തിരുവനന്തപുരം :- തലസ്ഥാനത്തും കനത്ത മഴയിലും കാറ്റിലും മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. പ്രസ്സ് ക്ലബ് റോഡിലാണ് മരം വീണത്. ഫയർഫോഴ്സും കെ എസ് സി ബിയും എത്തി മരം മുറിച്ചു മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. പള്ളിപ്പുറം സിആർപിഎഫി ക്യാമ്പിന് സമീപം പുതുവലിൽ മരങ്ങൾ ഒടിഞ്ഞുവീണു നിരവധി വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു.
തലസ്ഥാനത്ത് ഇന്നലെയും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വെള്ളയമ്പലം ആല്‍ത്തറമൂട്ടില്‍ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടിരുന്നു. കാട്ടാക്കട, മാറനല്ലൂര്‍, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്‌നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.