Friday, December 27, 2024
Homeകഥ/കവിതക്രിസ്മസ് രാത്രിയിലെ അമിട്ട് (കഥ) ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ക്രിസ്മസ് രാത്രിയിലെ അമിട്ട് (കഥ) ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

തൃശ്ശൂർ നഗരമധ്യത്തിൽ ആണ് ബഷീറിൻറെ ബേക്കറി അതിനോടു ചേർന്നു തന്നെ ബോർമയും.അവിടെ ഉണ്ടാക്കുന്ന ഒരു സാധാരണ ബണ്ണിനും വെണ്ണ ബിസ്കറ്റിനും റൊട്ടിക്കും വരെ പ്രത്യേക രുചിയാണ്. ക്രിസ്മസ്, റംസാൻ, ബക്രീദ്…. പോലുള്ള വിശേഷ അവസരങ്ങൾ എത്തിയാൽ പിന്നെ പറയുകയും വേണ്ട. പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, മുട്ട സുനാമി, കുഞ്ഞി കലത്തപ്പം, കിണ്ണത്തപ്പം , അരിക്കടുക്ക……ഈ വക പലഹാരങ്ങൾ തിന്നാൽ കൈ വരെ കടിച്ചു പോകും. ഈ സമയത്ത് ബേക്കറിയിൽ തിരക്കോട് തിരക്ക് ആയിരിക്കും.

അങ്ങനെ ഒരു ക്രിസ്മസ് കാലം എത്തി. അനിയന്ത്രിതമായ തിരക്കുള്ള സമയങ്ങളിൽ മാത്രം ബഷീറിൻറെ വാപ്പച്ചി കൂടെ കടയിലെത്തും. ഒരു ക്രിസ്മസ് തലേന്ന് വാപ്പച്ചിയും മോനും കൂടി കടപൂട്ടി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരെ ഉൾപ്രദേശത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടു.പിറ്റേ ദിവസം ക്രിസ്തുമസ്. ജോലിക്കാർക്ക് അടക്കം കടക്കും എല്ലാവർക്കും അവധി കൊടുത്തിരിക്കുകയാണ്. ജോലിക്കാരിൽ അധികവും ക്രിസ്ത്യാനികളാണ്. മാത്രവുമല്ല ഒരു മാസമായി കഠിനാധ്വാനം ചെയ്തവരായിരുന്നു എല്ലാവരും. സമയം പാതിരയോട് അടുത്തു. അപ്പോഴാണ് വാപ്പച്ചി പറഞ്ഞത് നമുക്ക് വണ്ടിയിൽ ഡീസൽ അടിച്ചിട്ട് പോയാലോ എന്ന്. വണ്ടിയോടിക്കുന്ന മോൻ അപ്പോൾ തന്നെ പറഞ്ഞു അരടാങ്ക് ഡീസൽ ഉണ്ട്. പിന്നെ ഒരു പെട്രോൾ കാർ വീട്ടിൽ ഉണ്ടല്ലോ.നാളെ വലിയ ഓട്ടം ഒന്നുമില്ലതാനും. മാത്രമല്ല തൻറെ കൈവശമിരിക്കുന്ന ബാഗിന്‍റെ വിവിധ കള്ളികളിൽ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ കുത്തിനിറച്ചു വെച്ചിരിക്കുകയാണ്. വീട്ടിൽ ചെന്ന് കിടന്നുറങ്ങിയിട്ടു വേണം നാളെ രാവിലെ കണക്ക് കൃത്യമായി എഴുതി വയ്ക്കാൻ.കടയിലെ തിരക്ക് കാരണം കിട്ടുന്ന കാശ് മുന്നും പിന്നും നോക്കാതെ ബാഗിലേക്ക് കുത്തി നിറയ്ക്കുകയായിരുന്നു. എല്ലാവരും ഗൂഗിൾ പേക്കാർ അല്ലല്ലോ. എന്നാൽ പിന്നെ ഇത്രയും കാശുമായി പെട്രോൾ പമ്പിൽ ഒന്നും വണ്ടി നിർത്തേണ്ട വിട്ടു പൊയ്ക്കോ എന്ന് വാപ്പച്ചിയും പറഞ്ഞു.

പക്ഷേ പിറ്റേദിവസം അതിരാവിലെ കോഴിക്കോട് നിന്ന് ഒരു വെള്ളിടി പോലെ ഒരു വാർത്ത. ഒരു ബന്ധുവിന്റെ മരണ അറിയിപ്പ് ആയിരുന്നു അത്. ഉടനെ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ഡീസൽ കുറവല്ലേ എന്ന് ഓർക്കുന്നത്.പോകുന്ന വഴിക്ക് അടിക്കാം എന്ന് കരുതിയാലും അന്ന് പെട്രോൾ പമ്പ് തുറന്നു വരുമ്പോൾ സമയം പിന്നെയും വൈകിയാലോ എന്ന് കരുതി അപ്പോൾ തന്നെ അടുത്തുള്ള പെങ്ങളുടെ വീട്ടിൽ പോയി വിവരം പറഞ്ഞ് അവളുടെ കാർ എടുത്തുകൊണ്ടുവന്ന് എല്ലാവരും കൂടി പോയി വന്നു. വലിയ നോട്ടുകൾ അടങ്ങിയ ബാഗുമായി വണ്ടി നിറുത്തേണ്ട എന്ന് കരുതിയാണ് തലേദിവസം ഡീസൽ അടിക്കാതെ ഇരുന്നത് എന്ന് പെങ്ങളോട് പറഞ്ഞിരുന്നു.

ഒരു രണ്ടാഴ്ച കഴിഞ്ഞു. ബഷീറിന്റെ ഭാര്യ ഉമ്മയെപ്പറ്റി ചില പരാതികൾ ഒക്കെ ബഷീറിൻറെ ചെവിയിൽ ഓതാൻ തുടങ്ങി. “ഉമ്മയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. മുള്ളും മുനയും വെച്ച് സംസാരിക്കുന്നു. ഉമ്മ പഴയതുപോലെ ഒന്നുമല്ല. തൊട്ടതിനും പിടിച്ചതിനുമൊക്ക വെറുതെ വഴക്ക് ഉണ്ടാക്കുന്നു.”ബഷീറിന് ആകെ വിഷമമായി.കല്യാണം കഴിഞ്ഞു പത്തുവർഷമായി. രണ്ടു കുട്ടികളുമുണ്ട്. ഇതുവരെ ഇങ്ങനെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇതിപ്പോ എന്തുപറ്റി എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല. സാധാരണ ബഷീറിൻറെ വാപ്പച്ചി കടയിൽ ഒന്നും വരാറില്ല. അതുകൊണ്ടുതന്നെ അവർ ഒന്നിച്ച് പിന്നെ എവിടെയും പോകേണ്ടി വന്നിട്ടും ഇല്ല. പക്ഷേ യാദൃശ്ചികമായി ഒരിക്കൽ അവർ രണ്ടുപേരും മാത്രമായി വണ്ടിയിൽ പോയപ്പോൾ വാപ്പച്ചി വലിയ വികാരാധീനനായി പറഞ്ഞു. “എന്നാലും മോനേ, ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും കരുതിയില്ല. നീ വലിയ നോട്ടുകൾ ഒക്കെ എന്നെ കാണാതെ മാറ്റി വയ്ക്കുകയാണല്ലേ, എന്നെ നിനക്ക് അപ്പോൾ വിശ്വാസമില്ല അതല്ലേ അതിൻറെ അർത്ഥം. ഞാൻ നിങ്ങടെ മുതലിൽ നിന്ന് ഒരു പൈസ പോലും എടുത്തല്ല ഹജ്ജിനു പോകുന്നത്. “ എന്ന്. ഇത്രയും കേട്ടതും ബഷീർ വണ്ടി ചവിട്ടി നിർത്തി. കുറച്ചു നാളായി ഇതിനു സമാനമായി ബഷീറിൻറെ ഭാര്യയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എല്ലാം വിട്ടുകള ഉമ്മയ്ക്ക് വയസ്സായില്ലേ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. എന്തായാലും ഇതിൻറെ നിജസ്ഥിതി അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബഷീർ. അപ്പോഴാണ് കഥയുടെ ഗുട്ടൻസ് പിടികിട്ടിയത്.

അന്ന് പെങ്ങളുടെ അടുത്ത് വണ്ടി എടുക്കാൻ പോയപ്പോൾ ബഷീർ പറഞ്ഞ കാര്യത്തിൽ നിന്നാണ് കഥ രൂപപ്പെട്ടിരിക്കുന്നത്. ബഷീറിൻറെ പെങ്ങൾ അപ്പോൾ തന്നെ ആ ന്യൂസിൽ അല്പം കാപ്പിപ്പൊടി, കുറച്ച് പഞ്ചസാര, പാകത്തിന് പാൽപ്പൊടി ചേർത്ത് ഒന്ന് കുറുക്കി ഉമ്മയോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “അതെ, ഉമ്മ ബഷീറിക്ക അന്ന് വണ്ടി എടുക്കാൻ വന്നപ്പോൾ പറഞ്ഞു നമ്മുടെ വാപ്പയെ വിശ്വസിക്കാൻ കൊള്ളില്ലാത്ത തുകൊണ്ട് ഇക്ക വലിയ നോട്ടുകൾ ഒക്കെ ബാഗിലാക്കി ഉടനടി വീട്ടിൽ കൊണ്ടുവരും പിന്നെ അഞ്ഞൂറിൽ താഴെയുള്ള നോട്ടുകളും ചില്ലറയും മാത്രമേ കടയിൽ ഉണ്ടാകുള്ളൂ. അതീന്ന് വാപ്പ എടുത്താലും അത്രയല്ലേ പോകുള്ളുവെന്ന് “.

ഹെന്റെ പടച്ചോനെ! മാധ്യമ പ്രവർത്തകർക്ക് പോലും വാർത്തകൾ ഇങ്ങനെ വളച്ചൊടിക്കാനുള്ള കഴിവ് ഇല്ലല്ലോ? തന്റെ ചോര തന്നെ തനിക്കിട്ടു പണിത പാര കേട്ട് ബഷീർ അന്തം വിട്ടു.
ഇത് കേട്ടപാതി, കേൾക്കാത്ത പാതി കലിതുള്ളി കൊണ്ട് ഉമ്മ മരുമകളുടെ നേരെ ചെന്നു. ഒന്ന് രണ്ട് തവണ ക്ഷമിച്ചിട്ടും ഉമ്മ നിർത്താൻ ഭാവമില്ല എന്ന് കണ്ടപ്പോൾ വിവരം ബഷീറിനെ അറിയിച്ചു. ബഷീർ അതത്ര ശ്രദ്ധിച്ചില്ല. അങ്ങനെ ബഷീറിൻറെ പെങ്ങൾ തീ കൊടുത്തു വിട്ട ആ ചെറിയ കമ്പക്കെട്ട് അവിടെ പുകഞ്ഞു കൊണ്ടേയിരുന്നു. പ്രശ്നപരിഹാരത്തിന് ബഷീർ ഒന്നും ചെയ്യുന്നില്ല എന്ന് കണ്ട ബഷീറിൻറെ ഭാര്യ തിരിച്ചും ചില കൊച്ച് ഏറു പടക്കങ്ങൾ എറിഞ്ഞു കൊണ്ടിരുന്നു. തന്റെ കുടുംബത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ബഷീർ അന്തംവിട്ടു. ഉമ്മയും സ്വന്തം മോളും ആയിട്ടുള്ള ഫോൺ വിളികളുടെ എണ്ണം കൂടി. കല്യാണത്തിനു മുമ്പ് അത്ര രസത്തിലല്ലായിരുന്ന ഉമ്മയും മോളും അങ്ങനെ ഒറ്റക്കെട്ടായി.ഏതായാലും കമ്പക്കെട്ടിലെ തീ ആളിക്കത്തുന്നതിനുമുമ്പ് വാപ്പച്ചി ഫയർഫോഴ്സ് റെഡിയാക്കി. ബഷീറും ഉപ്പയും കൂടി ശരവേഗത്തിൽ മകളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു വിട്ടു. അവിടെ എത്തിയ ഉടനെ മുഖവുര കൂടാതെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്ത് വാപ്പച്ചി അവളുടെ കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു.സംഗതി ക്ലീൻ.

“നാവിനെ സൂക്ഷിക്കുക
മനുഷ്യൻ പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ എല്ലാ അവയവങ്ങളും നാവിൻറെ മുന്നിൽ താഴ്മയോടെ അപേക്ഷിക്കും. നീ നമ്മുടെ വിഷയത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം ഞങ്ങൾ നിന്നോടൊപ്പം ആണ്. നീ ചൊവ്വായാൽ ഞങ്ങളും ചൊവ്വാകും. നീ വളഞ്ഞാൽ ഞങ്ങളും വളയും. “ (തിർമിദി 2/66)

ഇത് ദിനവും രണ്ടുനേരം മനസ്സിലോർത്താൽ മതി, നീ നന്നായിക്കോളും. കരഞ്ഞുകൊണ്ടിരുന്ന മകളോട് വാപ്പച്ചി ഇങ്ങനെ പറഞ്ഞിട്ട് അവളുടെ സൽക്കാരത്തിന് ഒന്നും നിൽക്കാതെ വണ്ടി തിരിച്ചുവിടാൻ ആജ്ഞാപിച്ചു ബഷീറിനോട്.സംഗതി ക്ലീൻ. മൂന്നുമാസം എടുത്തു ഇതിൻറെ കോലാഹലങ്ങൾ ഒക്കെ ഒന്ന് ആറിതണുക്കാൻ. കാരണം ദേഷ്യം വന്നപ്പോൾ ഉമ്മയും ബഷീറിൻറെ ഭാര്യയും പരസ്പരം പറഞ്ഞ വാക്കുകൾ അത്രപെട്ടെന്ന് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ? അങ്ങനെ മല പോലെ വന്നത് ഏതായാലും എലിപോലെ പോയി. സാവധാനത്തിൽ ആണെങ്കിലും ബഷീറിൻറെ കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. അപ്പോഴും ബഷീർ ചിന്തിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴത്തെ മന്ത്രിമാർക്ക് പറ്റിയതുപോലെ ‘നാക്കുപിഴ ‘ സംഭവിച്ചതായിരിക്കുമോ തന്റെ കുഞ്ഞിപെങ്ങൾക്ക് 😀

മേരി ജോസി മലയിൽ,✍️
തിരുവനന്തപുരം.
[©This story is copyrighted.]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments