കൊച്ചി: 108 ആംബുലന്‍സ് ജീവനക്കാരുടെ ഒക്ടോബര്‍ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ് കരാര്‍ കമ്പനി. ഇത് വരും ദിവസങ്ങളില്‍ പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു.
സംസ്ഥാന സര്‍ക്കാര്‍ 2019ല്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലന്‍സ് പദ്ധതി. 5 വര്‍ഷത്തെ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
മെയ് 3നു ഈ കമ്പനിയുമായുള്ള കരാര്‍ കാലാവധി അവസാനിച്ചെങ്കിലും ഓഗസ്റ്റ് 4 വരെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇത് നീട്ടി നല്‍കിയിരുന്നു. ഓഗസ്റ്റ് 4നു ഇതും അവസാനിച്ചു എങ്കിലും നിലവില്‍ കരാര്‍ ഇല്ലാതെ ആണ് സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനം.
2023 ഡിസംബര്‍ മുതല്‍ പദ്ധതിയുടെ നടത്തിപ്പ് ഇനത്തില്‍ 100 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ കുടിശ്ശിക ഉള്ളത്. സമയബന്ധിതമായി കുടിശിക തുക ലഭിക്കാതെ വന്നതോടെ പോയ മാസങ്ങളില്‍ പല തവണ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കാലതാമസം ഉണ്ടാക്കിയിരുന്നു.
പല തവണ സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ സൂചന സമരം നടത്തി. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ കഴിയില്ല എന്ന നിലപാടില്‍ ആണ് കരാര്‍ കമ്പനി.
സംസ്ഥാന സര്‍ക്കാരിന്റെ് 60 ശതമാനം വിഹിതം, കേന്ദ്ര സര്‍ക്കാരിന്റെ 40 ശതമാനം വിഹിതം എന്നിങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പ്.
ഇതില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ലഭിക്കാത്തതും കേന്ദ്ര വിഹിതം കുടിശിക ഉള്ളതും ആണ് പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ പറയുന്നത്. നിലവില്‍ 317 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ ആണ് സംസ്ഥാനത്ത് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്.