🔹വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സെൻസസ് ഡാറ്റ പ്രകാരം പുതിയ റിപ്പോർട്ടിൽ ഫിലഡൽഫിയയിൽ ജനസംഖ്യ നിരക്ക് ക്രമാതീതമായി കുറയുന്നു. 2022 ജൂലൈ മുതൽ 2023 ജൂലൈ വരെ ജനസംഖ്യയിൽ 16,000-ത്തിലധികം ആളുകൾ കുറഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്ക് കാണിക്കുന്നു .ആ സംഖ്യ ജനനം, മരണം, നഗരത്തിലേക്കോ പുറത്തേക്കോ പോകുന്ന ആളുകളെയും കണക്കിലെടുക്കുന്നു.
🔹ശനിയാഴ്ച രാവിലെ പെൻസിൽവാനിയയിലെ ഫാൾസ് ടൗൺഷിപ്പിൽ മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാൾ ന്യൂജേഴ്‌സിയിലെ ട്രെൻ്റണിലേക്ക് രക്ഷപ്പെട്ടതിന് ശേഷം കസ്റ്റഡിയിലെടുത്തതായി പ്രാദേശിക അധികാരികൾ അറിയിച്ചു.
🔹റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ റ്റി .എം . ഈപ്പൻ( മോനുക്കുട്ടൻ (75)) കാൽഗറിയിൽ അന്തരിച്ചു .ഇടമൺ നായ്ക്കംപറമ്പിൽ കുമ്പിളുനിൽക്കുന്നതിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പനായിരുന്നു ഭാര്യ . മക്കൾ: ബിനോദ് (റാന്നി) , ബിന്ദു (കാൽഗറി), ബിജയ് (അഹമ്മദാബാദ് ) . മരുമക്കൾ: റീജ , ഷേർളി . കൊച്ചുമക്കൾ അഞ്ജു , അലൻ , ക്രിസ്റ്റോ , ക്രിസ്റ്റി . സംസ്കാരം പിന്നീട് .
🔹അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാളസിൽ കഴിഞ്ഞ 46 വർഷമായി മലങ്കര എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗത്തില്‍പ്പെട്ട ഇടവകകള്‍ ഒന്നുചേര്‍ന്ന് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് എന്ന നാമധേയത്തില്‍ ആരംഭിച്ച ക്രിസ്തീയ ഐക്യകൂട്ടായ്മയുടെ 2024 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.
🔹ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്. വിശുദ്ധ മാസത്തിൽ ധാരാളം മുസ്‍ലിംകൾ ഉംറ നിർവഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചതെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതൽ കൊണ്ടുവരാനാകും.
🔹രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം ഏപ്രില്‍ 19 നും, ഏപ്രില്‍ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. മെയ് 7, 13, 20, 25, ജൂണ്‍ 1 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ഘട്ടങ്ങള്‍. ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
🔹ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമായെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി പറഞ്ഞു.
🔹ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും, 40%ത്തിലധികം വൈകല്യമുള്ളവര്‍ക്കും ആണ് വോട്ട് ഫ്രം ഹോം ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രായാധിക്യം മൂലം അവശനിലയില്‍ ആയവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാന്‍ പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുo ഈ സൗകര്യം ഏറെ പ്രയോജനപ്പെടും .
🔹കെഎസ്ആര്‍ടിസി ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി മന്ത്രി കെ ബി ഗണേഷ് കുമാര്‍ . കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അദ്ദേഹം എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരാളേ ഉള്ളുവെങ്കില്‍പ്പോലും യാത്രക്കാര്‍ കൈ കാണിച്ചാല്‍ കൃത്യമായി ബസ് നിര്‍ത്തി അവരെ കയറ്റാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളെയും കുട്ടികളെയും അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണം. മോശമായ സമീപനമുണ്ടായാല്‍ കര്‍ശനമായ നടപടിയെടുക്കും എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
🔹സപ്ലൈകോയുടെ പ്രതിസന്ധി തീര്‍ക്കാന്‍ 500 കോടി ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനമന്ത്രാലയത്തിന് കത്തുനല്‍കി. ഭക്ഷ്യവസ്തുക്കള്‍ തരുന്ന ഏജന്‍സികളും സ്ഥാപനങ്ങളും നിസ്സഹകരണത്തിലാണെന്നും 1500 കോടിരൂപ അവര്‍ക്ക് നല്‍കാനുണ്ടെന്നും ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യവസ്തുക്ഷാമം വലിയ തിരിച്ചടിയാകുമെന്ന് വകുപ്പ് കൈകാര്യംചെയ്യുന്ന സി.പി.ഐ. നേതൃത്വവും വിലയിരുത്തുന്നു.
🔹ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഡേ പരിപാടിക്കിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പാള്‍ പിടിച്ചു വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം പ്രിന്‍സിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.
🔹ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് 17, 22, 23 തീയതികളില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് കര്‍ശന നിബന്ധനകളോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു.
🔹വാളൂര്‍ സ്വദേശിയായ അനുവിന്റെ മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. അനുവിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യത്തിലൂടെയാണ് ആളെ കണ്ടെത്തിയത് .
🔹പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണത് പിന്നില്‍ നിന്നുള്ള തള്ളലിലാണെന്ന പ്രചരണങ്ങള്‍ തള്ളി കൊണ്ട് ടിഎംസി നേതാവും മന്ത്രിയുമായ ശശി പഞ്ച. ‘മമത ബാനര്‍ജിക്ക് ചെറുതായി തലകറക്കം അനുഭവപ്പെട്ടുവെന്നും പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഈ വീഴ്ചയിലാണ് പരുക്കേറ്റതെന്നും ശശി പഞ്ച പറഞ്ഞു.
🔹സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ മാള്‍ട്ടീസ് കപ്പല്‍ 40 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ മോചിപ്പിച്ച് നാവിക സേന. കഴിഞ്ഞ ഡിസംബര്‍ പതിനാലിന് സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത മാള്‍ട്ടീസ് കപ്പലാണ് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.
🔹രാജേഷ് മാധവന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലുള്ള ചിത്രമായി റിലീസ് ചെയ്യാനുള്ളതും സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ്. ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. മെയ് 16ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായും എത്തുമ്പോള്‍ സുദീഷും ഉള്‍പ്പെടുന്ന നാടാകെ നാടകം എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥയും. ചായാഗ്രഹണം സബിന്‍ ഊരാളുക്കണ്ടി. സംഗീതം ഡോണ്‍ വിന്‍സെന്റ്.