കോലാലമ്പൂർ ബേർഡ്‌സ് പാർക്ക്
ശാന്തവും മനോഹരവുമായ കോലാലമ്പൂർ തടാകഉദ്യാനത്തോട് ചേർന്ന് 21 ഏക്കറിൽ പരന്നു കിടക്കുന്നു ഈ പാർക്ക്. രണ്ട് തെങ്ങിന്റെ ഉയരത്തിൽ കവർ ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം പക്ഷികളുണ്ട് ഇവിടെ. 200ലധികം വ്യത്യസ്ത വിഭാഗത്തിൽപെട്ടവർ.
ചൈന, ഇന്തോനേഷ്യ, ജനീവ, ടാൻസാനിയ, തായ്‌ലൻഡ്, ഓസ്ട്രേലിയ ഇവിടെനിന്ന് ഒക്കെ ഇറക്കുമതി ചെയ്തിട്ടുള്ള പക്ഷികളുമുണ്ട് ഇക്കൂട്ടത്തിൽ.എല്ലാവരും സ്വതന്ത്രരായി പറന്നു നടക്കുന്നു.
ഹോ! തികച്ചും നയനാനന്ദകരമായ ഒരു കാഴ്ച തന്നെ! ഓരോന്നിനെയും കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു പറയുന്ന പോലെ ഒരു അവസ്ഥ.കൊക്ക് നീണ്ടത്, കുറുകിയത്, കടുത്ത ചുമപ്പ് നിറമുള്ള പക്ഷികൾ, മയിൽ, വേഴാമ്പൽ…..എന്ന് വേണ്ട ദൈവം എത്ര സുന്ദരികളും സുന്ദരന്മാരും ആയിട്ടാണ്ഇവരെയൊക്കെ സൃഷ്ടിച്ചിരിക്കുന്നത്.
ഓരോന്നിന്റെയും മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല.ഈ പാർക്കിന് ഒരു ഫ്രീ ഫ്ലൈറ്റ് ആശയമുണ്ട്. സന്ദർശകർക്ക് പാർക്കിൽ ഉടനീളം സ്വതന്ത്രമായി പറക്കുന്ന പക്ഷികളാൽ ചുറ്റപ്പെടാൻ ഉള്ള അപൂർവ അവസരവും ഉണ്ട്. 420 വ്യത്യസ്ത ഇനത്തിലുള്ള തത്തകൾ മാത്രം ഉണ്ടത്രേ! എൻറെ തൃശൂർ ഭാഷയും ശരവണന്റെ തമിഴും വളരെവേഗം സിങ്ക് ആയി. ഞങ്ങൾ പറയുന്നത് ശരവണനും ശരവണൻ പറയുന്നത് ഞങ്ങൾക്കും പുഷ്പം പോലെ മനസ്സിലാകുന്നുണ്ട്. ആശയവിനിമയത്തിന് ഉള്ളതല്ലേ ഭാഷ?രണ്ടോ മൂന്നോ തലമുറകളായി ശരവണൻ ഇവിടുത്തുകാരനാണത്രെ!
അടുത്തത് പക്ഷികളുമായുള്ള ഫോട്ടോഗ്രാഫി സെഷൻ ആയിരുന്നു.നമുക്ക് ഇഷ്ടമുള്ള പക്ഷിയെ നമ്മുടെ മടിയിൽ ഇരുത്തി ഫോട്ടോ എടുക്കാം. അതിന് അവർ ചെറിയ ചാർജ് ഈടാക്കും.
അവിടെ എന്റെ കൊച്ചു മക്കളായ എയ്ത്താനും ഇയാനും ചെറിയ ഒരു കലഹം തുടങ്ങി. ഞാൻ അവർക്ക് ടോയ്‌സ് വാങ്ങികൊണ്ടുപോകുമ്പോൾ പോലും വളരെ ശ്രദ്ധിച്ച് ഒരേ പോലത്തേതാണ് വാങ്ങിക്കുക. നിറം, വലുപ്പം എല്ലാം ഒരേ പോലെ രണ്ടെണ്ണം ഉണ്ടെങ്കിൽ മാത്രമേ ഞാൻ വാങ്ങിക്കുകയുള്ളു.ഇവിടെ പക്ഷികൾ ഒക്കെ പലനിറം ആണ്. നമുക്ക് വേണ്ടി അവരുടെ തൂവലുകൾ മാറ്റാൻ സാധിക്കില്ലല്ലോ.ആരാദ്യം പടം എടുക്കും, അങ്ങനെ രണ്ടുപേരും തമ്മിലുള്ള ചില ഈഗോ ക്ലാഷ്കൾ നയത്തിൽ പറഞ്ഞു സമാധാനിപ്പിച്ച് അടുത്ത സെഷനിലേക്ക് കടന്നു.
വേഴാമ്പലിനും കഴുകനും ഭക്ഷണം കൊടുക്കുന്നത് ആയിരുന്നു അടുത്ത പരിപാടി. ഭക്ഷണം നീട്ടുമ്പോൾ അവ കുട്ടികളുടെ കയ്യിൽ നിന്ന് റാഞ്ചി എടുക്കുന്നത് നല്ലൊരു കാഴ്ച തന്നെ!
ഉച്ചയ്ക്ക് 12 മണിയോടെ ബേർഡ്സ് ഷോ കാണാൻ ടൂറിസ്റ്റുകൾ ഒക്കെ കയറി.അതൊരു സ്റ്റേഡിയത്തിലായിരുന്നു അറേഞ്ച് ചെയ്തിരുന്നത്.അവർ പാട്ടുപാടുന്നു, സർക്കസ് കാണിക്കുന്നു,സംസാരിക്കുന്നു,
അവരെയൊക്കെ ഇണക്കി പരിശീലിപ്പിച്ചിട്ടുണ്ട്. മനുഷ്യരെ അവർ ഉപദ്രവിക്കുകയില്ല. നമ്മൾ ആദ്യം കുറച്ച് ഭയപ്പെട്ടു നിൽക്കുമെങ്കിലും അവരുടെ സ്നേഹത്തോടെയുള്ള നോട്ടവും ഭാവവും കാണുമ്പോൾ നമ്മുടെയും ഭയം മാറും.
പക്ഷികളോട് കൂട്ടു കൂടി അവരെ പിരിയാൻ തന്നെ എയ്ത്താനും ഇയാനും മടിയായി.
ഇനി നാളെ വരാം അവരൊക്കെ ഉറങ്ങാൻ പോവുകയാണ് എന്ന് നല്ല വാക്ക് പറഞ്ഞു അവരെ ആട്ടിത്തെളിച്ച് ഒരുവിധം പാർക്കിൽ നിന്ന് പുറത്തിറക്കി.
ഏകദേശം രണ്ട് മണിയോടെ ടൗണിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള കോലാലമ്പൂർ ഗ്രാൻഡ് continental ഹോട്ടലിൽ കയറി ചെക്കിൻ ചെയ്തു.അതിനുചുറ്റും ഷോപ്പിംഗ് കോംപ്ലക്സുകൾ ആയിരുന്നു.ഇരുപത്തിനാലാം നിലയിലായിരുന്നു ഞങ്ങളുടെ മുറി.രാവിലെ കഴിച്ച ബ്രേക്ക്ഫാസ്റ്റ് ഒക്കെ പക്ഷികളുടെ കളികൾ കണ്ട അന്തം വിടലിൽ ദഹിച്ചിരുന്നു. ഹോട്ടലിന് അടുത്തുള്ള ഇന്ത്യൻ റസ്റ്റോറൻറ് ‘ആലിബാബ’യിലേക്ക് ശരവണൻ ഞങ്ങളെ ആനയിച്ചു. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ തിന്നണം എന്നാണ് പഴമൊഴി. എങ്കിലും നമുക്ക് നമ്മുടെ ഭക്ഷണം വിട്ടുള്ള ഒരു കളിയും വേണ്ട എന്ന് ദൃഢ നിശ്ചയം എടുത്തിരുന്നു ഞാൻ.അതിനൊരു പ്രത്യേക കാരണം ഉണ്ട്. അതിനെ കുറിച്ച് വിശദമായി പിന്നീട് ഞാൻ പറയാം.’ആലിബാബ’ ഹോട്ടൽ തൃശൂരിലും എറണാകുളത്തും ഉള്ളതുകൊണ്ട് അവരുടെ ഫുഡിനെ പറ്റി എനിക്ക് നന്നായി അറിയാം.ഒരുപാട് സന്തോഷത്തോടെ അങ്ങോട്ട് കടന്നുചെന്ന് ചൂട് ബിരിയാണി,ഫ്രൈഡ് റൈസ് ഒക്കെ അകത്താക്കി. തലേദിവസത്തെ വിമാനയാത്ര, മലേഷ്യയിൽ വന്നിറങ്ങിയ ഉടനെയുള്ള ബേർഡ്സ് പാർക്ക് വിസിറ്റ് എല്ലാം കൊണ്ട് ക്ഷീണിതരായ ഞങ്ങൾ ഹോട്ടൽ മുറിയിലേക്ക്കയറി മെത്ത കണ്ടത് മാത്രമേ ഓർമ്മയുള്ളു.ആറുമണിക്ക് അടുത്ത യാത്ര പോകാൻ തയ്യാറായിരിക്കണമെന്ന് പറഞ്ഞാണ് ശരവണൻ ഞങ്ങളോട് യാത്ര പറഞ്ഞു ഇറങ്ങിയത്.ഇനി അടുത്തത് കാണാൻ പോകാനുള്ള സ്ഥലം കോലാലമ്പൂർ ടവർ . അപ്പോൾ അത് വരെ വണക്കംസി.ഐ.ജോയ്,തൃശൂർ.✍