ലോസാഞ്ചലസ്: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്‌റ്റേണ്‍ റീജിയന്‍ ദ്വിദിന കോണ്‍ഫറസ് 27,28-നും(ശനി, ഞായര്‍) ലോസ് ഏഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. 27-ശനിയാഴ്ച രാവിലെ 9.30ന് സാന്‍ഫ്രാന്‍സിസ്‌ക്കോ ഇടവക വികാരി റവ.സജി തോമസിന്റെ പ്രാര്‍ത്ഥനയോടു കൂടി കോണ്‍ഫറന്‍സിന് തുടക്കമാകും. ജനറല്‍ കണ്‍വീനര്‍ ബിജു വര്‍ഗീസ് സ്വാതമാശംസിക്കും. റീജിയന്‍ പ്രസിഡന്റ് റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍ കോണ്‍ഫറന്‍സ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും സിയാറ്റില്‍ മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ.മനു വര്‍ഗീസ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ‘നിരാശയുടെ മദ്ധ്യത്തില്‍ പുനഃസൃഷ്ടിയുടെ പ്രതീക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സന്ദേശങ്ങള്‍ നല്‍കപ്പെടും.
കാലിഫോര്‍ണിയ, നെവാഡ, അരിസോണ, സിയാറ്റിന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150-ഓളം പ്രതിനിധികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. സെഷനുകളെ തുടര്‍ന്നുള്ള പാനല്‍ ചര്‍ച്ചകള്‍ക്ക് സിലിക്കന്‍വാലി ഇടവക വികാരി റവ.ജീനു ജോണ്‍ നേതൃത്വം നല്‍കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ധ്യാനത്തിന് ഫീനിക്‌സ് ഇടവക വികാരി റവ.സിബിന്‍ ഡി വര്‍ഗീസ് നയിക്കും. തുടര്‍ന്ന് നടക്കുന്ന ബിസിനസ്സ് സമ്മേളനത്തില്‍ റീജിയന്‍ സെക്രട്ടറി രാജേഷ് മാത്യൂ നേതൃത്വം നല്‍കും. സ്‌നേഹവിരുന്നിനുശേഷം പ്രതിഭാ സംഗമത്തോടെ ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും.
ഞായറാഴ്ച രാവിലെ 8ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് റവ.മനു വര്‍ഗീസ് സമാപന സന്ദേശം നല്‍കും. രാജേഷ് മാത്യു, മനു വര്‍ഗീസ് നന്ദി പ്രകാശിപ്പിക്കുന്നതോടു കൂടി കോണ്‍ഫറന്‍സിന് സമാപനമാകും.
സെന്റ് ആന്‍ഡ്രൂസ് ഇടവക വികാരി റവ.ബിജോയ് എം.ജോണ്‍ അയിരൂര്‍, ചെയര്‍മാനും ബിജു വര്‍ഗീസ്സ മനു വര്‍ഗീസ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായുള്ള കോണ്‍ഫറന്‍സിന്, ഏലിയാമ്മ മാത്യൂ, ഫിലിപ്പ് ഏബ്രഹാം, മറിയാമ്മ ഈപ്പന്‍, ഷിനു വര്‍ക്കി, അനിതാ വര്‍ഗീസ്, ബിന്‍സി കോശി, താഡ് ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം 1924 ഓഗസ്റ്റ് 24-ന് അയിരൂര്‍ ചായല്‍ പള്ളിയില്‍ മാര്‍ത്തോമ്മാ സ്വമേധ സന്നദ്ധ സുവിശേഷ സംഘം എന്ന പേരിലാണ് രൂപീകരണമായത്. ഡോ.ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ പ്രേരണയില്‍ സി.പി. ഫിലിപ്പോസ് കശീശാ പ്രസിഡന്റും, മൂത്താംപാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി ആയിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി. 1938-ല്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം എന്ന് പുനര്‍ നാമകരണം ചെയ്തു.