🔹സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും സിഐടിയുവിന്റേയും പ്രതിഷേധത്തിനിടെയാണ് പരിഷ്‌കരണം. പുതിയ ട്രാക്കുകള്‍ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ എച്ച്’ ടെസ്റ്റില്‍ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളില്‍ മാറ്റമുണ്ടാകും.
🔹കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത സമരത്തിനിടയില്‍ കുഴഞ്ഞുവീണു. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐ.ജി. കെ. സേതുരാമന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലായിരുന്നു അതിജീവിത തിങ്കളാഴ്ച മുതല്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം പുനരാരംഭിച്ചത്. കുഴഞ്ഞുവീണയുടനെ കോട്ടപ്പറമ്പ് ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.
🔹വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ 35-കാരന്‍ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീന്ന് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചമുതല്‍ യുവാവും സംഘവും ഇവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകീട്ട് വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ ഇന്നലെ കുഴഞ്ഞുവീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്.
🔹തൃശൂരിലും കണ്ണൂരിലും വയലുകളില്‍ വന്‍ തീപ്പിടുത്തം. ഏക്കറുകണക്കിന് ഭൂമിയിലാണ് തീ പടര്‍ന്നത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളില്‍ ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇത് വേഗം തന്നെ പടരുകയായിരുന്നു. പ്രദേശത്താകെ പുക പടര്‍ന്ന് ഒന്നും കാണാനാകാത്ത അവസ്ഥ ആയതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല.
🔹തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ തടഞ്ഞുനിര്‍ത്തിയ, കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു. വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു എന്നും യദു വ്യക്തമാക്കി.
🔹സൈബര്‍ ആക്രമണമുണ്ടായി എന്ന് കാട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ രണ്ട് കേസ്. ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിനാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കന്റോണ്‍മെന്റ് എസിപിക്ക് കൈമാറി. സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാതെ വന്നതോടെയാണ് യദു, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെ പരാതി നല്‍കിയത്.
🔹ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ല. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂര്‍ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു.
🔹പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉള്‍പ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. അടിപിടിക്കേസിലെ പ്രതികളായ നബിന്‍, കൈഫ് എന്നിവരെയാണ് ബന്ധുക്കള്‍ പോലീസിനെ ബന്ദിയാക്കി ജീപ്പില്‍ നിന്നും രക്ഷപ്പെടുത്തിയത്.
🔹പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയിലാണ് നാട്ടുകാര്‍ തലയോട്ടി കണ്ടത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു.
🔹ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.
🔹തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ ഉമ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ എ വി രമണൻ ലളിതഗാന ശാഖയിൽ മികവ് തെളിയിച്ച വ്യകതിയാണ്. നിഴലുകൾ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കി മാറ്റിയത്.
🔹ആർഭാടങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പതിയെ മനുഷ്യരിൽ നിന്നും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ശ്രീധന്യ ഐഎഎസിന്റെ ലളിതമായ വിവാഹവും അതിനെ കുറിച്ചു തന്നെയാണ് ചർച്ച ചെയ്യുന്നത്. ലളിതമായി നടത്തിയ സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് മികച്ചൊരു സന്ദേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ് ശ്രീധന്യ. രജിസ്റ്റര്‍ ഓഫീസില്‍ പോകാതെ സ്വന്തം വീട്ടില്‍ വച്ച് തന്നെ ഇനി ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ശ്രീധന്യയുടെ വിവാഹം നമുക്ക് നൽകുന്ന സന്ദേശം.വെറും 1000 രൂപ മാത്രം ചെലവാക്കിയാണ് വിവാഹം വീട്ടിൽ വെച്ച് നടത്താൻ ശ്രീധന്യ ഐഎഎസ് തീരുമാനിച്ചത്. അധികമാര്‍ക്കും അറിയാത്ത വിവരമാണ് വീട്ടിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യാമെന്നുളത്.
തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രയാണ് ശ്രീധന്യയുടെ വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വീട്ടിൽ വെച്ച് ഇരുവരുടെയും വിവാഹം.
🔹ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്.
🔹അശ്ലീല വീഡിയോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ. അന്വേഷണവുമായി സഹകരിക്കാന്‍ ബെംഗലൂരുവില്‍ താന്‍ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകന്‍ വഴി അറിയിച്ചു, അവസാനം സത്യം തെളിയും- എന്നാണ് എക്സ് പോസ്റ്റ്. വീഡിയോകള്‍ വന്നതോടെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യം വരികയും ഇതോടെ വിദേശത്തേക്ക് കടക്കുകയുമായിരുന്നു പ്രജ്വല്‍.
🔹അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ തൊഴുതു വണങ്ങുന്ന രാഷ്‌ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സന്ദർശനം. രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുൻപ് രാഷ്ട്രപതി ഹനുമാൻഗർഹി ക്ഷേത്രത്തിലെത്തി. തുടർന്ന്, സരയൂ തീരത്തെ ആരതിയിലും പങ്കുകൊണ്ടു. കുബേർ ടീലയും രാഷ്ട്രപതി സന്ദർശിക്കുമെന്ന് ചൊവ്വാഴ്ച രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു.
🔹യുഎസ് സര്‍വകലാശാലകളില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ ദിവസം യുഎസ് സര്‍വകലാശാല ക്യാമ്പസുകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. കാലിഫോര്‍ണിയയിലെ ക്യാമ്പസുകളില്‍ ഡസന്‍ കണക്കിന് പൊലീസുകാര്‍ പട്രോളിംഗും നടത്തി. ലോസ് ഏഞ്ചല്‍സ് ക്യാമ്പസിലടക്കം പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ പലസ്തീന്‍ വിരുദ്ധ വിഭാഗം ആക്രമിച്ച സംഭവവും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു നടപടി.ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കൊളംബിയ സര്‍വകലാശാലയാണ് പ്രതിഷേധങ്ങളുടെ കേന്ദ്രം. അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഇത്തരം സംഭവങ്ങളുണ്ടായതില്‍ പല വിദ്യാര്‍ത്ഥികളും അസ്വസ്ഥരാണെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. ന്യൂയോര്‍ക്കിലെ ഫോര്‍ഡം യൂണിവേഴ്‌സിറ്റിയില്‍ കാമ്പസില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ 15 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ വിസ ,സ്‌കോളര്‍ഷിപ്പ് എന്നിവയെ ഇത് ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്.
🔹ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന ടീമുകള്‍ക്ക് തിരിച്ചടിയായി. ടി 20 ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി പാകിസ്ഥാനുമായുള്ള ടി20പരമ്പരയില്‍ കളിക്കാനാണ് ബോര്‍ഡ് താരങ്ങളെ തിരിച്ചുവിളിച്ചിരിക്കുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമാണ് ഈ തീരുമാനം വലിയ തിരിച്ചടിയാകുക. രാജസ്ഥാന് ഫോമിലുള്ള ഓപ്പണര്‍ ജോസ് ബട്ട്‌ലറേയും കൊല്‍ക്കത്തയ്ക്ക് മികച്ച ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിനേയും നഷ്ടമാകും.
🔹ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ്. 62 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്കവാദിന്റെ കരുത്തില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.
🔹ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘നിന്റെ കയ്യാണ് നിന്റെ ബ്രാന്‍ഡ്’ എന്ന ടാഗ് ലൈനോടെ എത്തിയ ‘പുഷ്പ പുഷ്പ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ് & ദീപക് ബ്ലൂ, മലയാളത്തില്‍ രഞ്ജിത്ത് കെ ജി, ഹിന്ദിയില്‍ മിക്കാ സിങ്ങ് & ദീപക് ബ്ലൂ, കന്നഡയില്‍ വിജയ് പ്രകാശ്, ബംഗാളിയില്‍ തിമിര്‍ ബിശ്വാസ് എന്നിവരാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഗാനമാണ് ദേവി ശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്.