അഭിഷേകം
വിവിധ ദ്രവ്യങ്ങളെക്കൊണ്ട് ബിംബത്തിൽ സമന്ത്രമായി അഭിഷേകം ചെയ്യുമ്പോൾ, അഭിഷിക്തമായ തീർത്ഥജലം വടക്കുവശത്തുള്ള ഓവിലൂടെ നിർഗളിച്ച് മതിൽക്കെട്ടുവരെ ഒഴുകുന്നു. സാധകനും സിദ്ധയോഗീശ്വരനുമായ ദേവൻ്റെ സ്ഥൂല സൂക്ഷ്മദേഹത്തെ മുഴുവൻ കുളിർപ്പിയ്ക്കുന്ന അമൃതവർഷിണമെന്ന യോഗസാധന കൊണ്ട് സിദ്ധമാകുന്ന അവസ്ഥയെ ഉളവാക്കുന്ന പ്രക്രിയയാണിത്. പരമശിവാഭിന്നത്വം പ്രാപിച്ച കുണ്ഡലിനീശക്തിയുടെ ഉത്ഥാപനത്തിൻ്റെ പരമകാഷ്ഠയിൽ എത്തുമ്പോഴാണല്ലോ ദിവ്യാനുഭൂതികൾ സാധകന് അനുഭവപ്പെടുന്നത്. ഈ അവസ്ഥയിൽ സ്വന്തം ഇച്ഛാശക്തികൊണ്ടുമാത്രം, ഇന്ദ്രിയങ്ങളെന്ന മാധ്യമങ്ങളുടെ സഹായംകൂടാതെ തന്നെ, പ്രപഞ്ചത്തിൽ വ്യാപരിയ്ക്കുവാനും പ്രാപഞ്ചിക ഊർജ്ജത്തെ ഉൾക്കൊള്ളുവാനും സാധകന് കഴിയുന്നു. പ്രപഞ്ചത്തിൻ്റെ വിരാട് രൂപം പ്രകീർത്തനം ചെയ്യപ്പെടുന്ന വേദമന്ത്രമായ പുരുഷസൂക്തംകൊണ്ടും ശ്രീരുദ്രം, രുദ്രസൂക്തം മുതലായ മറ്റു വൈദിക മന്ത്രങ്ങളെക്കൊണ്ടും അഭിഷേകം ചെയ്യപ്പെടുന്നു. അപോഹിഷ്ഠാദി പുണ്യാഹമന്ത്രങ്ങൾ തുടങ്ങി അതത് ദേവപ്രതിഷ്ഠയ്ക്ക് അനുസരിച്ചുള്ള സമന്ത്രമായ ഈ അഭിഷേകത്തിൽ ഭാഗമാക്കാവുന്ന ഭക്തന് തൻ്റെ ഇച്ഛാശക്തിയുടെ ലേശാംശത്തെയെങ്കിലും ഫലപ്രദമായി ഉണർത്തിവിടാൻ കഴിയുന്നുണ്ട്. ശിവക്ഷേത്രങ്ങളിലും മറ്റും ധാരക്കിടാരങ്ങളിലൂടെ ദേവബിംബശിരസ്സിൽ അനുസ്യുതം അണമുറിയാതെ ധാര കഴിയ്ക്കാറുണ്ടല്ലോ. അഗ്നിസ്വരൂപനായ ദേവനെ ഈ നിരന്തരമായ ധാരകൊണ്ട് അമൃതമായ അവസ്ഥയിലേയ്ക്കുയർത്തുന്ന ഈ ക്രിയയിൽ പങ്കുകൊള്ളുന്ന ഭക്തൻ്റെ സകലപാപങ്ങളും നീങ്ങി കിട്ടുന്നു. കർമ്മഫലമായുള്ള വിവിധ രോഗങ്ങളിൽനിന്നും ദു:ഖങ്ങളിൽനിന്നും മോചനം ലഭിക്കാനായി ശിവന് ധാര കഴിക്കാറുള്ളത് ഇവിടെ സമ്ർത്തവ്യമാണ്. ഭസ്മം, ചന്ദനം, കളഭം, തേൻ, പാല്, നെയ്യ്, പഞ്ചാമൃതം, ഇളനീർ, പനിനീർ, എണ്ണ എന്നിവ കൊണ്ടെല്ലാം ചെയ്യുന്ന അഭിഷേകങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫലപ്രാപ്തിയും അർത്ഥവും ഉണ്ടെന്ന് ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. ശബരിമലയിലെ ഏറ്റവും ശ്രേഷ്ഠമായ വഴിപാട് ഭക്തന്മാരുടെ ഇരുമുടിക്കെട്ടിൽ നാളികേരത്തിൽ നിറച്ചു കൊണ്ടുപോകുന്ന നെയ്യുകൊണ്ടുള്ള അഭിഷേകമാണല്ലോ. അഭിഷേകപ്രസാദം സ്വീകരിച്ചുകൊള്ളുന്നതോടെ സിദ്ധമാകുന്ന ഫലപ്രാപ്തിയെക്കുറിച്ച് ഇവിടെ പറയേണ്ട ആവശ്യമില്ല.ലക്ഷോപലക്ഷം ഭക്തന്മാർക്കു അനുഭവവേദ്യമായിട്ടുള്ള വിഷയമാണിത്.
പായസം മുതലായ നിവേദ്യങ്ങൾ
നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിൻ്റേയും പ്രാണ മനോമയ കോശങ്ങളുടേയും രസാംശത്തെ ദേവങ്കൽ ആഹുതിയായി സമർപ്പിക്കുന്നുണ്ട്. ആയതിനാൽ വഴിപാടുകാരന് മുഴുവൻ പൂജയും നിർവ്വഹിച്ചതിൻ്റെ ഫലം സിദ്ധമാകുന്നുണ്ട്. അന്നമയകോശങ്ങളത്തോളം വ്യാപ്തമായ വഴിപാടുകാരൻ്റെ പ്രതീകമെന്ന നിലയ്ക്ക് നിവേദ്യത്തിനുള്ള ദ്രവ്യത്തെ സങ്കല്പിച്ചാണ് ഈ ക്രിയ ചെയ്യുന്നത്.
ഓരോ ദേവൻ്റെയും പ്രത്യേകം പ്രത്യേകം അവസ്ഥാവിശേഷത്തിനനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതത് ക്ഷേത്രങ്ങളിലെ മുഖ്യമായ വഴിപാട്. പ്രശാന്തവും സാത്വികവുമായ ഭാവത്തിലുള്ള മഹാവിഷ്ണുവിന് പാൽപായസമാണെങ്കിൽ ഉഗ്ര സങ്കല്പത്തിലുള്ള ഭദ്രകാളിക്ഷേത്രങ്ങളിൽ കഠിനപ്പായസം (അത്യന്തം മധുരിക്കുന്ന ശർക്കര പായസം ) ആയിരിക്കും. ഇങ്ങനെ വ്യത്യസ്ത ഭാവാവിശേഷങ്ങളോടെയുള്ള പ്രക്രിയയാണ് അനുവർത്തിയ്ക്കപ്പെടുന്നത്.
🙏
🙏🙏🙏❤️
നല്ല അറിവ് ഗുരുജി. വഴിപാടിൻ്റെ ഫലം ഭക്തന് എങ്ങനെ പ്രാപ്തമാകുന്നു എന്നു പറയുന്നു. നന്ദി ഗുരുജി. നമസ്ക്കാരം ‘
നല്ലറിവ് 🙏