിശ്വസിച്ചു. ആദിത്യദേവനോട് തൻ്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ തന്നെക്കാൾ വലിയ ഒരാളുണ്ടെന്നും തന്നെ മറയ്ക്കുന്ന മേഘമാണതെന്നും കർമ്മസാക്ഷിയായ ഭഗവാൻ പറഞ്ഞു.
അതിനാൽ ഗണപതിവാഹനൻ്റെ വംശത്തിൽപ്പെട്ട ആ ജീവി മേഘത്തിനോട് തൻ്റെ ആഗ്രഹം പറഞ്ഞു. മുകിലാകട്ടെ തന്നെ ചിതറിക്കാൻ കഴിവുള്ള കാറ്റാണ് ഏറ്റവും വലിയവൻ എന്നുത്തരം നൽകി.
അതിൻപ്രകാരം മൂഷികൻ കാറ്റിനെ സമീപിച്ച് തൻ്റെ ആവശ്യമറിയിച്ചു. പക്ഷേ കാറ്റ്, താൻ വളരെ നിസ്സാരനെന്നാണ് പറഞ്ഞത്. ചീറിയടിക്കുന്ന തന്നെ തടഞ്ഞുനിർത്താൻ കഴിവുള്ള പർവ്വതമാണ് ഏറ്റവും വലിയവനെന്നും വിനയത്തോടെ വ്യക്തമാക്കി.
അതോടെ മൂഷികൻ പർവ്വതത്തെത്തേടിയിറങ്ങി. പർവ്വതത്തോട് തൻ്റെ അഭിലാഷം അറിയിക്കുകയും ചെയ്തു. കാര്യംകേട്ട ശൈലം തന്നെക്കാളും ശക്തനുണ്ടെന്നാണ് പറഞ്ഞത്. അത് മലകളെപ്പോലും തുരന്നു മറിക്കുന്ന അങ്ങയെപ്പോലുള്ള വരാണ് .
അങ്ങനെ ഭൂമിയിലെ ഏറ്റവും ശക്തൻ മൂഷികൻതന്നെയെന്ന് തെളിഞ്ഞു. പിതാവ് മകളെ മറ്റൊരു മൂഷികനു വിവാഹംകഴിച്ചു കൊടുത്തു.
അങ്ങനെ മൂഷികൻ്റെ മകൾ മൂഷികസത്രീയായിത്തന്നെ തുടരുകയും ചെയ്തു.
കഥ കേൾക്കുകയെന്നത് മനുഷ്യമനസ്സിൻ്റെ അടിസ്ഥാനതാത്പര്യമാണ്. ശ്രദ്ധയോടെ കേൾക്കുമ്പോഴും കുട്ടികൾ ടീച്ചറിനുനേരെ ഓരോ കുസൃതിച്ചോദ്യം തൊടുത്തുകൊണ്ടിരുന്നു. തമാശ കേട്ടാൽ പെട്ടെന്ന് പൊട്ടിച്ചിരിക്കുന്ന പ്രകൃതമാണ് തങ്കം ടീച്ചറിന്റേത്.
മൂഷികൻ മകളെ വിവാഹംചെയ്തു കൊടുക്കാൻ സൂര്യനെ തെരഞ്ഞെടുത്തുവെന്നു പറഞ്ഞപ്പോൾ ഒരു കുട്ടി ചോദിച്ചതിങ്ങനെയാണ്,
“അയ്യോ, ആ എലി സൂര്യൻ്റെ ചൂടുകൊണ്ട് കരിഞ്ഞു പോവുകയില്ലേ ടീച്ചർ ” എന്ന്.
എല്ലാവരും ചിരിച്ചു. പിന്താങ്ങി. പലരും പല അഭിപ്രായങ്ങളും ഇതിനുമേൽ പറഞ്ഞു. “അതെയതെ എലി ഫ്രൈ.” പൊട്ടിച്ചിരിക്കുന്നതിനിടയിൽ ടീച്ചർ വ്യക്തമായിക്കേട്ടത് ഇതൊന്നുമാത്രമാണ്.
കഥയിലങ്ങോളമിങ്ങോളം ഇതുപോലുള്ള അഭിപ്രായപ്രകടനങ്ങളും ചിരിയുടെ മാലപ്പടക്കം കൊളുത്തലും നടന്നു.
ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ടീച്ചർ ഓർമ്മിച്ചതിതാണ്; തലമുറകളുടെ വ്യത്യാസം. എൻ്റെ തലമുറയിൽപ്പെട്ടവരും ഒരിക്കൽ വിദ്യാർത്ഥികളായിരുന്നല്ലോ. അന്ന് അദ്ധ്യാപകൻ പറഞ്ഞുതരുന്നതെന്തായാലും കേട്ട് സമ്മതം മൂളുക മാത്രമായിരുന്നു. തിരികെയൊരു ചോദ്യമുന്നയിക്കാൻ അവർക്കു ഭയമായിരുന്നു.
‘കാലം പോയ പോക്ക് !’ എന്നതിശയം കൊള്ളാനല്ല ടീച്ചർ മുതിർന്നത്; പുതുതലമുറയുടെ ചിന്താശക്തിയെയും ബുദ്ധിവൈഭവത്തെയും പ്രകീർത്തിക്കാനും അഭിനന്ദിക്കാനുമാണ്.
ഉഷാറാണി ടീച്ചറിന്റെ കഥ ഇഷ്ടമായില്ലേ? ഇനി കവിതയാകാം അല്ലേ ?കുഞ്ഞു കവിതകളുമായി വരുന്ന കവിയെ പരിചയപ്പെടേണ്ടേ?
. മലപ്പുറംകാരി കവയിത്രിയാണ് കുഞ്ഞിക്കവിതകൾ പാടി വരുന്നത്.
കോഡൂർ വാരിയത്ത് കൃഷ്ണൻകുട്ടി വാരിയരുടെയും ജയലക്ഷ്മീ ദേവി വാരസ്യാരുടെയും മകളാണ് ജയശ്രീ വാര്യർ .
കേരളാ പോലീസ് സർവീസിലുള്ള ജയേഷ് വാര്യരാണ് ഭർത്താവ്.
വ്യത്യസ്ത വിഷയങ്ങളിലെ ഉപരിപഠനത്തിനു ശേഷം കർമ്മരംഗത്ത് പ്രവേശിച്ചു. കുട്ടികൾക്കും, കുടുംബങ്ങൾക്കുമുള്ള പ്രബോധനാദി കാര്യങ്ങൾ ചെയ്യുന്നു. പാഠകം, പ്രഭാഷണം തുടങ്ങിയ ക്ഷേത്രോപാസനകളും ജ്യോതിഷവിഷയങ്ങളും ഉപാസനയോടെ ചെയ്തു വരുന്നു. കവിത, കഥ, നിരൂപണം തുടങ്ങിയുള്ള സാഹിത്യ ശാഖകൾ ഏറെ ഇഷ്ടമാണ്. നവമാധ്യമങ്ങളിൽ എഴുതുന്നു.
ജയശ്രീ വാര്യ രെഴുതിയ രണ്ടു കുഞ്ഞു കവിതകളാണ് താഴെ കൊടുത്തിരിക്കുന്നത്.
മഞ്ചാടി
അന്തിച്ചോപ്പിലെ നിറമാണേ
ചന്തം ചാർത്തിയ തനുവാണേ.
ചിന്തയ്ക്കുള്ളിലെ രസമായി
ട്ടെന്താണെന്നതു പറയേണം!
പഞ്ചാരച്ചിരി വിരിയിക്കാൻ
സഞ്ചിക്കുള്ളിലെ മണിമുത്തിൻ
മഞ്ചാടിക്കഥ പറയുമ്പോൾ,
കൊഞ്ചാതെത്തുകയരികത്തായ്.
മിഠായി
കയ്യിൽ നല്ലൊരു മിഠായി
“o”യെന്നെഴുതാൻ മിഠായി.
പയ്യെപ്പയ്യെത്തിന്നീടാൻ
വായിൽ നല്ലൊരു മിഠായി.
മിഠായിക്കൊരു ഠാ യുണ്ടേ
കഠോരമല്ലാ വൃത്തത്തിൽ.
ട ഠ ഡ ഢ ണയെഴുതാം
പാഠത്തിൽ ഠ യുണ്ടല്ലോ.
മഞ്ചാടിയും മിഠായിയും കുഞ്ഞുങ്ങളുടെ സന്തോഷങ്ങളാണ്. കവിതയിലായപ്പോൾ കൂടുതൽ സന്തോഷമായി. അതു പാടുമ്പോൾ പിന്നെ എന്താ പറയുക !ശർക്കരപ്പന്തലിൽ തേൻമഴ പോലെ. അല്ലേ ?
ഇനിയൊരു കഥ പറയാനായി ആലപ്പുഴക്കാരിയായ വിജയാ ശാന്തൻ കോമളപുരം എത്തിയിട്ടുണ്ട്
കഥ, നോവൽ, ബാലസാഹിത്യം എന്നീ മേഖലകളിൽ ധാരാളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ്.
സാംസ്കാരിക രംഗത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. സനാതന പാഠശാലയുടെ പ്രവർത്തകയുമാണ്.
ആലപ്പുഴ ജില്ലയിൽ ചേന്നംകരിയിൽ കെ.ഗോപാലന്റെയും
വി.കെ.സുഭദ്രയുടെയും മകളായി ജനിച്ച വിജയാ ശാന്തൻ ഭർത്താവ്. ടി.പി. ശാന്തപ്പൻ. മക്കളായ വിശാന്ത്, വിനീത്, വിഭാത് എന്നിവരോടൊപ്പം സൗത്ത് ആര്യാട് താമസിക്കുന്നു. ബിരുദധാരിണിയാണ്. എഴുത്തിന്റെ വഴിയിൽ ഏതാനും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കൃതികൾ :
അമ്മപ്പക്ഷി [കഥകൾ, ബാലസാഹിത്യം]. വീരുവും കൂട്ടുകാരും . [കഥകൾ, ബാലസാഹിത്യം] ഗണപതി [നോവൽ, ബാലസാഹിത്യം] ഭദ്ര [നോവൽ]
കറുത്ത മണ്ണ് [ കഥാ സമാഹാരം ]
ഇനി നമുക്ക് ശ്രീമതി വിജയാശാന്തന്റെ കഥ കേട്ടാലോ ?
വാസസ്ഥലം
******
ഇന്ന് ജൂൺ ഒന്ന്. പള്ളിക്കൂടം തുറക്കുന്ന ദിനം.
കുറുമൻ സൂര്യകിരണങ്ങളോടൊപ്പമെഴുന്നേറ്റു . പ്രാഥമികകർമ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞു , അടുക്കളയിലെത്തി.
അടുപ്പിൽ കായ്കനികൾ വേവുന്ന മണം മൂക്കിലേക്ക് അരിച്ചു കയറി. അവൻ മൂക്കിലേക്ക് ആഗന്ധം പിടിച്ചെടുക്കുന്നതു കണ്ട അവന്റെ അമ്മ, അവനെ അരികിൽ പിടിച്ചിരുത്തി. “ശെന്റെ പിള്ളക്ക് യിപ്പതെരാം … ”
കുറുമൻ അമ്മയുടെ ചാരത്തിരുന്നു.എന്നിട്ട് ചുറ്റും ഒന്നു നോക്കി.
“ഹനഹത്തി ഹെ തെയരാണോ ?
അവൻ തല കുലുക്കി.
” തൂങ്കുവാ ”
അമ്മ എഴുന്നേറ്റു അടുപ്പത്തിരുന്ന കലം ഇറക്കി വച്ചു വാർത്തു. രണ്ടു മിനിറ്റോളം കാത്തിരുന്നിട്ട് നിവർത്തി .അതിൽ നിന്നും നെയ്യ് പോലെ മൃദുലമായ കാട്ടു കിഴങ്ങുകൾ ഒരു മൺപാത്രത്തിലാക്കി അവന്റെ മുമ്പിൽ വച്ചു. മരം കൊണ്ടു നിർമ്മിച്ച ഒരു ഗ്ലാസ്സിൽ ചൂടുള്ള കാപ്പിയും കൊടുത്തു. അവനൂതിയൂതി കിഴങ്ങും കാപ്പിയും അകത്താക്കി എഴുന്നേറ്റു കൂട്ടുകാരെയൊക്കെ കണാൻ കൊതിയായി. അവൻ വളരെ സന്തോഷത്തോടെ പുസ്തക സഞ്ചി തോളിലിട്ടു. അമ്മയോട് യാത്ര പറഞ്ഞു, ഒറ്റയടിപ്പാതയിലൂടെ മൂളിപ്പാട്ടും പാടി നടന്നു.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവനു തോന്നി. ഇങ്ങനെ പോയാൽ ഒരു മണിക്കൂറെങ്കിലും നടക്കണം. അവനൊരു എളുപ്പ വഴിയറിയാം. കാടിന്റെ കൊച്ചു മകനായ താനെന്തിന് പേടിക്കണം? എല്ലാവരും എന്റെ ബന്ധുക്കളല്ലേ ? ഈ വൻമരങ്ങളും പുൽക്കൊടികളും കാട്ടുവള്ളികളും പിന്നെ ആന,പുലി,കുറുക്കൻ, കുരങ്ങ്,മാൻ,പോത്ത്, കഴുകൻ,പട്ടി ………..
പിന്നെ എത്രതരം പക്ഷികളാ..എല്ലാവരേയും എനിക്ക് ഇഷ്ടാ. എല്ലാവരോടു സ്നേഹം മാത്രം. പണ്ടൊരിക്കൽ എന്റെ അപ്പചെളിക്കുണ്ടിൽ പുതഞ്ഞപ്പോൾ ഒരാന മുളപറിച്ചിട്ടു കൊടുത്ത കഥ കേട്ടിട്ടുണ്ട്.
ചില മൃഗങ്ങളെക്കാണുമ്പോൾ പേടിതോന്നും. അപ്പോൾ മലദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കും. അപ്പോ പേടിയൊക്കെ പോകും. നല്ല ധൈര്യം കിട്ടും.
അവൻ കണ്ണുകൾ പൂട്ടിനിന്നു. മലദൈവങ്ങളെ അകക്കണ്ണിൽ കാണുന്നതുപോലെ ഒരു മിനിറ്റ് പ്രാർത്ഥിച്ചു. എന്നിട്ട് ഒരു കാട്ടുവള്ളിയിൽപ്പിടിച്ച്, പയ്യെ ആടി. ഓരോ വള്ളിയും പിടിച്ചാടി അന്തരീക്ഷത്തിലൂടെ അവൻ യാത്ര തുടർന്നു. പെട്ടെന്ന് വള്ളിയൊന്നും കിട്ടാതെവന്നു. അവൻ വള്ളിക്കായി ചുറ്റും പരതി. അപ്പോളവൻ കണ്ടത് , കുറെ മരമുത്തശ്ശിമാരുടെ ചുവടുകൾ മാത്രം. അവൻ ആ ചുവടുകൾക്ക് സമീപമെത്തി. ആ കാഴ്ച , അവനെ വല്ലാതെ വേദനിപ്പിച്ചു. അവനെക്കണ്ട് ആ മരച്ചുവടുകൾ തേങ്ങുന്നതായി തോന്നി. അവന്റെ മിഴികളും നിറഞ്ഞു തുളുമ്പി. ഓരോരുത്തരേയും അവൻ സങ്കടത്തോടെ തടവി.
” ഠേ, ഠേ, ഠേ,”
അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി. വെടിശബ്ദമല്ലേ കേട്ടത്? അവൻ ആ ഭാഗം ലക്ഷ്യമാക്കി നടന്നു.
അവിടെക്കണ്ട കാഴ്ച അവനെ കൂടുതൽ ദു:ഖിപ്പിച്ചു.
ഒരു സംഘമാളുകളെത്തിയിട്ടുണ്ട്. കാടിന്റെ അഴകായ ആനകളെ വേട്ടയാടാൻ. ആനക്കൂട്ടം എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു. നേതാവായ കൊമ്പൻ മാത്രം തുമ്പിക്കൈ ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. ആരോ കൊമ്പന്റെ നേർക്ക് വെടിവയ്ക്കുന്ന കഠാേര ശബ്ദം അവന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവൻ നോക്കി നിൽക്കേ ആ കൊമ്പൻ നിലത്തു ചരിഞ്ഞുവീണു.
അവന് പൊട്ടിക്കരയണമെന്നു തോന്നി. പരിഷ്ക്കാരികൾ കാട്ടിൽ വന്ന് കാടിന്റെ മക്കളുടെ വാസസ്ഥലം നശിപ്പിക്കുക മാത്രമല്ല, അവരുടെ ജീവനു തന്നെ ഭീഷണിയുമായിരിക്കുന്നു. എതിർക്കാൻ വന്ന കൊമ്പനെ വെടിവച്ചു കൊന്നിരിക്കുന്നു. ഇല്ല.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. അവന്റെ കുഞ്ഞുമനസ്സ് അവസരത്തിനൊത്തുയർന്നു. അവൻ തിരിച്ചു നടന്നു. എന്തൊക്കെയോ ശബ്ദമുണ്ടാക്കി. ആ ശബ്ദം കാടിന്റെ ഭാഷയാണ്.
ധാരാളം പക്ഷികളും മൃഗങ്ങളും ഓടിയെത്തി. അവൻ കാണിച്ച ദിശയിലേക്ക് എല്ലാവരും ഓടി . അവനും പിന്നാലെയെത്തി.
പക്ഷിമൃഗാദികൾ ഒറ്റക്കെട്ടായിച്ചേർന്ന് എല്ലാവരേയും ഓടിച്ചു കളഞ്ഞു. പക്ഷെ, കൊമ്പൻ വീണു കിടക്കുകയാണ്. സമീപത്തായി കുരങ്ങന്മാർ രണ്ടു പേരെ തടഞ്ഞുവച്ചിരിക്കുന്നു.അവർ പേടിച്ചു വിറയ്ക്കുന്നു.
അവൻ അവരുടെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ അവർ ഒരു കുറിപ്പ് ഏല്പിച്ചിട്ടു പറഞ്ഞു:
“കൊമ്പന് ഒന്നും സംഭവിച്ചിട്ടില്ല, വച്ചത് മയക്കു വെടിയാണ്. മൂന്നു മണിക്കൂർ കഴിയുമ്പോൾ കൊമ്പനുണരും. ഈ മരുന്നു കൊടുത്താൽ വേഗം സുഖംപ്രാപിക്കും”.
“മരുന്നില്ലാതെയാണോ നിങ്ങൾ വന്നത് ?” അവന്റെ ചോദ്യത്തിനു മുമ്പിൽ അവർ നിശ്ശബ്ദരായി.
അവൻ തുടർന്നു:
ഈ കാട് ഞങ്ങളുടെ വീടാണ്. ആനകൾ ഇവിടുത്തെ കാവൽക്കാരും. നിങ്ങൾ എല്ലാ വർഷവും ജൂൺ അഞ്ച് ‘പരിസ്ഥിതിദിന ‘ മായി കൊട്ടിഘോഷിക്കാറുണ്ടല്ലോ? നോക്കൂ എത്ര മരങ്ങളാണ് അടിച്ചു മാറ്റിയത്. ഒരു മരമെങ്കിലും വളർത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? എല്ലാ വർഷവും എത്ര തൈകളാണ് ആഘോഷപൂർവ്വം നട്ടുനശിപ്പിക്കുന്നത് ? ഒപ്പം ജനങ്ങളുടെ പണം ധൂർത്തടിക്കുകയും ചെയ്യുന്നു. നാട്ടുമനുഷൃരായ നിങ്ങൾക്ക് ലജ്ജയില്ലേ ? നിങ്ങൾക്കും കൂടി വായുവും വെള്ളവുമൊക്കെ ദാനം നൽകുന്ന ഈ മുത്തശ്ശിമരങ്ങളെത്തന്നെ മുറിച്ചു കൊണ്ടുപോയില്ലേ? അതുകൊണ്ടല്ലേ ആനക്കൂട്ടം ഉപദ്രവിക്കാൻ വന്നത്? നിങ്ങൾ എന്തിനാ ഞങ്ങളുടെ വാസസ്ഥലം കൈയേറുന്നത് , എന്നല്ലേ അവർ ചോദിക്കുന്നുള്ളു ഇനിയെങ്കിലും നിങ്ങൾ മനുഷ്യരാകാൻ ശ്രമിക്കൂ .
മരുന്നിന്റെ കുറിപ്പടിയുമായി അവൻ വേഗം നടന്നു നീങ്ങി.
കാടിന്റെയും കാടിന്റെ മക്കളുടെയും കഥയും അവരെ ചൂഷണം ചെയ്യുന്ന പരിഷ്ക്കാരികളുടെയും കഥ ഇഷ്ടമായില്ലേ ?
ഇനി മറ്റൊരു കുഞ്ഞു കവിതയാണ്. പാലക്കാട് കൊല്ലങ്കാേട്ടുകാരിയായ അഞ്ജലി ടീച്ചറാണ് ഈ കവിത രചിച്ചത്.
പുതുഗ്രാമം എ. എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന എസ്. നടരാജൻ മാസ്റ്ററുടെയും സി. എം. ഇന്ദിരയുടെയും മകളാണ് അഞ്ജലി. എസ്.എൻ കൊല്ലങ്കോട്. 1987 ലാണ് ജനനം.
കൊല്ലങ്കോട്ടുള്ള YMGHS, BSSHSS, പേരൂർ GSSTTI, നെന്മാറ – NSS കോളേജ് ,കോട്ടയം MG യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഇപ്പോൾ മേനോൻപാറ ഗവ: യു.പി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു..
ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
ഭർത്താവ് ആർ. മീനപ്പനും മകൾ എം.ശിവാനിയുമാെത്ത് പാലക്കാട് തരകർ ലൈനിലാണ് ടീച്ചർ താമസിക്കുന്നത്.
അഞ്ജലിടീച്ചർ കൊച്ചു കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കവിത താഴെ കൊടുക്കുന്നു.
തീവണ്ടിച്ചങ്ങാതി
+++++++++++++
കൂ കൂ കൂ കൂ ചങ്ങാതി
കൂകിപ്പായണ ചങ്ങാതി
ബോഗികളമ്പോ നൂറെണ്ണം
ആളുകളയ്യോ, ആയിരവും
നേരത്തോടും നേരേയോടും
വളവുകൾ തിരിവുകൾ ഇല്ലല്ലോ
ആരാണാരാണാരാണ്
കൂ കൂ കൂ കൂ ചങ്ങാതി.
ടീച്ചറുടെ കവിത രസകരമല്ലേ ? തീവണ്ടിച്ചങ്ങാതിയെ ആർക്കാണ് ഇഷ്ടമില്ലാത്തത്. കൂട്ടുകൂടി പാട്ടു പാടിയങ്ങനെ നടക്കാമല്ലോ.
കൂട്ടുകാരേ,
കഥകളും കവിതകളുമെല്ലാം ഇഷ്ടപ്പെട്ടില്ലേ? ഇഷ്ടമായാൽ മാത്രം പോരാ. അവയെല്ലാം വായിച്ച് കൂട്ടുകാരെ കേൾപ്പിക്കണം. എല്ലാ കവിതകളും മന:പാഠമാക്കണം.
ശരി …
ഇനി പുതിയ എഴുത്തുകാരെയും പുതിയ രചനകളെയും നമുക്ക് അടുത്ത ലക്കത്തിൽ പരിചയപ്പെടാം.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം..