മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.
പ്രവചന വരം
യേശുവിന്റെ ജനനം, ജീവിതം, മരണം, മടങ്ങി വരവ് ഇതെല്ലാം പഴയ നിയമ പ്രവാചകന്മാർ എല്ലാവരും നിരവധി തവണ പ്രവചിച്ചിരുന്നു. എന്നാൽ ചില പ്രവചനങ്ങൾ പിശാചിന്റെ പ്രേരണയാലും ഉണ്ടാകാം. വെളിച്ചപ്പാടത്തി സ്ത്രീ പൗലോസ് അപ്പോസ്തോലനോട് പൈശാചിക പ്രേരണയാൽ പ്രവചിക്കുന്നതും കാണാം.
അതിശക്തമായ പ്രവചന വരത്തിൽ ശ്രുശ്രുഷിക്കുന്ന ദൈവ ദാസന്മാർ ഇന്നും ലോകമെങ്ങും ദൈവ കരങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യക്തികളുടെ പേരുകൾ, ഹൃദയ രഹസ്യങ്ങൾ ഇവ വെളിപ്പെടുത്തുകയും നടക്കുവാൻ പോകുന്ന കാര്യങ്ങൾ കൃത്യമായി പ്രവചിക്കുകയും ചെയ്യുന്ന കൃപാവരങ്ങൾ കാണാം. പ്രവചനങ്ങളെ ഒരിക്കലും വില കുറച്ചു കാണരുത്. ആരു പ്രവചിച്ചാലും ശോധന ചെയ്തു നല്ലത് മാത്രം മുറുകെ പിടിക്കണം.
പഴയ നിയമത്തിലും, പുതിയ നിയമത്തിലും ഒരു പോലെ പ്രവർത്തിച്ചിട്ടുള്ളതാണ് പ്രവചനവരം. ദാവീദിന്റെ പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തുന്നതും,നെബുഖദ്നേസർ രാജാവിനോട് ബാബിലോൺ സാമ്രാജ്യത്തിന്റെ ഭാവി ദാനിയേൽ വെളിപ്പെടുത്തുന്നതും, യോസേഫ് ഈജിപ്റ്റിൽ വരുവാൻ പോകുന്ന മഹാ ക്ഷാമം പ്രവചിക്കുന്നതും, മോശെ ക്രിസ്തുവിന്റെ വരവ് പ്രവചിക്കുന്നതും അടക്കം ആയിരക്കണക്കിന് പ്രവചനങ്ങൾ പഴയ നിയമത്തിൽ കാണാം.
1 തെസ്സലൊനീക്യർ 5 : 20, 21
“പ്രവചനം തുച്ഛീകരിക്കരുതു,സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ”
പുതിയ നിയമ സഭയിൽ ദൈവം നൽകിയിരിക്കുന്ന ഏറ്റവും ശക്തവും അനേകരെ സ്വാധീനിക്കുന്നതുമായ ഒരു കൃപാവരമാണ് പ്രവചനവരം. പുതിയ നിയമ സഭയിലെ എല്ലാവരിലും പരിശുദ്ധാത്മാവ് ഉള്ളതിനാൽ എല്ലാ വിശ്വാസികളിലും എല്ലാ കൃപാവരങ്ങളും ഒരളവിലുണ്ട്.
1 കൊരിന്ത്യർ 14 : 2, 3
“അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നു മായി മനുഷ്യരോടു സംസാരിക്കുന്നു”
പത്രോസിലും ഇതര ദൈവ ദാസന്മാരിലും അതിശക്തമായ പ്രവചന വരവും ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന വരവും വ്യാപരിച്ചതായി വചനത്തിൽ നാം കാണുന്നു. അനന്യാസും, സഫീറയും നിലം വിറ്റിട്ട് കുറെ മാറ്റിവെച്ച ശേഷം മുഴുവൻ സഭയ്ക്കു കൊടുക്കുകയാണ് എന്ന വ്യാജേന വന്നപ്പോൾ പരിശുദ്ധാത്മാവ് പത്രോസിനു ആ രഹസ്യം വെളിപ്പെടുത്തി.
1 കൊരിന്ത്യർ 13 : 2
“എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല”
യേശു കർത്താവിന്റെ ശ്രുശ്രുഷയിലും പ്രവചന വരവും അതിശക്തമായി വ്യാപരിച്ചിരുന്നു. സക്കായിയെ പേർ വിളിച്ചത്, ശമര്യക്കാരിക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നത്, ഇപ്പോൾ ഉള്ളവൻ ഭർത്താവല്ലെന്ന് വെളിപ്പെടുത്തിയത്, പത്രോസ് തള്ളിപ്പറയുമെന്ന് പ്രവചിച്ചത്, യഹൂദനും, യെരുശലേം ദേവാലയത്തിനും ഉണ്ടാകുവാൻ പോകുന്ന നാശം, യഹൂദന്റെ മടങ്ങി വരവ് തുടങ്ങിയ കാര്യങ്ങൾ പ്രവചിച്ചത്, തുടങ്ങി അനേകം വിഷയങ്ങൾ യേശുക്രിസ്തുവിന്റെ ശ്രുശ്രുഷയിൽ ഉടനീളം പ്രവചനാത്മാവ് ശക്തമായി പ്രവചിക്കുന്നത് കാണാം.
മത്തായി 26 : 33, 33
“അതിന്നു പത്രൊസ്; എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.യേശു അവനോടു: “ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു”
ഇതുപോലെ നൂറുകണക്കിന് പ്രവചനങ്ങൾ യേശുക്രിസ്തുവും അപ്പോസ്തോലന്മാരും പറഞ്ഞു. ഇതെല്ലാം ഇപ്പോളും നിവൃത്തിയായി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പ്രധാന അടിസ്ഥാനം പ്രാർത്ഥനയാണ്. ഇടതടവില്ലാതെ പ്രാർത്ഥിക്കുക ദൈവം അത്ഭുതം പ്രവർത്തിക്കും. ഈ വചനങ്ങളാൽ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ