ഇന്നത്തെ അതിനൂതന ദൈനംദിനജീവിതത്തിൽ ആപ്പുകളുമായി ബന്ധപ്പെടാത്ത മനുഷ്യർ വളരെ വിരളമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ ഉത്തുംഗ ശ്രേണിയുടെ ഈ കാലഘട്ടത്തിൽ ആൻഡ്രോയ്ഡ് ഫോണുകളുടെ വരവോടെ ലോകം വിരൽതുമ്പിലേക്ക് ചുരുങ്ങി ഓരോ മനുഷ്യനും ഇന്റർനെറ്റിന്റെ വലയിൽ കുടുങ്ങിക്കിടക്കുന്നു. സ്വന്തം വീട്ടിലെ അംഗങ്ങൾ തമ്മിൽ തന്നെ സംസാരങ്ങൾ കുറവാണ്, ഓരോരുത്തരും അവരവരുടെ ലോകത്ത് ഓരോ ആപ്പുകളിൽ വിരാജിക്കുന്നു. രാവിലെ എണീക്കുമ്പോൾ മനുഷ്യൻ തിരയുന്നത് മൊബൈൽ ഫോണാണ്. മുതിർന്നവർ, കുഞ്ഞുമക്കൾ, വൃദ്ധർ, വീട്ടമ്മമ്മാർ തുടങ്ങി എല്ലാത്തരം ആളുകളുടെ കയ്യിലും അതി നൂതന സംവിധാനങ്ങളും, ആപ്പുകളും അടങ്ങിയ ഫോണുകൾ ഉണ്ട്.വിനോദത്തിനും വിജ്ഞാനത്തിനും, വ്യാപാരത്തിനും, ജോലിക്കും, പ്രശസ്തിക്കും എന്നുവേണ്ട എല്ലാത്തിനും മൊബൈൽ ഫോണും അതിനവശ്യമായ ആപ്പുകളും ലഭ്യമാണ്.
ആർക്കും ഒന്നിനും സമയമില്ലാത്ത ലോകത്ത് ഈ ആപ്പുകൾ ഉപയോഗപ്രദമാണ് എന്നാൽ അതിലേറെ അപകടവും അതിനുള്ളിൽ ഉണ്ട്. സൂക്ഷിച്ചു ഉപയോഗിച്ചാൽ ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇല്ലെങ്കിൽ വിപരീത ഫലം ചെയ്യും. ഒറ്റപ്പെടുന്ന ആൾക്കാർക്ക് സൗഹൃദവും സന്തോഷവും പ്രദാനം ചെയ്യുന്ന പല ആപ്പുകളും ഉണ്ട് സോഷ്യൽ മീഡിയ പോലെ ഉപയോഗിക്കുന്ന വാട്സ്ആപ്പ്, ഫേസ്ബുക്ക്,ടെലിഗ്രാം, സ്‌നാപ് ചാറ്റ്, പ്രതിലിപി തുടങ്ങി നിരവധി ആപ്പുകൾ വിനോദത്തിനും, വിജ്ഞാനത്തിനും, വായിക്കാനും, എഴുതാനും അതുപോലെതന്നെ വ്യാപാരത്തിനും, പണം നേടുന്നതിനും, തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള മാർഗമായും ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ നല്ല കാര്യമാണ്. കൂട്ടായ്മയും, സഹകരണവും, എഴുത്തും, വായനയും പ്രോത്സാഹനവും, കളികളും ചിരികളും ഒരുപാടു ആളുകൾക്ക് ആശ്വാസം പകരുന്നു. വിധിയുടെ വിളയാട്ടങ്ങളിൽ നാലുച്ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ ഒരുപാട് ജീവിതങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട് അവരൊക്കെ ഇത്തരം കൂട്ടായ്മകളെ അത്രയേറെ ഇഷ്ടപ്പെടുന്നു.ഒറ്റപ്പെടലും, വിഷാദവും അനുഭവിക്കുന്ന പലരും അവരുടെ ഇടം കണ്ടെത്തുന്നത് ഇത്തരം ആപ്പുകളിൽ ആണ്.
ഇന്ന് പലരുടെയും കഴിവുകൾ ലോകം കണ്ടതും അംഗീകരിച്ചതും ഇത്തരം സോഷ്യൽ മീഡിയയിൽകൂടിയാണ്. സോഷ്യൽ മീഡിയയുടെ വരവോടെ എത്രപെട്ടെന്നാണ് ഓരോ സംഭവങ്ങളും നമ്മൾ അറിയുന്നത്. അതൊക്കെ നല്ല വശങ്ങൾ ആണെങ്കിലും
പക്ഷേ അവിടെയും ആപ്പ് വയ്ക്കുന്ന ആളുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു പിന്നെ പ്രണയത്തിലായി പോകുന്ന ആളുകൾ,ഒരുകാലത്ത് വളരെ ട്രെൻഡിംഗ് ആയിരുന്നു ഇതുപോലെ പരിചയപ്പെട്ടുള്ള പ്രണയവും, ഇറങ്ങിപോക്കും. പക്ഷെ പിന്നീടാണ് പലർക്കും ചതിയുടെ ലോകം മനസിലാകുന്നത്.എത്രയെത്ര ആത്മഹത്യകൾ കൊലപാതകങ്ങൾ. അതുപോലെതന്നെ സോഷ്യമീഡിയയിൽ കൂടിയുള്ള പണം തട്ടിപ്പ്. അതിൽ പ്രധാനം ചാരിറ്റി പ്രവർത്തനങ്ങൾ ആയിരുന്നു. അതുകൂടാതെ പണം കടം ചോദിച്ചു വാങ്ങുക, പ്രലോഭപ്പിച്ചു വാങ്ങുക, ഭീഷണിപ്പെടുത്തി വാങ്ങുക തുടങ്ങിയ നിരവധി തട്ടിപ്പുകൾ വേറെയും. ചിലർ മിണ്ടാതെ പോകും, ചിലർ തുറന്നു പറയും ചിലർ പ്രതികരിക്കും. വേറൊരു കാര്യം ഉണ്ടാവുന്നവരെ വാർത്തകളും ചർച്ചകളും, പക്ഷെ വീണ്ടും ആവർത്തങ്ങൾ..
ഇന്നു ഭൂരിഭാഗം ആളുകളും വമ്പൻ കമ്പനികളായ ആമസോൺ, ഫ്ലിപ്പ് കാർട്, മീഷോ തുടങ്ങിയ ആപ്പുകളിലൂടെയാണ് വീട്ടുപകരണങ്ങൾ, തുണികൾ ഇലക്ട്രിക് സാധനങ്ങൾ, തുടങ്ങിയ സാധങ്ങൾ വാങ്ങിക്കുന്നത്, മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സാധനങ്ങൾ കിട്ടുന്നു എന്നതാണ് ഇതിന്റെ ജനപ്രീതി വർധിപ്പിക്കുന്നത്. എങ്കിലും ഇതിന്റെ മറ്റൊരു വശം എന്ന് പറയുന്നത് നമ്മുടെ ചെറുകിട കച്ചവടക്കാരുടെ തകർച്ചയാണ്. കുഞ്ഞു കുഞ്ഞു കുടിൽ വ്യവസായികൾ ഉണ്ട്. അവരുടെയൊക്കെ സാധങ്ങൾ ചിലപ്പോൾ വില കൂടുതൽ ആയിരിക്കും. കാരണം, അത്രയും ചിലവ് അവർക്കുണ്ട്, പക്ഷെ കുറഞ്ഞ വിലയിൽ ഇത്തരം ആപ്പുകളിലൂടെ കിട്ടുമ്പോൾ അവർക്കു മത്സരിച്ചു പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. എത്രയോ ചെറുകിട സംരംഭകർ ഇതിനിടയിൽ കളം വിട്ടൊഴിഞ്ഞു പോയി. അതുപോലെ തന്നെ ഇത്തരം ആപ്പുകളിൽ ഇ.എം.ഐ സൗകര്യം കൂടിയുണ്ട്. പലരും ഈ സൗകര്യം ഉപയോഗിക്കുകയുംചെയ്യുന്നു. അതുപോലെ കിഴിവുകളും, ഓഫറുകളും, വരുമ്പോൾ ചാടി വീഴുകയും സാധങ്ങൾ വാങ്ങിക്കൂട്ടുകയും പിന്നീട് ഈ പണം തിരിച്ചടയ്ക്കാൻ തലപെരുപ്പിക്കേണ്ടി വരുന്ന അവസ്ഥയിൽ ആകുന്നു. അതുപോലെ തനിക്ക് ആവശ്യമുള്ളതും ഇല്ലാത്തതും പലതും വാങ്ങിക്കൂട്ടുന്ന ഒരു പ്രവണതയും ഏറിവരുന്നു.
മറ്റൊരുതരത്തിൽ നമ്മളെ പിടിയിലാകുന്ന ആപ്പുകൾ ആണ് ഗെയിമിംഗ് ആപ്പുകൾ. പലതരത്തിലുള്ള പ്രലോഭനങ്ങളാണ് ഇത്തരം ആപ്പുകൾ ജനങ്ങൾക്ക് കൊടുക്കുന്നത്. റമ്മി സർക്കിൾ, സ്പിൻ ഗെയിംസ്, ഫ്രീ ഫയർ, ലുഡോ, തുടങ്ങി നിരവധി ആപ്പുകൾ, കൊടുക്കുന്ന പരസ്യങ്ങളും, കിഴിവുകളും കണ്ടു ഇതിലേക്ക് ഇറങ്ങുന്ന ആളുകൾ നിരവധിയാണ് . ഒടുവിൽ ഗെയിം കളിച്ചു അടിമപ്പെട്ടു, പണവും നഷ്ടമായി മേല്പോട്ട് നോക്കിയിരിക്കുന്ന അവസ്ഥ. പലരും ഗെയിം കളിക്കാൻ ലോൺ എടുക്കുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി വേണ്ട. ഗെയിമുകൾ ലഹരി പോലാണ്. തലച്ചോറിനെയും, ചിന്താശേഷിയെയും മരവിപ്പിക്കുന്ന ആപ്പുകൾ. നമ്മുടെ യുവതലമുറകൾ ഇത്തരം ഗെയിംമുകളിൽ അടിമപ്പെടുന്നത് അത്ര നല്ലതല്ല. നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടേണ്ടവരുടെ ചിന്തകളെയും മനസ്സാക്ഷിയും മരവിച്ചാൽ പിന്നെ രാജ്യത്തിന്റെ പുരോഗതി എന്താകും?
അതുപോലെതന്നെ അടുക്കളയും പാചകമൊക്കെ ഇന്നത്തെ കാലത്ത് കുറഞ്ഞുവരുന്ന കാഴ്ചകളാണ്. ഒന്നുകിൽ ഹോട്ടലുകൾ അല്ലെങ്കിൽ ആപ്പുകൾ. നമ്മുടെ നാട്ടിലെ ചെറിയ ചെറിയ ഹോട്ടൽ കടകളിൽ വരെ ഇന്ന് ഭക്ഷണം ഡെലിവറി ഉണ്ട്. സ്വിഗിയും, സോമാട്ടോയും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. നമ്മുടെ ആരോഗ്യത്തെയും സാമ്പത്തികശേഷിയും തളർത്തുന്നതാണ് ഇത്തരം പ്രവണത.
ഇനി ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് ലോൺ ആപ്പുകൾ. ഇന്ന് പലരും കുടുങ്ങിക്കിടക്കുന്നത് ഇത്തരം ആപ്പുകളിലാണ്. സമ്പാദ്യത്തിനനുസരിച്ചല്ല പലരുടെയും ചിലവുകൾ . ആവശ്യത്തിനും, അനാവശ്യത്തിനും ആഡംബരത്തിനും വേണ്ടി ഇത്തരം ലോൺ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് മലയാളികൾ. പലരുടെയും ആത്മഹത്യകളാണ് ഇത്തരം ലോൺ ആപ്പുകളുടെ ചതിക്കുഴികൾ നമ്മെ അറിയിക്കുന്നത്. ഒരാൾക്ക് തന്നെ പത്തും പതിനഞ്ചും 50 വരെ ലോൺ ആപ്പുകളിൽ നിന്നും ലോണെടുത്ത്, അവസാനം അത് അടയ്ക്കാൻ നിവർത്തി ഇല്ലാത്തവർ, അതുപോലെ തന്നെ പണം തിരിച്ച് അടച്ചു കഴിഞ്ഞാലും പിന്നെയും പല തരത്തിലുള്ള ഭീഷണി, ഇതുകൊണ്ടൊന്നും പണം കിട്ടിയില്ലെങ്കിൽ വീട്ടുകാരെയും കുടുംബക്കാരെയും വിളിച്ച് മറ്റുതരത്തിലുള്ള ഭീഷണികൾ, നാണം കെടുത്തലുകൾ ഇതൊക്കെ പിന്നീട് ആത്മഹത്യയിലേക്ക് മനുഷ്യനെ നയിക്കുന്നു.
പലതരത്തിലുള്ള ആപ്പുകളുണ്ട് പണം ഇരട്ടിപ്പിക്കാനും, അതുപോലെ ജോലി തരാനും, സമ്പാദിക്കാനും ഒക്കെ. പലതരത്തിൽ പരസ്യവും പ്രലോഭനവും ഉണ്ട്. പക്ഷെ ഒന്നു ചിന്തിച്ചാൽ മതി ഇത്തരം ആപ്പുകളുടെ ലക്ഷ്യം എന്തായാലും നമ്മുടെ ക്ഷേമമല്ല അവർക്ക് നേട്ടത്തിനാണ്. അതുകൊണ്ട് തന്നെ പ്രലോഭനങ്ങളിൽ വഞ്ചിതരാകാതെയിരിക്കുക. റമ്മി സർക്കിളിന്റെ പരസ്യത്തിൽ തന്നെ പറയുന്നുണ്ട് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായാൽ അവർക്ക് ഉത്തരവാദിത്തമില്ലെന്നു.പരസ്യങ്ങൾ കാണുമ്പോൾ ഇതും കൂടെ ശ്രദ്ധിക്കുക. അത്തരം ആപ്പുകളിൽ തലവെക്കാതെയിരിക്കുക.
നമുക്ക് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ഒന്നാവാത്ത ഒന്നായി മൊബൈൽ ഫോണും, അതിലെ ആപ്പുകളും മാറിക്കഴിഞ്ഞു. അത്രയേറെ വൈകാരിക ബന്ധം നമുക്കു ഫോണുമായുണ്ട്. എല്ലാം നല്ല രീതിയിൽ ഉപയോഗിച്ചാൽ അതൊരു ഗുണമായും അല്ലെങ്കിൽ വിപരീതഫലവും ആവും. നമുക്കു എല്ലാം വേണം, അതുകൊണ്ട് തന്നെ സൂക്ഷ്മതയോടെ എല്ലാം കൈകാര്യം ചെയ്താൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല. ആപ്പുകളിൽ ആപ്പിലാക്കാതെയിരിക്കട്ടെ…