കൊല്ലം: കരുനാഗപ്പള്ളി സ്വദേശി തുഷാര ഭർത്താവിന്റെ ഓയൂർ ചെങ്കുളത്തെ വീട്ടിൽ വച്ച് മരിച്ച കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്. കേസിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു.
സ്ത്രീധനത്തിന്റെ പേരിലായിരുന്നു തുഷാര (28)യെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 മാർച്ച് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി കൊല്ലം ജില്ലാ ആശുപത്രിയിൽ രാത്രി ഒരു മണിയ്ക്ക് തുഷാരയുടെ വീട്ടുകാർ എത്തിയപ്പോഴാണ് മരണത്തിന്റെ ദുരൂഹതയിലേക്ക് കടന്നത്. തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്.
തുടർന്നുള്ള പരിശോധനയിലാണ് ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലുമില്ലെന്ന് തെളിഞ്ഞത്. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തു.
2013-ലായിരുന്നു തുഷാരയുടെയും ചന്ദു ലാലിന്റെയും വിവാഹം നടന്നത്. ഈ സമയത്ത് തുഷാരയുടെ വീട്ടുകാരുമായി ഒരു എഗ്രിമെന്റ് ഉണ്ടായിരുന്നു. ഇതിൻ പ്രകാരം വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ 20 പവൻ സ്വർണവും 3 വർഷത്തിന് ശേഷം 2 ലക്ഷം രൂപയും നൽകാമെന്നായിരുന്നു. ഇത് കൊടുത്തില്ലെങ്കിൽ 5 സെന്റ് വസ്തു നൽകാമെന്നായിരുന്നു. പക്ഷെ, വിവാഹം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോൾ തന്നെ 2 ലക്ഷം രൂപ ചന്തുലാലിന്റെ കുടുംബം ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. ഇത്രയും തുക നൽകാനുള്ള സാമ്പത്തിക സ്ഥിതി തുഷാരയുടെ കുടുംബത്തിന് ഇല്ലായിരുന്നു. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ അവസാനിച്ചത്.
സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ അനുവദിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല.