മലപ്പുറം: മഞ്ഞും കടുത്ത ചൂടും ഇടകലർന്നുള്ള കാലാവസ്ഥയില്‍ ജില്ലയില്‍ ജലദോഷവും പനിയും വ്യാപകം. ആദ്യം ജലദോഷത്തോടെ തുടങ്ങി പനിയില്‍ ചെന്നെത്തുന്ന സ്ഥിതിയാണ്. കടുത്ത ജലദോഷവും തൊണ്ടവേദനയും കഫക്കെട്ടും ആയാണ് മിക്കവരും ചികിത്സ തേടുന്നത്. അസുഖം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
ഒന്നോ രണ്ടോ ദിവസം മാത്രമാണ് പനി നിലനില്‍ക്കുന്നതെങ്കില്‍ ജലദോഷവും കഫക്കെട്ടും നീളുന്നതാണ് രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഒരുദിവസം ശരാശരി 1,500 പേർ പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. ഡിസംബറില്‍ പ്രതിദിന കണക്ക് ആയിരത്തില്‍ താഴെയായിരുന്നു. ഒരാഴ്ചക്കിടെ 9,040 പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. രോഗം വരാൻ സാദ്ധ്യതയുള്ളവരും രോഗികളും മാസ്‌ക് ധരിക്കുന്നത് രോഗം പകരാതിരിക്കാനുള്ള നല്ല മാർഗ്ഗമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.
ആശങ്കയില്‍ ഡെങ്കി വ്യാപനം:
ഒരാഴ്ചയ്ക്കിടെ 127 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതില്‍ 31 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വഴിക്കടവ്, കരുളായി, വാഴക്കാട്, ചുങ്കത്തറ, ചാലിയാർ, പോരൂർ, ചേലേമ്പ്ര, അരീക്കോട്, കാവന്നൂർ, തൃക്കലങ്ങോട്, ആനക്കയം, മഞ്ചേരി, ഓമാനൂർ, മമ്പാട്, കീഴുപറമ്പ്, അമരമ്പലം, കാവന്നൂർ, നെടിയിരുപ്പ്, കൊണ്ടോട്ടി, കുഴിമണ്ണ, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ മലയോര മേഖലകളിലാണ് ഡെങ്കി വിടാതെ പടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ഡെങ്കി കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. പരിസര ശുചീകരണത്തിനൊപ്പം എവിടെയും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പേകുന്നുണ്ട്.
എലിപ്പനി ലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 10ന് ആലിപ്പറമ്പില്‍ 49കാരി എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. ഡിസംബർ 28ന് പാങ്ങില്‍ 58കാരനും മരിച്ചിരുന്നു.